Sunday, October 20

എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ 
    തലക്കെട്ട്‌ കണ്ട് നെറ്റി ചുളിഞ്ഞല്ലേ.. പേടിക്കണ്ട. ഗാന്ധിജിയുടെ പരീക്ഷണങ്ങള്‍ വായിച്ച ത്രില്ലില്‍ ഒരു ലേഖനം എഴുതുകയൊന്നുമല്ല. എന്‍റെ തന്നെ ചില പരീക്ഷണങ്ങള്‍ ഞാന്‍ ഓര്‍ത്തെടുക്കുകയാണ്. എല്ലാം എന്‍റെ ചോരത്തിളപ്പുള്ള പ്രായത്തില്‍ അഥവാ അഞ്ചിനും പതിനഞ്ചിനും ഇടയ്ക്കുള്ള പ്രായത്തില്‍.

 

ഞാന്‍ ആദ്യം പരീക്ഷിച്ചത്‌ എന്‍റെ ടീച്ചറുടെ ക്ഷമയായിരുന്നു. അതും മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. പെണ്‍കുട്ടികളില്‍ നല്ല വെളുപ്പും സൗന്ദര്യവും ഉണ്ടായിരുന്ന സുഫൈജക്ക് മുന്‍ബെഞ്ചിലിരുന്നിരുന്ന ഹക്കീമിന്‍റെ പേരില്‍ ഹക്കീമറിയാതെ കത്തെഴുതി നല്‍കിയാണ് ഞാന്‍ എന്‍റെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് തുടക്കമിടുന്നത്‌. കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് നന്നായി എഴുതാനും വായിക്കാനും അറിയാമായിരുന്ന എനിക്ക് ആ പണി ചെയ്യേണ്ടി വന്നത്. സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചിരുന്നതിനാല്‍ ബെഞ്ച്‌മേറ്റുകള്‍ക്ക്‌ മലയാളം നല്ല വശമില്ലായിരുന്നു. (ഓ ഇത് തമിള്‍ മീഡിയം ആയിരിക്കും എന്ന് വിചാരിക്കണ്ട, അ എന്നും അമ്മ എന്നും എഴുതാന്‍ ടീച്ചര്‍ ബോര്‍ഡിലേക്ക് തിരിഞ്ഞാല്‍ "ആ ടീച്ചറുടെ അമ്മയായിരിക്കും" എന്ന് പിറുപിറുക്കുന്നവരായിരുന്നു അവര്‍.)   

 

    നല്ല ബഷീറിയന്‍ സാഹിത്യത്തില്‍ ഒന്നാന്തരം പ്രണയലേഖനം എഴുതി സുഫൈജയുടെ ബാഗില്‍ തിരുകി വെച്ച് അത് പൊട്ടുന്നതും കാത്ത് ഞങ്ങളിരുന്നു. അത് പൊട്ടി എന്ന് മാത്രമല്ല, കത്തെഴുതിയ എന്‍റെയും പിടിക്കപ്പെട്ടപ്പോള്‍ ഞാന്‍ ഒറ്റിക്കൊടുത്ത കൂട്ടുകാരുടെയും കൈ വെള്ളയും പൊട്ടി. കിട്ടിയ കത്ത് സുഫൈജ നേരെ ടീച്ചര്‍ക്ക്‌ കൈമാറിയതാണ് ബോംബ്‌ പെട്ടെന്ന്‍ പൊട്ടിത്തെറിക്കാന്‍ കാരണമായത്. ഹക്കീമിന് തല്ലു കിട്ടുന്നതും കാത്തിരുന്ന ഞങ്ങള്‍ ആകെ വിഡ്ഢികളായത് ടീച്ചറുടെ ബുദ്ധിയുദിച്ചപ്പോഴാണ്. കാരണം, ആ തെണ്ടിക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു (എന്നിട്ടാണ് മുന്‍ ബെഞ്ചില്‍ കേറി ഞെളിഞ്ഞിരിക്കുന്നത്). അവിടെയും തീര്‍ന്നില്ല. എനിക്ക് നന്നായി എഴുതാനും വായിക്കാനും അറിയാമെന്ന് മനസ്സിലാക്കിയ ടീച്ചര്‍ എന്നെ പിടിച്ചു മുന്‍ബെഞ്ചിലിരുത്തുക കൂടി ചെയ്തപ്പോഴാണ് ആ പ്രേമലേഖനം എഴുതിയത് വല്ലാത്തൊരു അബദ്ധമായിപ്പോയി എന്ന് മനസ്സിലായത്‌.

 

ആദ്യത്തെ പ്രേമലേഖനം ചീറ്റിപ്പോയ ഞങ്ങള്‍ പിന്നെയും പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ, ഷാഹിദ്‌ ബെഞ്ചില്‍ നിന്നും താഴെ വീണ് തലപൊട്ടി. അതും എന്‍റെ തലയില്‍ തന്നെ ചാര്‍ത്തി കൂട്ടുകാര്‍ കൈയൊഴിഞ്ഞു. അവരായിരുന്നു കാലൊടിഞ്ഞ ബെഞ്ചിന്‍റെ ഒടിഞ്ഞ കാല്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വെച്ച് ഷാഹിദിനെ അതില്‍ ക്ഷണിച്ചിരുത്തിയത്. മാനം നോക്കി ബെഞ്ചിലിരുന്ന ഷാഹിദ്‌ മൂക്കും കുത്തി താഴെ വീണു. ഗോട്ടി(ഗോലി) കളിയ്ക്കാന്‍ വേണ്ടി താഴത്തെ സിമന്‍റ് കൂട്ടുകാര്‍ പണ്ടേ ഇളക്കിയിരുന്നതിനാല്‍ തറയിലുണ്ടായിരുന്ന കല്ലിലാണ് ഷാഹിദിന്‍റെ തല വെച്ച് കുത്തിയത്‌. ഷാഹിദ്‌ അലമുറയിട്ടു തുടങ്ങിയപ്പോള്‍ കൂട്ടുകാര്‍ എല്ലാവരും എന്‍റെ നേരെ കൈ ചൂണ്ടി കുറ്റപ്പെടുത്താന്‍ തുടങ്ങി. അവരെ ആദ്യം അത് പഠിപ്പിച്ചത് ഞാനായത് കൊണ്ട് ഷാഹിദിനെ വീഴ്ത്താന്‍ അവര്‍ വെച്ച കെണിയുടെ ഉത്തരവാദിത്തം എനിക്കാണത്രെ. ഷാഹിദ്‌ മരിച്ചു പോയാല്‍ നരകത്തില്‍ പോവേണ്ടി വരുമല്ലോ എന്നോര്‍ത്ത് ഞാന്‍ അന്നുച്ചക്ക് ഒരുപാടു കരഞ്ഞു. കണ്ടുകൊണ്ട് വന്ന മാഷ്‌ കാര്യം എന്താണെന്ന് ചോദിച്ചു. ഞാന്‍ കാര്യം വിശദീകരിക്കുകയും എന്‍റെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയും ചെയ്തപ്പോള്‍ മാഷ്‌ എന്നെ സാരമില്ല എന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. പക്ഷെ, ആ ദുഃഖം അടുത്ത വര്‍ഷം ഉണ്ടായില്ല. മൂന്നാം ക്ലാസ്സില്‍ ചെയ്ത കലാപരിപാടി നാലാം ക്ലാസില്‍ ആവര്‍ത്തിച്ചപ്പോള്‍ തടിയനായ അര്‍ഷാദ്‌ എന്നെ പിടിച്ചു തല്ലി. അര്‍ഷാദിനെ തിരിച്ചു തല്ലാനായി ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞുമോനിക്കാനെ പോയി വിളിച്ചോണ്ട് വന്നെങ്കിലും ഇക്ക അര്‍ഷാദിനെ വാര്‍ണിംഗ് കൊടുത്തു വിടുക മാത്രമാണ് ചെയ്തത്. ഇനി ആവര്‍ത്തിച്ചാല്‍ അടി കിട്ടുമെന്ന് പറഞ്ഞിട്ടാണ് പുള്ളി പോയത്‌. അര്‍ഷാദിനു രണ്ടു കിട്ടുന്നതും കാത്തിരുന്ന എനിക്ക് ആകെ നിരാശയായി. ഇക്ക അര്‍ഷാദിനെ തല്ലണമെങ്കില്‍ അര്‍ഷാദിനെ ഒന്നു കൂടി വീഴ്ത്തണം. അപ്പോള്‍ അര്‍ഷാദ്‌ എന്നെ തല്ലും, എന്നെ തല്ലിയാല്‍ ഇക്ക അര്‍ഷാദിനെ തല്ലും. ഹാ അത് കൊള്ളാം. പക്ഷെ, പിന്നീട് അര്‍ഷാദ്‌ ഞങ്ങളുടെ ബെഞ്ചില്‍ വന്നിരുന്നതേയില്ല. അങ്ങനെ അര്‍ഷാദിനെ തല്ലു കൊള്ളിക്കാനുള്ള വഴിയും അടഞ്ഞു.

 

പിന്നത്തെ പരീക്ഷണം ഞങ്ങളുടെ മൊല്ലാക്കയുടെ വീട്ടില്‍ നിന്നിരുന്ന കോഴിയുടെ മേല്‍ കല്ലെറിഞായിരുന്നു. പണ്ട് കൂട്ടുകാര്‍ പറ്റിച്ച ഷാഹിദ്‌ തന്നെയായിരുന്നു ഈ പന്തയത്തിന്‍റെ സൂത്രധാരന്‍. ബെഞ്ചില്‍ നിന്നും കൂട്ടുകാര്‍ വീഴ്ത്തിയതിന്‍റെ കാരണവും ഇത് തന്നെയാണ്. ഷാഹിദിന് കുരുട്ടു ബുദ്ധിയാണ്. ആരെയാണ് എങ്ങനെയാണ് പറ്റിക്കുക എന്ന് പറയാന്‍ പറ്റില്ല. കിണറ്റിന്കരയില്‍ നില്‍ക്കുന്ന കോഴിയെ കല്ലെറിഞ്ഞ് കിണറ്റില്‍ ചാടിക്കുക എന്ന ഈ പന്തയവും ഞങ്ങളെ പറ്റിക്കാനുള്ള ഒരടവായിരുന്നു. മൊല്ലാക്കയുടെ കോഴിയെ കല്ലെറിഞ്ഞു കിണറ്റില്‍ ചാടിച്ചാല്‍ ഞങ്ങള്‍ക്ക്‌ മദ്രസയില്‍ ചെന്നാല്‍ നല്ല അടികിട്ടും എന്ന് മനസ്സിലാക്കിയാണ് ഷാഹിദ്‌ ഈ കുതന്ത്രം പ്രയോഗിച്ചത്‌. എല്ലാവരും നിരന്നു നിന്ന് കോഴിയെ കല്ലെറിയാന്‍ തുടങ്ങി. അങ്ങനെ എന്‍റെ ഏറില്‍ കോഴി കിണറ്റിലേക്ക്‌ വീണു. ഞങ്ങള്‍ ആഹ്ലാദത്തോടെ ആര്‍പ്പുവിളി തുടങ്ങി.

 

ഇന്റര്‍വെല്‍ സമയമായിരുന്നതിനാല്‍ വീട്ടില്‍ ചായ കുടിക്കാന്‍ വന്നിരുന്ന മൊല്ലാക്ക ഇത് കണ്ടു കൊണ്ട് വന്നു. മൊല്ലാക്ക ഓടിവന്ന് കിണറ്റില്‍ നോക്കിയപ്പോള്‍ കൊഴിയതാ എന്‍റെയും ഷാഹിദിന്‍റെയും പേര് വിളിച്ചു പറയുന്നു. (ഞങ്ങള്‍ക്കങ്ങനെയാണ് തോന്നിയത്‌)

എങ്ങനെയാടാ കോഴി കിണറ്റില്‍ വീണത്. ഞങ്ങളോടാണ് ചോദ്യം.

അത് നാസര്‍ കല്ലെറിഞ്ഞിട്ടതാ..ഷാഹിദ്‌ ഉടനെ മറുപടി കൊടുത്തു. എന്നിട്ട് കൊ ക്ക ക്കോ ക്കോ എന്നു ചിരിക്കുകയും ചെയ്തു.

ഞാനും വിട്ടില്ല. അതേയ് ഷാഹിദ്‌ പറഞ്ഞിട്ടാ...

ഷാഹിദ്‌ പറഞ്ഞാല്‍ നീ കോഴിയെ കല്ലെറിയുമോ?

ഇവനാണ് ആദ്യം എറിഞ്ഞത്‌. ആരുടെ ഏറിനാണ് കോഴി കിണറ്റില്‍ ചാടുക എന്ന് നോക്കിയതാ...

എന്‍റെ കോഴിയെ വെച്ചാണോഡാ..നിന്‍റെയൊക്കെ പന്തയം.. ഹമുക്കീങ്ങളെ..മൊല്ലാക്ക നിന്ന് കിതച്ചു.

ആരൊക്കെയോ വന്ന് കോഴിക്ക് കയറി വരാന്‍ പാകത്തില്‍ ഒരു കുട്ടയും അതില്‍ കുറെ അരിയും ചോറും പലഹാരങ്ങളും ഇട്ടു കൊടുത്തു. കോഴി കുട്ടയില്‍ കയറും, കുറെ കൊത്തിത്തിന്നും, കുട്ട അനങ്ങുന്നത് കണ്ടാല്‍ കിണറ്റിലേക്ക് തന്നെ ഇറങ്ങും. ഇങ്ങനെ കുട്ടയിലെ തീറ്റ തീര്‍ന്നു പോയപ്പോള്‍ കോഴി പിന്നെ കുട്ടയില്‍ കയറാതെയായി. ക്ഷമകെട്ട് മൊല്ലാക്കയുടെ മക്കള്‍ കോഴിക്ക് ഒരേറ് വെച്ച് കൊടുത്തെങ്കിലും ഫലമുണ്ടായില്ല. ഇന്റര്‍വെല്‍ തീര്‍ന്നപ്പോള്‍ ഞങ്ങള്‍ ക്ലാസ്സിലേക്ക് വെച്ച് പിടിപ്പിച്ചു. ക്ലാസിലെത്തിയാല്‍ മൊല്ലാക്ക നിന്നെ തല്ലിക്കൊല്ലും എന്ന് പറഞ്ഞ് എല്ലാവരും എന്നെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഞാന്‍ നെഞ്ചിടിപ്പോടെ മൊല്ലാക്ക വരുന്നതും കാത്തിരുന്നു. കോഴിയെ കിട്ടിയത് കൊണ്ടോ, ഞാന്‍ പഠിക്കാന്‍ മിടുക്കനായിരുന്നത് കൊണ്ടോ എന്തോ സ്വതവേ ചൂടനായിരുന്ന മൊല്ലാക്ക എന്നെ ഒന്നും ചെയ്തില്ല.

 

                                   (തുടരും)

Tuesday, August 27

പനിനീര്‍പ്പൂവിന്‍റെ ഉപമ

 

    പ്രണയം ഏറെ സുഖകരമായിരുന്നില്ല എന്ന് തോന്നിയത്‌ എപ്പോഴാണ്?. എപ്പോഴോ ഒരിക്കല്‍ കൂടെ നടന്നവള്‍ വഴി പിരിഞ്ഞു പോയപ്പോള്‍. പിന്നെയൊരിക്കലും കണ്ടില്ല. മനസ്സില്‍ ഇത്തിരിപ്പോലും സ്നേഹം ഇല്ലാത്തവളെയാണ് ഞാന്‍ പ്രണയിച്ചതെന്ന് പിന്നീട് മനസ്സിലായി. ഇപ്പോള്‍ എനിക്ക് ഓര്‍ത്തുവെക്കാനായി ഒരു പ്രണയമില്ല. പറയാന്‍ ഒരു കാമുകിയുമില്ല.

 

എന്‍റെ പ്രണയം നിശബ്ദമായിരുന്നു. അതിന്‍റെ ഭാഷ വാചാലമായിരുന്നു. അതില്‍ ഞാന്‍ സൗന്ദര്യവും പണത്തൂക്കവും തിരഞ്ഞില്ല.

 

ഓര്‍മ്മകള്‍ കുന്നുകൂടിയപ്പോള്‍ ഞാനറിഞ്ഞു. പ്രണയം ഒരു സങ്കല്‍പ്പമാണ്. പ്രണയം മനസ്സുകളില്‍ ഉടലെടുക്കുന്നു. ശരീരം അതിന്‍റെ ചാലകമാണ്. സൗന്ദര്യമാണ് അതിന്‍റെ കാന്തികശക്തി. ഒന്ന് മറ്റൊന്നിനെ തുണക്കുന്നില്ലെങ്കില്‍ പിന്നെ പ്രണയമില്ല.

 

പ്രണയകാലത്തെ ഓര്‍മ്മകള്‍ക്ക് നിറം പകരാനായി അവള്‍ക്ക് ഞാനൊരു പനിനീര്‍ പൂ കൊടുത്തിരുന്നു.

 

അത് മുടിയില്‍ ചൂടിക്കൊണ്ട് അവള്‍ മെല്ലെ മൊഴിഞ്ഞു.

 

"നീ ഈ പനിനീര്‍ പൂ പോലെയാണ്"

 

ഒരു ചെറുപുഞ്ചിരിയോടെ ഞാനാ വര്‍ണ്ണനയാസ്വദിച്ചു.

 

ഇന്ന് ഞാനറിയുന്നു.

 

അവള്‍ മുടിയില്‍ ചൂടിയ ആ പനിനീര്‍പ്പൂവായിരുന്നു ഞാന്‍.

 

അതു വാടിയപ്പോള്‍ അവള്‍ പുതിയതൊന്ന് ചൂടി.

 

അത് കൊടുത്തവനോടും അവള്‍ പറഞ്ഞു.

 

"നീ ഈ പനിനീര്‍ പൂ പോലെയാണ്".

Sunday, August 11

ഇസ്ലാമിക്‌ ബാങ്കിംഗ് – എന്ത്? എന്തിന്?

    ദിവസങ്ങളോളം കാട്ടില്‍ അലഞ്ഞു നടന്ന് ശേഖരിച്ച ഒരു ചാക്ക് മലര്‍പ്പൊടിയുമായി അയാള്‍ വീട്ടിലേക്ക്‌ നടന്നു. കയ്യില്‍ അയാളുടെ സന്തത സഹചാരിയായ വടിയും ഉണ്ട്. വീട്ടിലെത്തി മലര്‍പ്പൊടി മുഴുവന്‍ ഒരു വലിയ മണ്‍കലത്തിലാക്കി ഉറിയില്‍ കെട്ടി അയാള്‍ അതിന്‍റെ താഴെ കിനാവു കണ്ടിരുന്നു.

 

താനീ മലര്‍പ്പൊടി ചന്തയില്‍ കൊണ്ട് പോയി നല്ലൊരു വിലക്ക് വില്‍ക്കും. ആ പൈസ കൊണ്ട് ലക്ഷണമൊത്ത ഒരു ആടിനെ വാങ്ങിക്കും. ആ ആടിനെ വളര്‍ത്തിക്കൊണ്ടു വന്നാല്‍ ഏതാനും  മാസങ്ങള്‍ക്കുള്ളില്‍ അത് പ്രസവിക്കും. ചിലപ്പോള്‍ അതില്‍ രണ്ടു കുട്ടികള്‍ ഉണ്ടായേക്കാം. ചിലപ്പോള്‍ മൂന്നു കുട്ടികള്‍ ഉണ്ടായേക്കാം. പിന്നെ അവയെയും വളര്‍ത്തും, അവയും പ്രസവിച്ചു കൂട്ടും. അങ്ങനെ തൊഴുത്ത് മുഴുവന്‍ ആടുകളെ കൊണ്ട് നിറയുമ്പോള്‍ അവയുടെ പാല്‍ വിറ്റും ആടുകളെ ഓരോന്നായി വിറ്റും താന്‍ വല്യ പണക്കാരനാകും. 

അങ്ങനെ പണം സമ്പാദിച്ച് താന്‍ സുന്ദരിയായ ഒരു പെണ്ണിനെ വിവാഹം കഴിക്കും. വിവാഹം ആര്‍ഭാടമായി ത്തന്നെ നടത്തും. അവളെ പൊന്നു പോലെ നോക്കും. കാലങ്ങള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ അഞ്ചാറ് കുട്ടികള്‍ ഉണ്ടാവും. അവരെയെല്ലാം വളര്‍ത്തി വലുതാക്കി സ്കൂളില്‍ പറഞ്ഞയക്കും. ചിലപ്പോള്‍ കുട്ടികള്‍ നല്ല വികൃതി കാണിക്കാന്‍ സാധ്യതയുണ്ട്. വികൃതി സഹിക്ക വയ്യാതായാല്‍ ഈ ചൂരല്‍ കൊണ്ട് ചന്തിക്ക് ഇങ്ങനെ ഒരൊറ്റ അടി.

അയാള്‍ കയ്യിലിരുന്ന വടി ആഞ്ഞു വീശി. അയാളുടെ തലയ്ക്കു മേലെയിരുന്ന ഉറിയില്‍ വടി തട്ടി ഉറിയിലെ മണ്‍പാത്രം ഉടഞ്ഞ് മലര്‍പ്പൊടിയെല്ലാം അയാളുടെ മേലേക്ക്‌ വീണു.

 

ഇതിനെയാണ് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം എന്ന് ഉപമയായി പറയുന്നത്.

 

ഈ കഥ ഓര്‍ത്തെടുക്കാന്‍ കാരണമുണ്ട്. ഇസ്ലാമിക്‌ ബാങ്കിംഗ് വരുന്നു എന്ന് കേള്‍ക്കുന്നതിനു മുമ്പേ അതിന്‍റെ കുറെ പദ്ധതികളെപ്പറ്റിയായിരുന്നു നാടാകെ ചര്‍ച്ച. ആദ്യം തന്നെ ശബരിമല പാതയുടെ വികസനത്തിന് കോടികള്‍ ധനസഹായം നല്‍കുന്നു എന്നെല്ലാം വാര്‍ത്ത‍ പരക്കുന്നത് കണ്ടു.  

 

ഇപ്പോള്‍ അതിനെക്കുറിച്ച് ഒന്നും തന്നെ കേള്‍ക്കാനില്ല.

 

ഗവണ്‍മെന്റ് എന്തുകൊണ്ടോ ഇസ്ലാമിക്‌ ബാങ്കിംഗിനെ പ്രോല്‍സാഹിപ്പിക്കാന്‍ മുന്നോട്ടു വരുന്നില്ല. സമാന്തര ബാങ്കിംഗ് ഒരിക്കലും നിലവിലെ ബാങ്കിംഗ് സമ്പ്രദായത്തെ ബാധിക്കില്ല എന്ന് മാത്രമല്ല ബാങ്കിംഗ് മേഖലയില്‍ ആരോഗ്യകരമായ കിട മത്സരത്തിനു വഴി വെക്കുകയും ചെയ്യും. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നേടിയെടുക്കാനും സ്വയം സംരംഭങ്ങള്‍ തുടങ്ങാനും സാധിക്കും. വലിയൊരു ജനവിഭാഗത്തിന്‍റെ കാലങ്ങളായുള്ള ആവശ്യമാണ് ഇത്. ഇതിനെ നിസാരവല്‍ക്കരിക്കുന്നത് ഒരു പാര്‍ട്ടിക്കും ഒരു ഗവണ്‍മെന്റിനും ഗുണം ചെയ്യില്ല.

 

ഇസ്ലാമിക്‌ ബാങ്കിംഗ് – എന്ത്? എന്തിന്?    ഇസ്ലാമിക ശരീഅത്ത് പ്രകാരം പ്രവര്‍ത്തിക്കുന്ന പലിശരഹിത ബാങ്കിംഗ് സമ്പ്രദായമാണ് ഇസ്ലാമിക്‌ ബാങ്കിംഗ്. ഇതിന്‍റെ അടിത്തറ ലാഭം പങ്കു വെക്കുക എന്ന ലക്ഷ്യമാണ്. ഇസ്ലാമിക്‌ ബാങ്കിംഗ് പണമിറക്കുന്ന ബിസിനസില്‍ നിന്നും കിട്ടുന്ന ലാഭത്തിന്‍റെ അനുപാതം/ശതമാനം നിക്ഷേപത്തിന്‍റെ/മൂലധനത്തിന്‍റെ മേല്‍ എത്രയാണോ ആ റേറ്റ് ആയിരിക്കും വായ്പയുടെ മേല്‍ ഈടാക്കുന്ന ലാഭവിഹിതം. ഒരു നിശ്ചിത തുക ഈടാക്കുന്നു എന്ന കാരണത്താല്‍ വായ്പയിനത്തില്‍ ഇതര ബാങ്കുകള്‍ക്ക് വെല്ലുവിളിയാവില്ല ഇസ്ലാമിക് ബാങ്കിംഗ്. പലിശക്ക്‌ ബദലാകുന്ന ഈ സമ്പ്രദായത്തെ ഒരു പക്ഷെ ദോഷൈകദൃക്കുകള്‍ പരിഹസിച്ചേക്കാം. അതും ഇതും തമ്മിലെന്ത് വ്യത്യാസം എന്ന് പുച്ഛിച്ചേക്കാം?

വ്യത്യാസം പ്രധാനമായും ഇസ്ലാമിക തത്വാധിഷ്ഠിതമാണ്. ഇസ്ലാമിക വിധിവിലക്കുകള്‍ അറിയാവുന്നവര്‍ക്ക് ഈ വ്യത്യാസം വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും.മുസ്ലിംകള്‍ ഗൗരവത്തിലെടുക്കുന്ന പ്രധാനമായ ചില വ്യത്യാസങ്ങള്‍:-

 

1      ഇസ്ലാമിക ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന പണം പലിശ ഇടപാടുകള്‍ക്ക് ഉപയോഗിക്കപ്പെടുന്നില്ല.

2      അവര്‍ക്ക്‌ ലഭിക്കുന്ന വായ്പയുടെ മേല്‍ പലിശ ഈടാക്കുന്നില്ല. (മേല്‍ പറഞ്ഞ ലാഭവിഹിതം ഈടാക്കാതെയും വായ്പ നല്‍കാറുണ്ട്).

3      ബാങ്ക് എക്കൌണ്ടില്‍ നിക്ഷേപിക്കപ്പെടുന്ന പണം ലാഭകരമായ ബിസിനസില്‍ മുതലിറക്കി അതിന്‍റെ ലാഭത്തിന്‍റെ പങ്ക് നിക്ഷേപകനും ലഭിക്കുന്നു. (ചില ബാങ്കുകളില്‍ ഈ രീതി കാണാനിടയില്ല.)

4      ബാങ്കിംഗ് ഉള്‍പ്പെടെ ഏതൊരു ബിസിനസിന്‍റെയും പ്രധാന പ്രവര്‍ത്തന ലക്ഷ്യം ലാഭം ഉണ്ടാക്കുക എന്നതാണെങ്കില്‍ ഇസ്ലാമിക്‌ ബാങ്കിംഗിന്‍റെ പ്രധാന ലക്ഷ്യം സാമൂഹിക നന്മയാണ്. സാധാരണക്കാരുടെയും അല്ലാത്തവരുടെയും സാമ്പത്തിക ഉന്നമനവും പുരോഗമനവും ആണ് ഈ ബാങ്കിംഗ് സമ്പ്രദായം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി നിക്ഷേപകന്‍റെ പണം ഉപയോഗപ്പെടുത്തിയേക്കാം.ഇതിന്‍റെ ഗുണഭോക്താക്കള്‍:-ഇതിന്‍റെ ഗുണഭോക്താക്കള്‍ എന്നതിലുപരി ഇതിന്‍റെ ആവശ്യക്കാര്‍ എന്നതാണ് ശരി. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കും ഇസ്ലാമിക്‌ ബാങ്കിംഗ്. ഇതിന്‍റെ ആവശ്യക്കാരെ മാത്രമാണ് താഴെ എണ്ണിപ്പറയുന്നത്. ഒരിക്കലും ഒരു കാറ്റും ജാതി തിരിച്ചോ മതം തിരിച്ചോ വീശുന്നില്ല, ഒരു മഴയും അങ്ങനെയല്ല പെയ്യുന്നത്, സൂര്യനുദിക്കുന്നതും അങ്ങനെയല്ല.1     പള്ളി - മദ്രസകള്‍, അനാഥ-അഗതി മന്ദിരങ്ങള്‍, അറബിക് കോളജുകള്‍

           

പതിനായിരക്കണക്കിന് വരുന്ന പള്ളി, മദ്രസ, അറബിക് കോളജുകള്‍, അനാഥ അഗതി മന്ദിരങ്ങള്‍, സകാത് ഹൗസ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വരുമാനം ഇസ്ലാമിക് ബാങ്കുകളിലേക്ക് ഒഴുക്കാം. ഒരു ടൌണിനെ കേന്ദ്രീകരിച്ചാല്‍ തന്നെ അതിന്‍റെ ചുറ്റുവട്ടത് തന്നെ പള്ളികളും മദ്രസകളും അനാഥ അഗതി മന്ദിരങ്ങളുമൊക്കെ ചേര്‍ന്ന് നൂറു കണക്കിന് സ്ഥാപനങ്ങള്‍ കാണും. നിലവിലെ ബാങ്കുകളില്‍ ഈ പണം വന്നു ചേരുന്നില്ല എന്നതിനാല്‍ അവയ്ക്കും യാതൊരു വ്യാപാര നഷ്ടവും ഇല്ല.2     മേല്‍ പറഞ്ഞ സ്ഥാപനങ്ങളിലെ ജീവനക്കാര്‍.മേല്‍ പറഞ്ഞ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ ശമ്പളം ബാങ്ക് വഴി നല്‍കാം. ഇതര ബാങ്കിംഗ് സമ്പ്രദായം ഹറാം എന്ന് ചിന്തിക്കുന്നത് കൊണ്ട്, പള്ളി മുദരിസുമാര്‍ ബാങ്ക് ഇടപാടുകളില്‍ നിന്നും വിദൂരത്താണ്. (ആവശ്യത്തിന് പണയം വെക്കാന്‍ ഓടുന്ന മുദരിസുമാരും ഉണ്ട്) അവരുടെ ശമ്പളത്തില്‍ നിന്നും ഒരു തുക സമ്പാദ്യമായി സൂക്ഷിക്കാനും സാധിക്കും. നിലവില്‍ മാസാമാസം കാഷ് സാലറി കൊടുക്കുകയാണ് പതിവ്. അതിനാല്‍ ഇതും മറ്റു ബാങ്കുകളെ ബാധിക്കില്ല.3     ഇസ്ലാമിക സംഘടനകള്‍

 

പള്ളി-മദ്രസകളില്‍ നിന്നും വേറിട്ട്‌ വിഭിന്ന രീതികളില്‍, മുക്കിലും മൂലയിലും ബ്രാഞ്ചുകളുമായി പ്രവര്‍ത്തിക്കുന്ന ധാരാളം ഇസ്ലാമിക സംഘടനകള്‍ ഇന്ത്യയിലൊട്ടാകെയുണ്ട്. ഇത്തരം സംഘടനകളുടെ സാമ്പത്തിക ഇടപാടുകള്‍ ഇസ്ലാമിക്‌  ബാങ്ക് വഴി നടത്താം.

 

4     മുസ്ലിം വ്യാപാരികള്‍

 

മുസ്ലിം വ്യാപാരികളെ ആകര്‍ഷിക്കാം. വിറ്റുവരവ് ബാങ്കില്‍ അടക്കുന്ന പതിവ് ഇന്നും പലര്‍ക്കും ഇല്ല. ഇടപാടുകള്‍ മുഴുവന്‍ ബാങ്ക് വഴി നടത്താന്‍ അറിയാവുന്ന വ്യാപാരികള്‍ ചുരുക്കമാണ്. അത് കൊണ്ട് തന്നെ അതത്‌ ദിവസത്തെ വിറ്റുവരവ്‌ അവര്‍ വീട്ടിലേക്ക്‌ കൊണ്ട് പോവുകയോ വ്യാപാര സ്ഥാപനങ്ങളില്‍ തന്നെ സൂക്ഷിച്ചു വെക്കുകയോ ആണ് പതിവ്. ഇസ്ലാമിക ബാങ്കിംഗ് വരുന്നതോടെ ഈ രീതിയില്‍ ഒരു മാറ്റം വരുത്താം.5     ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടികള്‍ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടികള്‍ വിരലില്‍ എണ്ണാവുന്നതേയുള്ളുവെങ്കിലും ആ പാര്‍ട്ടികള്‍ പിരിച്ചെടുക്കുന്ന പണം എണ്ണിയാല്‍ തീരാത്തതാണല്ലോ. അത് കൊണ്ട് പാര്‍ട്ടികളും വരട്ടെ ഇസ്ലാമിക ബാങ്കിംഗിന്‍റെ മുന്‍ നിരയില്‍.

 

6     ഗള്‍ഫ്‌ മുസ്ലിം പ്രവാസികള്‍ഗള്‍ഫ്‌ മുസ്ലിംകള്‍ നാട്ടിലേക്ക്‌ പണമയക്കുന്നത് നിലവിലെ ബാങ്കിംഗ് സമ്പ്രദായം വഴി തന്നെയാണ്. പക്ഷെ, അവര്‍ക്ക് മുസ്ലിം പണ്ഡിതന്മാര്‍ നല്‍കിയിരിക്കുന്ന ഫതവ എന്തെന്നാല്‍ ബാങ്കിലേക്ക് അയക്കുന്ന പണം ബാങ്കില്‍ വെച്ചിരിക്കാന്‍ പാടില്ല, കാലതാമസം കൂടാതെ പിന്‍വലിക്കണം എന്നാണ്. അല്ലാത്ത പക്ഷം ആ പണം പലിശക്ക് വായ്പ നല്‍കാന്‍ ഉപയോഗിക്കപ്പെടും. അത് തെറ്റാണ്, കുറ്റകരമാണ്. അത് കൊണ്ട് തന്നെ പല മുസ്ലിം  പ്രവാസികളും ഫിക്സ്ഡ് ഡിപോസിറ്റ് നടത്താറില്ല എന്നതാണ് വാസ്തവം. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ശുദ്ധമായ ഇസ്ലാമിക്‌ ബാങ്കിംഗ് രീതി തന്നെ ശരണം.

 

7     അറബ് നിക്ഷേപകര്‍ഇവരാണ് ഏറ്റവും പ്രധാനം. അറബ് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇസ്ലാമിക്‌ ബാങ്കിംഗ് സമ്പ്രദായം വന്നേ തീരൂ. അതല്ലാതെ ജിമ്മും എമേര്‍ജിംഗ് കേരളയും വെച്ചിട്ട് യാതൊരു കാര്യവുമില്ല. അത് കൊണ്ടായിരിക്കാം ബോംബെ എക്സ്ചേഞ്ച് ശരീഅത്ത് പ്രകാരമുള്ള അമ്പത്‌ കമ്പനികളെ ലിസ്റ്റ് ചെയ്തിട്ടും അറബികളെ കാര്യമായി ആകര്‍ഷിക്കാന്‍ കഴിയാതിരുന്നത്. അറബികള്‍ സാമ്പത്തിക കാര്യങ്ങളില്‍ വളരെ ശ്രദ്ധയുള്ളവരാണ്. ഫരീദ്‌ അബ്ദുറഹ്മാനെ കള്ളുകുടിയന്‍ എന്ന് വി എസ് ആക്ഷേപിച്ചത് പോലെ എല്ലാ അറബികളെയും അങ്ങനെ കാണേണ്ടതില്ല. ഭൂരിഭാഗം അറബികളും അവരുടെ വരുമാനവും ചിലവും ശുദ്ധമായ മാര്‍ഗത്തിലൂടെയായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അത് കൊണ്ട് തന്നെ പലിശ രഹിത ബാങ്കിംഗ് അറബ് രാഷ്ട്രങ്ങളില്‍ വന്  വിജയവുമാണ്. പല ബാങ്കുകളും ഇസ്ലാമിക്‌ ബാങ്കിംഗ് രീതികളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

 

എമര്‍ജിംഗ്കേരളയുടെ മുന്നോടിയായി കൊച്ചി നഗരം വൃത്തിയായി സൂക്ഷിച്ച പോലെ ശുദ്ധമായ ബാങ്കിംഗ് കൂടി ഉണ്ടെന്ന് കാണിച്ചാല് അറബികളെ കൂടി കേരളത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ കഴിയും. സാമാന്യം ഭേദപ്പെട്ട കമ്പനികള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ശേഷിയുള്ള ലക്ഷക്കണക്കിന് അറബികള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഉണ്ട്. അനാവശ്യ നിയന്ത്രണങ്ങളും നൂലാമാലകളും എടുത്തു മാറ്റി സൗഹൃദാന്തരീക്ഷം ശ്രിഷ്ടിച്ച് നമ്മുടെ രാജ്യത്ത്‌ നിക്ഷേപമിറക്കാന്‍ അവരെ പ്രേരിപ്പിക്കണം. അറബികള്‍ക്ക്‌ എല്ലാം നേരെവാ നേരെ പോ എന്ന മട്ടാണ്. സങ്കീര്‍ണതകള്‍ അവര്‍ക്കിഷ്ടമല്ല. കാര്യം നടന്നിരിക്കണം, അതും നൂലാമാലകളും കാല താമസവും കൂടാതെ.

 

നിലവില്‍ അവരുടെ ബിസിനസ് വ്യാപ്തി വളരെ പരിമിതമാണ്. ഇന്ത്യയെ പോലുള്ള ഉല്‍പാദനച്ചിലവ് കുറഞ്ഞ ധാരാളം വിഭവങ്ങളും വിപണികളും ഉള്ള വലിയ രാജ്യങ്ങളില്‍ പണമിറക്കി ബിസിനസ് ആഗോള തലത്തില്‍ വളര്‍ത്താന്‍ അവര്‍ക്ക്‌ കഴിയും. അതിനു വഴിയൊരുക്കേണ്ടത് നാം തന്നെയാണ്. എമര്‍ജിംഗ് കേരളയുടെ തലേന്ന് ഓടിക്കിതച്ച് തൂത്തു വാരിയതു പോലെയാവരുത്‌. കൊച്ചിയും കോഴിക്കോടും ട്രിവാന്‍ഡ്രവും മറ്റു നഗരങ്ങളും എന്നും വൃത്തിയായി സൂക്ഷിക്കട്ടെ. ഗതാഗതം, ഹോട്ടല്‍, ടൂറിസം, വാര്‍ത്താവിനിമയം പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടട്ടെ.

 

Sunday, August 4

സിനിമാസ്റ്റൈല്‍


 
കൂടെ നടന്ന ഒരുത്തന്‍ സിനിമാസ്റ്റൈലില്‍ ചതിപ്രയോഗം നടത്തി എന്‍റെ കാമുകിയെ എന്നില്‍ നിന്നും അകറ്റിയപ്പോള്‍ എനിക്കത് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം ഞാന്‍ സിനിമ കാണാറില്ലായിരുന്നു. അത് കൊണ്ട് തന്നെ സിനിമാസ്റ്റൈല്‍ ചതി എങ്ങനെയാണെന്നും അറിയില്ലായിരുന്നു.
 
മറ്റൊരുത്തനുമായി വിവാഹം നിശ്ചയിക്കപ്പെട്ട കാമുകിയെത്തേടി  സിനിമാസ്റ്റൈലില്‍ ഞാന്‍ എത്തുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഞാന്‍ പോയില്ല. കാരണം, അതാണ്‌  സിനിമാസ്റ്റൈല്‍ എന്നെനിക്കറിയില്ലായിരുന്നു.
 
സ്റ്റാറ്റസ് പോരെന്ന കാരണത്താല്‍ കാമുകിയെ എന്നില്‍ നിന്ന് അടര്‍ത്തി മാറ്റിയ അവളുടെ തന്തയും പിന്നീട് ഞാന്‍ സിനിമാസ്റ്റൈലില്‍ വന്ന് അവളെ തട്ടിക്കൊണ്ടു പോവുമോ എന്ന് ഭയന്നിരുന്നു. പക്ഷെ, ഞാന്‍ അതിനും മിനക്കെട്ടില്ല. കാരണം അങ്ങനെയും ഒരു സിനിമാസ്റ്റൈല്‍ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.
 
അയല്‍വാസിയായ മറ്റൊരു പെണ്‍കുട്ടിയെ കല്യാണം ആലോചിക്കാന്‍ വീട്ടുകാരോട് പറഞ്ഞപ്പോള്‍ എല്ലാവരില്‍ നിന്നും ഒരു മുറുമുറുപ്പ് ഉയര്‍ന്നു. സ്റ്റാറ്റസ് പോരാത്രേ!. അല്ല, ഒത്തുചേരാത്തതിനെ ഒത്തു ചേര്‍ക്കലും സംഭവിക്കാത്തതിനെ സംഭവിപ്പിക്കലും ആണല്ലോ സിനിമാസ്റ്റൈല്‍. പിന്നെന്തേ ഇപ്പോള്‍ ഇവര്‍ സിനിമാസ്റ്റൈല്‍ നോക്കാത്തത്.?
 
അങ്ങനെ അവളെയും മറ്റൊരുത്തന്‍ സിനിമാസ്റ്റൈലില്‍ അടിച്ചു മാറ്റി. അവളുടെ വായില്‍ നോക്കി നടന്ന  ഒരു കേബിള്‍ ടിവി ഓപ്പറേറ്റര്‍ അങ്ങോട്ടും ഒരു ലൈന്‍ ഇട്ടു കൊടുത്തു. ആ ലൈനില്‍ അവള്‍ കുടുങ്ങുകയും ചെയ്തു. അങ്ങനെ അതിനും ഒരു സിനിമാസ്റ്റൈല്‍ പര്യവസാനമായി.
 
ഇപ്പോള്‍ ഞാന്‍ സിനിമ കാണാറുണ്ട്. അതിന്‍റെ രസം കൊണ്ടല്ല. സിനിമാസ്റ്റൈല്‍ എന്താണെന്ന്‍ അറിയാന്‍. കാരണം സിനിമാസ്റ്റൈലില്‍ എങ്ങനെയാണ് പെണ്ണിനെ തട്ടിയെടുക്കുന്നതെന്നും എങ്ങനെയാണ് കല്യാണം നടക്കുന്നതെന്നും എങ്ങനെയാണ് ചതിക്കുന്നതെന്നും അറിയണമല്ലോ. ഇങ്ങനെ ചതിക്കുന്നവരെയും പാരപണിയുന്നവരെയും സിനിമാസ്റ്റൈലില്‍ തന്നെ തല്ലിക്കൊല്ലാനും പറ്റുമത്രേ!
 
ഇപ്പോള്‍ എനിക്കും സിനിമാസ്റ്റൈല്‍ അറിയാം. സുന്ദരിയും സുശീലയും സുമുഖിയും ഒത്ത ശരീരവുമുള്ള മറ്റൊരു കാമുകിയെ തേടുകയാണ് ഞാനിപ്പോള്‍. കാരണം, അതാണല്ലോ സിനിമാസ്റ്റൈല്‍.

Recent Post
ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര (മൂന്നാം ഭാഗം)
Jul10ചിരിയും ചിന്തയും
കുവൈറ്റില്‍ എന്ത് സംഭവിക്കുന്നു..?
അങ്ങനെ ഞാനും ഗള്‍ഫിലെത്തി - അറബികള്‍ പണിയും തന്നു തുടങ്ങി
 

Sunday, July 21

ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര (മൂന്നാം ഭാഗം)
ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര എന്നതിന്‍റെ മൂന്നാം ഭാഗവും എന്നോ തുടങ്ങി വെച്ചിരുന്നു. പക്ഷെ, ഇടയ്ക്കു വെച്ച് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോള്‍ എഴുത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇപ്രാവശ്യം അധികം നീട്ടി വലിച്ച് എഴുതുന്നില്ല. ഒരു പ്രിയ വായനക്കാരന്‍റെ നിര്‍ദ്ദേശപ്രകാരം മൂന്ന് പേജില്‍ ഒതുക്കുന്നു. രണ്ടാം ഭാഗത്തില്‍ പറഞ്ഞു വന്നത് ബാംഗ്ലൂരിലേക്കുള്ള  ആദ്യ യാത്രയും അന്നത്തെ സംഭവ വികാസങ്ങളുമായിരുന്നു. 

 

പഴയ നാലുകെട്ട് മട്ടില്‍ നടുമുറ്റം ഉള്ള ഒരു വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അതിനെ പേ ബംഗ്ലാവ് എന്നാണ് ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത്. അതിന്‍റെ പിന്നില്‍ വലിയൊരു കഥയുണ്ട്. ആ കഥ ഏതെങ്കിലും ഒരു ഭാഗത്തില്‍ വരുന്നതായിരിക്കും. ഇല്ലെങ്കില്‍ എന്‍റെ ഇനിയും പബ്ലിഷ് ചെയ്തിട്ടില്ലാത്ത പുതിയ  നോവലില്‍ നിന്നും ഭാവിയില്‍ വായിച്ചെടുക്കാം. വൈകുന്നേരം മനോഹരനും കൊടിഞ്ഞിയും പണി മാറ്റി വന്നാല്‍ പിന്നെ റൂമില്‍ നല്ല രസമാണ്. ഒരു വൈകുന്നേരം, അന്നത്തെ ഹിറ്റ്‌ പാട്ടായ കാതലുക്ക് മര്യാതൈ'യിലെ ‘എന്നെ താലാട്ട വരുവാളാ' എന്ന് തുടങ്ങുന്ന പാട്ട് ഒരു പഴയ ടേപ്പ് റെക്കോര്‍ഡറില്‍ പ്ലേ ചെയ്ത് മനോഹരനും കൊടിഞ്ഞിയും ഡാന്‍സ് കളിച്ചത് ഞങ്ങള്‍ കണ്‍ മിഴിച്ച്  കണ്ടിരുന്നു.  മറ്റൊരു വിനോദം ഗാനമേളയായിരുന്നു. നൌഷാദ്ക്കയുടെയും സിദ്ദിക്കയുടെയും പാട്ടിനൊപ്പിച്ച് മനോഹരനോ കൊടിഞ്ഞിയോ ഒരു ചെറിയ ചെണ്ടയില്‍ കൊട്ടി താളം പിടിക്കും. മറ്റുള്ളവര്‍ വെറുതെ നോക്കിയിരിക്കും.

 

ഗാനമേള മാത്രമല്ല ഈ ഒത്തു കൂടല്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത്. പരസ്പരം പാര പണിയാനും തമാശ പറഞ്ഞ് ചിരിക്കാനുമുള്ള ഒരു വേദി കൂടിയാണ്. ഉറക്കം വരുന്നത് വരെ കലാപരിപാടികള്‍ തുടരും.

 

ഒന്നു രണ്ടു ദിവസം അങ്ങനെ കഴിഞ്ഞു പോയി. ഞങ്ങള്‍ അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു. മണികണ്ടന്‍ ആണ് ഞങ്ങളുടെ ഗൈഡ്‌. മണികണ്ടന്‍ ഞങ്ങളെ മുന്നില്‍ നിന്നും നയിച്ചു. ഉയരം കുറവായതിനാല്‍ തല തൊണ്ണൂറു ഡിഗ്രീ ചെരിവില്‍ ഉയര്‍ത്തിയാണ് മണികണ്ടന്‍ ഞങ്ങളെ നോക്കിയിരുന്നത്. മണികണ്ടന് പറയാന്‍ ഒത്തിരി വീര കഥകള്‍ ഉണ്ട്. അത് കൊണ്ടാണ് അദ്ദേഹത്തിന് സ്ട്രോങ്ങ്‌ എന്ന പേര് വീണതും. അത്രയ്ക്കും സ്ട്രോങ്ങ്‌ ആയിരുന്നു മണികണ്ടന്‍റെ വായില്‍ നിന്നും വന്നിരുന്നത്.

 

മണികണ്ടന്‍ പറഞ്ഞ ചില കഥകള്‍ കേട്ട് ഞങ്ങള്‍ വാ പൊളിച്ചു നില്‍ക്കുമ്പോള്‍ ഹോട്ടലിലെ മറ്റു ജോലിക്കാര്‍ മാറി നിന്നു ചിരിക്കുകയാവും. ടയര്‍ ഊരിത്തെറിച്ച ലോറിക്ക്‌ ജാക്കി വെക്കാന്‍ ഒന്നുമില്ലാതെ വന്നപ്പോള്‍ മണികണ്ടന്‍റെ തോളത്ത് കയറ്റി വെച്ചിട്ടാണത്രേ ലോറിയുടെ ടയര്‍ ഇട്ടത്. ഇത്തരം കഥകള്‍ പറഞ്ഞാല്‍ കുട്ടികളായ ഞങ്ങളെ ആരാധകരായി കിട്ടുമെന്ന് കരുതിയാവും മണികണ്ടന്‍ ഞങ്ങള്‍ക്ക് ഗൈഡ് വന്നത്. ഞങ്ങള്‍ പോയത്‌ ഞാന്‍ മുമ്പ്‌ സൂചിപ്പിച്ച ആ ലാന്‍ഡ്‌ മാര്‍ക്ക്‌ ആയ ആ കുന്നിന്‍മുകളിലേക്കാണ്. അന്ന് അത് വിനോദ സഞ്ചാര കേന്ദ്രമയിരുന്നില്ല. രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ സ്വൈര വിഹാര കേന്ദ്രമായിരുന്നു ആ കുന്നും അതിനു മുകളിലുള്ള അമ്പലത്തിനെ ചുറ്റിപ്പറ്റിയുള്ള പൊന്തക്കാടുകളും. പകല്‍ ഭക്തര്‍ വന്നു തൊഴുതു പോവാറുണ്ടെങ്കിലും രാത്രിയില്‍ ആരും തൊഴാനായി വരാറില്ല. എങ്കിലും ആ കുന്നിന്‍ മുകളിലെ എല്ലാ ബള്‍ബുകളും പ്രകാശിച്ചു തന്നെ നില്‍ക്കും. അവിടെ നിന്നാല്‍ ഹോസുര്‍ മൊത്തം കാണാം. ഞാന്‍ പില്‍ക്കാലത്ത്‌ എം ബി എ ക്ക് പഠിച്ച അധിയമാന്‍ എഞ്ചിനീയറിംഗ് കോളജും ചുറ്റിലുമുള്ള ഇരുനൂറു ഏക്കറില്‍ പരന്നു കിടക്കുന്ന വിശാലമായ ഗ്രൗണ്ടും അവിടെ നിന്നാല്‍ കാണാം. തമിള്‍ നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവ് തമ്പി ദുരൈയുടെ ഉടമസ്ഥതയില്‍  ആണ് ഈ കോളജ്‌.

 

കുന്നിന്‍മുകളില്‍ നിന്നും ഇറങ്ങി ഞങ്ങള്‍ ഏതൊക്കെയോ തെരുവോരങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും റൂമിലെത്തി. വഴിവക്കില്‍ നിന്നും തമിഴമ്മാരുടെ ഇഷ്ട വിഭവമായ ബദാം മില്‍ക്കും പാനിപൂരിയും വാങ്ങിത്തരാന്‍ മണികണ്ടന്‍ മറന്നില്ല. തിന്ന്കഴിഞ്ഞ് ഭക്ഷണത്തിന്‍റെ കുറ്റവും കുറവും പറയാന്‍ ഞങ്ങളും മറന്നില്ല.

 

തിരിച്ചു റൂമിലെത്തുമ്പോള്‍ ഏറെ വൈകിയിരുന്നു. അത്ഭുതകരമായ ഒരു കാഴ്ച കണ്ടാണ് ഞങ്ങള്‍ റൂമില്‍ പ്രവേശിച്ചത്‌. സുഹറ ടീ സ്റ്റാളിലെ ടീ മേകര്‍ കൂളി വേലായുധന്‍ പാന്ടിനുള്ളില്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്ത് കട്ടി കൂടിയ ബെല്‍റ്റും ഷൂസും ഒരു കൂളിംഗ് ഗ്ലാസും ധരിച്ച് ഹാളിലെ ഒരു കട്ടിലില്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നു. ആ മനോഹരമായ കാഴ്ച ഞങ്ങള്‍ കുറെ നേരം നോക്കി നിന്നു. വേലായുധനില്‍ നിന്നും എന്തൊക്കെയോ പഠിക്കാന് ഉണ്ടെന്ന് ഞങ്ങള്‍ക്ക്‌ തോന്നി. പക്ഷെ, അതിനൊന്നും പിന്നീട് സമയം കിട്ടിയില്ല. മണികണ്ടന്‍ ഞങ്ങളെ റൂമിലേക്ക് വലിച്ചു കൊണ്ട് പോയി. വേലായുധന്‍ എന്തിനാണ് ഇങ്ങനെ ‘സിമ്പിള്‍ ഡ്രെസ്’ ധരിച്ച് കിടക്കുന്നത് എന്ന് ഞങ്ങളെ റൂമിലേക്ക്‌ കൊണ്ട് പോവുമ്പോള്‍ ഞങ്ങള്‍ മണികണ്ടനോട്‌ ചോദിച്ചു. മണികണ്ടന്‍ പറഞ്ഞ മറുപടിയില്‍ ഞങ്ങള്‍ തൃപ്തരായി.  ആ മ@*@*ന് പ്രാന്താണെന്നായിരുന്നു നല്ലവനും ശുദ്ധനുമായ  സ്ട്രോങ്ങ്‌ ഞങ്ങളെ അറിയിച്ചത്‌. ആ രാത്രി വളരെ ശാന്തമായിരുന്നു. ആരും അധികം പാടുകയോ ആടുകയോ ചെയ്തില്ല. മനോഹരനും കൊടിഞ്ഞിയും വരാന്‍ വൈകി. പിന്നെ ഞങ്ങളുടെ ഭാഗ്യത്തിന് അന്നെങ്കിലും ഒന്ന് പാടിനോക്കാം എന്ന് സ്ട്രോങ്ങ്‌ മണികണ്ടന് തോന്നിയതുമില്ല. അത് കൊണ്ട് ഞങ്ങള്‍ നേരത്തെ ഉറങ്ങി. ഉറങ്ങി എണീറ്റപ്പോള്‍ സമയം ഒത്തിരി വൈകിയിരുന്നു. ഞങ്ങള്‍ ചായ കുടിച്ചിരുന്നത് ഏതോ ഒരു ബാബുട്ടന്‍റെ കടയില്‍ നിന്നായിരുന്നു. പോകുന്ന മുക്കിലെല്ലാം പല പല ജോലികളിലും കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഒത്തിരി മലയാളികളെ കാണാനിടയായി. സോപ്പ്‌, ചീപ്പ്, പേസ്റ്റ്, ഷാമ്പൂ, എന്നിവ വാങ്ങിയിരുന്നത് ഒരു അണ്ണാച്ചിപ്പെണ്ണിന്റെ കടയില്‍ നിന്നായിരുന്നു. തമിഴത്തിയുടെ പേര് പൂര്‍ണ്ണിമ എന്നായിരുന്നു. ഇന്ദ്രജിത്ത് പൂര്‍ണിമയെ എന്ത് ചുരുക്കപ്പേരില്‍ വിളിക്കും എന്ന് ഒരു രസികന്‍ ചോദിച്ചത് പോലെ തന്നെയായിരുന്നു പൂര്‍ണ്ണിമയെ അവളുടെ അമ്മയും ബാക്കിയുള്ളവരും ചുരുക്കി വിളിച്ചിരുന്നത്. ഇത് കേട്ട് മലയാളികള്‍ ചിരിച്ചു കൊണ്ട് ഓടും. തമിഴര്‍ക്ക്‌ ഇത് എന്താണെന്ന്‍ അറിയാത്തത്‌ കൊണ്ട് എന്തിനാണ് മലയാളികള്‍ ചിരിച്ചിരുന്നത് എന്നും മനസ്സിലായിരുന്നില്ല. അത് കൊണ്ട് തന്നെ അവര്‍ ആ ചുരുക്കപ്പേര് തന്നെ അവളെ നീട്ടി വിളിച്ചു കൊണ്ടിരുന്നു. പൂര്‍ണ്ണിമ സുന്ദരിയായിരുന്നു. അത് കൊണ്ട് തന്നെ ആവശ്യമില്ലതെയും സാധനങ്ങള്‍ വാങ്ങിക്കുക, അല്ലെങ്കില്‍ സാധനങ്ങള്‍ ഒരുമിച്ചു വാങ്ങിക്കാതെ ഓരോരോ സാധനങ്ങള്‍ വാങ്ങിക്കാനായി പല തവണ അവളുടെ കടയില്‍ പോവുക തുടങ്ങിയവ മലയാളികളായ തൊഴിലാളികള്‍ പതിവാക്കിയപ്പോള്‍ നൌഷാദ്ക്കാക്ക് ഹോട്ടലില്‍ ജോലിക്കാരെ ആവശ്യനേരത്ത് കിട്ടാതെയായി. അതിനു പോംവഴിയായി ഒരു വഴിയെ കണ്ടുള്ളൂ. എല്ലാവര്‍ക്കും വേണ്ടി സോപ്പ്‌, ചീപ്, പേസ്റ്റ് എന്നിവ നൌഷാദ്ക്ക തന്നെ സ്വന്തം ചിലവില്‍ ഒരു മാസത്തേക്ക് മൊത്തമായി വാങ്ങിവെച്ചു. തൊഴിലാളികള്‍ പിന്നെയും പഴയ ഓര്‍മ്മയില്‍ പുറത്തേക്കിറങ്ങിയിരുന്നെങ്കിലും അവരെയെല്ലാം നൗഷാദ്‌ക്ക സ്നേഹപൂര്‍വ്വം സോപ്പ്‌ കൊടുത്ത് സോപ്പിട്ട് നിര്‍ത്തി.

 

അടുത്ത ദിവസം ഞങ്ങള്‍ നാട്ടിലേക്ക്‌ മടങ്ങുകയാണ്. ഹൊസൂരില്‍ നിന്ന് പോരാന്‍ ഞങ്ങള്‍ക്ക്‌ മനസ്സുണ്ടായിരുന്നില്ല. എന്നും നെയ്ച്ചോറും ബിരിയാണിയും ബീഫും മാത്രം കഴിച്ച് വയറിളക്കം പിടിച്ച് ഞങ്ങളുടെ ശരീരം കേടാവണ്ട എന്ന് കരുതിയാവണം നൌഷാദ്ക്ക ഞങ്ങളെ പെട്ടെന്ന് സ്ഥലം കാലിയാക്കാന്‍ നിര്‍ബന്ധിച്ചത്‌. ഹൊസൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ഒരു ബസില്‍ ഞങ്ങളെ കയറ്റി വിട്ടു. ഞങ്ങള്‍ക്ക് ട്രെയിനില്‍ തന്നെ തിരിച്ചു പോയാല്‍ മതി എന്ന് വാശി പിടിച്ചെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. ഞങ്ങളുടെ കൂടെ റൂട്ട് നന്നായി അറിയാവുന്ന ഹക്കീമും ഉണ്ടായിരുന്നു. ഞങ്ങള്‍ നാല് കുട്ടികള്‍ (ഷംസുവും മുജീബും, ഹക്കീമും ഞാനും) കോയമ്പത്തൂര്‍ വരെ ആ ബസില്‍ വന്നു. രാത്രി ഒമ്പത് മണിക്ക് ഹൊസൂരില്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് കോയമ്പത്തൂര് എത്തി. ഹക്കീമിന് എല്ലാം പരിചിതമായിരുന്നതിനാല്‍ അധികം ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. അവിടെ നിന്നും പാലക്കാട് വരെ വേറെ ബസില്‍ ആയിരുന്നു യാത്ര. വെറും രണ്ടു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ പാലക്കാട്ടെത്തി. പത്തു ദിവസത്തെ ഹൊസൂര്‍ വാസം മതിയാക്കി ഞങ്ങള്‍ വീണ്ടും ഹരിത കേരളത്തില്‍ കാലുകുത്തി. മഞ്ഞു വീണ പുലരിയില്‍ ഇനിയുമുണര്‍ന്നിട്ടില്ലാത്ത പാലക്കാടന്‍ ഗ്രാമീണ വീഥികളിലൂടെ പ്രകൃതിയുടെ ചന്തം തൊട്ടറിഞ്ഞ് ഒരു മടക്ക യാത്ര.
 

Wednesday, July 10

ചിരിയും ചിന്തയും


          
 
നവരത്ന ഓയിലിന്റെ പരസ്യം കണ്ടപ്പോള്‍ ഗള്‍ഫുകാര്‍ ഒന്ന്‍ പല്ലിറുമ്മിക്കാണും. "സണ്‍‌ഡേ എന്നാ" എന്നാ ആ തടിയന്‍റെ ചോദ്യം.
മനുഷ്യന്‍ ഫ്രൈഡേയും സാറ്റര്‍ഡേയും എങ്ങനെ നീളം വെപ്പിക്കാം എന്ന് നോക്കുമ്പോഴാ അവന്‍ സണ്‍‌ഡേ വെളുപ്പിക്കാന്‍ നോക്കുന്നത്.
(കുറച്ചു കഴിഞ്ഞാണെങ്കിലും അവര്‍ക്ക്‌ ബോധോദയം ഉണ്ടായെന്ന് തോന്നുന്നു. ഇപ്പോള്‍ "ഫ്രൈഡേ എന്നാ" എന്നതാ ചോദ്യം. നന്നായി! പ്രവാസികളും നാട്ടുകാരും ഒരു പോലെ ആഗ്രഹിക്കുന്നത്.)
 
         ************** ********    ***********   ********
നടി ശ്വേതാ മേനോന്‍ ശാമ കറി പൌഡറിന്‍റെ പരസ്യത്തില്‍ ഇങ്ങനെ പറയുന്നുണ്ട്. "ശാമ കറി പൌഡര്‍ - ഒരു നല്ല ഭാര്യയാവാന്‍,"
 
ഇത് കേട്ടപ്പോള്‍ അടുത്തിരുന്ന റാഫി പറഞ്ഞു.
ഏറ്റവും നല്ല ഭാര്യ തന്നെ അത് പറഞ്ഞത് നന്നായി. 
 
         ************** ********    ***********   ********
 
സന്തോഷ്‌ പണ്ഡിറ്റിനെ ഏഷ്യാനെറ്റ്‌ രണ്ടാമതും അപമാനിച്ചതിന് മലയാളികള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ശക്തമായി പ്രതിഷേധിച്ചു.
സന്തോഷ്‌ പണ്ഡിറ്റിനെ വധിക്കാനുള്ള അവകാശം അത് മലയാളി മക്കള്‍ക്ക് മാത്രമുള്ളതാണ്. അത് ഒരു ടിവി ചാനല്‍ ഏറ്റെടുത്താല്‍ മലയാളികള്‍ ചുമ്മാ നോക്കിയിരിക്കില്ല. പറഞ്ഞേക്കാം...
 
         ************** ********    ***********   ********
റൂമില്‍ വെറുതെ ഇരിക്കുമ്പോള്‍ 'ആ വാര്‍ത്ത‍ വെച്ചാടെ' എന്നൊക്കെ ആഞ്ഞാപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ വാര്‍ത്ത വെച്ചാടെ എന്ന് പറഞ്ഞാല്‍ കൂട്ടുകാര്‍ക്ക് ഒരു വളിച്ച ചിരിയാണ്. എന്നിട്ട് ഒരു കമന്റും...
    ഹും ഇപ്പോള്‍...വാര്‍ത്തയെ കാണൂ...
    സരിതോര്‍ജവും തെറ്റയിലും നമുക്കും ഒരു പാരയായി.
 
************** ********    ***********   ********
 
    HR Dept ല്‍ പുതുതായി സെക്രട്ടറിയായി ചേര്‍ന്ന ലബനാനി പെണ്‍കൊടി ഉണ്ടാക്കിയ ഒരു മലയാളി ഡ്രൈവറുടെ അപ്പോയിന്റ്മെന്റ് ലെറ്ററിലെ പേര് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ആ പേര് ഇങ്ങനെയായിരുന്നു.
 
    Mathai Rajan Al Mathai (മത്തായി രാജന്‍ അല്‍ മത്തായി.)
 
         ************** ********    ***********   ********
       
ഹംസക്കയെക്കുറിച്ച് രണ്ടു വാക്ക്‌...
 
അങ്ങനെ ഹംസക്കയും ആദ്യമായി ഗള്‍ഫിലെത്തി. പള്ളിയില്‍ പോയി നിസ്കരിക്കാനും തുടങ്ങി. കൂടെ ഞാനും പോയി. ടോയ്‌ലറ്റിനു മുന്നില്‍ തിരക്കാണ്. ആരും ഇറങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ വെറുതെ കൈയടിച്ച് ഒച്ചയുണ്ടാക്കി. (ഇതാണ് അറബികളുടെ രീതി. ടോയ്‌ലറ്റില്‍ ഇരുന്ന് ഉറങ്ങുന്നവരെ ഉണര്‍ത്തുക എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.)
ഇത് കണ്ട പാടെ, ഹംസക്ക എന്‍റെ കയ്യില്‍ കടന്നു പിടിച്ചു. " "അനക്ക് തീരെ ബുദ്ധില്ലേ..അല്ലെങ്കില്‍ തന്നെ ഒരെണ്ണം പുറത്ത്‌ വരുന്നില്ല. ഇനി നീ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും കൂടി ചെയ്‌താല്‍..."
 
റൂമില്‍ എത്തിയപ്പോള്‍ എല്ലാവരും തിന്നാന്‍ ഇരിക്കുകയാണ്. കൂട്ടത്തില്‍ കോയക്ക കറിയുടെ ടേസ്റ്റ് പോരാ എന്ന് തോന്നിയപ്പോള്‍ അത് പറയാതെ തന്നെ അറിയിക്കാന്‍ വേണ്ടി ഒരു കമന്റ്റ്‌..
വളയിട്ട കൈകള്‍ കൊണ്ട് വെച്ച ടേസ്റ്റ് ഒന്ന് വേറെ തന്നെയാ അല്ലെ..അതൊന്നും നമ്മള്‍ വെച്ചാല്‍ കിട്ടില്ല...
ഹംസക്ക..." ഓഹോ..എങ്കില്‍ കുറച്ചു വളയങ്ങു വാങ്ങി ഇട്ടാല്‍ പോരെ കോയക്കാ.. പിന്നെ ഇങ്ങനെ പായാരം പറയേണ്ട വല്ല കാര്യവുമുണ്ടോ..
 
ഹംസക്ക വന്ന ആദ്യ ദിവസം ചിക്കന്‍ കറിയായിരുന്നു. കൂട്ടുകാര്‍ തന്നെ സല്കരിക്കാന്‍ വേണ്ടി അന്ന് ചിക്കന്‍ കറി എല്ലാം ഒരുക്കി എന്ന സന്തോഷത്തില്‍ ആയിരുന്നു ഹംസക്ക. കാരണം, നാട്ടില്‍ വല്ല വിരുന്നുകാര്‍ വരുമ്പോള്‍ മാത്രമാണ് ചിക്കനും മട്ടനുമൊക്കെ ഒരുക്കുന്നത്. അടുത്ത ദിവസവും ചിക്കന്‍ തന്നെ മുന്നില്‍ വന്നപ്പോള്‍ ഹംസക്കയുടെ സന്തോഷം ഇരട്ടിച്ചു. ഹോ..ഇവരെക്കൊണ്ട് തോറ്റു. തന്നെ ഇങ്ങനെ ആദരിക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു.
മൂന്നാം ദിവസവും ചിക്കന്‍ തന്നെ കണ്ടപ്പോള്‍ ഹംസക്ക ഒരു മര്യാദയെന്നോണം പറഞ്ഞു. അതേയ്..ഞാന്‍ പുതുതായി വന്നതൊക്കെ തന്നെ. എന്ന് കരുതി എന്നും ഇങ്ങനെ ചിക്കന്‍ വെച്ച് സല്ക്കരിക്കണം എന്നില്ല. ഇടക്ക് പച്ചക്കറിയൊക്കെ വെക്കാം.
കോയക്ക മറുപടി കൊടുത്തു. ഹംസക്കാ..ഇത് ഇവിടുത്തെ ദേശീയ ഭക്ഷണമാണ്. ഇതു വെക്കുന്നത് പച്ചക്കറിയും മീനും വില കൂടിയ ഐറ്റം ആയത് കൊണ്ടാ.. അല്ലാതെ നിങ്ങളെ സല്‍ക്കരിക്കാനൊന്നുമല്ല.

Saturday, June 1

കുവൈറ്റില്‍ എന്ത് സംഭവിക്കുന്നു..?കുവൈത്തില്‍ നിതാഖാത് നടപ്പാക്കുന്നത് മൂലം ഒത്തിരി പ്രവാസികളെ പിടിച്ചു കയറ്റി അയച്ചു എന്ന ചാനല്‍ വാര്‍ത്ത‍ കേള്‍ക്കാന്‍ ഇടയായി. കഴിഞ്ഞ ദിവസങ്ങളില്‍ അത് തന്നെയായിരുന്നു ചാനലുകളുടെ ചര്‍ച്ചാ വിഷയം.


സത്യത്തില്‍ കുവൈത്തില്‍ 'നിതാഖാത്' എന്ന ഒരു പദം തന്നെ പ്രയോഗത്തിലില്ല. സൗദിയുടെ പാത പിന്തുടര്‍ന്ന് കുവൈത്തിലും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞു പരത്തുന്നത്‌. സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത് സര്‍ക്കാര്‍ ജോലികളിലും കമ്പനികളിലും മാത്രമാണ്. അതല്ലാതെ ഗാര്‍ഹിക മേഖലയില്‍ സ്വദേശിവല്‍ക്കരണം ഇല്ലേയില്ല.


    സര്‍ക്കാര്‍ ജോലികളില്‍ പൂര്‍ണമായും സ്വദേശികളെ മാത്രം  നിയമിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ തീരുമാനമായിക്കഴിഞ്ഞിരുന്നു. അത് പ്രകാരം ഇനി വിദേശ തൊഴിലാളികള്‍ മിനിസ്ട്രി ഒഴിവുകളില്‍ കയറിപ്പറ്റാമെന്ന് മോഹിക്കണ്ട. കമ്പനികളില്‍ ഒരു നിശ്ചിത ശതമാനം കുവൈത്തികളെ നിയമിച്ച് ക്വാട്ട തികയ്ക്കണം എന്നതും എന്നോ പ്രാബല്യത്തില്‍ വന്ന നിയമമാണ്. അതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ മിനിസ്ട്രിയില്‍ പിഴ അടക്കേണ്ടി വരും. കുവൈത്തികളെ ജോലിക്ക് വെച്ചാല്‍ കാര്യങ്ങള്‍ ഒന്നും നടക്കില്ലെന്ന് അറിയാവുന്ന കമ്പനികള്‍ ഈ പിഴ അടച്ചു തടി ഊരുകയാണ് പതിവ്. പിഴ അടക്കുന്നത് ഒഴിവാക്കാന്‍ ചില കമ്പനികള്‍ ക്വാട്ട തികയ്ക്കാന്‍ ആവശ്യമായത്രയും കുവൈത്തികള്‍ക്ക് അപ്പോയിന്റ്മെന്റ്റ്‌ ലെറ്ററും നല്‍കി വീട്ടിലിരുത്തി ശമ്പളം നല്‍കി വരുന്നു. മിക്കവാറും സ്ത്രീകളാണ് ഇപ്രകാരം ശമ്പളം പറ്റുന്നത്. എല്ലാ മസാവസാനവും കൃത്യമായി അവരുടെ ബാങ്ക് അക്കൌണ്ടില്‍ ശമ്പളം എത്തിയിരിക്കും. ഇവരുടെ അക്കൌണ്ടുകളിലെക്ക് ഇതേപോലെ മറ്റു പല കമ്പനികളില്‍ നിന്നും ശമ്പളം വരുന്നുണ്ടാവും. കാരണം ക്വാട്ട തികയ്ക്കാന്‍ ആവശ്യമായത്ര കുവൈത്തികളെ കിട്ടാനില്ലാത്തതിനാല്‍ ഒരു കുവൈത്തി തന്നെ പല കമ്പനികളിലും രേഖാപ്രകാരം സ്റ്റാഫ്‌ ആയി രജിസ്റ്റര്‍ ചെയ്യുകയും ആ കമ്പനികളില്‍ നിന്നെല്ലാം ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നു. ഈ സാലറി ട്രാന്‍സ്ഫര്‍ ലെറ്റര്‍ ബാങ്കില്‍ സബ്മിറ്റ് ചെയ്ത രേഖയടക്കം മിനിസ്ട്രിയില്‍ കാണിച്ചാല്‍ കമ്പനിക്ക് പിഴയൊന്നും കൂടാതെ മുന്നോട്ട് പോകാം.


    ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികളുടെ ഫയല്‍ ക്ലോസ് ചെയ്യുകയും മിനിസ്ട്രിയുമായി ബന്ധപ്പെട്ട അവരുടെ എല്ലാ  സര്‍വിസുകളും സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ഒരു കമ്പനിക്കെതിരെ ആരെങ്കിലും കേസ്‌ കൊടുത്താലും ഇത് തന്നെയായിരിക്കും ഫലം.


ലക്ഷം ലക്ഷം പിന്നാലെ...

   

    അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കുവൈത്തിലെ വിദേശികളുടെ എണ്ണം ഒരു മില്യണ്‍ ആക്കി ചുരുക്കുക എന്നാണ് ഇപ്പോള്‍ തൊഴില്‍ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. അതിനു വേണ്ടി വര്‍ഷം തോറും ഒരു ലക്ഷം തൊഴിലാളികളെ കുറക്കുക എന്നതാണ് അവര്‍ നടപ്പാക്കാന്‍ പോകുന്നത്. എന്തിന് വിദേശികളെ കുറയ്ക്കണം എന്നതിന് അവര്‍ പറയുന്ന കാരണങ്ങള്‍ പലതാണ്. ഒരു മന്ത്രി അഭിപ്രായപ്പെട്ടത് വിദേശികള്‍ ആണ് ട്രാഫിക്‌ ജാം ഉണ്ടാക്കുന്നത് എന്നാണ്. മറ്റൊരു മന്ത്രി പറഞ്ഞത്‌ വിദേശികള്‍ നിയമലംഘനം നടത്തുന്നു എന്നാണ്. അതിനും പുറമേ ഗവ ഭയക്കുന്നത് വിദേശികളുടെ എണ്ണം സ്വദേശികളേക്കാള്‍ കൂടുതലാണ് എന്നതാണ്. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് പല അറബ് രാജ്യങ്ങളിലും ഭരണ മാറ്റം ഉണ്ടായ പശ്ചാത്തലത്തില്‍ ഇവര്‍ ഇവിടെയും ഒരു പ്രക്ഷോഭം പ്രതീക്ഷിക്കുന്നു എന്നതാണ് സത്യം. അങ്ങനെ വന്നാല്‍ വിദേശികള്‍ ആരുടെ കൂടെ നില്‍ക്കും എന്നതാണ് ചോദ്യം.


ജാനകിയുടെ വിസ...


    ആദിവാസി നേതാവ് ജാനകി കുവൈത്തില്‍ പ്രശസ്തയാണ്. എങ്ങനെയാണെന്ന് ചോദിച്ചാല്‍ അതിനുത്തരം പറയേണ്ടത്‌ ഗാര്‍ഹിക തൊഴിലാളികള്‍ ആണ്. ഗാര്‍ഹിക തൊഴിലാളികള്‍ എന്ന ലേബലില്‍ കുവൈത്തില്‍ ജോലിക്കു വരുന്ന പലരും പുറത്തു ജോലി നോക്കുകയാണ് പതിവ്. വീട് പലര്‍ക്കും സ്വര്‍ഗമാണ്. പക്ഷെ, കുവൈത്തി വീടുകള്‍ പലര്‍ക്കും നരകമാണ്. അതുകൊണ്ട് തന്നെ കുവൈത്തി വീടുകളിലെ ജയില്‍ ജീവിതത്തിനു തുല്യമായ ജോലി ചെയ്യാന്‍ ആര്‍ക്കും താല്പര്യമില്ല. ഇവര്‍ പുറത്തിറങ്ങി ജോലി ചെയ്യുന്നത് ഇവരുടെ കുവൈത്തി സ്പോണ്സറുടെ അറിവോടെയും സമ്മതത്തോടെയും ആണ്. കുവൈത്തികളുടെ സൈഡ് ബിസിനെസ് ആണ് വിസക്കച്ചവടം. അതില്‍ തന്നെ കൂടുതല്‍ ഡിമാന്‍ഡ് 'ജാനകിയുടെ വിസ' എന്ന് ഗാര്‍ഹിക തൊഴിലാളികള്‍ സ്വയം കളിയാക്കി പറയുന്ന ഖാദിം (No 20) വിസക്കാണ്. കമ്പനി വിസയുടെ നേര്‍പകുതിയാണ്‌ ഖാദിം വിസയുടെ മാര്‍ക്കറ്റ്‌ റേറ്റ്. അതായത്‌ രണ്ടു വര്‍ഷത്തേക്ക് അറുനൂറു ദിനാര്‍. പിന്നീട് ഈരണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാന്‍ മുന്നൂറു ദിനാര്‍ കൂടി നല്‍കണം. കമ്പനി വിസക്ക്‌ രണ്ടു വര്‍ഷത്തേക്ക് ആയിരത്തി ഇരുനൂറു ദിനാറും പുതുക്കാന്‍ രണ്ടു വര്‍ഷത്തേക്ക് അറുനൂറു ദിനാറും ആണ്.


കുവൈത്തില്‍ എന്ത് സംഭവിക്കുന്നു..?


    കുവൈത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് എല്ലാ വര്‍ഷവും നടത്തി വരാറുള്ള പരിശോധന തന്നെയാണ്. ചില വര്‍ഷങ്ങളില്‍ അതിന്‍റെ ഗൗരവം കുറച്ചു കൂടിയിരിക്കും. ചിലപ്പോള്‍ തീവ്ര പരിശോധന തന്നെ നടക്കും. ബസ്സില്‍ കയറിയും ഫ്ലാറ്റില്‍ കയറിയും കമ്പനിയില്‍ കയറിയും വണ്ടി നിര്‍ത്തിയും വഴിവക്കില്‍ നിര്‍ത്തിയും എന്ന് വേണ്ട വിദേശികളെ കാണുന്നിടത്തൊക്കെ വെച്ച് സിവില്‍ ഐഡി ചോദിച്ചു വാങ്ങി പരിശോധന നടത്തും.


ഇവര്‍ പരിശോധിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്..

ഒന്ന് ഇഖാമയുടെ കാലാവധി..

മറ്റൊന്ന് ഏതു തരം വിസ എന്നത്..


പുറത്തെ ഈ പരിശോധനയില്‍ റെസിഡന്‍സി കാലാവധി കഴിഞ്ഞവരെയും ജാനകിയുടെ വിസക്കാരെയും അവര്‍ തൂക്കിക്കൊണ്ട് പോവും. ഇഖാമ പുതുക്കാതെ കുവൈത്തില്‍ തങ്ങുന്നത് ശിക്ഷാര്‍ഹമാണ്. കൈയോടെ പിടികൂടിയാല്‍ ജയില്‍വാസത്തിനു ശേഷം നാട്ടിലേക്ക്‌ ഫിംഗര്‍ അടിച്ചു കേറ്റിവിടും.

ഖാദിം വിസക്കാരെ പുറത്തു കണ്ടാല്‍ പിടിക്കുന്നത് അവര്‍ എന്ത് കൊണ്ട് പുറത്തു നടക്കുന്നു എന്ന സംശയത്തിലാണ്. ഇവരുടെ സ്പോണ്സര് ഇടപെട്ടാലല്ലാതെ ഇവരെ പുറത്തിറക്കാന്‍ കഴിയില്ല.


മറ്റു കമ്പനികളില്‍ ജോലി ചെയ്യുന്നതിനിടക്ക് പിടിക്കപ്പെട്ടാല്‍ സ്പോണ്സര്‍മാര്‍ തിരിഞ്ഞു നോക്കുകയേ ഇല്ല. നിലവില്‍, പിടിക്കപ്പെട്ടവര്‍ എല്ലാം ഒന്നുകില്‍ സ്പോണ്സര്‍ മാറി ജോലി ചെയ്തവരോ അല്ലെങ്കില്‍ ട്രാഫിക്‌ നിയമലംഘനം നടത്തിയവരോ ഇഖാമ നിയമലംഘനം നടത്തിയവരോ ആണ്.


സിറ്റിയില്‍ പോയി മടങ്ങി വരുന്ന വഴിയില്‍ ഞാനും പല പ്രാവശ്യം പരിശോധനയില്‍ കുടുങ്ങിയിട്ടുണ്ട്. ഇഖാമയില്‍ കാലാവധി ഉള്ളതിനാലും കമ്പനി വിസ ആയതിനാലും യാതൊരു പ്രശ്നവും പ്രയാസവും ഇല്ലാതെ ഊരിപ്പോന്നു.


ഫ്ലാറ്റില്‍ കയറി പരിശോധന നടത്തി ഖാദിം വിസക്കാരായ നാലായിരത്തോളം രാജസ്ഥാനികളെ ജയിലില്‍ അടച്ചത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. എന്‍റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു രാജസ്ഥാനിയും ഇത് പോലെ പിടിക്കപ്പെട്ട് ജയിലില്‍ കിടന്നിരുന്നു. സ്പോന്‍സര്‍ ഇടപെട്ടതു മൂലം അയാള്‍ക്ക് പുറത്തിറങ്ങി വീണ്ടും ജോലിക്ക് പോവാന്‍ സാധിച്ചു. മറ്റു പലരെയും കയറ്റി അയക്കുകയും സ്പോണ്സര്‍മാര്‍ തേടി വന്നവരെ പുറത്തിറക്കുകയും ചെയ്തു.എംബസി എന്ത് ചെയ്യുന്നു..?

   

    പൊതുവില്‍ ഇന്ത്യന്‍ എംബസിയുടെ ഇന്ത്യക്കാരോടുള്ള സമീപനം വളരെ ഉദാസീനമാണ്. ഒരു തൊഴിലാളി രണ്ടു മാസമായി ശമ്പളം കിട്ടുന്നില്ല എന്ന പരാതിയുമായി ഇന്ത്യന്‍ എംബസിയില്‍ ചെന്നാല്‍ എംബസി അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം വളരെ രസകരമാണ്.

രണ്ടു മാസത്തെ ശമ്പളം അല്ലെ..? അതങ്ങു മറന്നു കൂടെ..


ഇത് കേട്ട് പരാതിക്കാരന് ഇളിഞ്ഞ ചിരിയോടെ തിരിച്ചു പോരുകയേ നിര്‍വാഹമുള്ളൂ..


അപ്പോള്‍ പിന്നെ നിയമവിരുദ്ധമായി തങ്ങുന്നവരുടെയും ജോലി ചെയ്യുന്നവരുടെയും കാര്യത്തില്‍ എംബസിക്ക് എത്രത്തോളം താല്‍പര്യം ഉണ്ടാവും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.


കുവൈത്തില്‍ തങ്ങുന്നവര്‍ ചെയ്യേണ്ടത്‌:


ഖാദിം വിസയില്‍ ആണ് പുറത്ത്‌ ജോലി ചെയ്യുന്നതെങ്കില്‍ പരിശോധന തീരുന്നത് വരെ നാട്ടില്‍ ലീവിന് പോവുകയോ സ്പോന്സറുടെ അടുത്തേക്ക്‌ മടങ്ങിപ്പോവുകയോ ചെയ്യുക.


കമ്പനി വിസയില്‍ പുറത്തു ജോലി ചെയ്യുന്നവര്‍ ഉടന്‍ തന്നെ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക്‌ ഇഖാമ മാറ്റി അടിക്കുക.


ഇഖാമ പുതുക്കാന്‍ മാര്‍ഗമില്ലെങ്കില്‍ കാലാവധി തീര്ന്ന് പിടിക്കപ്പെടുന്നതിനു മുമ്പ്‌ ക്യാന്‍സല്‍ ചെയ്ത് മടങ്ങിപ്പോവുക.


ഖാദിം വിസ കമ്പനി വിസയാക്കാന്‍ കിട്ടുന്ന അവസരം പാഴാക്കാതിരിക്കുക. കഴിഞ്ഞ മാസം വരെ ഇങ്ങനെ വിസ മാറ്റാന്‍ അവസരമുണ്ടായിരുന്നു. എന്നിട്ടും അതിനു തയാറാവാതെ ഫ്രീഡം നോക്കി ഖാദിം വിസയില്‍ തന്നെ തുടര്‍ന്നവര്‍ ആണ് ഇപ്പോള്‍ ശരിക്കും വെട്ടിലായിരിക്കുന്നത്.


ഇവിടുത്തെ പരിശോധനയെക്കുറിച്ചും അറസ്റ്റിനെക്കുറിച്ചും വാര്‍ത്ത‍ കേട്ടപ്പോള്‍ എന്‍റെ ഉമ്മ നിര്‍ത്താതെ ഫോണ്‍ വിളിക്കാന്‍ തുടങ്ങി. എല്ലാവരെയും പിടിച്ചു കയറ്റി വിടുന്നു എന്ന രീതിയില്‍ ആണ് മാധ്യമങ്ങള്‍ വാര്‍ത്ത‍ പ്രചരിപ്പിച്ചത്. ഇതില്‍ ഒട്ടും സത്യമില്ല. നിയമലംഘനം നടത്തിയവരെ മാത്രമാണ് കയറ്റിവിടുന്നത്. എന്ന് മാത്രമല്ല, ഇത് ആദ്യമായിട്ടല്ല ഇങ്ങനെ പരിശോധന നടക്കുന്നതും പിടിക്കപ്പെട്ടവരെ കയറ്റി വിടുന്നതും. വര്‍ഷങ്ങളായി പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നിയമം ഇപ്പോഴാണ് കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കാന്‍ തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. അതിന്‍റെ കാരണം ആദ്യം പറഞ്ഞ ലക്ഷം തികക്കുക എന്ന ലക്‌ഷ്യം തന്നെയാണ്.