Saturday, June 30

കുവൈറ്റ്‌ മാരിടൈം മ്യുസിയം – കടല്‍ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ...'!'

പെട്രോളിയം കണ്ടെത്തുന്നതിന് മുമ്പ്‌ കുവൈത്ത് ജനത മീന്‍ പിടിച്ചും നാല്‍ക്കാലികളെ മേച്ചും ആഴക്കടലില്‍ നിന്നും കിട്ടുന്ന മുത്തും പവിഴവും വിറ്റുമാണ് ജീവിതം നയിച്ചിരുന്നത്.

എണ്ണപ്പണം അവരുടെ ജീവിതം മാറ്റി മറിച്ചെങ്കിലും വന്ന വഴി മറക്കാത്തവരാണ് ഈ ജനത. അതിന്‍റെ സ്മരണക്കെന്നോണം ഇന്നും കടലില്‍ പോയി മീന്‍ പിടിക്കാനും ഒട്ടകക്കൂട്ടങ്ങള്‍ അടക്കം ഉപകാരപ്രദമായ നാല്‍ക്കാലികളെ വളര്‍ത്താനും ഇവര്‍ക്ക്‌ യാതൊരു മടിയുമില്ല.മല്‍സ്യബന്ധനം ഇന്നും ഒരു പ്രധാന വ്യാപാരമേഖല തന്നെയാണ് കുവൈത്തില്‍. പണ്ട് കുവൈത്തികള്‍ വില്‍പനക്കാരായിരുന്നെങ്കില്‍ ഇന്ന് അവര്‍ ഉപഭോക്താക്കളാണ്‌ എന്ന വ്യത്യാസം മാത്രം.

മുക്കുവരുടെയും ദൂര ദേശങ്ങള്‍ താണ്ടിപ്പോകുന്ന കപ്പിത്താന്മാരുടെയും അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ദൈനംദിന ജീവിതം എങ്ങനെയായിരുന്നു എന്ന് വിവരിക്കുകയാണ് മാരിടൈം മ്യുസിയം. ചിത്രങ്ങളില്‍ കാണുന്ന ഓരോ വസ്തുക്കളുടെയും താഴെ അറബിയിലും ഇംഗ്ലീഷിലും വിശദീകരണവും നല്‍കിയിട്ടുണ്ട്.

    മ്യുസിയം വിട്ടിറങ്ങുമ്പോള്‍ ഒരു നോവല്‍ വായിച്ച പ്രതീതി ഉളവാകുന്നു. ഇവിടെയെത്തിയപ്പോള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍സിന്‍ന്‍റെ 'ഒരു കപ്പല്‍ച്ചേതം വന്ന നാവികന്‍റെ കഥ' എന്ന നോവല്‍ ഓര്‍ത്തു പോയി. ഈ നോവല്‍ ആരെങ്കിലും വായിക്കാത്തവരായി ഉണ്ടെങ്കില്‍ വായിക്കണം എന്ന് കൂടി ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.   

       കുവൈത്തിന്‍റെ കാപിറ്റല്‍ സിറ്റിയില്‍ സൂക് ശര്‍ഖിന് എതിര്‍വശത്താണ് ഈ മ്യുസിയം നിലകൊള്ളുന്നത്. ആദ്യത്തെ ചിത്രങ്ങളില്‍ കാണുന്ന ഉരുക്കള്‍ (ബോട്ടുകള്‍) ഈ മ്യുസിയത്തിന്‍റെ മുന്‍ഭാഗത്താണ്. ധൌവ് (dhow) എന്നും ഭൂം(BHOOM) എന്നും പറയപ്പെടുന്ന ഇവ ഗള്‍ഫ്‌ റോഡില്‍ നിന്നും തന്നെ ദൃശ്യമാണ്.
മ്യുസിയത്തിലേക്കുള്ള പ്രവേശനം സൌജന്യമാണ്.

Opening hours :-
Monday - Saturday Morning 8.30 am - 12.30 pm
                                 Evening 4.30 pm - 08.30 pm
                 Friday -   Evening 4.30 PM - 8. 30 PM

ഇനി മ്യുസിയത്തിനുള്ളിലെ കാഴ്ചകളിലൂടെ...

Friday, June 22

കക്കാട്ടിരിയിലെ ഊര് വിലക്ക്-നാം ഇരുണ്ട യുഗത്തിലേക്കോ...?


ഫേസ്ബുക്കില്‍ നടന്ന ചര്‍ച്ച...  
മുസ്ലിം സമുദായത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായി പുതിയ പ്രസ്ഥാനങ്ങള്‍ പൊട്ടിമുളച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മുജാഹിദ്‌ പ്രസ്ഥാനം തുടക്കം വെച്ച ഈ കലാപരിപാടിയില്‍ പ്രചോദനം കൊണ്ട് മറ്റു പല പ്രസ്ഥാനങ്ങളും പിന്നീട് ഉദയം ചെയ്യുകയുണ്ടായി. അതില്‍ പ്രധാനമായിരുന്നു ജമാഅത്തെ ഇസ്ലാമിയും എ പി യും നദുവതുല്‍ മുജാഹിദീനും പിന്നെ നിസ്കാരത്തില്‍ വമ്പന്‍ ഡിസ്കൗണ്ട് നല്‍കി വളരാന്‍ മോഹിച്ച ചേകന്നൂരിന്റെ ഖുര്‍ആന്‍ സുന്നത്ത്‌ സൊസൈറ്റിയും. പുതുതായി രൂപം കൊണ്ട ഈ തൌഹീദ് പ്രസ്ഥാനങ്ങള്‍, പ്രവാചകന്‍റെ കാലം മുതല്‍ നിലനിന്നുപോരുന്ന സുന്നികള്‍ പഴഞ്ചന്‍മാരാണെന്നും അവര്‍ ചെയ്യുന്നതെല്ലാം ശിര്‍ക്ക്‌ ആണെന്നും വിചാരിച്ച് സങ്കടത്തോടെ കണ്ണീര്‍ ഒഴുക്കുന്നവരാണ്. അത് കൊണ്ട് എല്ലാം ആധുനിക രീതിയില്‍ നടക്കണമെന്നും ഇന്ന് സുന്നികള്‍ കൊണ്ടാടാന്‍ മടിക്കുന്ന പല സുന്നത്തുകളും പുനരുജ്ജീവിപ്പിക്കണമെന്നും ശഠിക്കുന്നവരാണ്. കേരള സുന്നികളാകട്ടെ ഇവര്‍ തെറ്റെന്നും ശിര്‍ക്കെന്നും പറയുന്നത് കൂടുതല്‍ ആവേശത്തോടെയും മത്സര ബുദ്ധിയോടെയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്ന തിരക്കിലും. അങ്ങനെയുള്ള സുന്നികളല്ലാത്ത രണ്ട് പ്രസ്ഥാന ബന്ധുക്കളാണ് ഈ സംഭവത്തിലെ കഥാപാത്രങ്ങളും.

    ഇത്രയും പറഞ്ഞത് ഇനി പറയാന്‍ പോവുന്ന സംഭവത്തിന്‍റെ ഗൌരവം മനസിലാക്കാന്‍ സഹായകമാവട്ടെ എന്ന് കരുതിയാണ്. പാലക്കാട്‌ ജില്ലയില്‍ തൃത്താല മണ്ഡലത്തില്‍ കക്കാട്ടിരി എന്ന ദേശത്ത് നടന്ന ചില സംഭവ വികാസങ്ങളെപ്പറ്റിയാണ് പറയാന്‍ പോവുന്നത്. മാന്യമ്മാരായ രണ്ട് വ്യക്തികളെ ഒരു കൂട്ടം പകല്‍മാന്യന്മാര്‍ ചേര്‍ന്ന്‍ നിരന്തരം വേട്ടയാടിയ ഒരു കഥയുടെ പിന്നാമ്പുറം വെറും ആശയഭിന്നത മാത്രമാണ് എന്നതാണ് രസകരം. ഊര് വിലക്കിന്‍റെ പേരില്‍ രണ്ടു മൂന്ന്‍ കുടുംബങ്ങളെ പള്ളിക്കമ്മിറ്റി നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഞങ്ങളുടെ നാട്ടില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്. സമാന സംഭവങ്ങള്‍ മറ്റു പല മഹല്ലുകളിലും നടക്കുകയുണ്ടായി. ആശയഭിന്നതകളുടെ പേരില്‍ വ്യക്തികളെ തേജോവധം ചെയ്യുന്ന പള്ളിക്കമ്മിറ്റി നടപടികളോട് നാട്ടുകാര്‍ക്ക് ഒന്നടങ്കം എതിര്‍പ്പായിരുന്നുവെങ്കിലും പ്രതികാര നടപടികള്‍ ഭയന്ന്‍ എല്ലാവരും മൗനമവലംബിക്കുകയായിരുന്നു.
പത്രവാര്‍ത്ത...സ്വന്തം മക്കളുടെ കല്യാണത്തിന് തങ്ങളുടെ വിശ്വാസപ്രകാരം മലയാളത്തില്‍ പ്രസംഗം നടത്താന്‍ തുനിഞ്ഞതാണ് ഇവര്‍ ചെയ്ത തെറ്റ്. കമ്മിറ്റിയുടെ എതിര്‍പ്പിനെ വക വെക്കാതെ മഹല്ലിലെ നടപ്പ് രീതികളില്‍ നിന്നും വ്യത്യസ്തമായി വിവാഹം നടത്തിയതിന് ഇവരെ ശിക്ഷിക്കാന്‍ കമ്മിറ്റി കണ്ടെത്തിയത്‌ 'ഊരുവിലക്ക്‌' എന്ന പ്രാകൃത രീതിയും. ഒരു ചെറിയ മഹല്ലില്‍ ഊരുവിലക്ക്‌ ഏര്‍പ്പെടുത്തിയാല്‍ അതേതൊരു ഇന്ത്യന്‍ പൌരനും ധൈര്യപൂര്‍വം പുച്ഛിച്ചു തള്ളാവുന്നതേയുള്ളൂ. അങ്ങനെ തന്നെയാണ് വിലക്ക് നേരിടേണ്ടി വന്ന പാറത്തോട് കാസിംക്കയും തെക്കത്ത് വളപ്പില്‍ കുഞ്ഞുമാനിക്കയും ചെയ്തത്. ഈ മനോഭാവം മഹല്‍ ഭാരവാഹികളെ ചൊടിപ്പിക്കുകയും അവര്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.
മഹല്‍ കമ്മിറ്റി തുടര്‍ന്ന് കൈക്കൊണ്ട നടപടികള്‍:-
1      വിലക്കപ്പെട്ട വ്യക്തികളെ കല്യാണത്തിനും മറ്റ് ചടങ്ങുകള്‍ക്കും ക്ഷണിക്കുന്നതില്‍ നിന്നും മഹല്‍ നിവാസികളെ വിലക്കി.  ഈ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ പള്ളിക്കമ്മിറ്റി ബഹിഷ്കരിച്ചു. നികാഹ് നടത്താന്‍ ആളില്ലാതെ പല കുടുംബങ്ങളും വിഷമിച്ചു. പല കല്യാണങ്ങളില്‍ നിന്നും വിലക്കപ്പെട്ടവരെ ഇറക്കിവിട്ടതിനു ശേഷം മാത്രമേ കമ്മിറ്റി നികാഹ് നടത്തിക്കൊടുക്കാന്‍ തയാറായുള്ളൂ.
2      കുഞ്ഞുമാനിക്കയുടെ മക്കളെ മദ്രസയില്‍ നിന്നും പുറത്താക്കി. മക്കളെ ദോഷകരമായി ബാധിക്കുമെന്ന് പിന്നീട് ബോധോദയം ഉണ്ടായപ്പോള്‍ കമ്മിറ്റി നടപടിയില്‍ ഇളവ്‌ നല്‍കി. ഫീസ്‌ നല്‍കാതെ വേണമെങ്കില്‍ സൗജന്യമായി പഠനം തുടരാവുന്നതാണ്.  സൗജന്യമായി പഠിപ്പിക്കുന്നതിന്‍റെ ലക്ഷ്യം അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടുക എന്നത് തന്നെയായിരുന്നു.
3      ഇവരില്‍ നിന്ന് പള്ളിയിലേക്കുള്ള മാസവരിസംഖ്യ കൈപ്പറ്റാന്‍ കമ്മിറ്റി തയാറായില്ല. അവരെ പള്ളിക്കാര്യങ്ങളില്‍ ഒന്നിലും പങ്കെടുപ്പിച്ചുമില്ല. കാസിംക്കയെ കല്യാണത്തിന് ക്ഷണിച്ച കോട്ടപ്പാടം ഷറഫുവിന്‍റെ കുടുംബത്തെയും ശിക്ഷാ നടപടികള്‍ക്ക്‌ വിധേയമാക്കി. അവരില്‍ നിന്നും വരിസംഖ്യ കൈപ്പറ്റാന്‍ കമ്മിറ്റി വിസമ്മതിച്ചു. തപാല്‍ വഴി അയച്ച വരിസംഖ്യ തിരിച്ചു വന്നു. മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കമ്മിറ്റിക്ക്‌ സമന്‍സ് വന്നു. അന്വേഷണത്തിന് വന്ന ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ കമ്മിറ്റി സെക്രട്ടറിയും ഭാരവാഹികളും ചാടി മറിഞ്ഞ് ഓടിയൊളിച്ചു. രണ്ടാമതും അന്വേഷണത്തിന് വന്നപ്പോള്‍ അവര്‍ക്കെതിരെ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല എന്ന് പറഞ്ഞ് കമിറ്റി കൈമലര്‍ത്തി.
4      കാസിംക്ക നോമ്പ് തുറ സംഘടിപ്പിച്ച അന്ന് തന്നെ അദ്ദേഹത്തിന്‍റെ വീടിനു മുന്നിലെ പള്ളിയില്‍ കമ്മിറ്റിയും നോമ്പ് തുറ സംഘടിപ്പിച്ചു. മഹല്‍ നിവാസികളെ മൊത്തം അതില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടഞ്ഞു. ഊര് വിലക്കും ദീനും എന്തെന്നറിയാത്ത ഏതാനും അന്യമതസ്ഥര്‍മാത്രമാണ് നോമ്പ്തുറയില്‍ പങ്കെടുത്തത്.
5      പെരുന്നാള്‍ ദിനത്തില്‍ ബലിയറുത്ത മാംസം കാസിംക്കയുടെ വീട്ടിലും കൊണ്ട് വന്നു കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ കൊണ്ട് വന്ന വ്യക്തി തന്നെ വീട് മാറിപ്പോയി എന്ന ന്യായം പറഞ്ഞ് റെഫ്രിജറേറ്ററില്‍ കൊണ്ട് വെച്ച പോത്തിറച്ചി തിരിച്ചു വാങ്ങി അപമാനിച്ചു.
ഊര് വിലക്ക് കൊണ്ട് തൃപ്തരാകാന്‍ സെക്രട്ടറിയും മറ്റു ഭാരവാഹികളും തയാറായിരുന്നില്ല എന്നതാണ് ഈ സംഭവങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. പള്ളിക്കമ്മിറ്റി ഭാരവാഹിത്വം പലരും ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്‌.
പള്ളിക്കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് എല്ലാവരുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞോ ഒരു തിരഞ്ഞെടുപ്പ്‌ നടത്തിയോ അല്ല. ആരെങ്കിലും ആരുടെയെങ്കിലും പേര് പറയും. അതിനെ ഒന്ന് രണ്ടു പേര്‍ പിന്താങ്ങും. DONE!! അയാള്‍ കമ്മിറ്റിയില്‍ അംഗമായി. അതിനെ പ്രതികൂലിക്കുന്നവര്‍ പോലും മിണ്ടാതെ അതെ തിരഞ്ഞെടുപ്പിന് (വാക്കാലുള്ള) സാക്ഷ്യം വഹിക്കുന്നുണ്ടാവും. പ്രതികരിക്കാന്‍ ഭയമാണ്. അല്ലെങ്കില്‍ പ്രതികരിച്ചാല്‍ അയാളുടെ ഇഷ്ടക്കേട് പിടിച്ചു പറ്റില്ലേ എന്ന ചിന്താഗതി. ഭൂരിഭാഗം മഹല്‍ നിവാസികളും ഈ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നടക്കുന്നതും കമ്മിറ്റികള്‍ മാറി വരുന്നതും ഒന്നും അറിയുന്നേയില്ല. അവര്‍ക്കതൊന്നും അറിയുകയേ വേണ്ട.
ഒത്തിരി കുടുംബബന്ധങ്ങള്‍ വഷളായി എന്നതാണ് ഊര് വിലക്കിന്‍റെ ബാക്കി പത്രം. ആശയ ഭിന്നത മാറ്റി വെച്ച് ഒന്നാവാന്‍ ഇരകളും വേട്ടക്കാരും തയാറായില്ല എന്നതാണ് മറ്റൊരു വസ്തുത.
നൂറ്റാണ്ടുകള്‍ മാറി മറിഞ്ഞാലും മനുഷ്യന്‍ മാറുകയില്ല എന്നാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. പള്ളിക്കമ്മിറ്റി ഭാരവാഹിത്വം പ്രതിയോഗികളെ ഒതുക്കാനുള്ള മാര്‍ഗമായി കാണുന്നവര്‍ കമ്മിറ്റിയില്‍ വരാന്‍ പാടില്ല. ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. തിന്മയെ വേരോടെ പിഴുതെറിയണം. ഇത്തരം കമ്മിറ്റി ഭാരവാഹികള്‍ ദീനെന്നും ദുനിയാവെന്നും പറഞ്ഞ് വിശക്കുന്നവരുടെയും വിഷമിക്കുന്നവരുടെയും മുന്നില്‍ ചെന്നാല്‍ പുറം കാല്‍ കൊണ്ട് തട്ടിത്തെറിപ്പിക്കപ്പെടും.
Discussion on Facebook
ഇനിയാര്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ. നിയമം സുശക്തമാണെന്ന ബോധം ആര്‍ക്കുമില്ലാതായാല്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.
വാല്‍ക്കഷണം
നിരന്തരമായ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഒടുവില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഊര് വിലക്കില്‍ ചെറിയൊരു ഇളവ്‌ നല്‍കിക്കൊണ്ട് ഉത്തരവായി. അത് പ്രകാരം ഊര് വിലക്കപ്പെട്ട വ്യക്തികളെ ഇനി കല്യാണങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുപ്പിക്കാന്‍ മഹല്‍ നിവാസികള്‍ക്ക്‌ പൂര്‍ണ്ണസ്വാതന്ത്രം ഉണ്ടായിരിക്കുന്നതാണ്.
Kakkattiri

Monday, June 18

Daytime Stars: After war Failaka...

Daytime Stars: After war Failaka...: It was my first trip to Failaka Island during the last Eid holidays. Failaka, an Island possessed by Kuwait gives more than that an Islan...

Friday, June 1

ഉറക്കം മുടക്കികള്‍ (അനുഭവം)

കോഴിക്കോട് ഹോസ്പിറ്റലില്‍ നിന്നും മടങ്ങി വരവേ വഴിയോരക്കാഴ്ചകള്‍ കണ്ടു കണ്ടങ്ങിനെ ബസിലിരുന്ന് ചെറുതായൊന്ന് മയങ്ങി. കോഴിക്കോട് ജില്ല കഴിഞ്ഞാണ് ഉറക്കം തുടങ്ങിയത്. ആളുകള്‍ കയറിയിറങ്ങുന്നതും കണ്ടക്ടര്‍ കമ്പിയില്‍ തൂങ്ങി നടക്കുന്നതും ഞാന്‍ അറിയുന്നേയില്ല. ഇങ്ങനെ സുഖകരമായി ഉറങ്ങുമ്പോഴായിരുന്നു ഒരു കിളവന്‍ വന്ന് അടുത്തിരുന്നത്. ഈ മഹാന്‍ എന്‍റടുത്ത് വന്നിരുന്നതൊന്നും ഞാന്‍ അറിഞ്ഞില്ല. അദ്ദേഹത്തെ ഗൌനിക്കാതെ ഉറങ്ങുന്നത് കണ്ടിട്ടാണോ എന്തോ അദ്ദേഹം എന്നെ ഒന്ന് തോണ്ടി. ഞാന്‍ ഞെട്ടിയുണര്‍ന്നു. എന്തെ എന്ന എന്‍റെ കടുത്ത ചോദ്യം അയാളെ ഒന്ന് ഞെട്ടിച്ചു.

അല്ല, നിങ്ങള്‍ എവിടെയാണ് ഇറങ്ങേണ്ടത് എന്ന്‍ കണ്ടക്ടര്‍ക്ക് അറിയില്ലേ? ഇനിയിപ്പോ ഉറങ്ങിപ്പോയാ കുടുങ്ങില്ലേ...?  

ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിട്ടാണ് ഈ മഹാന്‍ ഈ ചോദ്യം ചോദിക്കുന്നത്. ഈ ചോദ്യം കേട്ടാല്‍ തോന്നും അയ്യോ പാവം ഞാനെങ്ങാനും വഴി തെറ്റി തൃശൂര്‍ പോയി ഇറങ്ങിയാല്‍ പിന്നെ ഈ ജന്മത്തില്‍ പട്ടാമ്പിയില്‍ തിരിച്ചെത്തില്ല എന്ന്‍.

“ഞാന്‍ കോഴിക്കോട് നിന്നും കയറിയതാണ്. കോഴിക്കോട് നിന്നും പതിനഞ്ച് കിലോമീറ്റര്‍ കഴിഞ്ഞു. കണ്ടക്ടര്‍ അറിയാതെ ഞാന്‍ ഇങ്ങനെ മലര്‍ന്നു കിടന്നുറങ്ങുമോ?”

എന്‍റെ മറുചോദ്യം അയാളുടെ വായടപ്പിച്ചു. പിന്നെ ഭ ഭ ഭ പറഞ്ഞു കൊണ്ട് അയാള്‍ മറ്റൊരു മുടന്തന്‍ ന്യായമിട്ടു.

അല്ല, ഞാന്‍ പറഞ്ഞെന്നേയുള്ളൂ...ഇനി സ്റ്റോപ്പ്‌ കഴിഞ്ഞു പോയി എന്ന് പറഞ്ഞ് പ്രശ്നം വേണ്ടല്ലോ എന്ന് കരുതി പറഞ്ഞതാ..

ഹും എന്ന് മൂളി ഞാന്‍ വീണ്ടും ശരീരം ഒന്നിളക്കി അയാളെ ഒന്ന് തിരക്കി വീണ്ടും സീറ്റില്‍ ചാരിക്കിടന്ന് ഉറക്കം പിടിച്ചു.

ഉറക്കം വീണ്ടും മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോള്‍ അയാളതാ വീണ്ടും തട്ടി വിളിക്കുന്നു.

ഞാന്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ അയാള്‍ : അല്ല നിങ്ങള്‍ ഈ കീശയിലെ ലിസ്റ്റും പൈസയും ഒക്കെ ഒന്ന് ഉള്ളിലാക്കി വെച്ചേ...അതെങ്ങാനും വീണു പോയാല്‍ പിന്നെ കുടുങ്ങിപ്പോവില്ലേ?

എന്‍റമ്മച്ചിയെ..എനിക്ക് ദേഷ്യം ഇരച്ചു കയറി. ഞാന്‍ പോക്കെറ്റില്‍ കിടന്ന മരുന്ന് ലിസ്റ്റ് ഉള്ളിലേക്ക് തിരുകി വച്ചു. ഇനി അയാള്‍ക്ക് അത് കാരണം ഒരു വിഷമം വേണ്ട...എന്നിട്ട് താക്കീതെന്നോണം പറഞ്ഞു.

ഇനിയെന്നെ വിളിക്കരുത്‌, വിളിച്ചാല്‍ എന്‍റെ സ്വഭാവം മാറും. മനസ്സിലായോ മിസ്റ്റര്‍...എന്‍റെ ശബ്ദം പരുക്കനായിരുന്നു.

അയാള്‍: ഹേ ഞാന്‍ എന്തിനാ വിളിക്കുന്നത്? എനിക്കിപ്പോ എന്താ നിങ്ങടെ മരുന്ന് ലിസ്റ്റ് പോയാല്‍..

ഓക്കേ നിങ്ങള്‍ക്ക്‌ പ്രശനമൊന്നുമില്ലെങ്കില്‍ മിണ്ടാതെ അവിടെ ഇരുന്നാല്‍ മതി. എന്നെ ശല്യം ചെയ്യരുത്‌. മനസ്സിലായല്ലോ.

അത് കുറിക്ക് കൊണ്ടു. അയാള്‍ പിന്നെ ഇറങ്ങിപ്പോയത് പോലും ഞാനറിഞ്ഞില്ല. സുഖമായി എടപ്പാള്‍ ഇറങ്ങി വീട്ടില്‍ എത്തിച്ചേര്‍ന്നു..

പിന്നീടൊരിക്കല്‍, ട്രെയിന്‍ വഴിയാണ് കാലിക്കറ്റ്‌ പോയത്‌. ട്രെയിനില്‍ ഒരുത്തന്‍ മുന്നിലിരിക്കുന്നുണ്ട്. ഒരു മീശ കിളിര്‍ക്കാത്ത പയ്യന്‍. ആ മഹല്‍വ്യക്തി എന്നെ ഒന്ന് തോണ്ടി. ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. പക്ഷെ, നേരെ മുന്നിലിരുന്നതിനാല്‍ അബദ്ധവശാല്‍ കൈ തട്ടിയതാവും എന്ന് കരുതി തെല്ലൊരമര്‍ഷത്തോടെ ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് വണ്ടി തിരിച്ചു വിട്ടു.

അങ്ങനെ ഉറക്കം പിടിച്ചു വരുമ്പോള്‍ ആ മഹാന്‍ അതാ വീണ്ടും തോണ്ടുന്നു. അതും അറിയാത്ത ഭാവത്തില്‍ മുന്നോട്ട് കുനിഞ്ഞിരുന്ന് അവന്‍റെ തുടയില്‍ കൈ അമര്‍ത്തി വെച്ച് ചൂണ്ടു വിരല്‍ നഖം കൊണ്ട് എന്‍റെ മുട്ടുകാലില്‍ അമര്‍ത്തിയൊരു തോണ്ടല്‍. അവന്‍ കാരണം ആദ്യം നഷ്ടപ്പെട്ട ഉറക്കം തിരിച്ചു പിടിക്കാന്‍ പാട് പെടുമ്പോഴാണ് വീണ്ടും അവന്‍റെ ആക്രമണം. ഞാന്‍ ഉറക്കത്തിന്‍റെ ഇറക്കം ഇറങ്ങിത്തുടങ്ങിയിരുന്നില്ലായിരുന്നതിനാല്‍ പെട്ടെന്ന്‍ കണ്ണ്‍ തുറന്ന് അവനെ തുറിച്ചു നോക്കി.

എന്തിനാ തോണ്ടുന്നത്?

അബദ്ധവശാല്‍ കൈ തട്ടിയതാ..(അയ്യോ പാവം – അവന്‍ ഭൂമിയില്‍ ജനിച്ചു വീണതും അബദ്ധത്തില്‍ ആണെന്ന് തോന്നുന്നു)

എന്‍റെ ശബ്ദം ഉച്ചത്തിലായി: എത്ര പ്രാവശ്യമാ കൈ തട്ടുന്നത്? ആദ്യം കൈ തട്ടിയപ്പോ എന്‍റെ ഉറക്കം പോയി. അറിയാതെ തട്ടിയതാണെന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നു. അതിനു ശേഷം ഞാന്‍ നിന്നെ വാച്ച് ചെയ്യുകയായിരുന്നു. നീ മനപ്പൂര്‍വം തോണ്ടിയതാ.. ചവിട്ടിക്കൂട്ടും ഞാന്‍ -------ന്‍റെ മോനെ...മര്യാദക്ക് അടങ്ങിയൊതുങ്ങി ഇരുന്നോ.മനസ്സിലായോഡാ......@@$$**##............................................................?

വിട്ടഭാഗത്ത് ഒന്നും പൂരിപ്പിച്ചിട്ടില്ല..അത് വെറുതെ ഒരു ഭംഗിക്ക് വേണ്ടി ഡാഷും ചിഹ്നങ്ങളും ഇട്ടതാ...വെറുതെ ചിന്തിച്ച് കാടു കയറണ്ട...എന്തായാലും സംഗതി ക്ലീന്‍...പയ്യന്‍ പിന്നെ മിണ്ടിയില്ല..ഞാന്‍ കോഴിക്കോട് സ്റ്റേഷന്‍ വരെ സുഖമായി ഉറങ്ങി... 

ഇവര്‍ക്കെന്താണ് വേണ്ടത്‌? എനിക്ക് മനസ്സിലാവുന്നില്ല. ഇവനൊന്നും സ്ത്രീധനം കിട്ടിയ  ബസിലോ ട്രെയിനിലോ  അല്ല ഞാന്‍ യാത്ര ചെയ്യുന്നത്. പിന്നെന്തിനാണ് ഇങ്ങനെ എന്നെക്കൊണ്ട് പറയിപ്പിക്കുന്നത്? ഇതിലും മാന്യമായി പ്രതികരിക്കുന്ന വേറെ ആരെങ്കിലും ലോകത്ത്‌ ഉണ്ടാവുമോ?