Wednesday, January 25

നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്‌..

     “രിജാലുല്‍ ഒയ്ബിന്‍റ ലോകത്ത്‌ ഔലിയാക്കള്‍ ഒരുമിച്ചു കൂടും. അവിടെ നടക്കുന്ന മഹാ സമ്മേളനത്തില്‍ ഖുതുബുസ്സമാന്‍ അധ്യക്ഷത വഹിക്കും. അങ്ങനെ ഒരു കാലത്തിന്‍റെ കുതുബ് സമാന്‍ ആയിരുന്നു നമ്മടെ മുഹിയുദ്ദീന്‍ ഷെയ്ഖ്‌. ഷെയ്ഖ്‌ ഖാദിര്‍ ജീലാനി അങ്ങ് ഇറാഖിലെ ബാഗ്ദാദില്‍ ജനിച്ചു വളര്‍ന്നവരാ...ചെറുപ്പത്തിലേ സത്യസന്ധതയും ദീനി നിഷ്ഠയും പുലര്‍ത്തിപ്പോന്ന ഷെയ്ഖ്‌ ഖാദിര്‍ ജീലാനി പിന്നീട് വലിയ വലിയ്യായി മാറി. അല്ലാഹുവിനോട് ഏറ്റവും അടുത്ത മഹാനായി ആ കാലത്ത്‌ നില നിന്നിരുന്ന, കാലത്തിന്‍റെ ഖുത്തുബ്‌ ആയിരുന്നു ജീലാനി. എന്നിട്ട് പിന്നീട്...എന്നിട്ട് പിന്നീട്..”


     എന്നിട്ട്, പിന്നീട്?, വല്ല്യുമ്മാ....വല്ല്യുമ്മ ഒറങ്ങാ, കഥ മുഴുമിക്ക്. നാസിയും ബാദുഷയും ഹഫീഫും ചാടിയെണീറ്റ് വല്യുമ്മയുടെ മുഖം പിടിച്ചുയര്‍ത്തി. വല്ല്യുമ്മ ഉറക്കം തൂങ്ങി വന്ന കണ്‍പോളകള്‍ തുറന്ന് അവരെ വീണ്ടും തറയിലിരുത്തി.


     “ശരി നിങ്ങളെല്ലാരും ഒറങ്ങാന്‍ കെടക്ക്..എന്നിട്ട് ബാക്കി പറയാം”.വല്യുമ്മ പറഞ്ഞു തീരും മുമ്പേ എല്ലാവരും എണീറ്റ്‌ ബെഡില്‍ മലര്‍ന്നു കിടന്നു.   


     “എല്ലാവരും ദിക്ര്‍ ചൊല്ല്.  കിടക്കുന്നതിനു മുമ്പ്‌ ദിക്ര്‍ ചൊല്ലണം ഇല്ലെങ്കില്‍ കോക്കാം പൂച്ച പിടിച്ചോണ്ട് പോവും”. വല്യുമ്മയുടെ ആജ്ഞ കേട്ടതും എല്ലാവരും എണീറ്റിരുന്ന് ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന് ചൊല്ലാന്‍ തുടങ്ങി. പത്തു ദിക്ര്‍ ചൊല്ലിക്കഴിഞ്ഞപ്പോള്‍ വീണ്ടും മലര്‍ന്നു കിടന്നു.


     “ഇനി കഥ പറ” മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു.


അവരുടെ കട്ടിലിന്‍റെ തല ഭാഗത്ത് ചാരിയിരുന്നു കാലും നീട്ടി മറിയുമ്മ കഥ പറഞ്ഞു തുടങ്ങി. “അങ്ങനെ ബാഗ്ദാദില്‍ ജനിച്ചു വളര്‍ന്ന മുഹിയുദ്ദീന്‍ ഷെയ്ഖ്‌ പ്രായ പൂര്‍ത്തിയായപ്പോള്‍ പഠനത്തിനു വേണ്ടി ദൂര ദേശത്തേക്ക് യാത്ര പുറപ്പെട്ടു. അങ്ങനെ ഒരു പാട് ദൂരം കാല്‍ നടയായി യാത്ര ചെയ്ത് അവസാനം ഒരു കാട്ടിലൂടെ കടന്നു പോവുകയായിരുന്നു...


     എന്തിനാ വല്യുമ്മ കാട്ടിലൂടെ പോവുന്നെ. തീവണ്ടിയിലോ ബസിലോ പോയാ പോരെ? ബാദുഷയുടെ ചോദ്യം.


     മക്കളെ, നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തീവണ്ടിം ബസ്സും ഒന്നും ഇല്ലാരുന്നു. ഒട്ടകത്തിന്‍റെ പുറത്തും കഴുതപ്പുറത്തുമായിരുന്നു അന്നൊക്കെ യാത്ര. പക്ഷെ, മുഹിയുദ്ധിന്‍ ശൈഖിന് ഒരു വണ്ടിയും ഉണ്ടായിരുന്നില്ല.. അങ്ങനെ നടക്കുമ്പോള്‍ വനം മദ്ധ്യേ കൊള്ളക്കാര്‍ ചാടി വീണു. മുഹിയുദ്ദീന്‍ ശൈഖിന് യാതൊരു ഭയവുമില്ലായിരുന്നു. കൊള്ളത്തളവന്‍ മുഹിയുദ്ദീന്‍ ശൈഖിന്‍റെ ഭാണ്ഡം അഴിച്ചു നോക്കി. പണമായി ഒന്നും കിട്ടിയില്ല. അയാള്‍ അവനോടു ചോദിച്ചു. നിന്‍റെ കയ്യില്‍ ഒന്നുമില്ലേ?


     ഒരിക്കലും കള്ളം പറയരുതെന്ന് ഉമ്മ പറഞ്ഞിരുന്നു. അതിനാല്‍ മുഹിയുദ്ദീന്‍ ഷെയ്ഖ്‌ കള്ളം പറഞ്ഞില്ല. ഉമ്മ അരയില്‍ കെട്ടിത്തന്ന വെള്ളിക്കാശ് മാത്രമാണ് തന്‍റെ കയ്യിലുള്ളതെന്ന്‍ സത്യം പറഞ്ഞു. അത് കേട്ട കൊള്ളത്തലവന്‍ ആശ്ചര്യപ്പെട്ടു പോയി. അവര്‍ ശൈഖിനോട് സത്യം പറയാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചു. എന്‍റെ ഉമ്മ ഒരിക്കലും കള്ളം പറയരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അങ്ങനെ.. അങ്ങനെ..


     ഉറക്കം തൂങ്ങുന്ന വല്യുമ്മയെ അവര്‍ വീണ്ടും തട്ടിയുണര്‍ത്തി..”വല്ല്യുമ്മ ബാക്കി പറ..”


     വല്ല്യുമ്മ വീണ്ടും കണ്ണ് തുറന്ന് പേരക്കുട്ടികളെ നോക്കി. “അല്ല മക്കളെ നിങ്ങക്ക് ഉറക്കം ഒന്നൂല്ലേ. നാളെ മദ്രസേലും സ്കൂളിലും പോണ്ടേ?”


മദ്രസേല്‍ പിന്നെ പോവാം. വല്ല്യുമ്മ കഥ പറ.. മൂവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.


മറിയുമ്മ കഥ തുടര്‍ന്നു. അങ്ങനെ മുഹിയുദ്ദീന്‍ ശൈഖിന്‍റെ സത്യസന്ധതയില്‍ സന്തുഷടനായ കൊള്ളത്തലവനും സംഘാംഗങ്ങളും മുഹിയുദ്ദീന്‍ ശൈഖിനെ ഒന്നും ചെയ്യാതെ വെറുതെ വിടുകയും അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്തു. കഥ മുഴുമിപ്പിച്ച മറിയുമ്മ അവരോടു ചോദിച്ചു. “അല്ല അത് പോട്ടെ.. ആരാ നിങ്ങക്കീ മുഹിയുദ്ദീന്‍ ശൈഖിനെക്കുറിച്ച് പറഞ്ഞന്നെ?


“ഞങ്ങള് വഴിയില്‍ ഒരു വല്ല്യാപ്പാനെ കണ്ടാരുന്നു. താടിയും തലമുടിയും നരച്ച, കറുത്ത കണ്ണട വെച്ച ഒരു വല്യപ്പാ. ആ വല്ല്യാപ്പ പറഞ്ഞതാ. വല്ല്യാപ്പാടെ പേര് സൈതാലി വല്ല്യാപ്പ എന്നാ. എപ്പോഴും എന്തോ പിറു പിറുത്തു നടപ്പാ..നാസിയാണ് ഇത് പറഞ്ഞത്‌. ബാദുഷയും ഹഫീഫും കണ്ണുകള്‍ മെല്ലെ അടച്ചു തുടങ്ങിയിരുന്നു. അവര്‍ കണ്ണ് തുറന്ന് വീണ്ടും കഥ കേള്‍ക്കാനായി കാതു കൂര്‍പ്പിച്ചു.  നാസി നിറുത്തിയിടത്തു നിന്ന് ഹഫീഫ്‌ തുടങ്ങി.


“ആ വല്ല്യാപ്പാക്ക് കണ്ണ് ശരിക്കും കാണില്ല. അതാ വല്ല്യ കണ്ണട വെച്ചിരിക്കുന്നത്. ആ കണ്ണട ഞാന്‍ മേടിച്ച് എന്‍റെ മുഖത്ത് വെച്ചപ്പോള്‍ പെട്ടെന്ന് ആകാശം ഇരുണ്ടു. ചുറ്റിലും ഇരുട്ടായിരുന്നു. മരങ്ങള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഒട്ടും നിറമില്ലായിരുന്നു. ആ വല്ല്യാപ്പ പറയാ. ആ വല്ല്യാപ്പയെ ഒരു പെണ്ണ് ചതിച്ചെന്ന്. ആ വല്ല്യാപ്പ ഒരു കാലത്ത് ഒരു പെണ്ണിനെ പ്രേമിച്ചത്ത്രെ. ആ പെണ്ണ് ഒരു പണക്കാരനെ കണ്ടപ്പോള്‍ ഈ വല്ല്യാപ്പാനെ മറന്നത്ത്രെ! അങ്ങനെ വെഷമം സഹിക്കാതെ വല്ല്യാപ്പ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ വല്ല്യാപ്പ മരിച്ചില്ല. കാഴ്ച ശക്തി നഷ്ടപ്പെട്ടത്രെ. വല്ല്യാപ്പ പറയാ ആ വഞ്ചകിക്ക് മാത്രമല്ല, പടച്ചോനും എന്നെ വേണ്ടാന്ന്. ‘വഞ്ചകി’ എന്നാ ആ പെണ്ണിന്‍റെ പേരെന്നു തോന്നുന്നു. ആ വല്ല്യാപ്പ ഇങ്ങനെ ‘വഞ്ചകി വഞ്ചകി’ എന്ന് പിറു പിറുക്കാ”.


മറിയുമ്മക്ക് ചിരി വന്നെങ്കിലും ഗൌരവം വിടാതെ എല്ലാവരെയും ശാസിച്ചു. “കണ്ട ഭ്രാന്തന്‍ കിളവന്മാരോട് കിന്നാരം പറയാന്‍ നടക്കരുത്‌. കുട്ട്യേളെ പിടുത്തക്കാരുള്ള കാലാ..നോക്കി നടക്കണം”.      


എല്ലാവരും നിശബ്ദരായി. പിന്നെ ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരും കണ്ണുകളടച്ചു മലര്‍ന്നു കിടന്നു. കുട്ടികള്‍ പതിയെ ഉറക്കം പിടിച്ചെന്നു കണ്ടപ്പോള്‍ മറിയുമ്മ മെല്ലെയെണീറ്റു പുറത്തു പോയി. ആരും കാണാതെ കണ്ണടയൂരി മുഖവും കണ്ണുകളും തുടച്ചു.


പിന്നെ സ്വയം പറഞ്ഞു. അവളുടെ പേര് വഞ്ചകിയെന്നല്ല. മറിയമെന്നാ. ഈ മറിയം ചതിച്ച മറ്റൊരുത്തന്‍ കൂടി. പണത്തിന്‍റെ ഊക്കില്‍ കാമുകന്മാരെ വട്ടു പിടിപ്പിച്ചു നടക്കുമ്പോള്‍ താന്‍ ആലോചിച്ചിരുന്നില്ല അത് പലരുടെയും ജീവിതം തകര്‍ക്കുമെന്ന്. കാമുകന്മാരെ മാറി മാറി പ്രണയിക്കുമ്പോള്‍ താന്‍ ആശിച്ചത് തന്‍റെ കല്യാണം നടക്കുമ്പോള്‍ കരയാന്‍ ഒരു പത്തു നൂറു പേരെങ്കിലും വേണമെന്നായിരുന്നു.ഒരു തരംതാണ ചിന്താഗതി. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തനിക്ക്‌ കാമുകന്മാരായിട്ടുണ്ടായിരുന്നു. സൗന്ദര്യവും പണക്കൊഴുപ്പും അഹങ്കാരത്തിന്‍റെ ആള്‍രൂപമായി തന്നെ മിനഞ്ഞെടുക്കുമ്പോള്‍ ഒരിക്കലും ഓര്‍ത്തില്ല താന്‍ തീര്‍ക്കുന്ന മുറിവുകള്‍ ഹൃദയങ്ങളിലായിരുന്നുവെന്ന്. ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍...


**************************************************************


·          രിജാലുല്‍ ഒയ്ബ് - അദൃശ്യ മനുഷ്യര്‍


·          ഖുതുബുസ്സമാന്‍ - ആ കാലത്തെ ഇമാം


·          വലിയ് – അല്ലാഹുവിനോട് അടുത്തവര്‍


·          ദിക്ര്‍ - അല്ലാഹുവിനെ സ്മരിക്കല്‍


·          ലാ ഇലാഹ ഇല്ലല്ലാഹു – അല്ലാഹുവല്ലാതെ ആരാധ്യനില്ല

Sunday, January 22

ഒരു ഗള്‍ഫുകാരന്‍റെ ആദ്യ ദിനങ്ങള് (‍നര്മ്മം)

    ഒരു ഗള്‍ഫുകാരന്‍റെ ആദ്യ ദിനങ്ങള്‍ രസകരമാണ്. അയാള്‍ക്ക് ഗള്‍ഫിനെക്കുറിച്ച് കേട്ട അറിവ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഗള്‍ഫിനെക്കുറിച്ച് കേട്ട അറിവ് പോലും ഇല്ലാത്തവര്‍ ആണ് ഗള്‍ഫില്‍ മറ്റുള്ളവര്‍ക്ക് നല്ല ചിരിക്ക് വക നല്‍കുന്നത്.


  അങ്ങനെയൊരു ഗള്‍ഫുകാരന്‍ നമ്മടെ അടുത്ത റൂമിലുമെത്തി.പുള്ളിയെ ആദ്യമൊക്കെ എല്ലാവരും സല്‍ക്കരിച്ചു. ആദ്യത്തെ ദിവസം കോഴിക്കറിയും പിന്നെ ഖുബ്ബൂസും. ഖുബ്ബൂസ്‌ ഇയാള്‍ കണ്ടപ്പോള്‍ ഒന്നന്ധാളിച്ചു പോയി എന്ന് പറയാം. ഇതെന്തൊരു വട്ടം!. ഹോ എന്തെങ്കിലുമാവട്ടെ ചിക്കന്‍ കറിയുണ്ടല്ലോ.അങ്ങനെ രണ്ടാം ദിവസവും വന്നണഞ്ഞു. അതെ, വീണ്ടും ചിക്കന്‍ കറി!!.ഹോ..


അങ്ങനെ മൂന്നാം ദിവസവും വന്നെത്തി. അതാ വരുന്നു വീണ്ടും ചിക്കന്‍ കറി. അങ്ങനെ വട്ടം കൂടിയിരുന്നു കഴിക്കുന്നതിനിടെ അയാള്‍ ഇങ്ങനെ പറഞ്ഞു. : “അതേയ് ഞാന്‍ പുതുതായി വന്നതൊക്കെ തന്നെ. എന്ന് വെച്ച് എന്നും ഇങ്ങനെ ചിക്കന്‍ വെച്ച് സല്‍ക്കരിക്കണമെന്നില്ല. ഇടക്ക് വല്ല പച്ചക്കറിയോ മീനോ വെച്ചാല്‍ മതി.കേട്ടോ...


ഹ ഹ ഹ ...അവിടെ ഒരു കൂട്ടച്ചിരി ഉയര്‍ന്നു.
കൂട്ടത്തില്‍ ഒരു വയസ്സന്‍: അതേയ്..മോനെ, ഇത് നിന്നെ സല്‍ക്കരിക്കാന്‍ വേണ്ടിയല്ല. ഇവിടെ ചെലവ് കുറഞ്ഞു കിട്ടുന്നത് ചിക്കന്‍ മാത്രമായത് കൊണ്ടാ ചിക്കന്‍ തന്നെ വെക്കുന്നത്. മനസ്സിലായോ..

Sunday, January 1

നാടകം – കോണ്‍ഗ്രസ് വധം (അഞ്ചാം ഭാഗം)

മാന്യ മഹാ ജനങ്ങളെ...


ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഇരണ്ടാമത് തോല്‍വി പ്രമാണിച്ച് ബി ജെ പി തന്നെ മിനഞ്ഞെടുത്ത ഒരു തറ നാടകം നിങ്ങള്‍ക്കായി ഈ വേദിയില്‍ സമര്‍പ്പിക്കുന്നു.


ഈ നാടകം നിങ്ങള്‍ക്കായി സംവിധാനം ചെയ്യുന്നത് : സുഷമാ സ്വരാജ്


ഈ നാടകം നിര്‍മ്മാണം : ബി ജെ പി കേന്ദ്ര കമ്മിറ്റി


അഭിനേതാക്കള്‍ : അണ്ണ ഹസാരെ, കിരണ്‍ ബേദി, പിന്നെ ഏതാനും കൂതറകളും...


നാടകത്തിന്‍റെ ഇതിവൃത്തം (അങ്ങനെയൊന്നില്ലെങ്കിലും) : ആദ്യം അണ്ണ ഹസാരെ സമരം നടത്തുന്നു. ഒരു ഗാന്ധിയന്‍റെ ഇമേജും ഒരു തൊപ്പിയും പിന്നെ കുറെ ശിങ്കിടികളും കൂടെക്കൂടിയാല്‍ സമരം ആരംഭിക്കുന്നതായിരിക്കുന്നതായിരിക്കുന്നതായിരിക്കും.  


സമരം വിജയിച്ചാല്‍ അടുത്ത പടി രാം ദേബിന്‍റെ സമരം. രാം ദേബിന്‍റെ സമരത്തില്‍ പ്രശസ്ത നര്‍ത്തകിയും മറ്റെന്തൊക്കെയോ ഒക്കെ ആയ സുഷമാ സ്വരാജിന്‍റെ ഡാന്‍സും പിന്നെ ഏതാനും കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.


രാം ദേബിന്‍റെ ബെല്ലി ഡാന്‍സ് ഇതിലെ ഒരു പ്രധാന ഇനമായിരിക്കും. 


രാം ദേബിന്‍റെ സമരം വിജയിക്കാതെ വന്നാല്‍ ചാവുന്നതിനു മുമ്പ്‌ രവി ശങ്കറെ വിട്ട് അവിടെ നിന്നും എണീറ്റ് പൊയ്ക്കോളൂ ഇല്ലെങ്കില്‍ അത് വരെ ഉണ്ടാക്കിയതൊക്കെ നായ നക്കിപ്പോവും എന്ന് പറയുക.  


സമരം പൊളിഞ്ഞാല്‍ ഹസാരെ വീണ്ടും രംഗത്ത് വരുന്നു. വീണ്ടും പട്ടിണി കിടന്നു ചാവാന്‍ ശ്രമിക്കുന്നു. ഇത് കണ്ട് ജനങ്ങളില്‍ സഹതാപ തരംഗം ഉയരുന്നു. അങ്ങനെ ചാവുന്നതിനു മുമ്പ്‌ ഗവന്‍മെന്‍റ് ഇടപെട്ടാല്‍ ജീവനോടെ ആശുപത്രിയിലെത്തിക്കുന്നു. അതല്ലെങ്കില്‍ അവിടെത്തന്നെ കുഴിച്ചു മൂടി അവിടെ ഒരു സമാധി മന്ദിരം പണിയുന്നു.


പിന്നെ അതിന്‍റെ മേലെ കേറിയിരുന്ന് ബി ജെ പി അടുത്ത ബെല്ലി ഡാന്‍സ് നടത്തുന്നു.


ഇനി വിജയിച്ചാല്‍ തന്നെ ലോക്പാല്‍ ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കാതെ ബി ജെ പി എതിര്‍പ്പുമായി രംഗത്ത് വരുന്നു. പാര്‍ലിമെന്‍റില്‍ ബഹളം വെക്കുന്നു. മറു വശത്ത് അണ്ണ ഹസാരെ വീണ്ടും പട്ടിണി കിടന്നു ചാവാന്‍ ശ്രമിക്കുന്നു.


ഇതിനു രണ്ടിനിടയിലും കിടന്ന് കോണ്‍ഗ്രസ്‌ നട്ടം തിരിയുന്നു.


അങ്ങനെ ബില്‍ പാസ്സാക്കാന്‍ പറ്റാതെ കോണ്‍ഗ്രസ്‌ പരാജയപ്പെടുന്നു. പക്ഷെ, ഇനി ബില്‍ പാസാക്കിയാല്‍ തന്നെ സി ബി ഐ യെ ബില്ലിന്‍റെ പരിധിയില്‍ കൊണ്ട് വന്നില്ല എന്ന് പറഞ്ഞ് വീണ്ടും പട്ടിണി കിടക്കല്‍. ഇനി ആ മണ്ടന്‍മാരായ കോണ്‍ഗ്രസുകാര്‍   സി ബി ഐ യെ കൊണ്ട് വന്നാല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെ ബില്ലിന്‍റെ പരിധിയില്‍ കൊണ്ട് വന്നില്ല എന്നും പറഞ്ഞ് വീണ്ടും പട്ടിണി കിടക്കുക.


പട്ടിണി കിടന്ന് ചാവുമെന്ന് തോന്നിയാല്‍ മൂടും തട്ടി എണീറ്റ് പോവുക.


പിന്നെ ഭ ഭ ഭ പറയുക. എന്നിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും വളിച്ച മുഖവുമായി മുങ്ങുക.


ഈ കഥയില്‍ പറയുന്ന കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികം മാത്രമാണ്. ഇതിലെ കഥാപാത്രങ്ങള്‍ക്കോ കഥക്കോ സമകാലിക സംഭവ വികാസങ്ങളുമായി വല്ല സാദൃശ്യവും തോന്നിയാല്‍ അടുത്തുള്ള കള്ള് ഷാപ്പില്‍ പോയി പരാതി പറയുക. അവര്‍ നിങ്ങളുടെ പ്രശനം  പരിഹരിക്കുന്നതാണ്.