Tuesday, December 18

ശശികല പറഞ്ഞതും പറയാത്തതും...

 

    'ശശി എന്നും ശശി തന്നെ' എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, 'ശശികല എന്നും ശശികല തന്നെ' എന്ന് ഈയിടെയാണ് കേട്ടത്. പറഞ്ഞു വരുന്നത് സംഘപരിവാര്‍ തലൈവി ശശികലയെക്കുറിച്ചാണ്. ചിലര്‍ ശശികല ടീച്ചര്‍ എന്ന് വിളിച്ചു കേള്‍ക്കുന്നു. ടീച്ചര്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം അറിയാവുന്നത് കൊണ്ട് അങ്ങനെ അഭിസംബോധന ചെയ്യുന്നത് എന്നെ പഠിപ്പിച്ച ടീച്ചര്‍മാരെ അവഹേളിക്കുന്നതിന് തുല്യമാവും എന്നത് കൊണ്ട് അങ്ങനെ വിളിക്കുന്നില്ല.

   

ചിലര്‍ക്ക് മതം ആരാധനക്കും ആത്മീയതയ്ക്കും വേണ്ടിയാവുമ്പോള്‍ ഇവര്‍ക്ക് മതം വര്‍ഗീയതക്ക് വേണ്ടിയാവുന്നു  എന്നതാണ് ശരി. ശശികലയുടെ വാക്കുകള്‍ ലക്ഷ്യം വെക്കുന്നത് ഹിന്ദുത്വ വികാരമാണ്. കെട്ടുകഥകളുടെ കൊട്ടക്കണക്കുമായി നടക്കുന്ന ശശികലയെ ചങ്ങലക്കിടാന്‍ ചാണ്ടി സര്‍ക്കാറിന്‍റെ പോലീസിന് ധൈര്യം കാണില്ല.

 

ഒന്ന് വിരട്ടിയാല്‍ തന്നെ ചൂളിപ്പോകുന്ന ഈ സ്ത്രീ (സ്ത്രീ തന്നെയാണോ? ഇതെന്‍റെ മാത്രം സംശയമല്ല) തന്നേക്കാള്‍ നീളമുള്ള നാക്കും നീട്ടി ഇരപിടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. മോളെ ശശികലേ, ഇവിടെ ആരെങ്കിലും തമ്മില്‍തല്ലി ചത്തൊടുങ്ങുമെന്ന് വ്യാമോഹിച്ചാണ് ഈ വാചകക്കസര്‍ത്തെങ്കില്‍ തുടര്‍ന്നും പറഞ്ഞോളൂ. കാരണം, നിങ്ങള്‍   പറയുന്ന മലയാളം മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ഈ കേരള മണ്ണില്‍ വളര്‍ന്നവരാണ്. ഇവിടത്തെ മണ്ണും മനസ്സും ശുദ്ധമാണെന്ന് കണ്ടു മനസ്സിലാക്കാന്‍ നിങ്ങളുടെ മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകള്‍ക്കാവില്ല.

 

അയിത്തം നിമിത്തമായി..

 

പാണനും പറയനും പുലയനും പാട്ടു പാടി നടക്കുന്ന പുള്ളുവനും പിന്നെ വേട്ടുവനും മണ്ണാനും കരിവാനും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജാതികളും വര്‍ഗങ്ങളും വാഴുന്ന ഹിന്ദു മതം എന്താണെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ക്കോ നിങ്ങളുടെ കാവിപ്പടക്കോ കഴിഞ്ഞിട്ടില്ല. മതവികാരങ്ങള്‍ക്കപ്പുറം മനുഷ്യന്‍ എന്ന വികാരത്തിന് വിലകല്പ്പിച്ച നല്ല മനുഷ്യരെ നിങ്ങള്‍ വര്‍ഗീയവാദികള്‍ക്ക് കാണാനും കഴിഞ്ഞിട്ടില്ല. നിങ്ങള്‍ കണ്ടത്‌ സ്വന്തം ഉന്നമനവും സവര്‍ണ്ണ വര്‍ഗത്തിന്‍റെ മേല്‍ക്കോയ്മയും മാത്രം. അയിത്തം കല്‍പ്പിച്ചു മാറ്റിനിര്‍ത്തിയ ഒരു ജനതയെ ചേര്‍ത്ത് പിടിച്ചു നിങ്ങളും മനുഷ്യരാണ് എന്ന് മനസ്സിലാക്കിക്കൊടുത്തത് ഹിന്ദു മതമായിരുന്നില്ല  ശശികലേ. അത് മുഹമ്മദ്‌ നബി (സ) യുടെ ഇസ്ലാം മതമായിരുന്നു, മാര്‍ക്സിന്‍റെ കമ്മ്യുണിസമായിരുന്നു, യേശുവിന്‍റെ ക്രിസ്തുമതമായിരുന്നു.

 

    എരുവും പുളിയും ചേര്‍ത്ത് നിങ്ങള്‍ വിളമ്പുന്ന നുണക്കഥകള്‍ കേട്ട് കൈയടിക്കാന്‍ ആളെക്കിട്ടും. നിങ്ങള്‍ പുലമ്പുന്ന വിടുവായത്തം അണ്ണാക്ക് തൊടാതെ വിഴുങ്ങാനും ആളുണ്ടാവും. പക്ഷെ, നിങ്ങള്‍ പാകുന്നത് വിഷവിത്തുകളാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവരെ മാത്രം കേരളത്തില്‍ കിട്ടില്ല.

 

    ക്രിസ്ത്യനെയും മുസ്ലിമിനെയും മിനിറ്റിനു മിനിറ്റിനു ആക്ഷേപ്പിക്കാന്‍ ആവേശം കാണിക്കുന്ന ശശികലേ, അമ്പലങ്ങളില്‍ നിന്ന് വരുന്ന വരുമാനം മുസ്ലിമിന് വേണ്ട, ക്രിസ്ത്യാനിക്കും വേണ്ട. അത് നിങ്ങള്‍ തന്നെ എടുത്തോ. സര്‍ക്കാരിനോടും പറഞ്ഞേക്ക് - മുസല്‍മാനു കൊടുക്കണ്ട, ക്രിസ്ത്യാനിക്കും കൊടുക്കണ്ട, സവര്‍ണ്ണരുടെ അടി വേരറുത്ത കമ്മ്യുണിസ്റ്റിനും കൊടുക്കണ്ട. ദയവു ചെയ്ത് ആ ദേവസ്വംബോര്‍ഡ്‌ കൂടി എടുത്തോണ്ട് പോവണം. ജീവനക്കാരുടെ ശമ്പളവും കിമ്പളവും പെന്‍ഷനും എല്ലാം മഹാറാണി തന്നെ നേരിട്ട് കൊടുത്താല്‍ മതി.

 

പള്ളി മദ്രസകളിലെ വരുമാനം മുസ്ലിംകള്‍ തന്നെ അനുഭവിക്കുന്നു എന്നതാണല്ലോ മറ്റൊരു പരാതി. ആ വരുമാനം അവിടുത്തെ അധ്യാപകര്‍ക്ക്‌ കൊടുക്കാന്‍ തന്നെ തികയുന്നില്ല. ഞങ്ങളെപ്പോലുള്ള മുസല്‍മാന്മാര്‍ മാസവരിസംഖ്യ കൊടുക്കുന്നത് കൊണ്ടാണ് ഇവരുടെ ശമ്പളവും മറ്റും കൊടുത്തു തീര്‍ക്കുന്നത്.

 

അമ്പലത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് ഇവിടുത്തെ റോഡ്‌ നന്നാക്കിയിട്ടുണ്ടെകില്‍ ആ റോഡില്‍ കൂടി പോകുന്നത് താങ്കളുടെ  ജനത കൂടിയാണ്. അമ്പലത്തില്‍ നിന്നുള്ള വരുമാനമെടുത്ത്‌ ഹിന്ദുവിന് മാത്രം ഒരു റോഡ്‌, ഹോസ്പിറ്റല്‍, കോളേജ്, എന്നിങ്ങനെ പണിയുന്ന കാര്യം, അമ്പലത്തില്‍ നിന്നും കിട്ടുന്നത്  എണ്ണിത്തീരാത്ത അവസ്ഥ വരുമ്പോള്‍ നമുക്ക്‌ പരിഗണിക്കാം.

 

ശബരിമലയും ഹജ്ജും.

 

    ശബരിമലയിലേക്ക് പോകുന്ന അയ്യപ്പന്മാര്‍  ട്രാന്‍സ്പോര്‍ട്ട് ബസ്സിന് കൊടുക്കുന്ന അധിക ചാര്‍ജിനെക്കുറിച്ച് വാചാലയായ താങ്കള്‍ ഹജ്ജിനു പോകുന്ന മുസല്‍മാന് വേണ്ടി ഹജ്‌ ഹൗസില്‍ നിന്ന്‍ കരിപ്പൂര്‍ എയര്‍ പോര്‍ട്ടിലേക്ക് KSRTC ഒരുക്കിയ സൗജന്യ യാത്രയെക്കുറിച്ച് നെഞ്ചത്തടിക്കുന്നതും കണ്ടു. രണ്ടര ലക്ഷം മുടക്കി ഹജ്ജിനു പോകുന്ന ഹാജിമാര്‍ക്ക്‌ കിട്ടിയ പത്തു  രൂപയുടെ സൗജന്യ യാത്ര കേരള സര്‍ക്കാരിനും താങ്കളുടെ കുടുംബത്തിനും എത്രത്തോളം നഷ്ടം വരുത്തിയെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ശബരിമലയിലേക്ക് നടന്നു പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തത് കാരണം പടിക്കെട്ട് വരെ വണ്ടിയില്‍ ചെന്നിറങ്ങാനുള്ള സൗകര്യമായി. വിതക്കാന്‍ സര്‍ക്കാര്‍ വേണമെന്നും കൊയ്യാന്‍ സര്‍ക്കാര്‍ വേണ്ടെന്നും പറയുന്നത് മോശമല്ലേ മാഡം.  

മതേതരത്വം   എന്തിന്?

 

ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഒന്നുണര്‍ന്നാല്‍ തച്ചു തരിപ്പണമകാവുന്നതേയുള്ളൂ മുസല്‍മാനും അവന്‍റെ പള്ളികളും എന്ന് താങ്കള്‍ വീരവാദം മുഴക്കുന്നതും കേട്ടു. ഹിന്ദുവിനെ ഞങ്ങള്‍ ഭയക്കുന്നില്ല. ഞങ്ങളെ ഹിന്ദുവും ഭയക്കേണ്ടതില്ല. പക്ഷെ, സംഘപരിവാര സംഘത്തെ ഞങ്ങള്‍ക്ക്‌ വെറുപ്പാണ്. ഭയം കൊണ്ടല്ല, മനുഷ്യത്വം ഇല്ലാത്ത ഒരു വര്‍ഗം എന്ന നിലയില്‍. 'ഗുജറാത്ത്' ഇന്ത്യയില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ഈ വര്‍ഗം നാമാവശേഷമാവണം. യുദ്ധത്തില്‍ പോലും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും കൊല്ലരുതെന്ന് പഠിപ്പിച്ച പ്രവാചകന്‍റെ അനുയായികളാണ് ഞങ്ങള്‍. ബഹുപൂരിപക്ഷത്തോട് യുദ്ധം ചെയ്ത ചരിത്രമാണ് മുസ്ലിംകളുടെയും മറ്റു വേദവിശ്വാസികളുടെയും.  ഇവിടെ ജീവിക്കുന്ന ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും സിഖുകാരനും ഈ മണ്ണിന് ഒരുപോലെ അവകാശികളാണ്. എല്ലാവരും ഇവിടെ ജനിച്ചു വളര്‍ന്നവരും ഇവിടെ തന്നെ വേരുകള്‍ ഉള്ളവരുമാണ്‌. ഇന്ത്യ ഹിന്ദുവിന്‍റെ മാത്രമാണെന്ന വിഡ്ഢിത്തരവും പറഞ്ഞു നടക്കല്ലേ മാഡം. ഹിന്ദു നാല്‍പത്തി ഒമ്പത് ശതമാനമായാലും ഒരു ശതമനമായാലും ശരി ഇന്ത്യ മതേതരത്വത്തോടെ തന്നെ നിലനില്‍ക്കും. ഇസ്ലാമിക രാഷ്ട്രത്തില്‍ ജീവിച്ചാലെ യഥാര്‍ത്ഥ മുസ്ലിമാവൂ, അല്ലെങ്കില്‍ സ്വര്‍ഗ്ഗം കിട്ടുകയുള്ളൂ എന്നുള്ള വിശ്വാസമൊന്നും ഒരു മുസ്ലിമിനുമില്ല.

 

കഅബയും സംഘ പരിവാര ബഡായികളും.

 

    മക്കയില്‍ വരണമെന്ന് താങ്കള്‍ക്കും കൂട്ടാളികള്‍ക്കും ആഗ്രഹമുണ്ടെന്ന് പറഞ്ഞു കേട്ടു. അതിന് കാരണമായി പറയുന്നത് സംഘപരിവാര്‍ ക്ലാസ്‌ റൂമില്‍ കേട്ടു വളര്‍ന്ന ശിവലിംഗ കഥകളാണ്. മുസ്ലിമായിട്ട് ആര്‍ക്കും വരാം. അല്ലാത്തവര്‍ക്ക് അങ്ങോട്ട്‌ പ്രവേശനമില്ല. എല്ലാം പറഞ്ഞ ഖുര്‍ആന്‍ ബഹുദൈവാരാധകരെ അങ്ങോട്ട്‌ അടുപ്പിക്കരുതെന്ന് കൂടി പറഞ്ഞിട്ടുണ്ട്. മാലിന്യമാണ് പ്രശ്നമെങ്കില്‍  കഴുകിക്കളഞ്ഞാല്‍ പോവില്ലേ എന്ന് സ്വാഭാവികമായും ആരും ചോദിച്ചേക്കാം. ഉവ്വ്, പക്ഷെ, നിങ്ങളുടെയൊക്കെ മനസ്സിലെ മാലിന്യം അങ്ങനെയൊന്നും പോവില്ലല്ലോ...!

Saturday, December 1

വീണ്ടും ചില തീറ്റക്കാര്യങ്ങള്.....(ആക്ഷേപ ഹാസ്യം)


    അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ.  ഈയിടെ ഒട്ടുമിക്ക ചാനലുകളിലും ഇതര മാധ്യമങ്ങളിലും ഭക്ഷണപാനീയങ്ങള്‍ ഏതെല്ലാം രീതിയില്‍ മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടു. അതില്‍ പ്രധാനമായിരുന്നു നമ്മുടെ ദേശീയ ഭക്ഷണമായ പൊറാട്ടയെക്കുറിച്ചുള്ള ചര്‍ച്ചകളും.

 

പൊറാട്ട അല്ലെങ്കില്‍ പൊറോട്ട എന്ന് പറയുന്ന ആ വട്ടത്തിലുള്ള സാധനം തിന്നാല്‍ വയറില്‍ കാന്‍സര്‍ വരുമെന്നും പൊറോട്ട ദഹിക്കാന്‍ പതിനാല് മണിക്കൂര്‍ എടുക്കുമെന്നും പറഞ്ഞ് അവര്‍ ടിവിയില്‍ ബഹളം വെച്ചു കൊണ്ടിരിന്നപ്പോള്‍ ഞാനിതും കണ്ടു കൊണ്ടിരുന്ന്‍ പൊറോട്ട ചവക്കുകയായിരുന്നു.

   

ഈ പൊറാട്ട എന്ന സാധനം വയറ്റില്‍ ചെന്നാല്‍ ഉടന്‍ തന്നെ ബോംബ്‌ പൊട്ടിച്ച് കിഡ്നിയെ തകര്‍ക്കുമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചവച്ച പൊറാട്ട പുറത്തേക്ക് തുപ്പി. എന്നിട്ട് വേഗം വെള്ളം കുടിച്ചു. കഴിച്ച ബോംബിന്‍റെ അതായത്‌ പൊറാട്ടയുടെ ആക്രമണ വീര്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഒരു കുപ്പി കോളയും കുടിച്ചു തീര്‍ത്തു. പിന്നെ ഫേസ്ബുക്കില്‍ ഓടിച്ചു പോവുമ്പോള്‍ അതാ വരുന്നു കോളയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒരു പോസ്റ്റ്‌. വയര്‍ എന്ന സാമ്രാജ്യം ഈ വക തെമ്മാടി ഭക്ഷണങ്ങള്‍ കരുതിക്കൂട്ടി കുരുതിക്കളമാക്കുകയാണ്.

   

കുടിച്ച കോള എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചെങ്കിലും  ഉടന്‍ തന്നെ എല്ലാം നിര്‍ത്തി. ടി വി യില്‍ ഇത്തരം പരിപാടികള്‍ കാണുന്ന പരിപാടി നിര്‍ത്തി. ഫേസ്ബുക്കില്‍ അത്തരം പോസ്റ്റ്‌ ഇടുന്നവരില്‍ നിന്നും 'വരി' നിര്‍ത്തി. അങ്ങനെ ഇപ്പോള്‍ സമാധാനത്തോടെ പ്ലേറ്റില്‍ വരുന്ന തിരിച്ചു കടിക്കാത്ത ഹലാലായ എന്തും അകത്താക്കി വരുന്നു.

   

കുറച്ചു ദിവസം കഴിഞ്ഞ് എനിക്ക് വേറൊരുത്തന്‍റെ കൂടി 'വരി' നിര്‍ത്തേണ്ടി വന്നു. ആ പച്ചക്കറി തീനി എഴുതി വിട്ടിരിക്കുകയാണ് ബീഫ്‌ കഴിക്കുന്നത് കാന്‍സര്‍ വരുത്തുമെന്ന്. ദ്രോഹീ...ഞങ്ങള്‍ പാരമ്പര്യമായി ഹോട്ടല്‍ നടത്തി വരുന്നവരാണ്. ഒരു കസ്റ്റമറെ കടയില്‍ കയറ്റാനുള്ള കഷ്ടപ്പാട്‌ ഞങ്ങള്‍ക്കെ അറിയൂ.

   

ഇങ്ങ് മണലാരണ്യത്തിലേക്ക് നാട്ടില്‍ നിന്ന് വരുന്ന പാര്‍സലില്‍ എല്ലാവര്‍ക്കും പ്രിയം ബീഫും പത്തിരിയുമാണ്. അത് തിന്ന് തിന്നങ്ങനെ ഇരിക്കുമ്പോഴായിരിക്കും നമ്മള്‍ ഇമ്മാതിരി പോസ്റ്റുകള്‍ കാണുന്നത്. വെള്ളിയാഴ്ച പോത്തിറച്ചി വാങ്ങാത്തോന്‍ ദീനുല്‍ ഇസ്ലാമില്‍ നിന്നും പുറത്താണ് എന്നത് നമ്മടെ നാട്ടിന്‍പുറത്തെല്ലാം പരക്കെ പ്രചാരത്തില്‍ ഉള്ള ഒരു ചൊല്ലാണ്. അപ്പോഴാണ്‌ അവന്‍റെ വഹ ഒരു താക്കീത്‌..

 

    ഹോ...ഫേസ്ബുക്ക് തുറക്കാന്‍ തന്നെ പേടിയാവുന്നു. അല്ലെങ്കില്‍ ടിവി യില്‍ ചര്‍ച്ച കാണാനേ പേടിയാവുന്നു. ഇത് ഭക്ഷണ സാധനങ്ങള്‍ ഹാനികരമാണ് എന്ന് പേടിപ്പിക്കുമെന്നു കരുതിയല്ല. മറ്റു പരിപാടികളും കാണാന്‍ ഭയമാണ്. ഒരിക്കല്‍ ഏതോ ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ വധം കണ്ടിട്ട് എന്‍റെ വീട്ടിലെ കുട്ടികളെല്ലാം പനിയും ചിക്കന്‍ പോക്സും വന്നു കിടപ്പിലായി. അല്ല, ബ്രിട്ടാസ് മുതലാളി, അറിയാത്തോണ്ട് ചോദിക്കുകയാ, അന്‍റെ കയ്യില്‍ മനുഷ്യന്മാര്‍ക്ക് കാണാന്‍ പറ്റിയ ഐറ്റംസ് ഒന്നുമില്ലേ. അതവിടെ നില്‍ക്കട്ടെ, നമുക്ക് വല്ലതും കഴിക്കാം. അല്ല, വല്ലതും കഴിക്കുന്നതിനെക്കുറിച്ച് ചര്‍ദ്ദിക്കാം സോറി ചര്‍ച്ചിക്കാം.

 

കള്ള് കുടിയുടെ ദോഷവശങ്ങളും ഗുണവശങ്ങളും ചിക്കിച്ചികയുന്നതാണ് പിന്നീടൊരിക്കല്‍ ടിവിയില്‍ കണ്ടത്‌. കുടിക്കാതെയും വലിക്കാതെയും നടക്കുന്നവരുടെ നഷ്ടബോധം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കുടിയന്മാരും വലിയന്മാരും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത്. അതേസമയം, തങ്ങള്‍ ശ്രേഷ്ഠരാണെന്ന് സ്ഥാപിക്കാനാണ് ഇത് രണ്ടും ചെയ്യാത്തവര്‍ ശ്രമിക്കുന്നത്. കള്ള് കുടിക്കാം എന്ന് ചിലര്‍. പറ്റില്ലെന്ന് മറ്റു ചിലര്‍. കുടിക്കുന്നത് നല്ലതാണെന്ന് ചിലര്‍. അല്ല ചീത്തയാണെന്ന് മറ്റു ചിലര്‍. എനിക്കാകെ ബേജാറായി. കള്ള് കുടി മോശമാണെന്നുള്ള കാര്യത്തിലും ആളുകള്‍ക്ക്‌ രണ്ടഭിപ്രയമോ..? ഹോ കാലം പോയ പോക്കേ.

 

ഇവരുടെ പ്രശനം എങ്ങനെ പരിഹരിക്കും. ഒരു വഴിയെ ഉള്ളൂ. അതെ അത് തന്നെ, ടിവി ഓഫ് ചെയ്യുക. ഞാന്‍ വേഗം ടിവി ഓഫ് ചെയ്തു. പ്രോബ്ലം സോള്‍വ്ഡ്!!

 

ഇത്രയും കാലം കള്ള് ആരോഗ്യത്തിന് ഹാനികരം എന്നാണ് കേട്ടിരുന്നത്. ചിലര്‍ അത് ഭക്ഷണത്തിന്‍റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ചിലര്‍ അതൊരു വ്യവസായമാണെന്ന് വാദിക്കുന്നു. എല്ലാവരെയും നിങ്ങള്‍ക്ക്‌ അറിയാം. ഇനി അവരുടെ പേരിവിടെ എഴുതി തടി കേടാക്കാന്‍ ഞാനില്ല.

 

ഭക്ഷണത്തെക്കുറിച്ച് ഹാനിക്കഥകള്‍ കണ്ടെത്തുന്നവര്‍ എന്ത് കൊണ്ട് ഹാനിയെ ഹനിക്കാനുള്ള കഹാനി)കഥ)യുമായി വരുന്നില്ല. കഷ്ടം ദുഷ്ടന്മാരെ. നിങ്ങള്‍ കുനുഷ്ടും കൊണ്ട് നടന്നോ...പൊറോട്ട ഇപ്പോള്‍ അതിര്‍ത്തികള്‍ ഭേദിച്ച് ഇങ്ങ് അറേബ്യയില്‍ വരെ പ്രചാരത്തില്‍ വരുകയാണ്. നുമ്മ മലയാളികള്‍ക്ക് വിശപ്പില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് ആമാശയത്തില്‍ പൊറാട്ടയുടെ പോരാട്ടവും ബലം പിടുത്തവും നടക്കുന്നത് കൊണ്ടാണ്. പോത്തിനോടാണോ നിങ്ങള്‍ 'പോത്തിറച്ചി കഴിക്കരുതെന്ന് പറയുന്നത്' അഥവാ വേദമോതുന്നത്.

 

വാല്‍ക്കഷ്ണം : "തിന്നതെല്ലാം നല്ലതിന്, തിന്നുന്നതും നല്ലതിന്, ഇനി തിന്നാന്‍ പോവുന്നതും നല്ലതിന്" എന്നായാല്‍ വളരെ നല്ലത്.

 

Saturday, November 17

ഫൈക്കുകള്‍ കഥ പറയുന്നു...    സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ഉള്ളിടത്തോളം ഫൈക്കുകളും ഉണ്ടായിരിക്കും. ഫൈക്കുകളെ വെച്ച് കളിച്ചു കയറുന്നവര്‍ കുറച്ചൊന്നുമല്ല. സത്യത്തില്‍ എന്തിനാണ് ഫൈക്കുകള്‍. ചുമ്മാ ഒരു രസത്തിന്. കാല്‍ കാശ് ചിലവില്ലാത്ത ലൈക്കും ഷെയറും കമന്‍റുകളും നിധി പോലെ കാത്തു സൂക്ഷിക്കുന്ന പിശുക്കന്മാരായ യുസര്‍മാരുടെ ഇടയില്‍ കേറിക്കളിക്കാന്‍ പറ്റിയ ഒരായുധം.

ഡയറക്റ്റ് മാര്‍ക്കറ്റിംഗ് രംഗത്തെ ടൈ ധാരികള്‍ വീറോടെ ആവര്‍ത്തിക്കുന്ന ഒരു സത്യ പ്രതിജ്ഞയുണ്ട്. ഈ ഫൈക്കുകള്‍ വെച്ച് കളിക്കുന്നവരുടെ മനസ്സിലിരിപ്പ്‌ അത്തരത്തിലായിരിക്കും എന്ന് തോന്നി.

അവര്‍ പുറപ്പെടുന്നതിനു മുമ്പ്‌ എല്ലാവരും ചേര്‍ന്ന് നിന്ന് ഒരേ സ്വരത്തില്‍ അവരുടെ മാനേജരുടെ നേതൃത്വത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കും.

We want juicy day

We want juicy day

We are going to kick the asses of bloody managers…

We want juicy day.

Juicy day…Juicy day...juicy day..

എന്ന് പറഞ്ഞ് അവസാനിക്കുന്നിടത്ത് നിര്‍ത്താതെ കൈയടിച്ച് തുടങ്ങും. ഇങ്ങനെ കൈയടിച്ച് അവരുടെ ഓഫീസ് നില്‍ക്കുന്ന ബില്‍ഡിംഗ്‌ മൊത്തം പ്രകമ്പനം കൊള്ളിക്കും. (അവര്‍ കൈയടിച്ച് സ്വയം എനര്‍ജി കൂട്ടുകയാണ്) പിന്നെ സാധനങ്ങളുമെടുത്ത് കമ്പനികളില്‍ നിന്നും കമ്പനികളിലേക്ക് പറക്കുകയായി.

അത് പോലെ മറ്റുള്ളവരുടെ ചന്തിക്ക് തൊഴിക്കുക എന്നത് തന്നെയാണ് ഫൈക് ഐ ഡി ഉണ്ടാക്കുന്നവന്‍റെ മനസ്സിലിരിപ്പും.

തന്‍റെ പോസ്റ്റുകള്‍ക്ക് ലൈക്കും കമനറും തരാത്തവന്‍റെ ന്യൂസ്‌ ഫീഡിലേക്ക് അതെ പോസ്റ്റുകള്‍ തിരുകിക്കയറ്റാന്‍ വേണ്ടിയുള്ള ഒരാള്‍ മാറാട്ടം. ഈ പോസ്റ്റുകള്‍ മറ്റുള്ളവര്‍ ഷെയര്‍ ചെയ്തു കണ്ടാല്‍ മാത്രം താനും ഷെയര്‍ ചെയ്യാം എന്ന് ചിന്തിക്കുന്നവര്‍ക്ക് പ്രേരണ നല്‍കാന്‍ വേണ്ടിയും ഈ ഫെക്‌ ഉപകരിക്കുന്നു.

പക്ഷെ, എല്ലാവര്‍ക്കും എന്നെപ്പോലെ ഇത്ര നിസാരമായ ലക്ഷ്യമായിരിക്കണം എന്നില്ല.

    പലരും ഫേക് എക്കൌണ്ട് ഉണ്ടാക്കുന്നത് ദുരുപയോഗം ചെയ്യാന്‍ വേണ്ടി മാത്രമാണ്. അതില്‍ ചിലതാണ് പെണ്ണുങ്ങളുടെ പേരിലുള്ള ഫേക്കുകള്‍. ഇക്കൂട്ടര്‍ 'ചാന്തുപൊട്ടുകള്‍' എന്നാണ് Facebook ല്‍ അറിയപ്പെടുന്നത്.

ഇവര്‍ എന്തിനാണ് ഇത്തരം അക്കൌണ്ടുകള്‍ ഉണ്ടാക്കിയത് എന്ന് ചോദിച്ചാല്‍ ഊഹിക്കേണ്ടി വരും. കാരണം ഉത്തരം പറഞ്ഞു തരാന്‍ അവരാരും രംഗത്ത് വരില്ല.

    പ്രധാനമായി രണ്ടുകാരണങ്ങള്‍ ഊഹിച്ചെടുക്കാം. ഒന്ന് പെണ്ണുങ്ങളുമായി സല്ലപിക്കാന്‍. മറ്റൊന്ന് ഞരമ്പ്‌ രോഗികളായ ആണുങ്ങളെ ഹരം പിടിപ്പിച്ച് രസിക്കാന്‍. വേറെയും പല കാരണങ്ങളുമുണ്ടാവാം.

                 *********************************

ഇനി ഞാനെന്‍റെ കഥ തുടരാം...

ഞാനെന്ന ഫെക് ഐഡി ശബ്ന എന്ന ഒരു മുസ്ലിം പെണ്ണിന്‍റെ പേരിലാണ്. ഞാനാണെങ്കില്‍ ആണും. (ദയവുചെയ്ത് ചാന്തുപൊട്ട് എന്ന് വിളിക്കരുത്) പ്രൊഫൈല്‍ ഫോട്ടോയായി ഫേസ്ബുക്കില്‍ നിന്ന് തന്നെ ഒരു ഫോട്ടോ തപ്പിയെടുത്തു. ഏതോ സിനിമാ നടിയുടെ ഫോട്ടോ ആയിരുന്നു അതെന്ന്  പിന്നീടാണ്  അറിഞ്ഞത്.

അടുത്ത ദിവസം ജാതിമതഭേദമന്യേ ഒത്തിരി പേരെ ആഡ് ചെയ്തു. പലരും അക്സപ്റ്റ്‌ ചെയ്തു. വേറെ ചില തെണ്ടികള്‍ നിങ്ങളെ ഞാന്‍ ഓര്‍ക്കുന്നില്ല നമ്മള്‍ എങ്ങനെയാണ് പരിചയം എന്ന് മെസ്സേജ് അയച്ചു.

ഞാന്‍ തിരിച്ചും മെസ്സേജ് അയച്ചു.

ഞാന്‍ ഫേസ്ബുക്കിലൂടെ വിരലോടിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിചാരിതമായി suggestion സൈഡില്‍ താങ്കളുടെ പ്രൊഫൈലിന് താഴെ  കൈതട്ടിയതാണ്. ഒന്നും വിചാരിക്കരുത്. മഹാനായ അങ്ങേക്ക്‌ ഫ്രണ്ട് റിക്വസ്റ്റ് അയക്കാനുള്ള യോഗ്യത പോലും എനിക്കില്ല.....

ഉടന്‍ അവന്‍റെ റിപ്ലേ വന്നു....

    It s ok, ഞാന്‍ താങ്കളുടെ റിക്വസ്റ്റ് അക്സപ്റ്റ്‌ ചെയ്തിരിക്കുന്നു.

ഹോ അവന്‍റെയൊരു ഔദാര്യം. ഇനി ഞാന്‍ നിനക്ക് എന്‍റെ പോസ്റ്റ്‌ ഇട്ടു പകരം വീട്ടുമെടാ...ഞാന്‍ അമര്‍ഷത്തോടെ പല്ല് ഞെരിച്ചു. കഴിയുമെങ്കില്‍ ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ ഫോട്ടോയിലെങ്കിലും നിന്നെ ഞാന്‍ ടാഗ് ചെയ്യും നോക്കിക്കോ..അതിലും വലിയ ചളിപ്പ് ഇനി നിനക്കുണ്ടാവില്ല..കണ്ടോ...

ഫെക്‌ പ്രൊഫൈല്‍ ഉണ്ടാക്കി ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ എനിക്ക് അഞ്ഞൂറ് ഫ്രണ്ട്സ് ആയി. പിന്നെയും റിക്വസ്റ്റുകള്‍ വരാന്‍ തുടങ്ങി. പക്ഷെ, ഞാന്‍ കുടുങ്ങിയത് പൂവാലന്മാരെ കൊണ്ടാണ്. അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യുമ്പോഴേക്കും ഹായ്‌ എന്നും പറഞ്ഞ് ഓരോരുത്തര്‍ പാഞ്ഞു വരും. എനിക്ക് തോന്നിയത്‌ അവര്‍ ഞാന്‍ പച്ച ബള്‍ബിടുന്നതും നോക്കി ഇരിക്കുകയായിരുന്നു എന്നാണ്.

ചാറ്റ് റൂമില്‍ 'ഹായ്‌' എന്നും പറഞ്ഞു വന്ന ഒരു പയ്യനെ കണ്ടപ്പോള്‍ അല്പം ദയ തോന്നി. ഞാനും തിരിച്ച് 'ഹായ്‌' പറഞ്ഞു. വന്നവന്‍ വീണ്ടും ഹായ്‌ പറഞ്ഞു. ഞാന്‍ ദേഷ്യത്തോടെ 'ഹേയ്' എന്ന് പറഞ്ഞു. അവന്‍ ഇനിയും ഹായ്‌ തന്നെ പറയുമോ എന്ന്‍ ഭയന്നതിനാല്‍ ഞാന്‍ വേഗം ചാറ്റ് ഓഫ് ചെയ്തു.

ഹായ്‌ കഴിഞ്ഞിട്ട് എന്ത് പറയണമെന്ന് അറിയാത്തവന്‍ ചാറ്റാന്‍ വന്നിരിക്കുന്നു. പ്ഫൂ..

ഞാന്‍ തുപ്പിയതും എന്‍റെ മാനേജര്‍ എന്നെ തുറിച്ചു നോക്കി. ഞാന്‍ വേഗം ഒന്ന് കൂടി പ്ഫൂ എന്ന് തുപ്പിയിട്ട് പറഞ്ഞു..."പൊടി പൊടി..വല്ലാത്ത പൊടി..."

"പൊടി തുപ്പല്‍ കൊണ്ടാണോ തുടക്കുന്നത്? വെള്ളം നനച്ച തുണി കൊണ്ട് തുടക്കാന്‍ ഓഫിസ്‌ ബോയിയോട് പറ.."

അല്ല എന്‍റെ വായിലാണ് പൊടി....."

    ഓഫിസ് ബോയിയോട് പറയാന്‍ പറയുമോ എന്ന ശങ്ക ഉണ്ടായെങ്കിലും പുള്ളി ഒന്നും പറഞ്ഞില്ല. കമ്പ്യൂട്ടറില്‍ വീണ്ടും തല പൂഴ്ത്തി അദ്ദേഹം തന്‍റെ favorite videos download ചെയ്തു കൊണ്ടിരുന്നു. ഈ തക്കത്തിന് ഞാന്‍ ഫേക് അക്കൗണ്ട്‌ ക്ലോസ് ചെയ്തു. വീണ്ടും ജോലിയില്‍ മുഴുകി..

    റൂമിലെത്തി വീണ്ടും ഫേസ്ബുക്ക് തുറന്നു. തുറന്നതും അതെ പയ്യന്‍ വീണ്ടും വന്നു. പേര് ഹരീഷ്.... 'ഹായ്‌' ല്‍ തന്നെ തുടങ്ങി. മുസ്ലിം പെണ്‍കുട്ടിയെ തന്നെ വേണം ഈ കഴുതക്ക് എന്ന് മുറുമുറുത്തു കൊണ്ട്  ഞാന്‍ ഹരീഷിന്‍റെ പ്രൊഫൈല്‍ വിശദമായി പരിശോധിച്ചു. 

മുപ്പത്‌ വയസ്, ചെറിയ കഷണ്ടിയുണ്ട്, കറുത്ത നിറം, പ്രൊഫൈലില്‍ എവിടെയോ ഈഴവന്‍ എന്നും കണ്ടു.

    എങ്കില്‍ ഒരല്‍പം സുഖിപ്പിച്ചു വിടാം എന്ന് കരുതി ഞാന്‍ ചാറ്റ് ചെയ്തു തുടങ്ങി. ഒരു ലൗവ്‌ ജിഹാദിനുള്ള സ്കോപ് അവനും കൊടുക്കാം. ഞാന്‍ ശൃംഗാരത്തോടെ ചേട്ടന്‍ 'ഒറ്റയ്ക്കാണോ' എന്ന് ചോദിച്ചു. (ഒരു ചെറിയ റൂമില്‍ പതിനാറ് പേരുടെ നടുവിലാണ് ഹരീഷ് എന്ന് മറ്റൊരു ഫൈക് ഐഡിയിലൂടെ ചാറ്റ് ചെയ്തപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു.)

"അതെയതെ ഞാന്‍ ഒറ്റയ്ക്കാണ്."

എനിക്ക് മനസ്സില്‍ കലി കയറി വന്നു. കൊരങ്ങന്‍...കക്കാന്‍ മാത്രമറിയാം. നിക്കാന്‍ അറിയില്ല..ഹും..

ഞാനും ഒറ്റയ്ക്കാണ്.

ആണോ?

അതെ..

ക്യാമറയുണ്ടോ?

ഉണ്ട്?

എങ്കില്‍ ഓപ്പണ്‍ ചെയ്യ്‌...

അതെന്തിനാ...

എനിക്ക് കാണാന്‍..

അതെങ്ങനാ കാണുന്നത്...? എന്‍റെ കയ്യില്‍ ഉള്ളത് കാനോന്‍ മൂവി ക്യാമറയാണ്.

ഞാന്‍ ചോദിച്ചത് വെബ്‌ കാം ഉണ്ടോ എന്നാണ്.

ഹോ അതില്ല...

ഹോ നഷ്ടമായി പ്പോയി...

എന്തോ?

ഹല്ലാ കഷ്ടമായിപ്പോയി എന്ന് പറയാരുന്നു...

ഹും...

ചേട്ടന്‍ കല്യാണം കഴിച്ചതാണോ?

അല്ലേ അല്ല,

ഹും..

എന്നാ കല്യാണം..?

ഉടനുണ്ടാവും. ഇയാള്‍ ഒന്ന് വേഗം അടുത്ത് വന്നാല്‍ മതി...

ഞാന്‍ കല്യാണം കഴിഞ്ഞതാ..രണ്ടു കുട്ടികളുമുണ്ട്...

എന്നിട്ടെന്തേ ആദ്യം പറയാഞ്ഞത്..?

എന്‍റെ പ്രൊഫൈല്‍ കണ്ടില്ലേ..?

എന്ത്?

പ്രൊഫൈല്‍...

അത് കാണാനല്ലേ തന്നോട് ക്യാമറ തുറക്കാന്‍ പറഞ്ഞത്‌. ക്യാമറ തുറക്കാതെ നിന്‍റെ പ്രൊഫൈല്‍ എങ്ങനെ കാണും.

മിസ്റ്റര്‍, പ്രൊഫൈല്‍ എന്ന് പറഞ്ഞാല്‍ എന്നെക്കുറിച്ചുള്ള ചെറിയ ഒരു വിശദീകരണം എന്‍റെ ഈ അക്കൌണ്ടില്‍ ഉണ്ട്. അത് കണ്ടില്ലേ എന്നാണ് ചോദിച്ചത്.

ആണോ..? ഞാന്‍ കരുതി ശരീരത്തിന് ഇംഗ്ലീഷില്‍ പറയുന്ന വാക്കാണെന്ന്.

ആട്ടെ...ചേട്ടന് എത്ര കുട്ടികള്‍ ഉണ്ട്? (കല്യാണം കഴിഞ്ഞിട്ടില്ല എന്ന് ഹരീഷ് പറഞ്ഞ കാര്യം മറന്ന മാതിരിയാണ്‌ എന്‍റെ ചോദ്യം)

രണ്ട് കുട്ടികള്‍ ഉണ്ട്...(ഹരീഷിന്‍റെ വായില്‍ നിന്നും അറിയാതെ സത്യം പുറത്തു വന്നു)

അപ്പോള്‍ നേരത്തെ കല്യാണം കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞതോ?

ഹരീഷ് മറുപടി പറയാന്‍ കുറച്ചു സമയമെടുത്തു..പിന്നെ മറുപടി വന്നു..."അത് ഞാന്‍ വെറുതെ പറഞ്ഞതല്ലേ..."

ഞാനും വെറുതെ പറഞ്ഞതാ...

എന്ത്?

ഞാന്‍ കല്യാണം കഴിഞ്ഞെന്നും കുട്ടികള്‍ ഉണ്ടെന്ന് പറഞ്ഞതും.

ഹേ..അയ്യോ...ഞാന്‍ വീണ്ടും ഇയാളെ പറ്റിച്ചു...ഞാന്‍ കല്യാണം കഴിഞ്ഞിട്ടില്ല.

ആണോ...എങ്കില്‍ ഞാന്‍ ഇയാളെ വീണ്ടും പറ്റിച്ചു...ഞാന്‍ കല്യാണം കഴിഞ്ഞതാ...എനിക്ക് രണ്ടു കുട്ടികളുമുണ്ട്..

ഹരീഷിന് ശരിക്കും പ്രഷര്‍ കയറി എന്ന് തോന്നുന്നു. അദ്ദേഹത്തിന്‍റെ അടുത്ത കമന്റ്‌ ഇങ്ങനെയായിരുന്നു.

ഡീ നായിന്‍റെ മോളെ....നീയെന്താടീ ആളെ കുരങ്ങു കളിപ്പിക്ക്യാ...പുല.......മോളെ..@@@@@@""" പന്ന ക്കഴുവേറീടെ മരുമോളെ...

പിന്നെ ഹരീഷ് ചേട്ടന്‍ ഗണിതത്തിലെ കുറെ ചിഹ്നങ്ങള്‍ തുരുതുരാ ചാറ്റില്‍ വിതറിയിട്ടു കൊണ്ട് സൈന്‍ ഔട്ട്‌ ചെയ്തു.

                 *******************************

പിന്നീടൊരിക്കല്‍ ഓണ്‍ലൈന്‍ ആണെന്ന് കണ്ടപ്പോള്‍ ഞാന്‍ 'ഹായ്‌' എന്നും പറഞ്ഞ് ചെന്നു.

തിരിച്ച് വന്നത് ചില ഭരണിപ്പാട്ട് ആയിരുന്നു...

ഉടനെ ചാറ്റ് ഓഫ് ചെയ്ത് ഹരീഷ് ചേട്ടനെ ബ്ലോക്ക്‌ ചെയ്തു......

    അടുത്ത ദിവസം ഹരീഷ് ചേട്ടന്‍റെ വക ഒരു പോസ്റ്റ്‌ ഞാന്‍ മറ്റേ ഫൈക് ഐ ഡി യുടെ ന്യൂസ്‌ ഫീഡില്‍ കണ്ടു. 'മരണഭൂമി' പത്രത്തില്‍ നിന്നും അടര്‍ത്തി മാറ്റിയ ഒരു വാര്‍ത്ത കൊണ്ടിട്ടിരിക്കുകയാണ് മഹാന്‍.

വാര്‍ത്ത ഇങ്ങനെ...

    "ഫേസ്ബുക്ക് കേന്ദ്രീകരിച്ച് ലവ് ജിഹാദ്‌ വ്യാപകം. മുസ്ലിം സ്ത്രീകള്‍ ഹിന്ദു പുരുഷന്മാരെ സ്നേഹം നടിച്ച് വശീകരിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു. ഇങ്ങനെ മതം മാറിയാലേ കല്യാണം കഴിക്കൂ എന്ന് പ്രണയ പരവശരായ യുവാക്കളെ അറിയിച്ച് ഇവര്‍ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തി വരുകയാണ്. തീവ്രവാദ സംഘടനകളുടെ കണ്ണികളായ ഇത്തരം സ്ത്രീകള്‍ സധൈര്യം നാട്ടില്‍ വിലസുന്നു. കഴിഞ്ഞ ദിവസം ഹരീഷ് എന്ന ഒരു യുവാവിനെ ശബ്ന എന്ന ഒരു മുസ്ലിം യുവതി ഇത്തരത്തില്‍ പ്രണയക്കുടുക്കില്‍ വീഴ്ത്തുകയുണ്ടായി.

    ബുദ്ധിമാനും സല്‍സ്വഭാവിയും ആയ ഹരീഷ് ആ സ്ത്രീയുടെ കെണിയില്‍ വീണില്ല എന്ന് മാത്രമല്ല, ആ സ്ത്രീയെ ബ്ലോക്ക്‌ ചെയ്യുകയും ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തു."

ന്യൂസ്‌ ഇങ്ങനെ തുടര്‍ന്ന് പോയി. പല ബുദ്ധിജീവികളും ആ പോസ്റ്റില്‍ വീറോടെ വാദപ്രതിവാദങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.ചിലര്‍ അല്ക്വയ്ദക്ക് സംഭവത്തില്‍ പങ്കുണ്ടാവാന്‍ സാധ്യത കണ്ടപ്പോള്‍ മറ്റു ചിലര്‍ സിമിയുടെ ബന്ധവും അന്വേഷിക്കണം എന്ന് തട്ടി വിടുന്നത് കണ്ടു. ഭാഗ്യത്തിന് മുത്തശ്ശി പത്രവും ഏഷണിനെറ്റും വാര്‍ത്ത ഏറ്റു പിടിച്ചിട്ടില്ല.

ഞാന്‍ ഉടന്‍തന്നെ എന്‍റെ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്തു. ഉടനെ വേറെ ഐ ഡി ഉണ്ടാക്കി. പെണ്‍പ്രൊഫൈല്‍ തന്നെ. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഇതേ ഹരീഷിന്‍റെ ഫ്രണ്ട് റിക്വസ്റ്റ് വന്നു. ഇത്തവണ അയാളുടെ റിക്വസ്റ്റ് നിഷ്ക്കരുണം തള്ളി.

ഞാനിപ്പോള്‍ ഹരീഷിന്‍റെ പുതിയ പോസ്റ്റും കാത്തിരിക്കുകയാണ്. എങ്ങനെയായിയിരിക്കും ഹരീഷ് ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ്‌ ചെയ്യാത്തതിനെ ക്കുറിച്ച് വിലയിരുത്തുന്നത്...

ലവ് ലെസ് ജിഹാദ്‌...വര്‍ഗീയത...തീവ്രവാദം...മതസ്പര്‍ദ്ധ...

എന്തായാലും കാത്തിരുന്നു കാണാം...
(ഇത് എന്‍റെ ഭാവനയും അനുഭവവും കൂടിച്ചേര്‍ന്നതാണ്.....എനിക്ക് പെണ്ണുങ്ങളുടെ പേരില്‍ ഫൈക് ഐ ഡി ഇല്ലേ ഇല്ല...)

Friday, October 26

സന്തോഷ്‌ പണ്ഡിറ്റിനു പഠിക്കുന്നവന്‍ എഴുതിയ കവിത...(അഥവാ പണ്ടിറ്റിന്‍റെ രോഷവും എഴുതിയവന്‍റെ ഭാഷയും കൂടിച്ചേര്‍ന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം. സിനിമയിലെ കൊള്ളക്കെതിരെ പ്രതികരിച്ച പണ്ഡിറ്റ്‌ തറവാടികള്‍ക്കെതിരെ  പ്രതികരിച്ചാല്‍ എങ്ങനെയിരിക്കും എന്ന ഭാവന...) എന്നാല്‍ കവിത തുടങ്ങട്ടെ...

 

തറവാടി..

 

തറവാടി ഇവന്‍ തനി വായാടി

ഉണ്ടുടുത്തൊരുങ്ങി ഉടുതുണി പൊക്കിക്കുത്തി

ഇവനൊരു നട നടക്കും

പിന്നെ ചുമല്‍ മെല്ലെ വലിഞ്ഞവനൊരു ഗമയുണ്ട് കാട്ടാന്‍.

ഈ നാട്ടിലും മറുനാട്ടിലും കേളി കേട്ട തറവാടെ

അവന്‍റമ്മേടെ തറവാട്.

അച്ഛനില്ല പണ്ടേ തറവാടും കുടുംബവും

അതിനാല്‍ അമ്മയ്ക്കുള്ള തറവാട്ടില്‍ വന്നു കൂടി.

അവന്‍റപ്പനപ്പാപ്പന്‍ കഥ കേട്ടാലപ്പത്തുപ്പും

മീന്‍ വിറ്റും കടല വിറ്റും കാശുണ്ടാക്കി

കാറില്‍ കേറിച്ചമയുന്ന കോമരങ്ങളവര്‍.

എന്നാലും കുറവില്ലവന്‍റെ നാറും പരമ്പരകള്‍

പേറും തറവാടിന്‍ പെരുമ പൊക്കിപ്പറയല്‍.

നാല് മുഴം നീളം നാവില്ലയെന്നാലവന്‍

തറവാട്ട് പേര് നാലാള് പോലും കേള്‍ക്കില്ല കൂട്ടരേ..

മീന്‍ പാറ്റും പോലവന്‍റമ്മൂമ്മ പാറ്റി..

കൂട്ടുകുടുംബമായി പെറ്റുപെരുകി

ഇത്തരുണത്തിലവന്‍ തറവാടിന്‍ പേരും പരന്നു.

 
       * * * * * * * * * * * * * * * *
 
നാടാകെ നാലാള് കൂടുന്നിടത്ത്

ഒരുവനവന്‍റെ തറവാട്ടിലംഗം -

ഇതുമതിയവനെന്നും പൊലിപ്പിച്ചു കാട്ടാന്‍....

എഴുതാനറിയില്ല, എ ബി സി ഡി,

പോട്ടെ, മാതൃഭാഷയില്‍ ലിപികളുണ്ടെന്നതിവനറിഞോ

ഇല്ല, അത് മാത്രമോ!

ഇവന്‍ തറവാട് മക്കള്‍ കൂട്ടം കൂടിയാല്‍

ഒന്ന് തലയെണ്ണി നോക്കാനറിയാത്തവനിവന്‍!

മുന്‍കോപിയാണെ, മുഴുക്കുടിയനാണെ,

അഹങ്കരമില്ലാതവനില്ല ഭൂമിയില്‍.

തറവാടിത്തവും തറവായാടിത്തവും കൊണ്ടേ നടക്കുന്നു

മരമണ്ടനിവന്‍ വെറും ഷണ്ഡന്‍!!

 

 

 

പിന്‍ കുറി :

(മീന്‍ വിറ്റും കടല വിറ്റും കാശുണ്ടാക്കി

കാറില്‍ കേറിച്ചമയുന്ന കോമരങ്ങളവര്‍.)

ഇതൊരു ഉപമ മാത്രം. എന്ന് വെച്ചാല്‍ താഴെക്കിടയില്‍ നിന്ന് വളര്‍ന്നു വന്നു എന്നര്‍ത്ഥം.

Wednesday, October 17

ഫേസ്ബുക്ക് വരുത്തിയ വിന...


    റൂമില്‍ വെറുതെ ഇരിക്കുകയല്ലേ എന്ന് കരുതിയാണ് ജലീല്‍ ഭായിക്ക് ഫേസ്ബുക്ക് എന്ന അത്ഭുത ലോകത്തെക്കുറിച്ച് പറഞ്ഞു കൊടുത്തത്‌. പുള്ളിക്ക് ഒരു അക്കൌണ്ട് ഉണ്ടാക്കികൊടുത്താല്‍ അതിന്‍റെ നന്ദിയായി ഞാനിടുന്ന ഏതു പോസ്റ്റിനും ഒരു ലൈക്‌ കിട്ടുമല്ലോ എന്ന ഒരു അതി മോഹം കൂടി ഉണ്ടായിരുന്നു.  സദ്യക്ക് ക്ഷണിക്കുമ്പോള്‍ വേണ്ട എന്ന് പറയുമ്പോലെ ആദ്യമൊക്കെ ഫോര്മാലിറ്റി കാണിച്ചെങ്കിലും ഫേസ്ബുക്ക്‌ നോക്കി ഊറിച്ചിരിക്കുന്ന എന്നെക്കണ്ടപ്പോള്‍ പുള്ളിയും വന്നു തലയിട്ടു നോക്കി.

കുഞ്ഞാലിക്കുട്ടിയുടെ മുഖം ഐ സ്ക്രീം രൂപത്തില്‍ ചില തരുണീമണികള്‍ നക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ ലീഗ് വിരോധിയായ പുള്ളിക്ക് ഈ ഫേസ്ബുക്ക് നന്നേ ബോധിച്ചു. കുഞ്ഞാലിക്കുട്ടി മാത്രമല്ല മറ്റ് രാഷ്ട്രീയ നേതാക്കന്മാരും ഫേസ്ബുക്കില്‍ താരങ്ങള്‍ ആണെന്ന കാര്യം ഈ മുതുക്കനുണ്ടോ അറിയുന്നു. എന്തായാലും ഫേസ്ബുക്ക് അക്കൗണ്ട്‌ ഉണ്ടാക്കിക്കൊടുക്കാന്‍ പിന്നെ എന്‍റെ പിന്നാലെ നടപ്പായി ഈ മഹാന്‍. ആദ്യമൊക്കെ, ലോകത്തെ ഏറ്റവും വലിയ ജോലി തങ്ങളുടേതെന്ന് ചിന്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ ഞാനും കുറെ ഗമ കാട്ടി. പിന്നെ പാവമല്ലേ അഞ്ചു കാശ് ചിലവില്ലാത്ത കാര്യമല്ലേ, ദുരുപയോഗം ചെയ്യാനുള്ള ബുദ്ധിയൊന്നും ഇല്ലാത്ത ആളല്ലേ എന്ന് കരുതി ഒരു അക്കൗണ്ട്‌ ഉണ്ടാക്കിക്കൊടുത്തു.

ആദ്യം ഫോട്ടോ അപ്‌ലോഡ്‌ ചെയ്ത് പ്രൊഫൈല്‍ പിക്ചര്‍ ആന്‍ഡ്‌ കവര്‍ ഫോട്ടോ ADD ചെയ്തു കൊടുത്തു. അയ്യോ, ഫോട്ടോയില്‍ റൂമിലെ ബെഡ് ആന്‍ഡ് ഫുഡ്‌ കാണുന്നത് ശരിയല്ല എന്നും പറഞ്ഞ് പുള്ളി വീണ്ടും അലമ്പ്.

അങ്ങനെ ആദ്യമായി ഫേസ്ബുക്കില്‍ കയറി ജലീല്‍ തന്‍റെ സാന്നിധ്യം അറിയിക്കാന്‍ നാട്ടാരെയൊക്കെ സെര്‍ച്ച്‌ ചെയ്യാന്‍ തുടങ്ങി. അതും ഞാന്‍ തന്നെ ചെയ്തു കൊടുക്കണം. കാരയില്‍ എന്ന തന്‍റെ വീട്ടു പേര് അടിച്ചിട്ട് കാര്യമൊന്നും ഇല്ലാതായപ്പോള്‍ ഉടന്‍ നാടിന്‍റെ പേരടിച്ചു നോക്കി. ദാ വരുന്നു ഒരു പട...

പണ്ട് മിഠായിക്ക് തല്ലു കൂടിയ പഹയനാണ് ഇവന്‍ എന്ന് പറയുന്നത് കേട്ടപ്പോഴാണ് ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത്‌. ഫേസ്ബുക്ക് വെറുമൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാത്രമല്ല, നല്ല ഒരു ഡയറി പോലെ ഉപയോഗിക്കാവുന്ന ഒന്ന് കൂടിയാണ്. ഓര്‍മ്മകളുടെ ചെപ്പുകള്‍ തുറക്കുന്നത് പഴയ കൂട്ടുകാരെ കാണുമ്പോഴാണ്.

മമ്മൂട്ടിയുടെ ഫോട്ടോ ഉള്ള ഒരു പ്രൊഫൈല്‍ കണ്ട ഉടന്‍ ഇവന്‍ എന്‍റെ കൂടെ പഠിച്ചവനാണ് എന്നും പറഞ്ഞ് ചാടി വീണു. ഞാന്‍ ഉടന്‍ റിക്വസ്റ്റ് അയക്കുകയും ചെയ്തു.

അതെന്തിനാ റിക്വസ്റ്റ് അയച്ചത്?

ഹേയ് കൂടെ പഠിച്ച സഹപാഠി അല്ലേ..

ഞാന്‍ മമ്മൂട്ടിയെയാ ഉദ്ദേശിച്ചത്?

ഹോ.....അങ്ങനെ..തമാശയാണ് ഉദ്ദേശിച്ചത്..അല്ലേ..എനിക്ക് മനസ്സിലായില്ല.

ഒരു വിധം കൂട്ടുകാരെയും കുടുംബക്കാരെയും ഒക്കെ ഫ്രണ്ട് ലിസ്റ്റില്‍ ചേര്‍ത്ത് മുന്നേറുകയായിരുന്ന ജലീല്‍ ഭായ്‌ ഒരു ദിവസം എന്നെ ഫോണ്‍ വിളിച്ചു.

എന്താ..?

അതേയ്, ഫ്രണ്ട് റിക്വസ്റ്റ് അയക്കാന്‍ പറ്റുന്നില്ല...എന്താ ചെയ്യാ...?

അതെന്തു പറ്റി..? പാസ്‌വേഡ് ഒന്ന് മുതല്‍ ആറു വരെയാണെന്ന് ഉണ്ടാക്കിക്കൊടുത്ത എനിക്ക് അറിയാം. അത് മാറ്റാനുള്ള ബുദ്ധി അങ്ങേര്‍ക്കില്ലെന്നും അറിയാമായിരുന്നത് കൊണ്ട് ഞാന്‍ വേഗം എന്‍റെ കമ്പ്യൂട്ടറില്‍ നിന്നും അദ്ദേഹത്തിന്‍റെ ഐ ഡി തുറന്നു നോക്കി.

ഫ്രണ്ട് റിക്വസ്റ്റ് പതിനാല് ദിവസത്തേക്ക് ബ്ലോക്ക്‌ ചെയ്‌തിരിക്കുന്നു..

കാര്യം മനസ്സിലായി. ചിരിച്ചു നില്‍ക്കുന്ന പെണ്ണുങ്ങളുടെ ഫോട്ടോ ഉള്ള പ്രൊഫൈല്‍ എല്ലാം suggestion box ല്‍ ഇട്ടു കൊടുത്ത് സുക്കര്‍ മാമന്‍ ജലീല്‍ ഭായിയെ കെണിയില്‍ വീഴ്ത്തിയിരിക്കുകയാണ്. ആക്രാന്തം മൂത്ത് എല്ലാ പെണ്‍ പ്രൊഫൈലിനും ഫ്രണ്ട് റിക്വസ്റ്റ് അയച്ചു വിട്ട ജലീല്‍ ഭായ്‌ ഇങ്ങനെയൊരു വെട്ടില്‍ വീഴുമെണ്ണ്‍ പ്രതീക്ഷിച്ചിരുന്നില്ല. ഏതെങ്കിലും അവളുമാര്‍ ഇങ്ങനെയൊരു ആളെ അറിയില്ലെന്ന്‍ റിപ്പോര്‍ട്ട് ചെയ്തു കാണണം. ഇനി പതിനാലു ദിവസത്തേക്ക്‌ ജലീല്‍ ഭായി ബിരിയാണിക്ക് മുന്നില്‍ പട്ടിണി കിടക്കുന്നവന്‍റെ അവസ്ഥയില്‍. വലതു സൈഡില്‍ പുഞ്ചിരിക്കുന്ന പെണ്‍കുട്ടികള്‍. ഫ്രണ്ട് റിക്വസ്റ്റ് അയച്ചാല്‍ ബ്ലോക്‌ ചെയതെന്ന മെസ്സേജും.

ഞാന്‍ ഉടന്‍ തന്നെ തിരിച്ചു വിളിച്ചു കൊണ്ട് പറഞ്ഞു.

അതേയ്, ജലീല്‍ ഭായ്‌, ഫേസ്ബുക്ക് ഒരു മായികലോകമാണ്. നിങ്ങള്‍ കാണുന്നതും ചെയ്യുന്നതുമെല്ലാം ഫേസ്ബുക്ക് വീക്ഷിക്കുന്നുണ്ട്. അത് കൊണ്ട് പെണ്ണാണെന്ന് തോന്നുന്നതിനെല്ലാം റിക്വസ്റ്റ് അയയ്ക്കണ്ട. ഇനി റിക്വസ്റ്റ് അക്സപ്റ്റ് ചെയ്‌താല്‍ തന്നെ ചാറ്റ് ചെയ്ത് തല കുത്തി മറിയുകയും വേണ്ട. അത് പെണ്ണുങ്ങളുടെ ഫോട്ടോ വെച്ച വല്ല ഞരമ്പ്‌ രോഗികളുമായിരിക്കും.

 

ആണുങ്ങള്‍ എന്തിനാണ് പെണ്ണുങ്ങളുടെ ഫോട്ടോ വെച്ച് ഐ ഡി ഉണ്ടാക്കുന്നത്?

മാഷെ, നിങ്ങള്‍ക്ക്‌ മാത്രമേ വികാരവും വിചാരവും ഉള്ളൂ? അവര്‍ക്കുമുണ്ട് ഈ പറയുന്ന സാധനങ്ങളൊക്കെ.അവര്‍ പെണ്ണുങ്ങളുടെ വേഷം കെട്ടി പെണ്ണുങ്ങള്‍ക്കിടയില്‍ വിലസാന്‍ വേണ്ടിയാണ് ഈ ഫെയ്ക്‌ ഐ ഡി കള്‍ ഉണ്ടാക്കുന്നത്. പിന്നെ നിങ്ങളെപ്പോലുള്ള ഞരമ്പ്‌ രോഗികളെ ഹരം പിടിപ്പിച്ച് രസിക്കുക എന്നതും അവരുടെ ഹോബിയാണ്.

അത് കൊണ്ട് പതിനാല് ദിവസത്തേക്ക്‌ മാഷ്‌ ഒന്നൊതുങ്ങി നില്‍ക്ക്.

പക്ഷെ, ജലീല്‍ ഭായിക്ക് ഒട്ടും ക്ഷമ ഇല്ലായിരുന്നു.

എനിക്ക് ഈ ഐ ഡി വേണ്ട, വേറെ ഐ ഡി ഉണ്ടാക്കിത്താ എന്നും പറഞ്ഞ് പിന്നാലെ കൂടി.

ഹെന്‍റമ്മേ...ഇത് വല്ലാത്ത മാരണമായല്ലോ. ഫേസ്ബുക്ക് എന്താണെന്ന് അറിയാത്തവന് ഫേസ്ബുക്ക് പരിചയപ്പെടുത്തിയ എനിക്ക് ഇത് കിട്ടണം. ഏതായാലും കുടുങ്ങി. ഇനി തല വെച്ച് കൊടുക്കാം എന്ന് കരുതി വേറെ ഐ ഡി ഉണ്ടാക്കിക്കൊടുത്തു.

 

ഐ ഡി ഓപ്പണ്‍ ചെയ്തതും പുള്ളിക്ക് അടുത്ത സംശയം.  സ്റ്റാറ്റസ് അപ്ഡേറ്റ് എഴുതി ഷെയര്‍ ചെയ്യാന്‍ ഉള്ള ബോക്സ് എന്തിനാണ് എന്നതാണ് ചോദ്യം.

സുഹൃത്തേ..അവിടെ ഒന്നും എഴുതണ്ട. നിങ്ങള്‍ക്ക്‌ ഒന്നും എഴുതാനില്ലല്ലോ. അത് കൊണ്ട് അത് വെറുതെ വിട്ടേക്ക്..

അല്ല, ഇവിടെ എന്തോ എഴുതാനുണ്ട്...എന്ന് മുറുമുറുത്ത് പുള്ളി പോയി.

ഹെന്ത്..? ഞാന്‍ ഞെട്ടിപ്പോയി...

അടുത്ത ദിവസം ഒരു ഫോണ്‍കോള്‍..

നാസര്‍ ഭായ്‌ ആ ഫോട്ടോ ഇട്ടതിന് ഞാന്‍ കമന്റ്‌ ഇട്ടിട്ടുണ്ട്.

ഏതു ഫോട്ടോ? ഞാന്‍ അറിയാതെ ചോദിച്ചു പോയി.

ഒരു കുട്ടിയുടെ ഫോട്ടോ ഇല്ലേ..

ഹോ അത് ഞാന്‍ ഇട്ടതല്ല. ഞാന്‍ ഷെയര്‍ ചെയ്തതെയുള്ളൂ.

എന്തായാലും ഞാന്‍ സൂപ്പര്‍ കമന്റ്‌ ഇട്ടിട്ടുണ്ട്. വായിച്ചു നോക്ക്. ഒരു പാട് പേര്‍ എന്‍റെ കമന്റ്‌ ലൈക്ക് ചെയ്തിട്ടുണ്ട്.

ഉവ്വോ..ഞാന്‍ ആശ്ചര്യം പ്രകടിപ്പിച്ചു. പുള്ളിയെ നിരാശപ്പെടുത്തരുതല്ലോ..

കുട്ടികള്‍ക്ക്‌ ചേരട്ടയും പാമ്പാണെന്ന് എങ്ങോ കേട്ട് പരിചയമുള്ളതിനാല്‍ ഞാന്‍ കമന്റ്‌ കണ്ടെന്നും സൂപ്പര്‍ ആയിട്ടുണ്ടെന്നും കമ്മന്‍റടിക്കാനുള്ള താങ്കളുടെ കഴിവിനെ പ്രത്യേകം അഭിനന്ദിക്കുന്നു എന്നും പറഞ്ഞ് ഫോണ്‍ വെച്ചു.

അടുത്ത ദിവസം വീണ്ടും ഒരു ഫോണ്‍ വിളി.

എന്‍റെ ഫോട്ടോ കണ്ടാരുന്നോ..?

ഏത് ഫോട്ടോ...?

ഹേയ് ഞാന്‍ ഒരു പുതിയ ഫോട്ടോ ഇട്ടിട്ടുണ്ട്. ഒന്ന് നോക്ക്...

നോക്കാന്‍ സമയമില്ലാത്തതിനാല്‍ ഞാന്‍ പെട്ടെന്ന് പറഞ്ഞു. ആ കണ്ടു കണ്ടു. അടിപൊളിയായിട്ടുണ്ട്.

എന്നിട്ട് നീയെന്താ ലൈക്ക് അടിക്കാത്തത്.

പടച്ചോനെ.. ഞാന്‍ വീണ്ടും കുഴങ്ങി.

അതേയ്...എന്‍റെ ലൈക്കടി യന്ത്രം തകരാറിലാ. അത് നേരെയാവുമ്പോ ഞാന്‍ ഒരു ലൈക്ക് തരാം കേട്ടോ..

രണ്ടു ദിവസം കഴിഞ്ഞ് ആള്‍ വീണ്ടും വന്നു. വീണ്ടും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന കാര്യവും ചോദിച്ചാണ് വരവ്..

ഇവിടെ എന്താണ് എഴുതേണ്ടത്..? ഇവിടെ എന്തോ എഴുതാനുണ്ട്.?  

മാഷെ..അത് വെറുതെ ഒരു കോളം മാത്രമാണ്. ഒന്നും എഴുതിയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങള്‍ക്ക്‌ എന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ അവിടെ എഴുതാം. ഉദാ..ഞാന്‍ ബാത്ത് റൂമില്‍ പോവുകയാണ്....ഇപ്പോള്‍ കുളിച്ചു കൊണ്ടിരിക്കുകയാണ്...പല്ല് തേച്ചു കൊണ്ടിരിക്കുകയാണ്....പല്ല് തേപ്പ് കഴിഞ്ഞ് പല്ലിളിച്ചു കൊണ്ടിരിക്കുകയാണ്. എന്നിങ്ങനെ എന്ത് വേണമെങ്കിലും എഴുതാം..

എന്‍റെ തമാശ സഹിതമുള്ള മറുപടി കേട്ടപ്പോള്‍ പുള്ളിക്ക് വിശ്വാസമായില്ല എന്ന് തോന്നി.

ഒരാഴ്ച കഴിഞ്ഞ് അങ്ങേര് ദേ വീണ്ടും വരുന്നു...

അതേയ്..നാസര്‍ ഭായ്‌..ഇവിടെ എന്തോ എഴുതാനുണ്ട്..ഒന്ന് പറഞ്ഞു താ... ഇവിടെ എന്താണ് എഴുതേണ്ടത്.?

ഞാനിപ്പോള്‍ കണ്ണും മിഴിച്ച് ഇരിപ്പാണ്..