Monday, June 27

നാട് - എന്‍റെ സ്വന്തം നാട് – കക്കാട്ടിരിലോകത്തിന്‍റെ ഏതു കോണില്‍ പോയാലും നാം സ്നേഹിക്കുന്നവരും നമ്മെ സ്നേഹിക്കുന്നവരും ഹൃദയത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ ഒരു പൊട്ടു പോലെയെങ്കിലും നമ്മെ ഓര്‍ത്തു വെക്കുമെന്ന സത്യം നാമറിയാതെ പോയി. ഇതാണ് എന്‍റെ നാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വരുന്ന വരികള്‍. മനുഷ്യരെ മാത്രമല്ല നാം സ്നേഹിക്കുന്നത്, മരങ്ങളെയും കുന്നുകളെയും പാടങ്ങളെയും താഴ്വരകളെയും അരുവികളെയും പുഴകളെയും തോടുകളെയും പുല്‍മേടുകളെയും പൂക്കളെയും ചെടികളെയും എന്തിന് പ്രകൃതിയില്‍ നമുക്കാസ്വാദ്യമായ എന്തിനെയും നാം അതിരറ്റ് സ്നേഹിക്കുന്നു. നാടെന്നും നമുക്ക് ഗൃഹാതുരത്വമുണര്ത്തുന്ന ഒരോര്‍മ്മയാണ്. നമ്മെ കൈക്കുമ്പിളില്‍ കൊണ്ട് നടന്ന് നമ്മെ നാമാക്കിയ നാടും വീടും നമുക്ക്‌ മറക്കാനാവില്ല.

കുന്നും മലയും താഴ്വരയും കാടും മേടും വയലും തോടും തോട്ടങ്ങളും അമ്പലങ്ങളും മസ്ജിദുകളും എല്ലാം സമ്മേളിക്കുന്ന പ്രകൃതിരമണീയമായ ഒരിടമാണ് എന്‍റെ സ്വന്തം നാട്. പട്ടാമ്പിയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെ തൃത്താലയുടെയും ആലൂരിന്‍റെയും കൂറ്റനാടിന്‍റെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കക്കാട്ടിരി.


ഓര്‍മ്മകള്‍ പിന്നിലേക്കൊടുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് കളിച്ചു വളര്‍ന്ന കറുകപ്പുല്‍ മൈതാനങ്ങളും, റബ്ബര്‍ എസ്റ്റേറ്റുകളും, കുന്നിന്‍ ചെരിവുകളും, സ്കൂള്‍ ഗ്രൗണ്ടുകളും, കൂറ്റന്‍ മാവുകളും ആല്‍മരങ്ങളും നിറഞ്ഞ ആല്‍ത്തട്ടും, ഒരേ ഒരാല്‍ മാത്രം നില്‍ക്കുന്ന വട്ടത്താണിയുമെല്ലാമാണ്.

മഴക്കാലത്ത് ആമ്പല്‍ നിറഞ്ഞ കായല്‍പ്പാടം പുഴ പോലെ ഒഴുകും. വെള്ളം തോട്ടിലൂടെ ഒഴുകി എത്തിച്ചേരുന്നത് ഭാരതപ്പുഴയിലാണ്. ഈ കായല്‍പ്പാടത്ത് ചങ്ങാടമിറക്കലാണ് അന്നത്തെ പ്രധാന വിനോദം. മഴയും വെയിലും വകവെക്കാതെ, ഒരു തോര്‍ത്തുമുണ്ടും ചുറ്റി ഞങ്ങള്‍ പകലന്തിയോളം ചങ്ങാടത്തില്‍ ചുറ്റിയടിക്കും. പാടത്തിനു നടുവിലൂടെ ഒഴുകുന്ന തോടും മുറിച്ചു കടന്ന് അക്കരെതുരുത്തില്‍ തൊട്ട് തിരിച്ചു വരും. ഏക്കറോളം വരുന്ന ഈ തുരുത്ത് ഇന്ന് മേഴത്തൂര്‍ വൈദ്യമഠത്തിന്‍റെ മരുന്ന് തോട്ടമാണ്. എത്രയോ കാലമായി ആ തുരുത്തും കായല്പ്പാടവും അന്യമായിത്തീര്‍ന്നിട്ട്.......തിരിച്ചു വരുമ്പോള്‍ ആമ്പല്‍ പൂക്കള്‍ ചുണ്ടോടുപ്പിച്ചാണ് ഞങ്ങള്‍ വരുക. മഴത്തുള്ളികള്‍ വീണ സുഗന്ധമാണ് ആമ്പല്‍പ്പൂവിനെന്നു വിശ്വസിക്കാനായിരുന്നു ഞങ്ങള്‍ക്കിഷടം.

ഇന്നിന്‍റെ തലമുറയെ കാണുമ്പോള്‍, ആ പഴയ കാലം ഓര്‍ത്തു പോവും. എവിടെയോ എന്തോ കൈമോശം വന്നെന്ന തോന്നല്‍. ഒരു വിങ്ങലോടെ, ഹൃദയത്തില്‍ നേര്‍ത്ത നൊമ്പരങ്ങളോടെ, കണ്ണുകളില്‍ ഈറനോടെ നാം ഓര്‍ത്തെടുക്കുന്ന ചിലതുണ്ട്; കൂടെ കളിച്ചു നടന്ന ബാല്യകാല സഖി, ആരോരുമറിയാതെ നാം ഹൃദയത്തില്‍ കൊണ്ട് നടന്ന പ്രണയിനി, പെരുത്തിഷ്ടമായിട്ടും ഇഷ്ടമെന്നൊരു വാക്ക് പോലും പറയാതെ എങ്ങോ മറഞ്ഞു പോയ ഇഷ്ടക്കാരി....അങ്ങനെയങ്ങനെ.....

പൂരവും നേര്‍ച്ചയും മാറി ദേശോല്സവമായി മാറിയ നാടിന്‍റെ വാര്‍ഷികോത്സവം പലര്‍ക്കും ഹരമാണ്. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍, ഇക്കാക്ക മുജീബ്‌ന്‍റെ കൂടെ തൃത്താല നേര്‍ച്ച കാണാന്‍ പോയ ഓര്‍മ്മയുണ്ട്. കുട്ടിക്കാലത്തെ കൌതുകങ്ങളായിരുന്നു ആനയും വാദ്യമേളങ്ങളും ഘോഷയാത്രയും പിന്നെ കച്ചവടക്കാര്‍ നിരത്തുന്ന മുറുക്ക്, അലുവ, ജിലേബി, പൊരി, ആറാം നമ്പര്‍, എന്ന് തുടങ്ങി കൈ കൊണ്ട് തട്ടുന്ന ഉരുളന്‍ ബലൂണും, വാളന്‍ പുളി പോലത്തെ നീളന്‍ ബലൂണും, കറങ്ങുന്ന പമ്പരവും, കളിത്തോക്കും, കളിപ്പാവയും എല്ലാം. ഇതെല്ലാം കിട്ടണമെങ്കില്‍ ഉത്സവം തന്നെ വരണം. കടകളില്‍ കിട്ടുമായിരുന്നെങ്കിലും കുട്ടികളായ ഞങ്ങളെ പറഞ്ഞു പറ്റിച്ചിരുന്നത് അടുത്ത പൂരത്തിന് വാങ്ങിത്തരാം അല്ലെങ്കില്‍ അടുത്ത നേര്‍ച്ചക്ക് വാങ്ങിത്തരാം എന്നൊക്കെ പറഞ്ഞാണ്. ഞങ്ങളുടെ ധാരണ അത് ഉല്‍സവത്തിന് മുമ്പ്‌ ഉണ്ടാക്കിയാലേ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു. പട്ടണം കാണാത്ത കൊച്ചു കുട്ടിക്ക്‌ ഇങ്ങനെയൊക്കെയല്ലേ ചിന്തിക്കാനാവൂ.

പട്ടാമ്പി പാലത്തിലൂടെ നന്നേ ചെറുപ്പത്തില്‍ ഒരു കല്യാണത്തിനു പോയതായി ഓര്‍ക്കുന്നുണ്ട്. അന്ന് കോരിച്ചൊരിയുന്ന മഴയത്ത് ബസ്സിന്റെ മൂടിയിട്ടിരുന്ന കര്‍ട്ടന്‍ മാറ്റിയപ്പോള്‍ കണ്ടത്‌ നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയാണ്. വെള്ളം കവിഞ്ഞ് പാലത്തിനൊപ്പം നില്‍ക്കുന്ന കാഴ്ച എല്ലാവരെയും കാണിക്കാന്‍ വേണ്ടിയാണ് ആരോ കര്‍ട്ടന്‍ ഉയര്‍ത്തിയത്‌. ചെറുപ്പത്തില്‍, പുഴ ഒരു കൌതുകമായിരുന്നു. തൃത്താല പുഴയോരത്ത്‌ പോയി മണിക്കൂറുകളോളം മണലില്‍ കുത്തിയിരിക്കും. അങ്ങകലെ നിന്നും ട്രെയിന്‍ പോകുന്നത് കാണാം. കൂകിപ്പായും ചേരട്ടയെന്നു കടങ്കഥ പോലെ പറഞ്ഞു നടന്നിരുന്ന ട്രെയിന് മറ്റൊരു വിസ്മയമായിരുന്നു. പുഴയോരത്ത് നിന്നും എണീറ്റ് പോകുമ്പോള്‍ മണലില്‍ പണിത സ്വപ്നഭവനം ചവിട്ടിമെതിച്ചിട്ടെ പോവുകയുള്ളൂ...............

*********************************************************************************************

ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഒരു ബ്രിട്ടിഷുകാരന്‍ സായിപ്പ്‌ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു (തല്ക്കാലം ഇവിടെ മലയാളത്തില്‍ എഴുതുന്നു. ഇതിന്‍റെ കമന്റില്‍ ആരും ഡാ മണ്ടന്‍ നാസരെ സായിപ്പ്‌ മലയാളം പറയുമോ എന്നൊന്നും ചോദിക്കാതിരുന്നാല്‍ മതി.)

നാസറിന് കുവൈത്ത്‌ പൌരത്വം തന്നാല്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കാന്‍ തയാറാവുമോ?(വല്ലവന്‍റെയും വാരിക്കൊരിത്തരാന്‍ സായിപ്പ്‌ പണ്ടേ കേമനാണല്ലോ)

ഞാന്‍ നിസ്സംശയം പറഞ്ഞു : ഇല്ല!

സായിപ്പ്‌ : ഇവിടെ നിന്ന് നല്ലൊരു പെണ്ണിനെയും കല്യാണം കഴിച്ചു തരാം

വീണ്ടും എന്‍റെ മറുപടി ഉപേക്ഷിക്കില്ലഎന്ന് തന്നെയായിരുന്നു. (പെണ്ണെന്ന് പറഞ്ഞത്‌ നിങ്ങടെ അയല്‍ക്കൂട്ടത്തില്‍ നെരങ്ങുന്ന പെണ്ണല്ല എന്ന് സായിപ്പ്‌ പറഞ്ഞോ എന്തോ എനിക്കോര്‍മ്മയില്ല).

സായിപ്പ്‌ വീണ്ടും: നാസര്‍, ഇഷ്ടം പോലെ പണവും തരാം. പൌരത്വം ക്യാന്‍സല്‍ ചെയ്തു കൂടെ? ( അയാള്‍ക്ക് ഇന്ത്യക്കാരനാവാന്‍ കഴിയാത്തതിലുള്ള അസൂയ കൊണ്ടാണ് ഈ ചോദ്യമെന്ന് എനിക്ക് തോന്നി).

വേണ്ട സായിപ്പേ എനിക്ക് നിങ്ങള്‍ കോടികള്‍ തന്നാലും എന്‍റെ പൌരത്വം ഞാന്‍ ക്യാന്‍സല്‍ ചെയ്യില്ല.

അപ്പോള്‍ സായിപ്പിന് അതിന്‍റെ കാരണം അറിയണം.

ഞാന്‍ കൂസലില്ലാതെ പറഞ്ഞു. ഒരു പക്ഷെ നിങ്ങളുടെ കണ്ണില്‍ ഇന്ത്യ ഒരു ദരിദ്ര രാജ്യമായിരിക്കാം. (ഞാന്‍ ഇത് പറഞ്ഞെങ്കിലും സായിപ്പ് എന്നോട് പറഞ്ഞത്‌ ഇന്ത്യ വമ്പന്‍ സാമ്പത്തിക ശക്തിയാണ് എന്നായിരുന്നു – എന്തോ അദ്ദേഹം ഇന്ത്യയെ ഏതു വഴിയില്‍ വച്ചാണാവോ കണ്ടത്‌! - എന്തായാലും ഞാന്‍ അയാളുടെ തെറ്റിദ്ധാരണ മാറ്റി). ഞാന്‍ അതിനെ എതിര്‍ക്കുന്നില്ല. ഇന്ത്യയില്‍ പട്ടിണിപ്പാവങ്ങളുണ്ട്, വേശ്യകളുണ്ട്- എന്നിട്ടും ബലാല്‍സംഗവും പെണ്‍വാണിഭവും ഉണ്ട്, (സപ്ലൈയും ഡിമാന്‍ഡും ആനുപാതികമായി വരാത്തത് കൊണ്ടായിരിക്കാം എന്ന് സായിപ്പ്‌) കള്ളമ്മാരും കൊള്ളക്കാരും പോക്കറ്റടിക്കാരും നരേന്ദ്രമോഡികളും ഉണ്ട്. തൊഴിലില്ലായ്മയുണ്ട്, അഴിമതിയുണ്ട്, ( ഇതെല്ലാം എന്നെ രോമാഞ്ചം കൊള്ളിക്കുന്നു എന്ന് കാട് കയറി ചിന്തിക്കല്ലേ, ഞാന്‍ ഒന്ന് മുഴുമിച്ചോട്ടെ) എന്നതെല്ലാം ഞാന്‍ സമ്മതിച്ചു തരാം. അത് കൊണ്ട് ഇന്ത്യ സ്വര്‍ഗമാണെന്ന അവകാശ വാദമൊന്നും എനിക്കില്ല. ആ സര്ട്ടിഫിക്കറ്റും നിങ്ങള്‍ തരണ്ട. പക്ഷെ, കേരളം ഞങ്ങള്‍ക്ക്‌ സ്വര്‍ഗതുല്യമാണ്. അത് കൊണ്ടാണ് നിങ്ങള്‍ സായിപ്പ്‌ തന്നെ കൊച്ചു കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിച്ചത്. ആ നാട് വിടാന്‍ എനിക്ക് പറ്റില്ല.

ഈ കേരളത്തിലെ ഒരു കോണിലാണ് എന്‍റെ നാട്. ഒരു പക്ഷെ, നമ്മുടെ നാട് നമുക്ക് പ്രിയങ്കരമാവുന്നത് നാം അവിടെ ജനിച്ചു വളര്‍ന്നു എന്ന കാരണം കൊണ്ട് മാത്രമായിരിക്കാം. ആ ഓര്‍മ്മകള്‍ മാത്രമായിരിക്കാം നമ്മെ നമ്മുടെ നാടുമായി ബന്ധിപ്പിക്കുന്ന ഒരദൃശ്യ കണ്ണി. നമ്മുടെ നാട് നമുക്ക് പ്രിയങ്കരമാവുന്നത് പോലെ മറ്റുള്ളവര്‍ക്കും പ്രിയങ്കരമാവണമെന്നില്ല. ഇവിടെ വരുന്ന അന്യ നാട്ടുകാര്‍ക്ക്‌ ഒരല്‍പ നേരത്തെ വിസ്മയക്കാഴ്ചകള്‍ നല്‍കാന്‍ മാത്രമേ ഈ നാടിന്‍റെ സൌന്ദര്യം കൊണ്ടാവൂ. അതിലപ്പുറം അന്യനായ ഒരാളെ എവിടെയെങ്കിലും തളച്ചിടാന്‍ ഈ നാടിനെന്നല്ല ഒരു നാടിനും കഴിയില്ല. ഗൃഹാതുരത്വം (Nostalgia or homesickness) തന്നെയാണ് കാരണം.  

Sunday, June 19

പ്രവാസജീവിതം - ഒരു മടുപ്പിക്കുന്ന ഓര്‍മ്മ.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ബിരുദാനന്തരബിരുദം കക്ഷത്തില്‍ കൊണ്ട് നടക്കുന്ന കാലം. ഒരു ജോലിക്ക് വേണ്ടിയുള്ള തിരച്ചില്‍ എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് ഫ്രീ വിസയുടെ രൂപത്തില്‍ വന്ന ദൈവ നിയോഗവുമായി കുവൈത്തിലേക്ക് വണ്ടി കയറിയത്. അന്ന് വരെ അറബിക്കഥകളില്‍ കേട്ട മരുഭൂമിയും കൊട്ടാരക്കെട്ടുകളും ഒട്ടകങ്ങളും എല്ലാം നേരില്‍ കാണാന്‍ പോവുകയാണ്. പക്ഷെ, അതിന്‍റെ ഒന്നും ത്രില്ലിലായിരുന്നില്ല ഞാന്‍. സ്വന്തം നാട്ടിലല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഒരു നല്ല ജോലി എന്ന ഒരു സ്വപ്നം മാത്രമേ എന്‍റെ മനസ്സിലുണ്ടായിരുന്നുള്ളൂ.
എന്തൊക്കെയായിരുന്നു പ്രതീക്ഷകള്‍- ധാരാളം സമ്പാദിക്കണം, വീട് വെക്കണം, കാറ് വാങ്ങണം, താന്‍ ഇഷ്ടപ്പെടുന്ന തന്നെ ഇഷ്ടപ്പെടുന്ന പെണ്ണിനെ തന്നെ കല്യാണം കഴിക്കണം. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളുമായി ഓരോ പ്രവാസിയെയും പോലെ ഈയുള്ളവനും. ആശകള്‍ക്ക് ഒട്ടും കുറവില്ലായിരുന്നു. അങ്ങനെ ഒരു ഒക്ടോബര്‍ 8 നു റമളാന്‍ മാസത്തിലെ നോമ്പ് തുറയോടെ വിമാനം കയറിയ ഞാന്‍ ആകാശലോകത്തിലൂടെ കുവൈത്തില്‍ പറന്നിറങ്ങി.
കുവൈറ്റ്‌ അന്ന് വരെ കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ ഒരുക്കി എന്‍ മുന്നില്‍ നിറഞ്ഞു നിന്നു. വിശാലമായ പാതകള്‍, ചീറിപ്പായുന്ന വാഹനങ്ങള്‍, വാഹനങ്ങള്‍ കറങ്ങിയിറങ്ങുന്ന പാലങ്ങള്‍, റോഡുകള്‍, റിങ്ങുകള്‍, റൌണ്ടുകള്‍, പൂന്തോട്ടങ്ങള്‍, വഴിയോരം വിടര്‍ന്നു നില്‍ക്കുന്ന നാനാവര്‍ണങ്ങളിലുള്ള പൂക്കള്‍, സ്ഥലപ്പേര് മാറുന്നതിനനുസരിച്ച്  ഗാര്‍ഡനുകള്‍, സ്റ്റേഡിയങ്ങള്‍, പാര്‍ക്കുകള്‍, ഫയര്‍ സ്റ്റേഷന്‍, കോ ഓപരേടിവ് സൊസൈറ്റികള്‍, പോലീസ് സ്റ്റേഷന്‍, തിരിയുന്ന ദിക്കിലെല്ലാം കണ്ണെത്തുന്നിടത്ത് മസ്ജിദുകള്‍, നമ്മുടെ നാലു വരിപ്പാതയോളം വരുന്ന സ്ട്രീറ്റ്‌ റോഡുകള്‍. ആദ്യമെല്ലാം അത്ഭുതമായിരുന്നു. വീഡിയോ ഗെയിമുകളില്‍ നാം കാണാറുള്ള മാരിയോയെ പോലെ ഇടുങ്ങിയ വഴികളും, ഗട്ടറുകളും, തീക്കൊള്ളികളും തരണം ചെയ്ത് കോട്ട പിടിച്ചടക്കിയ പ്രതീതി.
എല്ലാം ആധുനികവല്‍ക്കരിച്ച ഒരു ഉട്ടോപ്യന്‍ രാഷ്ട്രം എന്ന് പറയാം. ഇവിടെ അധ്വാനിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം പണിയാം. അങ്ങനെ സ്വര്‍ഗ്ഗം പണിയാന്‍ വന്നവരുടെ കൂട്ടത്തില്‍ ഒരുവനായി ഞാനും താമസം തുടങ്ങി. ഇനി ജോലി കണ്ടെത്തണം. തിരച്ചില്‍ തുടങ്ങണമെങ്കില്‍ ബത്താക്ക(വത്തക്കയല്ല) കിട്ടണം. ബത്താക്ക കിട്ടാന്‍ ഒന്ന് രണ്ടു മാസമെടുക്കും. രണ്ടു മാസം റൂമില്‍ ചടഞ്ഞിരിക്കണം. അതൊരു വിഷയമേയല്ലായിരുന്നു. ആദ്യമെല്ലാം എങ്ങനെ ജോലി കണ്ടെത്തും അല്ലെങ്കില്‍ എന്ത് ജോലി കണ്ടെത്തും എന്നുള്ള ആശങ്കകളെല്ലാം ഉണ്ടായിരുന്നെങ്കിലും പിന്നീടതെല്ലാം മാറി. അതിനിടയില്‍ കുറെ മുഖങ്ങള്‍ വന്നു പൊയ്ക്കൊണ്ടിരുന്നു. തന്നെത്തേടി വന്ന തന്‍റെ നാട്ടുകാരുടെ ഫോണ്‍ കോളുകള്‍, കുശലാന്വേഷണങ്ങള്‍, ജോലി വാഗ്ദാനങ്ങള്‍, പ്രോത്സാഹനങ്ങള്‍ എല്ലാം രണ്ടും കയ്യും നീട്ടി സ്വീകരിച്ചു.
റൂമില്‍ താന്‍ മാത്രമായിരുന്നില്ല. തന്നെപ്പോലെ, ഫ്രീ വിസയില്‍ വന്ന  മറ്റു നാല് പേര്‍ കൂടി ഫ്രീയായി ഇരിക്കുന്നുണ്ടായിരുന്നു. ബഷീറും, ലിശാരും, നജ്മുവും തന്നെക്കാള്‍ മുന്നേ വന്നവരാണ്. ഒരേ ഫ്ലൈറ്റില്‍ ആയിരുന്നെങ്കിലും പരസ്പരം കാണാതെയാണ് ഞാനും സൈഫുവും റൂമില്‍ വന്നു പെട്ടത്. ഇവരെല്ലാം ഒരുമിച്ചപ്പോള്‍, താന്‍ ഭയന്ന ഏകാന്തത തന്നില്‍ നിന്നും വിട്ടുനിന്നു. ജീവിതം മറ്റൊരു ഗതിയിലേക്ക് വഴി മാറുകയാണ്.
പ്രവാസ ജീവിതത്തിന്‍റെ രുചിയറിഞ്ഞ ആദ്യ നാളുകളില്‍ തന്നെ എനിക്കെന്തോ ഒരു തരം മടുപ്പായിരുന്നു. എല്ലാം ഇട്ടെറിഞ്ഞു പോവണമെന്ന് ഓരോ വര്‍ഷം കഴിയുമ്പോഴും ആഗ്രഹിക്കും. പക്ഷെ, ഓരോ വര്‍ഷവും നാട്ടിലെത്തുമ്പോള്‍, കുണ്ടും കുഴിയും നിറഞ്ഞ റോഡും, ആഴ്ച തോറുമുള്ള ഹര്‍ത്താലും, കിലോമീറ്ററുകള്‍  താണ്ടുന്നതില്‍ താന്‍ ചിലവഴിക്കേണ്ടുന്ന സമയ ദൈര്‍ഘ്യത്തിലുള്ള വ്യത്യാസവും, നാറുന്ന മൂത്രപ്പുരകളും, ബസ്‌ സ്റ്റാണ്ടുകളും, കുളിക്കില്ലെന്ന വാശിയില്‍ ഓടുന്ന ബസ്സുകളും, പിന്നെ പ്രകൃതിയുടെ വികൃതി പോലെ നിര്‍ത്താതെ പെയ്യുന്ന മഴയും(മഴ അനുഗ്രഹമാണ്), വേനല്‍ വരുമ്പോള്‍ വറ്റി വരളുന്ന കുടി വെള്ള പൈപ്പുകളും, കിണറുകളും എല്ലാം തന്നെ വീണ്ടും മണലാരണ്യത്തിലെ കൊടും ചൂടിലേക്ക് തിരിച്ചു വണ്ടി  കയറാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
ചിലതെല്ലാം പ്രകൃതി നമുക്ക് വാരിക്കോരി തന്നിട്ടുണ്ട്.തോടുകളും പാടങ്ങളും ഒഴുകുന്ന പുഴകളും കുന്നുകളും താഴ്വരകളും എങ്ങു നോക്കിയാലും കാണുന്ന പച്ചപ്പുകളും കാണുമ്പോള്‍ ഓര്‍ക്കും എന്‍റെ നാട് ദൈവത്തിന്‍റെ സ്വന്തം നാടാണെന്ന്. പണത്തിന്‍റെ പൂച്ചില്‍ അത്തറും പൂശി നിലം തൊടാതെ നടക്കുന്ന അറബികളെ കാണുമ്പോള്‍ ഞാന്‍ മനസ്സില്‍ പറയും: “അറബി മക്കളെ, ഇങ്ങനെ ഞെളിയാന്‍ മാത്രം എന്താണ് നിങ്ങള്‍ക്കുള്ളത്? ഒരു കാറ്റടിച്ചാല്‍ പൊടി നിറയുന്ന നിന്‍റെ നാല് നില ബംഗ്ലാവോ? അതോ മത്സരിച്ച് നീ പണിയുന്ന നാല്‍പതും അമ്പതും നിലകള്‍ വരുന്ന കെട്ടിട സമുച്ചയങ്ങളോ. ഇതൊക്കെയുണ്ടെങ്കിലും, കാറ്റ്‌ കൊള്ളാന്‍ നിനക്കൊന്നു പുറത്തിറങ്ങാന്‍ പറ്റോ? നിനക്ക് കൊള്ളാം നല്ല ചൂടന്‍ കാറ്റ്‌, തണുപ്പ് കാലത്താണെങ്കില്‍ നല്ല ഐസന്‍(ice) കാറ്റും. ഇതാണ് നിന്‍റെ ഗതി. നിനക്ക് നിന്‍റെ എണ്ണപ്പണം നിന്‍റെ വീട്ടിന്‍റെ ഉള്ളില്‍ വെച്ച് സുഖിക്കാം. പുറത്തിറങ്ങി നടക്കണമെങ്കില്‍, കടപ്പുറത്ത് മലര്‍ന്നു കിടക്കണമെങ്കില്‍ വാ എന്‍റെ നാട്ടിലേക്ക്. അവിടെ കാറ്റിനു കുളിര്‍മയാണ്. നിന്‍റെ ദേഹമാസകലം അത് കുളിര് കൊരിയിടും. നിന്‍റെ ഉഷ്ണം അത് തുടച്ചെടുക്കും. നീ കേട്ടോ, നിനക്ക് പണം വാരിക്കൊരിത്തന്നെങ്കില്‍ ഞങ്ങള്‍ക്ക്‌ പടച്ചോന്‍ പ്രകൃതിയാണ് തന്നത്.
ഈ ദുനിയാവിന്‍റെ സൌന്ദര്യം മുഴുവന്‍ എന്‍റെ നാട്ടിലാണ്. തെളിനീരോഴുകുന്ന പുഴ നിന്‍റെ ഏതു കോത്താഴത്താണ് ഉള്ളത്. അതില്‍ ചാടിക്കുളിക്കുന്ന സുഖം നിന്‍റെ അറബിക്കടലില്‍ കിട്ടോ? കിട്ടോഡാ ബ്ലഡി ഫൂള്‍.
അതാണ്ട ഞങ്ങടെ ഗോഡ്സ്‌ ഓണ്‍ കണ്ട്രി. ഞങ്ങളുടെ മണ്ണില്‍ വീണ വിത്തെല്ലാം താനെ മുളക്കും. നിന്‍റെ മണ്ണില്‍ നീ അതിന് വെള്ളം ഒഴിച്ച് വെള്ളം കുടിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. നിനക്ക് ഒരു ധാരണയുണ്ട്. നീ അറബിയാണ്. നിങ്ങളുടെ നാട്ടുകാരനാണ് പ്രവാചകന്‍ മുഹമ്മദ്‌ നബി(സ). പക്ഷെ, ഈ പ്രവാചകന്‍ ഇന്ന് ഞങ്ങടെ കൂടെയാ. ലോകത്തിലെ ശുദ്ധരും നിഷ്കളങ്കരും ഭക്തരുമായ മുസ്ലിംകളുടെ കൂടെ. അവനാണ് ഇന്ന് പ്രവാചകന്‍റെ അനുയായികള്‍, അവകാശികള്‍. അവരാണ് സുന്നത്ത്‌ മുറുകെപ്പിടിക്കുന്നവര്‍. നിനക്ക് ഇന്നലെ വരെ ബുഷ്‌ ആയിരുന്നു നിന്‍റെ നേതാവ്. ഇന്ന് ഒബാമയാണ്. അവര്‍ പറയുന്നതാണ് നിനക്ക് വേദ വാക്യം. ആ സാമ്രാജ്യത ദുഷ്പ്രഭുക്കള്‍ക്ക് നിന്‍റെ ഭൂമി നീ പണയം വെച്ചു. അവര്‍ പറഞ്ഞാല്‍ നീ പള്ളികള്‍ നേരത്തെ അടക്കും. സകാത്ത് ഫണ്ട് പൂട്ടിക്കും. തോന്നുന്നിടത്തെല്ലാം അവരുടെ അഴിഞ്ഞാട്ടം അനുവദിക്കും. തിന്നും കുടിച്ചും കൂത്താടുമ്പോള്‍ നീ ആലോചിച്ചില്ല പലസ്തീന്കാരാ, നിന്‍റെ മണ്ണ് മറ്റവന്‍ കട്ടോണ്ട് പോവുമെന്ന്. പ്രവാചകന്‍റെ സുന്നത്ത്‌ മറന്ന നീയാണ് അറബിയെന്ന് മേനി നടിക്കുന്നത്.


നീ ശമ്പളം കൊടുക്കാതെ പീഡിപ്പിച്ച എത്ര ജോലിക്കാരുണ്ട്. ഇന്ത്യയെന്ന മഹാരാജ്യത്ത് വാടാ ഹിമാറെ, നിനക്ക് കാണാം. എത്ര പേര്‍ ശമ്പളം ലഭിക്കാതെ ചതിക്കപ്പെടുന്നു എന്ന്. നിനക്ക് അതാണ്‌ അറിയാവുന്ന ആണത്തം. ഒട്ടകത്തിന്‍റെ ഇറച്ചിയും അതിന്‍റെ പാലും തട്ടി നീ വലിയ ശക്തനായപ്പോഴും സ്വന്തം വലിപ്പം അറിയാത്ത ആനയെപ്പോലെയാണ് നീ. നിനക്കറിയാവുന്നത്, നാലാളുടെ പിന്‍ബലത്തില്‍ നിന്‍റെ തൊഴിലാളികളെ തല്ലാന്‍ മാത്രമാണ്. നീ തല്ലിക്കൊന്ന ജോലിക്കാര്‍ നിന്നെ പരലോകത്ത് വെറുതെ വിടുമോ?”

ഇത്രയൊക്കെ മനസ്സ് പറഞ്ഞു തീരുമ്പോഴേക്കും വണ്ടി എത്തും. ഞാന്‍ വണ്ടി കേറിപ്പോവും. ഇങ്ങനെ കാലങ്ങള്‍ കഴിഞ്ഞു പോയി. കൊഴിഞ്ഞു പോയി എന്നതാവും ശരി. കാരണം, കൊഴിഞ്ഞു പോയ ഇലകള്‍ വീണ്ടും തിരിച്ചു മരത്തിലേക്ക്‌ വലിഞ്ഞു കേറാറില്ലല്ലോ. ആ സ്ഥാനത്ത്‌ വേറെ ഒരു പുത്തന്‍ ഇല വരും. ഈ ലോകം ആരിലും ആശ്രയിക്കുന്നില്ല എന്ന് തോന്നിപ്പോകുന്നത് അപ്പോഴാണ്‌. ലോകം അതിന്‍റെ സ്വന്തം നിലക്ക് ഉരുണ്ടു കൊണ്ടിരിക്കുന്നു. ഏതോ ഒരു കോണില്‍ ഒരു നാസര്‍ ജീവിച്ചിരുന്നതൊന്നും നാളെ ലോകം ആരോടും പറയാന്‍ പോകുന്നില്ല. പറയുന്നത് നാസറിനെ പ്പോലെ ഈ ലോകത്ത്‌ ജനിച്ചു ജീവിക്കുന്ന ആരെങ്കിലുമായിരിക്കും. അതാണ്‌ ലോകം. മായകളുടെ ലോകം. മായാദേവികളുടെയും മൂധേവികളുടെയും ലോകം.
കാക്കത്തൊള്ളായിരം കഥകള്‍ പറയാനുണ്ട് ഓരോ പ്രവാസിക്കും. ഹംസക്ക വിസയില്ലാതെ ഇരിക്കുന്നതും, ഷക്കീര്‍ ജോലി ഇല്ലാതെ ഇരിക്കുന്നതും, ഫിലിപ്പിനി അറബിയെ പറ്റിച്ചതും, ഷാഹുല്‍ വാസ്ത വെച്ച് ലൈസെന്‍സ് എടുത്തതും, ഷമീര്‍ പെണ്ണ് കെട്ടിയതും, മുല തൂങ്ങിയ സിലോണി മയ്യത്തായതും, ഇബ്രാഹിം സൂരികളെ തല്ലിയതും, കോഴിക്കോടുകാരന്‍ കുറിപ്പൈസയുമായി മുങ്ങിയതും എല്ലാം തീന്‍മേശയില്‍ ഭക്ഷണത്തോടൊപ്പം വിളമ്പാനുള്ള വിഭവങ്ങളാണ്.
ഇനി എന്നാണ് ഈ പ്ര(യാ)വാസ ജീവിതം മതിയാക്കി ഒരു പോക്ക്. എനിക്കറിയില്ല. പടച്ചോന് മാത്രം അറിയാം.
കൊല്ലങ്ങളായി ഗള്‍ഫില്‍ വന്നിട്ടെന്നു പറഞ്ഞ അസ്ലം ഭായിയോടു ഞാന്‍ തിരിച്ചു ചോദിച്ചു.
“ഇനി നാട്ടില്‍ കൂടിക്കൂടെ”
അസ്ലം അതിന് മറുപടിയും തന്നു:
”മോനെ കൊല്ലങ്ങളെ ആയുള്ളൂ കയ്യിലോന്നും ആയില്ല”.
അതെ, അതാണ്‌ കാര്യം നമ്മള്‍ കൊല്ലങ്ങളാക്കാനല്ല ഇങ്ങോട്ട് കേറിയത്. കയ്യില്‍ കനം വേണം. അതിന് അഞ്ചു കിലോ മുട്ടി എടുത്തു വെച്ചാലോന്നും മതിയാവില്ല. പണം വേണം. പണം കായ്ക്കുന്ന മരം വേണം.  കല്യാണപ്പന്തലില്‍ കച്ചവടം നടക്കുമ്പോള്‍ എറിഞ്ഞു തുലക്കാന്‍ പണം വേണം. പെണ്ണിനെ കെട്ടിയെടുക്കുന്നവന് സ്വര്‍ണം കൊണ്ട് തുലാഭാരം നടത്താന്‍ പണം. അവന്‍റമ്മക്കും അമ്മൂമ്മക്കും കാഴ്ച്ചയോരുക്കാന്‍ പണം വേണം. ഒരു വീട് വെക്കാന്‍, സ്ഥലം വാങ്ങാന്‍, മഴ കൊള്ളാതെ യാത്ര ചെയ്യാന്‍ കാറ് വാങ്ങാന്‍ പണം വേണം.  ഈ പണം ഉണ്ടാക്കാന്‍ ഈ ചൂടൊക്കെ അങ്ങ് സഹിക്കാം. പക്ഷെ, വിരഹ വേദന- അതെങ്ങനെ സഹിക്കും എന്നതാണ് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യം.
ഹോ, ഇനിയൊരു ജീവിതം ഉണ്ടെങ്കില്‍ (ഇല്ലെന്നറിയാം) പ്രവാസജീവിതം ആവരുതെ...............

Tuesday, June 7

രാം ദേബിന്‍റെ സമരം ആര്‍ക്കു വേണ്ടി?

ഗാന്ധിയനായ അണ്ണാ ഹസാരെയുടെ ചുവടു പിടിച്ച് കോണ്‍ഗ്രസിനെതിരെ താഴം കളിക്കാന്‍ ഇറങ്ങിയ രാം ദേബ് ആരുടെ കളിപ്പാവയാണ്? ശരിക്കും സംശയിക്കേണ്ടതല്ലേ- രാം ദേബിനെ കീ കൊടുത്തു വിട്ട കരങ്ങള്‍ ആരുടേതാണെന്ന്.?
തീര്‍ച്ചയായും!!!!!!!
ഭരണമെന്ന പാനപാത്രം ചുണ്ടില്‍ നിന്നും തട്ടി തെറിപ്പിക്കപ്പെട്ടപ്പോള്‍ ബി ജെ പി വര്‍ഗീയ കാര്‍ഡ്‌ കളിക്കുകയാണ്. ഭരണം കിട്ടിയപ്പോള്‍ ഗുജറാത്തിലും മറ്റും വര്‍ഗീയ കലാപം ശ്രിഷ്ടിച്ച് മുസ്ലിംകളെ കൊന്നു തള്ളിയ ബി ജെ പി അടുത്ത കളിക്ക് കോപ്പ് കൂട്ടിയിരിക്കുകയാണ്.രാം ദേബ് എന്ന സന്യാസിയുടെ അസ്ഥിത്വം തീര്‍ച്ചയായും പരിശോധിക്കപ്പെടെണ്ടാതാണ്. രാം ദേബ് എന്താണ് ലക്‌ഷ്യം വെക്കുന്നത്? നിരാഹാര സമരവും സത്യഗ്രഹവും സംഘടിപ്പിച്ച് ഹിന്ദു വോട്ടുകള്‍ ബി ജെ പി ക്ക് അനുകൂലമാക്കി മറ്റാമെന്നോ? അതി മോഹമാണ് സന്യാസീ. അതി മോഹം. ഭാരതം ഇനി ബി ജെ പി ക്ക് വോട്ട് ചെയ്യുമെന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍, ചിറിയില്‍ ഒലിക്കുന്ന വെള്ളം അങ്ങ് തുടച്ചേക്ക്. മുമ്പ്‌ ഹിന്ദുത്വ നേതൃത്വം മുന്‍ നിര്‍ത്തി ഹിന്ദു വോട്ടുകള്‍ സംഘടിപ്പിക്കാന്‍ വളരെ എളുപ്പമായിരുന്നു. സോണിയ ഗാന്ധി ഇറ്റലിക്കാരി എന്നും പറഞ്ഞ് ബി ജെ പി കാട്ടിക്കൂട്ടിയ പേക്കൂത്ത്‌ ഇനി ആവര്‍ത്തിക്കപ്പെടില്ല.  ഇനി ബി ജെ പി ക്ക് നാവിട്ടടിക്കാന്‍ അവസരം കൊടുക്കാത്ത വിധം കോണ്‍ഗ്രസ്‌ രാഹുലിനെ നേതാവാക്കി. ഒന്നാന്തരം ഹിന്ദു. പിന്നെ അച്യുതാനന്ദന്‍ തന്നെ വിശേഷിപ്പിച്ച അമുല്‍ പുത്രന്‍. ഇവിടെ അവസാനിച്ചോ, രാഹുല്‍ വാളെടുത്ത് വെട്ടിയിട്ടു തുടങ്ങിയില്ലേ- സ്വന്തം പാര്‍ട്ടിയില്‍ തന്നെ കുലക്കാത്ത വാഴ പോലെ നിന്ന മുസ്ലിം ക്രിസ്ത്യന്‍ നേതാക്കളെ. ഇതിലപ്പുറം എന്താണ് ഒരു ഹിന്ദുവായ രാഹുല്‍ ചെയ്യേണ്ടത്‌?.   

Saturday, June 4

ഇസ്ലാം എന്താണെന്ന്‍ സിനിമകള്‍ പറയുന്നത്


കുറെ കാലങ്ങളായി മലയാള സിനിമകളില്‍ ഒരു തരം താണ പ്രവണത കടന്നു കൂടിയതായി കണ്ടു വരുന്നു. ഇസ്ലാമിന് മറ്റെന്തോ വ്യാഖ്യാനങ്ങള്‍ നല്‍കാനാണ് പല സിനിമകളും ശ്രമിക്കുന്നത്. ഇസ്ലാം പലപ്പോഴും സിനിമകള്‍ പറയുന്നതില്‍ നിന്നും എത്രയോ വിഭിന്നമാണ് താനും. തെറ്റായ വ്യാഖ്യാനം നല്‍കുന്നതിന് പലപ്പോഴും സ്ത്രീ കഥാപാത്രങ്ങളെയാണ് ഉപകരണമാക്കുന്നത്. മുസ്ലിം സ്ത്രീകള്‍ ഹിന്ദുക്കളെ പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും അതിനു ഇസ്ലാമിക മാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാനമായും ശ്രദ്ധയില്‍പെട്ടിരിക്കുന്നത്.
ഇങ്ങനെ പ്രണയിക്കുന്ന പെണ്ണുങ്ങള്‍ വീരവാദം മുഴക്കുന്നത് കാണാം ഞങ്ങള്‍ അഞ്ചു നേരം നിസ്കരിക്കുന്ന മുസ്ലിംകള്‍ ആണെന്നും ആനയാണ് ചേനയാണ് എന്നുമൊക്കെ. എന്തിനാണ് ഇത്തരം കഥാപാത്രങ്ങളെക്കൊണ്ട് ഇത്തരം തരം താണ വാചകക്കസര്‍ത്തുകള്‍?. സത്യത്തില്‍ സംശയിച്ചു പോകുന്നു! ആര്‍ക്ക് വേണ്ടിയാണ് ഇത്തരം സിനിമകള്‍? മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടിയോ? അതോ മുസ്ലിം സ്ത്രീകളെ പ്രണയം നടിച്ച് വശീകരിച്ച് നശിപ്പിക്കാന്‍ കച്ചകെട്ടി നടക്കുന്ന വര്‍ഗീയ വാദികള്‍ക്ക്‌ വേണ്ടിയോ?
ഇത്തരം സിനിമകളുടെ ഗതിയെന്താണ്?