Tuesday, April 9

അങ്ങനെ ഞാനും ഗള്‍ഫിലെത്തി - അറബികള്‍ പണിയും തന്നു തുടങ്ങി.

   

 


    പണ്ട് പണ്ട് അഥവാ ഞാനൊക്കെ ഗള്‍ഫ്‌ കാണുന്നതിനു മുമ്പ്‌ ഒരു കഥ പ്രചാരത്തിലുണ്ടായിരുന്നു.

 
ഒരു മലപ്പുറം കാക്ക അറബിയെ മുക്കിയ കഥ. അതും അറബിയുടെ സമ്മതത്തോടെ ഫുലൂസ്‌ അമുക്കിയ കഥ...

 
കഥ ഇങ്ങനെ...

 
മലപ്പുറത്തു നിന്നും ഗഫൂര്‍ക്കാ ദോസ്തിന്‍റെ കപ്പലില്‍ ദുഫായില്‍ എത്തിപ്പെട്ട അഹമദ്‌ കാക്ക ഒരു അറബിയുടെ കടയില്‍ പണിക്ക് കയറി. അഹമദ്‌ അവര്‍കള്‍ എല്ലാ ദിവസവും കട പൂട്ടി പോകാന്‍ നേരം അറബിയോട് മലയാളത്തില്‍ വിളിച്ചു പറയുമായിരുന്നു...

ആ കിളവാ ഞാന്‍ ഒരു നൂറ് എടുത്തിട്ടുണ്ട് കേട്ടോ...

തന്നോടുള്ള സ്നേഹം കൊണ്ട് 'പടച്ചോന്‍ നിങ്ങളെ കാക്കട്ടെ' എന്നായിരിക്കും അഹമദ് പറഞ്ഞത്‌ എന്ന ധാരണയില്‍ അറബി ചിരിച്ചു കൊണ്ട് ശുക്രന്‍ ശുക്രന്‍ പറഞ്ഞ് തലയാട്ടുമായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു പോയി. ഇപ്പോഴും പോകാന്‍ നേരം അഹമദ് പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അഹമദിന്‍റെ ശമ്പളം ഇരട്ടിച്ചില്ലെങ്കിലും അഹമദ്‌ പോകാന്‍ നേരം പറഞ്ഞിരുന്ന നൂറ് ഇരുനൂറും ഇരുനൂറ് മുന്നൂറും ആയി ഇരട്ടിച്ചു.

 

അങ്ങനെയിരിക്കെ കടയില്‍ ഒരു മലയാളി കൂടി ജോലിക്ക് വന്നു. അഹമദ്‌ പോവാന്‍ നേരം പഴയത് പോലെ ഉച്ചത്തില്‍ പറയുന്നില്ല. അത് കിളവന് വല്ലാത്ത വിഷമമുണ്ടാക്കി. അഹ്മദ്‌ പഴയ പോലെ തന്നോട് സ്നേഹം കാണിക്കുന്നില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം പുതുതായി വന്ന ജോലിക്കാരനോട് കാര്യം പറഞ്ഞു. എന്ന് മാത്രമല്ല, അഹമദ്‌ പറഞ്ഞിരുന്ന വാചകം കേട്ട് കേട്ട് കിളവന് മന:പാഠമായിരുന്നു.

അഹമദ് പറഞ്ഞിരുന്നതിന്‍റെ അര്‍ത്ഥം ഇന്നതാണെന്ന് മനസ്സിലാക്കിയ അറബി അഹമദിനെ തൂക്കിയെടുത്ത് അറബിക്കടലിലെറിഞ്ഞു.

എന്നിട്ടും കലിപ്പ് തീരാതെ വന്നപ്പോള്‍ അറബി അഹമദിന്‍റെ നാട്ടുകാര്‍ക്കെല്ലാം എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിച്ചു കൊണ്ടിരുന്നു.

ഈ കഥ ഞാന്‍ എടുത്തിട്ടത് മറ്റൊന്ന് കൊണ്ടുമല്ല. എന്‍റെ ഒരു ചെറിയ സംശയം കൊണ്ടാണ്. അറബികള്‍ ഹിന്ദികള്‍ക്ക് എട്ടിന്‍റെ പണി കൊടുത്തു തുടങ്ങിയോ?

 

കാരണം, പണ്ട് അഹമദ്‌ പറഞ്ഞ മാതിരിയാണ്‌ കുവൈത്തിലെ മൊബൈല്‍ കമ്പനികള്‍ ചെയ്യുന്നത്. വതനിയയുടെ അഞ്ചു ദിനാര്‍ സിം കാര്‍ഡില്‍ അഞ്ചു ദിനാര്‍ ബാലന്‍സ് ഉണ്ടെന്ന ഓഫര്‍ കണ്ടാണ് വാങ്ങിയത്. വാങ്ങിയവര്‍ക്കെല്ലാം വതനിയ നല്ല പണി കൊടുത്തു എന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അഞ്ചു ദിനാര്‍ ബാലന്‍സ് ഇല്ലെന്നു മാത്രമല്ല, റീ ചാര്‍ജ്‌ ചെയ്ത ദിനാര്‍ മുഴുവന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അടിച്ചു മാറ്റുകയും ചെയ്തു.

അവരുടെ സര്‍വിസ് സെന്ററില്‍ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇങ്ങനെയാണ്. അവര്‍ തന്നെ നമ്മുടെ സിം കാര്‍ഡില്‍ നമുക്ക്‌ വേണ്ടി ഇന്റര്‍നെറ്റ്‌ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടത്രെ. നമുക്ക്‌ ദിവസവും ഇന്റര്‍നെറ്റ്‌ ആവശ്യമായി വരുമെന്ന് നമ്മളേക്കാള്‍ നന്നായി അറിയാവുന്നത് അവരായത് കൊണ്ട് ആ സ്നേഹത്തിന് മുമ്പില്‍ രണ്ടു തുള്ളി കണ്ണുനീര്‍ വീഴ്ത്തുവാനേ ഞാനടക്കം പലര്‍ക്കും കഴിഞ്ഞുള്ളു.

ഞങ്ങള്‍ ഇന്റര്‍നെറ്റ്‌ ബ്രൌസ് ചെയ്തില്ലല്ലോ എന്ന് പരാതിപ്പെട്ടപ്പോള്‍ അവര്‍ അറിയിച്ചത്‌ നിങ്ങള്‍ ബ്രൌസ് ചെയ്താലും ഇല്ലെങ്കിലും ഞങള്‍ അത് നിങ്ങള്‍ക്ക്‌ വേണ്ടി ആക്ടിവേറ്റ്‌ ആക്കിയിട്ടുണ്ട്. എന്ന് മാത്രമല്ല, അവരുടെ കമ്പ്യൂട്ടറില്‍ ബ്രൌസ് ചെയ്തതായിട്ടാണ് കാണിക്കുന്നത്. എന്തായാലും ഒരാഴ്ചക്കുള്ളില്‍ പത്തു ദിനാര്‍ പോയിക്കിട്ടി. (രണ്ടായിരം ഉലുവയല്ലേ എന്നും അവര്‍ ചിന്തിക്കുന്നുണ്ടാവും. അതെ ഞങ്ങളുടെ ഉലുവയാണല്ലോ നീ ഉരുളയാക്കി തിന്നുന്നത്. തിന്നടാ തിന്ന്..മോളിലിരുന്ന് ഒരാള്‍ ഇതെല്ലാം കാണുന്നുണ്ട്.)

ആ ഇന്റര്‍നെറ്റ്‌ ഒരിക്കലും ഡി ആക്ടിവേറ്റ്‌ ആവില്ല എന്ന് മനസ്സിലാക്കിയ എനിക്ക് സിം കാര്‍ഡ്‌ രണ്ടാക്കി മുറിച്ച് കുപ്പയില്‍ എറിയേണ്ടി വന്നു. അങ്ങനെ വതനിയയും ചന്തുവിനെ തോല്‍പ്പിച്ചു മക്കളെ..

വതനിയ കമ്പനിയുടെ 2012 ലെ ലാഭം എത്രയാണെന്ന് അറിയണ്ടേ? 7.35 മില്യണ്‍ കുവൈത്തി ദിനാര്‍. ഇങ്ങനെ പോയാല്‍ അടുത്ത കൊല്ലം അത് നൂറു മില്യണ്‍ ആവാന്‍ സാധ്യതയുണ്ട്.

 

എനിക്ക് രണ്ടാമതും പണി കിട്ടിയത് ട്രാഫിക്‌ ഡിപാര്‍ട്ട്മെന്‍റില്‍ നിന്നുമാണ്. ഇടതു പക്ഷം കേരളം ഭരിച്ചിരുന്ന കാലത്ത് (ഭരണം മാറിയതിനു ശേഷം ഞാന്‍ നാട്ടില്‍ പോയിട്ടില്ല) കേരളത്തില്‍ ഉണ്ടായിരുന്ന ഘട്ടര്‍ റോഡുകളിലൂടെ ഒരു മാസം വണ്ടിയോടിച്ചവനാണെന്ന അഹങ്കാരവുമായിട്ടാണ് ഞാന്‍ ലൈസന്‍സ് എടുക്കാന്‍ പോയത്. ആദ്യ ടെസ്റ്റില്‍ പൊട്ടി, രണ്ടാമതും പൊട്ടി, മൂന്നാമതും പൊട്ടി, നാലാമത് ഞാന്‍ പോയില്ല.

വാസ്ത (ശുപാര്‍ശ) ഇല്ലാതെ ലൈസെന്‍സ് കിട്ടില്ല എന്ന കൂട്ടുകാരുടെ ഉപദേശം പുച്ഛത്തോടെ തള്ളുമ്പോള്‍ എനിക്കൊരു വാശിയുണ്ടായിരുന്നു. ടെസ്റ്റില്‍ വണ്ടിയോടിച്ചു കാണിച്ചു തന്നെ ലൈസന്‍സ് എടുക്കണമെന്ന്.

അങ്ങനെ ടെസ്റ്റ്‌ നടക്കുന്ന ഗ്രൗണ്ടില്‍ തന്നെ ഒഴിവു ദിവസങ്ങളില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് പ്രാക്ടിസ് നടത്തി. ഇപ്പോള്‍ എല്ലാം ഓക്കേ...എനിക്ക് കണ്ണുമടച്ചു സിഗ് സാഗ് ഇടാം. പാര്‍ക്ക്‌ ചെയ്യാം.

അങ്ങനെ നാലാമതും ടെസ്റ്റിനു പോയി. ശരിക്ക് ചെയ്തു കാണിച്ചു കൊടുക്കുകയും ചെയ്തു. ആ അറബി ശരിക്കും പഴയ അറബിയുടെ അനന്തിരവന്‍ ആയിരുന്നു എന്ന് തോന്നുന്നു. അന്നും ലൈസന്‍സ് കിട്ടിയില്ല.  

അഞ്ചാമതും ടെസ്റ്റിനു പോയി. ശരിക്ക് ചെയ്തു കൊടുത്തു. നോ രക്ഷ. ലൈസന്‍സ് തരില്ല എന്ന വാശിയില്‍ തന്നെയാണ് അനന്തിരവന്‍ അറബി..

കാരണം ഇതാണ്. ഡ്രൈവിംഗ് ലൈസന്‍സ്, ഫ്രീ വിസ, ഇഖാമ ട്രാന്‍സ്ഫര്‍, ബിസിനസ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഇവരുടെ സൈഡ് ബിസിനസ് ആണ്. അപ്പോള്‍ ലൈസന്‍സ് എടുക്കാന്‍ നക്കാപ്പിച്ച സ്റ്റാമ്പും ഒട്ടിച്ചു ചെന്നാല്‍ അവര്‍ക്ക് വല്ലതും തടയുമോ?

എന്തായാലും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പ്രവാസിയുടെ ജീവിതം ഇനിയും ബാക്കി.  

സൗദിയിലെ പ്രവാസികള്‍ തിരിച്ചു പോക്ക് തുടങ്ങിയപ്പോള്‍ എന്‍റെ ഈ സംശയം ഒന്ന് കൂടി ഇരട്ടിച്ചു.

 

കുവൈത്തിലെ പ്രവാസികളെ വര്‍ഷത്തില്‍ ഒരു ലക്ഷം എന്ന തോതില്‍ കുറച്ചു കൊണ്ട് വരാന്‍ പോവുകയാണ് എന്നാണ് തൊഴില്‍ കാര്യ മന്ത്രിയുടെ പുതിയ വിളംബരം.

 

കുവൈത്തില്‍ ട്രാഫിക്‌ ജാം ഉണ്ടാക്കുന്നത് പ്രവാസികള്‍ ആണത്രെ. ഇത് കേട്ടാല്‍ തോന്നും ഹാപ്പി അച്ചാറും ഈസ്റ്റേണ്‍ കറി പൌഡറും അവരാണ് ഉണ്ടാക്കുന്നതെന്ന് :)    

 

പ്രതിവിധിയായി ഒരു കുവൈറ്റ്‌ മന്ത്രി ഒരു യമണ്ടന്‍ ഫോര്‍മുലയുമായി വന്നു. അതാണ് ലൈസന്‍സ് ഫീ അധികരിപ്പിക്കുക. അതായത്‌ ഡ്രൈവര്‍മാര്‍ അല്ലാത്ത പ്രവാസികള്‍ക്ക്‌ ലൈസന്‍സ് വേണമെങ്കില്‍ അഞ്ഞൂറ് ദിനാര്‍ (ഒരു ലച്ചം) ഫീസ്‌ കെട്ടണം. പിന്നെ വാസ്തക്ക് ഇരുനൂറോ മുന്നൂറോ ദിനാര്‍ വേറെയും. ലൈസന്‍സ് റിന്യൂ ചെയ്യാന്‍ മുന്നൂറ്, കാര്‍ രജിസ്ട്രേഷന്‍ ഇരുന്നൂറ്, പാസിംഗ് നൂറ്, ഫാമിലി വിസ നൂറ്, വിസിറ്റ് വിസ നൂറ്. മൊത്തത്തില്‍ ഉണ്ടാക്കുന്നത് മുഴുവന്‍ കുവൈത്തികള്‍ക്ക്‌ തന്നെ കൊടുക്കാനേ തികയൂ. ഈ ഫീസ്‌ കേട്ടാല്‍ തോന്നും ഇവിടെ എല്ലാവരും ആയിരം ദിനാര്‍ ശമ്പളത്തിലാണ് ജോലി ചെയ്യുന്നതെന്ന്.

 

             **********   **********   *********

 

കുവൈത്തികളുടെ ഇന്റെര്‍വ്യൂവും ഇതേ പോലെ തന്നെയാണ്. അപാര ബുദ്ധിപരമായ ചോദ്യങ്ങള്‍!! (കുവൈത്തികള്‍ക്ക് വേണ്ടി ഇന്റെര്‍വ്യൂ നടത്തുന്ന ഇന്ത്യക്കാരും ഇങ്ങനെത്തന്നെയാണ് ചോദിക്കുക) അതെക്കുറിച്ച് ഞാന്‍ മുമ്പൊരു ലേഖനം എഴുതിയിരുന്നു. അത് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്കുക..


 

ഒരു മാനേജരുടെ പോസ്റ്റിലേക്ക് ചോദിച്ചേക്കാവുന്ന ചില ചോദ്യങ്ങള്‍ താഴെ കൊടുക്കാം...

 

എന്താണ് ശമ്പളം പ്രതീക്ഷിക്കുന്നത്?

600 ദിനാര്‍...

(ചോദ്യ കര്‍ത്താവ്‌ 600 എന്നെഴുതുന്നു. പിന്നെ അതിനെ ഇന്ത്യന്‍ കറന്‍സിയിലേക്ക്‌ കണ്‍വര്‍ട്ട് ചെയ്യുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം...അയാള്‍ കണ്ണ് മിഴിക്കുന്നു... അറുനൂറില്‍ നിന്ന് അമ്പത് കുറയ്ക്കുന്നു. ബാക്കി 550 KUWAITI DINAR)

ഇപ്പോഴത്തെ ശമ്പളം?

400 ദിനാര്‍...

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു. ബാക്കി 500 KD)

ഹും..കാര്‍ ഉണ്ടോ?

ഇല്ല...

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു. ബാക്കി 450 KD)

ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടോ?

ഇല്ല..

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു. ബാക്കി 400 KD)

കല്യാണം കഴിച്ചതാണോ?

അല്ല...

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു.ബാക്കി 350 KD)

 

അപ്പോള്‍ കുട്ടികള്‍ ഇല്ല..

ഇല്ല.

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു.ബാക്കി 300 KD - കല്യാണം കഴിക്കാത്ത ആള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ലല്ലോ.പിന്നെന്തിനാണ് ഇങ്ങേര് അങ്ങനെ ചോദിച്ചത് എന്ന് ചിന്തിച്ചേക്കാം. അമ്പത്‌ ദിനാര്‍ കൂടി കുറക്കാനുള്ള ഒരു കാരണം കൂടി വേണം. അതിനു വേണ്ടിയാണ് ആ ചോദ്യം. അല്ലാതെ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ കൊടുക്കാന്‍ ചോക്ലേറ്റ് തന്നുവിടാം എന്ന് കരുതിയല്ല.) 


ഒറ്റക്കാണോ താമസം.?

അല്ല കൂട്ടുകാരോടൊപ്പം.SHARING ACCOMMODATON.

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു.ബാക്കി 250 KD)

അപാരമായ ആ കൂട്ടലുകളും കിഴിക്കലുകളും കഴിഞ്ഞ് ഒരു വിജിഗീഷുവിനെ പോലെ ചോദ്യകര്‍ത്താവ് മൊഴിയും.

 

"താങ്കള്‍ക്ക് 250 ദിനാര്‍ ശമ്പളമേ തരാന്‍ പറ്റൂ. താങ്കള്‍ക്ക് കാര്‍ ഇല്ല, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല, താങ്കള്‍ കല്യാണം കഴിച്ചിട്ടില്ല, കുട്ടികളില്ല, താമസം ഒറ്റക്കല്ല, പിന്നെ താങ്കള്‍ക്ക് എന്തിനാണ് 600 ദിനാര്‍ ശമ്പളം?"

 

                 ****** ****** *****

 

ഇനി ഇവരുടെ ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടാന്‍ വര്‍ക്ക്‌ പെര്‍മിറ്റില്‍ എത്ര ശമ്പളം വേണമെന്ന് അറിയണ്ടേ..? 400 ദിനാര്‍.

ഫാമിലി വിസക്ക്‌ അപേക്ഷിക്കാന്‍ 300 KD..

ഒരു 2 BHK ഫ്ലാറ്റിന്‍റെ ശരാശരി വാടക 250 KD....
 

         *************         *************
 

പ്രിയ അറബീ..

ഞങ്ങള്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി നിങ്ങളുടെയടുത്തു വരാറുള്ള ഇ അഹമ്മദും ആ അഹമദും തമ്മില്‍ യാതൊരു ബന്ധവുമില്ല (ഒന്ന് സഹകരിച്ചു കൂടെ?)

 

പഴയ അഹമദ്‌ മരിച്ചു പോയി. ഇനി ഞങ്ങളെയും കൂടി അങ്ങ് കൊന്നേ അടങ്ങൂ?

No comments:

Post a Comment

Note: only a member of this blog may post a comment.