Monday, August 29

ഈദ്‌ മുബാറക്‌

     പരിശുദ്ധ റമളാന്‍ വിട പറഞ്ഞു. റമളാനിന്‍റെ ദിനരാത്രങ്ങളിലെ സല്‍ക്കര്‍മ്മങ്ങളുടെ ചൈതന്യം വരും നാളുകളിലും നമ്മില്‍ പ്രതിഫലിക്കട്ടെ.
     ഇനി ആഹ്ലാദാരവങ്ങളുടെ ചെറിയ പെരുന്നാള്‍ ദിനങ്ങള്‍. തക്ബീര്‍ധ്വനികളാല്‍ മുഖരിതമായ ഈദുല്‍ഫിത്തറിന്‍റെ പൊന്‍പുലരികളെ നമുക്ക് നിറമനസ്സുകളോടെ വരവേല്‍ക്കാം. മൈലാഞ്ചിയും അത്തറും ആടയാടകളും ആഭരണങ്ങളും അരങ്ങ് കൊഴുപ്പിക്കുന്ന ആവേശത്തിമിര്‍പ്പിലേക്ക് നമുക്കേവരെയും ആശ്ലേഷിച്ചാനയിക്കാം. സ്നേഹബന്ധങ്ങള്‍, ആശംസകളുടെ നാലു വരികളിലൊതുങ്ങാതെ, സീമകള്‍ ലംഘിച്ച് നമുക്കിടയില്‍ സുദൃഢമാവട്ടെ....

Friday, August 26

Saturday, August 20

Friday, August 19

Saturday, August 13

വിസ (അനുഭവകഥ - നര്മ്മത്തില്‍ ചാലിച്ചത്)

ഇവിടെ ആരൂല്ലേ?
മുറ്റത്ത്‌ നിന്നും ആരുടെയോ ശബ്ദം കേട്ടാണ് റൂമില്‍ നിന്നും പുറത്തേക്കിറങ്ങി നോക്കിയത്. ഒരു കിളവന്‍ മുറ്റത്ത്‌ നില്‍ക്കുന്നു. ഗ്രില്ലിനടുത്തേക്ക് ചെന്നപ്പോള്‍ അയാള്‍ അടുത്ത ചോദ്യം ചോദിച്ചു.
“ഈ ഷാജിയുടെ അമ്മാവന്‍റെ വീട് ഇതല്ലേ?
അതെ എന്നും പറഞ്ഞ് ഞാന്‍ വാതില്‍ തുറന്നു.
അയാള്‍ തുടര്‍ന്നു: “ആഞാന്‍ മുത്തുണ്ണി അളിയന്‍ പറഞ്ഞിട്ട് വരാ..കൂറ്റനാട്ടെ മുത്തുണ്ണി അളിയന്‍”.
“ആ കയറി ഇരിക്ക്”.
ആതിഥ്യ മര്യാദയോടെ ഞാനയാളെ വീട്ടിലേക്ക്‌ കയറ്റിയിരുത്തി. പിന്നെ, അയാളെ അടിമുടിയൊന്നു നോക്കി. അറുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന, അഞ്ചടി ഉയരവും മെലിഞ്ഞ ശരീരവുമുള്ള  ഒരു കിളവന്‍. അയാളുടെ കറുത്ത മുഖത്ത് ചുളിവ് വീണിരിക്കുന്നു.  ആ പ്രാകൃത രൂപം കണ്ടപ്പോഴേ എന്‍റെ നെറ്റി ചുളിഞ്ഞു. ഒരു പഴയ കണ്ണടയും പിരടിയില്‍ ചുറ്റിയ ടവലും കപ്പടാച്ചി മീശയും എനിക്കത്ര പിടിച്ചില്ല. അന്നയാള്‍ കുളിച്ചിട്ടുണ്ടാവുമോ എന്ന്‍ സംശായിക്കാതിരുന്നില്ല.
എന്‍റെ തുറിച്ച നോട്ടം അത്ര പന്തിയല്ല എന്ന് തോന്നിയത് കൊണ്ടാവണം അയാള്‍ പെട്ടെന്ന് വാ തുറന്നു ചിരിച്ചു. പല്ലിന്‍റെ മഞ്ഞക്കളര്‍ കൂടി വെളിവായപ്പോള്‍ എനിക്ക് ഒരുവിധം ഉറപ്പായി. കൊള്ളാവുന്ന ഒന്നിനെയല്ല കസേര ഇട്ടിരുത്തിയിരിക്കുന്നതെന്ന്.
“അതേയ്..” അയാള്‍ വായ വീണ്ടും തുറന്നു.
എനിക്ക് അയാളോട് സംസാരിക്കാന്‍ താല്പര്യമില്ലായിരുന്നു. മാത്രമല്ല, അടുത്ത പരീക്ഷക്കുള്ള പേപ്പര്‍ പഠിച്ചു കൊണ്ടിരിക്കെയാണ്‌ അയാള്‍ കാലന്‍ കുടയും തൂക്കി കേറി വന്നത്. ഞാന്‍ മെല്ലെ അകത്തേക്ക് തലയിട്ടു നോക്കി.
ജേഷ്ഠന്‍ മുത്തുക്ക എങ്ങാനും അവിടെയുണ്ടോ എന്നാണു നോക്കിയത്.
ഹോ ഭാഗ്യം..മുത്തുക്കാക്ക വരുന്നുണ്ട്. എങ്കില്‍ പിന്നെ പന്ത്‌ മുത്തുക്കാടെ കോര്‍ട്ടില്‍ തട്ടി വിട്ട് തടി തപ്പാം എന്ന് ഞാന്‍ സമാധാനിച്ചു. ഞാന്‍ മെല്ലെ ഉള്ളിലേക്ക് വലിഞ്ഞു. അയാള്‍ എന്നെ തിരിച്ചു വിളിച്ചു.
മോനെ ഇവിടെ വാ...
ഹാവൂ എന്തൊരു സ്നേഹത്തോടെയുള്ള വിളി,, മിഠായി തരാനായിരിക്കുമെന്ന് കരുതി ഞാന്‍ ‘എന്തെ’ എന്ന് കുന്തം നാട്ടിയ മട്ടില്‍ ചോദിച്ചു.
“അല്ല മോന്‍ നിക്ക്.. ഒരു കാര്യം പറയാന്‍ ഉണ്ട്”. എന്നും പറഞ്ഞ് എന്നെ അവിടെ നിറുത്തി.
പിന്നെ കടന്നു വന്ന ഇക്കാക്കയോടായി സംസാരം.
ഹാ എന്താ പേര്? അയാള്‍ ഇക്കാക്കാട്‌ പേര് ചോദിച്ചു.
ഇക്കാക്ക സര്‍ടിഫികറ്റ്‌ പ്രകാരമുള്ള പേര് തന്നെ പറഞ്ഞു..എന്‍റെ പേര് അഷറഫ്‌..ഇവിടെ എല്ലാവരും മുത്തു എന്ന് വിളിക്കും.
ആ നല്ല പേര്. പിന്നെ അഷറഫ്‌ മോനെ ഞാന്‍ കുറച്ചു ദൂരത്ത് നിന്നും വരാ..ചാവക്കാട്,...അറിയോ?
ആ പിന്നെ ചാവക്കാട് അറിയാതെ!. മുത്തുക്ക തന്‍റെ ജനറല്‍ നോളജ്‌ വെളിപ്പെടുത്താനുള്ള അവസരം ഒട്ടും പാഴാക്കിയില്ല.
അയാള്‍ തുടര്‍ന്നു: “ആ മുത്തു ഞാന്‍ വന്ന കാര്യം പറയാം. ഞാന്‍ കൂറ്റനാട് നിന്നും മുത്തുണ്ണി അളിയന്‍ പറഞ്ഞിട്ട് വരാ...നമ്മടെ ഷാജിക്ക്‌ ഒരു വിസടെ കാര്യം പറഞ്ഞിരുന്നു. ഷാജിയുടെ അളിയന്‍ ആണല്ലോ മുത്തുണ്ണി..ആണല്ലോ അല്ലെ...? മുത്തുണ്ണിയാ എന്നെ കക്കാട്ടിരിയിലേക്കുള്ള ബസ്‌ കയറ്റി വിട്ടത്‌. നമ്മടെ ഉമ്മാടെ കമ്പനിയില്‍ ഒരു ഡ്രൈവറുടെ ഒഴിവുണ്ട്. ഉമ്മാടെ കമ്പനി സൌദിയിലാ...വലിയ കമ്പനിയാ...പത്തഞ്ഞൂറോളം ജോലിക്കാര്‍ ഇടം വലം നിന്ന് ജോലി ചെയ്യുന്ന കമ്പനിയാ നമ്മടെ”..
---ഉമ്മാടെ കമ്പനി.അയാള്‍ മുഴുമിക്കുന്നതിനു മുമ്പ്‌ മുത്തുക്ക പൂരിപ്പിച്ചു.
അതയാള്‍ക്കത്ര പിടിച്ചില്ലെങ്കില്‍ കൂടി അയാള്‍ ഒന്നും പറഞ്ഞില്ല. ഒന്ന് കൂടി ആ മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിച്ചു.
“അല്ല നിങ്ങടെ പേരെന്താ.?” മുത്തുക്ക അക്ഷമയോടെ ചോദിച്ചു.
“ആ എന്‍റെ പേര് പറയാന്‍ വിട്ട് പോയി. എന്‍റെ പേര് റഹീം. എന്‍റെ ഉമ്മാടെ പേര് നബീസ”.
അയാള്‍ക്ക് ഉമ്മുമ്മാടെ പേര് ഓര്‍മ്മയില്ലാത്തത് കൊണ്ടായിരിക്കാം. ഇല്ലെങ്കില്‍ അത് കൂടി കേള്‍ക്കാമായിരുന്നു എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഞാന്‍ തല ചൊറിയുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് കാര്യം മനസ്സിലായി.
മുത്തുക്ക: “ഷാജിടെ വീട് ഇതല്ല, ഇതിന്‍റെ പിന്നാമ്പുറത്താ, ഞങള്‍ അവന്‍റെ അമ്മാവന്‍റെ മക്കളാ, ഞങ്ങളുടെ ഉപ്പ അതായത്‌ അവന്‍റെ അമ്മാവന്‍ കൊല്ലങ്ങള്‍ക്ക് മുമ്പ്‌ മരിച്ചു പോയി”.
അയാള്‍ മുത്തുക്കയെ തുടരാന്‍ സമ്മതിച്ചില്ല: “ആ മുത്തു ഞാന്‍ ഇന്നലെ പകല്‍ വീട്ടില്‍ നിന്നും പുറപ്പെട്ടതാ, വൈകിട്ടാ കൂറ്റനാട് എത്തിച്ചേര്‍ന്നത്. കൂറ്റനാട് തന്നെ ഒരു കടത്തിണ്ണയില്‍ വെറും പേപ്പര്‍ വിരിച്ചു കിടന്ന് രാത്രി കഴിച്ചു കൂട്ടി”.
ഹാവൂ...ഇത്ര വല്യ പണക്കാരന്‍ എന്തിനാ കടത്തിണ്ണയില്‍ കിടന്നത്!! ഞങ്ങള്‍ക്ക്‌ അതിശയമായി.
ഇപ്പൊ എനിക്ക് മുറുക്കാന്‍ എന്തെങ്കിലും വേണം. പിന്നെ ഒരു പാക്കറ്റ് സിഗരറ്റും വേണം.കൂറ്റനാട് നിന്നും കാലത്തേ പുറപ്പെട്ടതാ. കാലത്ത് ചായ ഒന്നും കുടിച്ചില്ല. ഈ മോനോട് സിഗരറ്റ്‌ വാങ്ങി വരാന്‍ പറയണം. അയാള്‍ എന്‍റെ നേരെ വിരല്‍ ചൂണ്ടി. അയാള്‍ പൈസ എടുക്കാന്‍ പോക്കറ്റില്‍ കൈയിട്ടു. പക്ഷെ കൈ മാത്രമേ പുറത്തേക്ക് വന്നുള്ളൂ എന്ന് കണ്ടപ്പോള്‍ മുത്തുക്ക എണീറ്റു.
“പൈസ ഞാന്‍ കൊടുക്കാം. ഇന്നാ അമ്പത്‌ രൂപയുണ്ട്. ഒരു പാക്കെറ്റ് സിഗരറ്റും മുറുക്കാനും വാങ്ങിക്കോ”.മുത്തുക്ക എന്‍റെ നേരെ പൈസ നീട്ടി. ഹാവൂ ഒരു സെവെന്‍ അപ്പ്‌ മേടിക്കാന്‍ പൈസയായി എന്ന് സന്തോഷിച്ചപ്പോള്‍ അയാള്‍ വീണ്ടും.
“ആ...അമ്പത് രൂപയുണ്ടല്ലേ..എന്നാ രണ്ടു പാക്കറ്റ്‌ സിഗരറ്റ്‌ വാങ്ങിക്കോ ട്ടോ. ഇനിയിപ്പോ ഞാന്‍ അതിനായി വേറെ പീടികയില്‍ കേറി ഇറങ്ങണ്ടല്ലോ.! മോനെ രണ്ടെണ്ണം വാങ്ങിക്കോ ട്ടോ”
അയാളുടെ ട്ടോ കേട്ടപ്പോള്‍ മുഖത്തൊരു ട്ടോ പോട്ടിക്കാനാണ് എനിക്ക് തോന്നിയത്‌. ഒരു സെവെന്‍ അപ്പ്‌ വാങ്ങിക്കേണ്ടതിനാല്‍ ഞാന്‍ പ്രതീക്ഷയോടെ മുത്തുക്കയെ നോക്കി. മുത്തുക്ക ഒന്ന് മതിയെന്ന് പറഞ്ഞാല്‍ ഞാന്‍ രക്ഷപ്പെട്ടു.        
“ആ രണ്ടെണ്ണം വാങ്ങിക്കോ”, മുത്തുക്കയും അയാളെ പിന്താങ്ങി. അതോടെ എന്‍റെ പ്രതീക്ഷ മുഴുവന്‍ അസ്ഥാനത്തായി.
ഞാന്‍ പോകുന്നതിനു മുമ്പ്‌ അയാള്‍ എന്നോട് വീണ്ടും ചോദിച്ചു. “അല്ല മോനെ ഷാജിയെ ഒന്ന് വിളിക്കണല്ലോ. നമ്പര്‍ ഉണ്ടോ നിന്‍റെ കൈയില്‍”.
എന്‍റെ കൈയില്‍ നമ്പര്‍ ഇല്ലായിരുന്നു. ഷാജി അപ്പോള്‍ എന്തോ ജോലിയുമായി ബന്ധപ്പെട്ട് കോട്ടക്കല്‍ ആയിരുന്നു. ഉടന്‍ തന്നെ ഷാജിയുടെ വീട്ടിലേക്ക്‌ വിളിച്ച് ഷാജിയുടെ നമ്പര്‍ വാങ്ങി അയാള്‍ക്ക്  കൊടുത്തു. അയാള്‍ ഷാജിയെ ഞങ്ങളുടെ ടെലഫോണില്‍ നിന്നും  വിളിച്ച് കാര്യങ്ങള്‍ വിശദമായി അവതരിപ്പിച്ചു. ഷാജി ഉടന്‍ തന്നെ പുറപ്പെടാം എന്നറിയിച്ചു. അയാള്‍ ഫോണ്‍ വെക്കുന്നതിനു മുമ്പ്‌ ഇങ്ങനെ പറയുന്നത് കേട്ടു:
“അപ്പൊ ശരി, ഷാജി നീ വരുന്നത് വരെ ഞാന്‍ ഇവിടെ തന്നെ വെയ്റ്റ് ചെയ്യും. നമ്മക്ക്‌ ഉടന്‍ തന്നെ പോകണം. നാളെ തന്നെ വിസ റെഡിയാക്കി പെട്ടെന്ന് സൌദിക്ക് പോകണം. എന്നാല്‍ വേഗം വാ..ഇനി വന്നിട്ട് കാണാം”.     
                ************************************************
     ഞാന്‍ സിഗരറ്റ്‌ വാങ്ങി വന്നപ്പോഴേക്കും അയാള്‍ ചായ കുടിച്ചു കഴിഞ്ഞിരുന്നു. അയാള്‍ ഡൈനിങ്ങ്‌ ഹാളില്‍ നിന്നും ചിറിയും തുടച്ച് ഉമ്മറത്തേക്ക്‌ വന്ന്  വീണ്ടും കസേരയിലേക്ക്‌ ചാഞ്ഞു. ഒപ്പം മുത്തുക്കയും. പിന്നീടയാള്‍, അയാളുടെ കഥ പറഞ്ഞു തുടങ്ങി.   
“എന്‍റെ ഉമ്മാ പണ്ട് വല്യ പണക്കാരുടെ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതാ. ചാവക്കാട്ടെ ഏറ്റവും വലിയ പണക്കാരായിരുന്നു  എന്‍റെ വല്യുപ്പാടെ തറവാട്ടുകാര്‍-ചോലക്കല്‍ തറവാട്ടുകാര്‍. കേട്ടു കാണും.  പണക്കാരനായ വല്യുപ്പക്കും വല്യുമ്മക്കും നാല് മക്കള്‍. ഇവരില്‍ ഒരേയൊരു മോളായി ഉമ്മയും. ഉമ്മയെ കല്യാണം കഴിച്ചത് പഴയ പണക്കാരനും വലിയ തറവാട്ടുകാരുമായ  അമ്പല വീട്ടില്‍ കുഞ്ഞവറാന്‍.  കുഞ്ഞവറാന്‍റെ ബാപ്പാക്ക് അന്നത്തെ കാലത്തെ വെട്ടിപ്പിടുത്തത്തിലൂടെ കുറെ ഭൂമി സ്വന്തമായി ഉണ്ടായിരുന്നു.     കുഞ്ഞവറാനെ ഉമ്മാക്ക് ഇഷ്ടമായിരുന്നില്ലെങ്കില്‍ കൂടി പണക്കാരന്‍ കൂടിയാണെന്ന് കണ്ടപ്പോള്‍, കാമുകനായ കാസിം ഹാജിയെ മെല്ലെയങ്ങ് തഴഞ്ഞു. തഴഞ്ഞു എന്നല്ല ശരി, നമ്മടെ വല്യുപ്പക്ക് തുപ്പുമ്പോഴും തൂറുമ്പോഴും ബിസിനസ്‌ മാത്രമാണ് ചിന്ത. അപ്പോപ്പിന്നെ പണക്കാരനായ കുഞ്ഞവറാനു പകരം മൊഞ്ചുള്ള  കാസിം ഹാജിക്ക് കൊടുക്കോ ഇല്ലല്ലോ?”
“ഇല്ല, അല്ലേലും പഴയ തന്തമാര് പണം നോക്കിയെ മക്കളെ കെട്ടിക്കൂ, മക്കള്‍ക്ക് ഇഷ്ടമാണോ അല്ലയോ എന്നൊന്നും നോക്കുകേല”.മുത്തുക്ക ഇടയില്‍ കേറി.
    “കാസിം ഹാജിക്ക്‌ ഐശ്വര്യമുണ്ട്, പറമ്പുണ്ട്, പാടമുണ്ട് നല്ല നിലയിലൊക്കെ തന്നെയാണെങ്കില്‍ കൂടി, കുഞ്ഞവറാനെ വെച്ച് നോക്കുമ്പോള്‍ പണത്തിന്‍റെ കാര്യത്തില്‍ ഒരല്‍പം താഴെയായിരുന്നു. ഈ ഒരല്പത്തിനു മുന്നില്‍ നമ്മടെ വല്ല്യാപ്പ അല്പനായി എന്ന് പറഞ്ഞാല്‍ മതീലോ. അങ്ങനെ കല്യാണം നടന്നു. ഉമ്മ പയ്യെ പയ്യെ കാസിമിനെ മറന്നു കുഞ്ഞവറാന്‍റെ കൂടെ കാലം കഴിച്ചു. പക്ഷെ, എന്ത് കാര്യം. ഉമ്മാക്ക് മക്കളുണ്ടാവുന്നില്ല. അവസാനം, കുഞ്ഞവറാന്‍ തോറ്റു സുല്ലിട്ട് ഉമ്മാനെ ഇടപാട് തീര്‍ത്തു. കുഞ്ഞവറാന്‍ കരുതിയത്‌ കുബുദ്ധി മാത്രം മതിയെന്നാണ്. അനക്ക് വല്ലതും തിരിഞ്ഞോ? ന്‍റെ മുത്തേയ്?
ഇല്ലല്ലോ? മുത്തുക്ക നിസ്സഹായതയോടെ തലയാട്ടി.
“ആ അതാണ് മോനെ രസം. നമ്മടെ കുഞ്ഞവറാന്‍ ഒരു തറ കുഞ്ഞവറാന്‍ തന്നെയായിരുന്നു കേട്ടോ. അയാള്‍ എങ്ങനെയാണ് ഉമ്മാനെ തട്ടിയെടുത്തതെന്നറിയോ? അതാണ്‌ രസം. കാസിം ഹാജിയും ഉമ്മയും തമ്മില്‍ ഇഷ്ടത്തിലാണെന്ന് ഈ ഹിമാറിനു നല്ലവണ്ണം അറിയാമായിരുന്നു. അപ്പൊ ഈ ഹിമാറിനു ഈ പെണ്ണിനെ കിട്ടില്ല എന്നുറപ്പായി. അപ്പോപ്പിന്നെ എന്താ ചെയ്തെന്നറിയോ? അങ്ങട് കളിച്ചു ഒരു കളി. ഈ ഹിമാറിന്‍റെ കൂട്ടുകാരനെ കാസിമിന്‍റെ കൂടെ വിട്ടു. ഈ കാസിമും കുഞ്ഞവറാനും പരസ്പരം അറിയില്ല കേട്ടോ. ഇങ്ങനെ കൂട്ടുകാരനെ കൂടെ വിട്ടിട്ട് എന്തുണ്ടായി എന്നറിയോ? അവര് കാസിമിന്‍റെ എല്ലാ കാര്യങ്ങളും  ചോര്‍ത്തിയെടുത്തു. പക്ഷെ, എന്നിട്ടും കാസിമില്‍ നിന്നും നമ്മടെ ഉമ്മാനെ തെറ്റിക്കാന്‍ ഭാഗത്തിലുള്ള ഒന്നും ഇവര്‍ക്ക്‌ കിട്ടിയില്ല. അപ്പൊ, ഈ കൂടെ കൂടിയ കഴുത എന്ത് ചെയ്തു? കാസിമിനെയും കൂട്ടി ഒരു സ്ഥലം വരെ ഒരു അസ്മാഇന്‍റെ  പണി നടത്തുന്ന അല്‍പം മുറിവൈദ്യവും അറിയാവുന്ന ഒരു ഉസ്താദിനെ  കാണാന്‍ എന്നും പറഞ്ഞു കൊണ്ടുപോയി. ഈ ഉസ്താദിനെ കാണാന്‍ പോയ കാര്യം ആരോടും പറയരുതെന്ന് ഈ കൂട്ടുകാരന്‍ കാസിമിനെക്കൊണ്ട് ശപഥം ചെയ്യിച്ചിരുന്നു. ചതിയും വഞ്ചനയും എന്തെന്നറിയാത്ത കാസിം അത് സമ്മതിക്കുകയും ചെയ്തു. കാസിമും ഈ ബ്രുട്ടസും കൂടി
ആര്? മുത്തുക്ക എന്തോ അരുതാത്തത് കേട്ട മാതിരി ഒരു ചോദ്യം.
ഓ അനക്ക് മ്മടെ ബ്രുട്ടസിനെ തിരിഞ്ഞില അല്ലെ, മ്മടെ സീസറിനെ ചതിച്ച ബ്രുട്ടസ്‌ ഇല്ലെ ന്‍റെ മുത്തോ. അതന്നെ...
“അങ്ങനെ ഈ ബ്രുട്ടസും കൂടി ഉസ്താദിനെ കണ്ട് തിരിച്ചു വന്നു നിന്നത് നമ്മടെ ഉമ്മാടെ തുണിക്കടയുടെ മുന്നില്‍!! അഥവാ വല്ല്യാപ്പാടെ തുണിക്കട. പോരെ പൂരം. നമ്മടെ വല്ല്യാപ്പന്‍റെ പണിക്കാരന്‍ ഇത് കണ്ട് കാസിമിനോട് കാര്യം ചോദിച്ചു. കാസിം മിണ്ടിയില്ല. കാരണം കാസിം ബ്രുട്ടസിന് വാക്ക്‌ കൊടുത്തിരുന്നല്ലോ. ഈ ബ്രുട്ടസ് പക്ഷെ എന്ത് പണിയെടുത്തുവെന്നോ, ചോദിച്ചവരോടെല്ലാം പെണ്ണ് കാണാന്‍ പോയതാണെന്ന് പറഞ്ഞു. ഒപ്പം കാസിമിനോട് ഇത് ചോദിക്കരുതെന്നും പറഞ്ഞു. കാരണം, പെണ്ണ് കാണാന്‍ പോയ കാര്യം ആരോടും പറയില്ലെന്ന് ഞാന്‍ അവനു വാക്ക്‌ കൊടുത്തതാ എന്നും പറഞ്ഞു പിടിപ്പിച്ചു. എങ്ങനെയുണ്ട് ബ്രുട്ടാസിന്‍റെ ബുത്തി...
മുത്തോ അനക്ക് ബോറടിക്കുന്നുണ്ടോ? 
ഇല്ലില്ല, നിങ്ങള്‍ പറ...മുത്തുക്ക ക്ഷമയോടെ തലയാട്ടി.
അങ്ങനെ ചുരുക്കത്തില്‍ ഈ വാര്‍ത്ത‍ നമ്മടെ ഉമ്മാടെ ചെവിയിലുമെത്തി. അങ്ങനെ ഉമ്മ കാസിമിനോട് മിണ്ടാതെയായി. കാസിമിന് ഇതിന്‍റെ കാരണം ഒട്ടും മനസ്സിലായുമില്ല. കാസിമിനെ അത്രക്കങ്ങു ബോധിക്കാതിരുന്ന നമ്മടെ ബിസിനെസ്മാന്‍ വല്ല്യാപ്പ ഉടന്‍ തന്നെ മറ്റൊരാലോചനക്ക് കോപ്പ് കൂട്ടി. ഉമ്മ അതിനെ എതിര്ക്കില്ലെന്ന് വല്ല്യാപ്പക്ക് നല്ല ബോധ്യമായിരുന്നു.
ഇത് മണത്തറിഞ്ഞ നമ്മടെ കുഞ്ഞവറാന്‍ എന്ത് ചെയ്തെന്നറിയോ? ഉടന്‍ തന്നെ ഒരു ബ്രോക്കറിനെ കല്യാണാലോചനയുമായി നമ്മടെ വല്ല്യാപ്പാടെ അടുത്തേക്ക് വിട്ടു. പെട്ടെന്ന് മറുപടി വേണമെന്ന് ഓര്‍മ്മപ്പെടുത്തി നമ്മടെ ബ്രോക്കര്‍ മെല്ലെ പിന്‍വലിഞ്ഞു. അങ്ങനെ... വല്ല്യാപ്പ ഉമ്മാട് കാര്യം പറഞ്ഞു. ഉമ്മ എതിര്‍ത്തൊന്നും പറഞ്ഞില്ല. അങ്ങനെ രണ്ടു കൂട്ടരും പരസ്പരം കല്യാണം ഉറപ്പിച്ചു. കുഞ്ഞവറാന്‍ കളിച്ചു ജയിച്ചു. കാസിം കളിയെന്തെന്നറിയാതെ തോറ്റു.
“എന്നിട്ട്? മുത്തുക്ക ബാക്കി കേള്‍ക്കാനുള്ള ആവേശത്തിലായിരുന്നു.
“എന്നിട്ടെന്താവാന്‍ നമ്മടെ കാസിം കൊറേ കരഞ്ഞു പിഴിഞ്ഞ് നടന്ന് കാലം കഴിച്ചു. അവസാനം വേറെ പെണ്ണിനെ കെട്ടി. പക്ഷെ, ഇന്‍റെ മുത്തോ ഇവിടെയാണ്‌ നമ്മള്‍ പടച്ചോന്‍ ഉണ്ട്ന്ന് ചിന്തിക്കണ്ടത്. ഈ കുഞ്ഞവറാന്‍ കഴുത ഇത് ചിന്തിച്ചില്ല. പടച്ചോനെ മറന്ന് കളിച്ചു. പക്ഷെ, പടച്ചോന്‍ വിടോ? വിടില്ല, വിട്ടില്ല. ഒരു പിടിത്തം അവന്‍റെ അണ്ടകടാഹത്തില്‍ തന്നെ. അവന്‍റെ അണ്ഡവും നമ്മടെ മ്മാടെ ബീജവും അല്ലെങ്കില്‍ ഉമ്മാടെ ബീജവും അവന്‍റെ അണ്ഡവും ഒത്തു ചേരുന്നില്ല. ന്നിട്ടോ? കുട്ടിണ്ടാവണില്ല. കുഞ്ഞവറാന്‍ എത്ര കുത്തിമറിഞ്ഞു നോക്കീട്ടും ഫലം ണ്ടായില്ല. കണ്ട വൈദ്യരെയും ഡോക്ടറെയും എല്ലാം മാറി മാറി നോക്കി. ഒരു രക്ഷയുമില്ല. അവസാനം തോറ്റു സുല്ലിട്ട് ഉമ്മാനെ അങ്ങട് മൊഴി ചൊല്ലി.
ഇപ്പൊ നിനക്ക് മനസ്സിലായോ? പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ മ്മടെ പടച്ചോന്‍ ചതിക്കും. പഴമക്കാര്‍ പഴഞ്ചൊല്ല് ഉണ്ടാക്കീത്‌ നിനക്കും എനിക്കും ഒരു ഉപകാരമായിക്കോട്ടെ എന്ന് കരുതീട്ടാ..
അവസാനം വല്ല്യാപ്പ കരഞ്ഞു കരഞ്ഞു കാലു പിടിച്ച് കാസിം ഭായിയുടെ രണ്ടാം ഭാര്യയായി ഉമ്മാനെ കെട്ടിച്ചു വിട്ടു. കാസിം ഭായി അഥവാ നമ്മടെ ബാപ്പ ആളു മോശല്ലാട്ടോ..നമ്മടെ ഉമ്മ ഒന്നൊന്നായി ആറു മക്കളെ പെറ്റിട്ടില്ലേ! ഈ കുഞ്ഞവറാന്‍റെ തറവാടും ഇങ്ങനെ ആട് പട്ടമേല്‍ തൂറും പോലെ പെറ്റ് പെരുകിയതാ. നമ്മടെ ഇട്ടാവട്ടത്‌ മാത്രമാണ് കുഞ്ഞവറാന്‍റെ തറവാട് അറിയപ്പെട്ടിരുന്നതെങ്കില്‍ കൂടി, നമ്മടെ വല്ല്യാപ്പാക്ക് അത് വല്യ ഒരു കാര്യമായിരുന്നു. പക്ഷെ, വല്ല്യാപ്പ അവസാനം പാഠം പഠിച്ചു പോയി. സ്നേഹമാണഖിലസാരമൂഴിയില്‍...എന്നല്ലേ കവി പാടിയത്.  
......................ആ.....ചരിത്രം പറഞ്ഞ് ബോറായോ, ഇനി മക്കടെ കാര്യം പറയാം. ഞാന്‍ പറഞ്ഞല്ലോ ആറു മക്കള്‍. ഈ ആറു മക്കളും നല്ല നിലയില്‍. ഞാന്‍ മാത്രം ഉമ്മാടെ കമ്പനിയും കാര്യങ്ങളും നോക്കി നടത്താനായി ഉമ്മാടെ കൂടെ തന്നെ കൂടി. മൂത്ത രണ്ടു മക്കളും ഡോക്ടര്‍മാര്‍, ഒരുത്തന്‍ വക്കീല്‍, പിന്നെയൊരുത്തന്‍ മാനേജര്‍, ഒരേയൊരു മകളെ തൃശൂരിലെ ഒരു പണച്ചാക്കുകാരന്‍ കല്യാണം കഴിച്ചു കൊണ്ട് പോയി. പിന്നെ ഒരു മോന്‍...
ഇപ്പൊതന്നെ ആറായല്ലോ? മുത്തുക്ക ഇടയില്‍ കയറി.
ഉവ്വോ ആറായോ, ആ...അത് പറയാന്‍ വിട്ടു പോയി ഞങ്ങള്‍ ഏഴു മക്കളാ...അതില്‍ ഒരുത്തന്‍ ന്‍റെ മുത്തോ..........അതോര്‍ക്കുമ്പോ ഇപ്പോഴും എന്‍റെ കണ്ണ് നിറയും. പടച്ചോന്‍ ഞങ്ങള്‍ക്ക്‌ വാരിക്കോരി തന്നിട്ട് ഇങ്ങനെയൊന്ന് പകരമായി എടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. നല്ല ചോരത്തിളപ്പുള്ള യുവാവായിരിക്കെ അവന്‍ ഞങ്ങളെ വിട്ട് പിരിഞ്ഞു പോയി. അയാള്‍ കുറച്ചു നേരത്തേക്ക്‌ മൌനിയായി. മുത്തുക്ക മെല്ലെ കണ്ണ് തുടച്ചു.
അയാള്‍ തുടര്‍ന്നു: പിന്നെ അതെല്ലാം മറന്ന് ഞങ്ങള്‍ ആറു മക്കളും ഒത്തൊരുമയോടെ ഉമ്മാടെ വാക്കും കേട്ട് സുഖ സുന്ദരമായി ജീവിക്കുന്നു. ഉമ്മ പറഞ്ഞാ ആര്‍ക്കും എതിര്‍ വാക്കില്ല. കൊച്ചി മജിസ്ട്രേറ്റ് വരെ ഉമ്മാടെ മുന്നില്‍ എതിര്‍ത്തൊരു വാക്ക്‌ പറയില്ല. അറിയോ.?”
“ഇല്ല”....ഞാന്‍ ഇടയില്‍ കേറി പറഞ്ഞു. അയാള്‍ കണ്ണട താഴോട്ടുതിര്‍ത്ത് അതിനു മേലെക്കൂടി എന്നെ തുറിച്ചു നോക്കി.
എന്‍റെ തര്‍ക്കുത്തരം കേട്ട മുത്തുക്ക എന്നോട് അകത്തേക്ക് പോകാന്‍ പറഞ്ഞു. ഞാന്‍ അകത്തേക്ക് പോയി.
അയാള്‍ തുടര്‍ന്നു. “ഷാജി പറയുന്നത് അവന് ലൈസെന്‍സ് ഇല്ലെന്നാണ്. പക്ഷെ, അതൊന്നും ഒരു വിഷയമല്ല, ഉമ്മാടെ വണ്ടീല്‍ ഡ്രൈവിംഗ് പഠിക്കാവുന്നതേയുള്ളൂ...ലൈസെന്‍സ് നാളേക്ക് നാളെ റെഡിയാക്കാവുന്നതേയുള്ളൂ. കുറച്ചു പൈസ വേണ്ടി വരും. ആര്‍ ടി ഓ ഞമ്മന്‍റെ ആളാ അറിയോ.?”
അപ്പോഴേക്കും ഷാജിയുടെ ഉമ്മ ആമിനത്താത്ത, ഞങ്ങളുടെ അമ്മായി  കയറി വന്നു.
മുത്തുക്ക അമ്മായിയെ അയാള്‍ക്ക് പരിചയപ്പെടുത്തി. “ഇതാണ് ഷാജീടെ ഉമ്മ”,     
ആണോ അയാള്‍ എന്തോ അത്ഭുതം കണ്ട മാതിരി ഒരു ചോദ്യം. “എന്തായാലും നിങ്ങടെ മോന് ഭാഗ്യംണ്ട് കേട്ടോ, അല്ലെങ്കില്‍ കൂറ്റനാട് വരാനും മുത്തുണ്ണിയെ കാണാനും ഈ വിസ ഇങ്ങടെ മോന് തന്നെ ലഭിക്കാനും പടച്ചോന് അനുഗ്രഹിച്ചല്ലോ!!”
അപ്പോഴേക്കും ളുഹര്‍ ബാങ്ക് വിളി കേട്ടു. മുത്തുക്ക നിസ്കരിക്കാന്‍ പോയി. അയാള്‍ അവിടെ തന്നെ ഇരുന്നു. അയാള്‍ക്ക് നിസ്കരിക്കാന്‍ ആയിട്ടില്ല എന്ന് തോന്നുന്നു. വല്യ പണക്കാരനല്ലേ, സമയം വെച്ച് നിസ്കരിക്കുന്ന ആളായിരിക്കും എന്നും തോന്നി.
നിസ്കാരം കഴിഞ്ഞപ്പോള്‍ എല്ലാവരും ഊണ് കഴിക്കാന്‍ തയാറായി. അമ്മായി അടുക്കളയില്‍ ഉമ്മയോടും ഇത്താത്താരോടുമൊപ്പം ചേര്‍ന്നു. പിന്നെ അടുക്കളയില്‍ അയാള്‍ക്ക് വിഭവങ്ങള്‍ ഒരുക്കാനുള്ള തിരക്കിലായിരുന്നു സ്ത്രീകള്‍. അവര്‍ ഇടക്കിടക്ക്‌ പരസ്പരം പറയുന്നുണ്ട്. “വല്യ പണക്കാരനാ.. പക്ഷെ അയാളെ കണ്ടാലോ അഞ്ചു കായിക്കില്ല. ഇന്നലെ പീടികത്തിണ്ണയിലാ കിടന്നതത്രേ..അയാള്‍ക്ക്‌ പണക്കാരനാണെന്നുള്ള ഭാവം ഒട്ടും ഇല്ലാട്ടോ,, അയാളുടെ നല്ല മനസ്സാ.. വേറെ വല്ലവരും ആയിരുന്നെങ്കില്‍ കാശു വാങ്ങാതെ വിസ തരോ”
വല്ലതും ആയോ? അടുക്കള വാതില്‍ക്കല്‍ ഇവരുടെ കുശു കുശുപ്പ്‌ കേട്ട് നിന്ന ഞാന്‍ ഇടയില്‍ കയറി ചോദിച്ചു.
“ഇപ്പൊ ശരിയാക്കിത്തരാം..”-അവര്‍ വിളിച്ച് പറഞ്ഞു.
അങ്ങനെ എല്ലാം റെഡി. നമ്മുടെ അതിഥി തീന്‍മേശയില്‍ ആഗതനായി. മുത്തുക്കയും അയാളോടൊപ്പം ഇരുന്നു. പ്രായം ചെന്നവരുടെ കൂടെ വലിഞ്ഞു കേറിയിരുന്ന് കുരുത്തക്കേട് വാങ്ങിക്കണ്ട എന്ന് കരുതി ഞാന്‍ റൂമിലേക്ക്‌ തന്നെ പോയി.
എന്‍റെ രൂമിലിരിന്ന് തന്നെ അയാളുടെ വീരഗാഥകള്‍ കേള്‍ക്കാം. അയാള്‍ ഉമ്മയുടെ പഴയകാല വീരേതിഹാസങ്ങള്‍ വിളമ്പുകയാണ്. എല്ലാം രസകരമായ കഥകളായത് കൊണ്ടാവാം മുത്തുക്ക പുട്ടിന് തേങ്ങാപ്പീരയെന്ന പോലെ മൂളുന്നത് കേള്‍ക്കാമായിരുന്നു.
ഭക്ഷണം കഴിഞ്ഞ് അയാള്‍ വീണ്ടും ഉമ്മറത്തിണ്ണയില്‍ വന്നിരുന്നു. ഒപ്പം മുത്തുക്കയും. സമയം രണ്ടു മണിയോടടുക്കുന്നു. വീണ്ടും കഥകള്‍ പറഞ്ഞിരിക്കെ, ഷാജി കയറി വന്നു. ഷാജി അയാള്‍ക്ക് സലാം പറഞ്ഞു. ഒപ്പം എല്ലാവരെയും ഒന്ന് നോക്കി ഒരു ചമ്മിയ ചിരിയും ചിരിച്ചു. അവന്‍ എന്തോ ഒരു ഹാലിലാണ് വന്നു കേറിയിട്ടുള്ളത്. അവന്‍റെ കിതപ്പ് കണ്ടാല്‍ തോന്നും, കോട്ടക്കല്‍ നിന്നും ഇതുവരെ ഓടിയിട്ടാണ് വന്നതെന്ന്.
അയാള്‍ പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു. “അപ്പൊ ഷാജി പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടല്ലോ, ഞമ്മടെ ഉമ്മാടെ കമ്പനിയാണ്, നിന്നെ എനിക്ക് ബോധിച്ചു, അപ്പൊ നീ തന്നെ ഡ്രൈവറായി വേണം, ഇത് ഒരു ഡ്രൈവറുടെ ജോലിയല്ല ശരിക്ക്, ഉമ്മാക്ക് വിശ്വസ്തനായ ഒരാളെ കൂടെ വേണം, കമ്പനിയില്‍ പോണം, വരണം, ബാങ്കില്‍ പോണം, ഇതിനെല്ലാം വിശ്വാസമില്ലാത്തവരെ കൂടെ കൂട്ടിയാല്‍ പിന്നെ ഉമ്മയെ അവര്‍ കൊന്നു കളഞ്ഞു കാശും കൊണ്ട് പോകും, മനസ്സിലാവുന്നുണ്ടോ?
മനസ്സിലാവുന്നുണ്ടോ എന്ന ആ ചോദ്യം ഷാജിക്ക്‌ കഠിനമായിത്തോന്നി. എങ്കിലും അവന്‍ മെല്ലെ തലയാട്ടി.
അയാള്‍ പിന്നെ മുത്തുക്കാടെ നേരെ തിരിഞ്ഞു, “മുത്തൂ നിനക്കറിയോ, ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാ,, മനുഷ്യന്മാര്‍ പൈസക്ക്‌ വേണ്ടി എന്ത് തോന്നിവാസവും കാട്ടും,, അത് കൊണ്ടാ എനിക്ക് ഇങ്ങനെ നല്ല സ്വഭാവവും ആത്മാര്‍ത്ഥതയുമുള്ള ആളെ തന്നെ വേണമെന്ന് തോന്നിയത്‌”.
“അപ്പൊ ഇനി വിസ അടിക്കാന്നാളെ തന്നെ പോണം. ഷാജി വരണമെന്നില്ല, പാസ്പോര്ട്ട് കോപ്പി കൊണ്ട് വന്നത് ഇങ്ങു തന്നേക്ക്,  പിന്നെ നാളെ ഞായറാഴ്ച, കോടതി ലീവാ, അപ്പൊ പിന്നെ മജിസ്ട്രേട്ടിന്റെ വീട്ടില്പോയി നമ്മടെ കമ്പനി ലൈസെന്സ് വെച്ച് അറ്റസ്റ്റ് ചെയ്യണം. അതിനു കുറച്ചു കാശു വരും. ഒരു മുന്നൂറു രൂപ വരും. അത്ര മാത്രം. എന്‍റെ  കൈയില്ഉണ്ടായിരുന്നെങ്കില്ഞാന്കൊടുത്തേനെ, പിന്നെ നിങ്ങള്ക്ക്തരാന്ബുദ്ധിമുട്ടില്ലെങ്കില്മാത്രം തന്നാല്മതി. ഞാന്മറ്റന്നാള്ഉമ്മാനെ കണ്ടു കാശു വാങ്ങി അടുത്ത ആഴ്ച റെഡിയാക്കാം. എന്തെ?

അത് കുറിക്കു കൊണ്ടു. ഷാജിയുടെ കൈയില്പൈസയില്ല. എങ്കില്കൂടി അവന്‍ മുത്തുക്കയെ നോക്കി ഒന്ന് തൊണ്ടയനക്കി. അത് കണ്ട പാടെ മുത്തുക്കാക്ക് കാര്യം മനസ്സിലായി. ഇക്ക വേഗം മുന്നൂറു രൂപയെടുത്ത് ഷാജിക്ക്‌ കൊടുത്തു.
ഷാജി അതയാള്‍ക്ക് നേരെ നീട്ടി. പക്ഷെ, അയാള്‍ അത് വാങ്ങാതെ പറഞ്ഞു. “ഷാജി, ആ പൈസ നിന്‍റെ ഉമ്മാടെ കൈയില്‍ കൊടുക്ക്, നല്ലൊരു കാര്യത്തിനാണ്. അപ്പൊ ഉമ്മ മനസ്സറിഞ്ഞ് പൊരുത്തപ്പെട്ട് തരട്ടെ, അതാണ്‌ അതിന്‍റെ ഒരു ശരി”.
“ഉമ്മാ ആ പൈസ വേടിക്ക്‌”.  അയാള്‍ ഷാജിയുടെ ഉമ്മായോടായി പറഞ്ഞു, അമ്മായി ഉടന്‍ തന്നെ പൈസ വാങ്ങി അയാളുടെ നേരെ നീട്ടി.
“ബിസ്മി ചൊല്ലിയിട്ടു ഇങ്ങു തന്നോളൂ” അയാള്‍ കൈ നീട്ടി.  
അമ്മായി ബിസ്മി നീട്ടി ച്ചൊല്ലി പൈസ അയാള്‍ക്ക് കൊടുത്തു. അയാള്‍ പൈസ പോക്കറ്റില്‍ ഇടുന്നതിനിടെ പറഞ്ഞു.
“ഇനി ഷാജി അടുത്ത ആഴ്ച കുന്നംകുളത്ത് താജ്‌ ഹോട്ടലില്‍ വരണം. അതും ഞങ്ങളുടെ ഹോട്ടലാ... അവിടെ വന്നു റഹീംക്കയെ അന്വേഷിച്ചാല്‍ അവര്‍ വിസയുടെ കോപ്പി എടുത്തു ഷാജിക്ക്‌ തരും.  വിസയും പാസ്പോര്‍ട്ട് കോപ്പിയും ഞാന്‍ അവിടെ കൊടുക്കാം.” ഒരല്‍പനേരം അയാള്‍ പുറത്തേക്ക് നോക്കിയിരുന്നു. പിന്നെ ഷാജിയുടെ നേരെ തിരിഞ്ഞു.

എങ്കില്‍ ഷാജി പൊക്കോളൂ,, ഞാന്‍ അടുത്ത ബസിനു തന്നേ പുറപ്പെടാം. കൊച്ചിയിലെത്തി മജിസ്റ്റ്രേറ്റ്നെ കണ്ട് കൈയോടെ ഇത് ശരിയാക്കി എടുക്കണം. പിന്നെ ജോലിയില്‍ കയറിയാല്‍ ചുറുചുറുക്കോടെ എല്ലാം ചെയ്യണം. മനസ്സിലായോ?

ഓ ഉവ്വേ ഷാജി നീട്ടി മറുപടി കൊടുത്തു. താന്‍ ഒരു കേമനാണെന്ന ഭാവത്തില്‍.
ഇയാള്‍ പിന്നെ എന്‍റെ നേരെ തിരിഞ്ഞു. ഞാന്‍ കരുതി, അടുത്ത വിസ എനിക്കായിരിക്കും എന്ന്. പക്ഷെ, അത് വിസക്കായിരുന്നില്ല. അയാള്‍ക്ക് അടുത്ത ബസിന് പോകണം, കൂറ്റനാട്ടെക്ക് അടുത്ത ബസ്‌ എപ്പോഴാണെന്ന് അറിയണം.
ഇതെല്ലാം കാണാപ്പാഠമായിരുന്നതിനാല്‍ ഞാന്‍ പറഞ്ഞു, 3.00 മണിക്ക് ഒരു ബസ് ഉണ്ട്. അത് കഴിഞ്ഞാല്‍.3.30നു അടുത്ത ബസ്‌.
അയാള്‍ പെട്ടെന്ന് ചാടിയെണീറ്റു. “ഇല്ല, 3.30 വരെ നിക്കണില്ല, അടുത്ത ബസിനു തന്നെ പോകാം. കൊച്ചിയില്‍ എത്താനുള്ളതാ...അപ്പൊ ശരി, എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം. നിങ്ങടെ പ്രാര്‍ത്ഥനയാണ് എന്‍റെ മുതല്‍ക്കൂട്ട്. നിങ്ങള്‍ക്കറിയാലോ, കാശു വാങ്ങാതെ, ആളുകളെ വിസക്ക്‌ കൊണ്ട് പോവാന്‍ ഇക്കാലത്ത് ആരും തയാറാവില്ല. പക്ഷെ, ഞാന്‍ അങ്ങനെ ചെയ്യണത്, ഒരാള്‍ രക്ഷപ്പെട്ടാല്‍, നന്നായല്ലോ എന്ന് കരുതീട്ടാ...എന്നാ വരട്ടെ... അസ്സലാമുഅലൈക്കും”.
അയാള്‍ ഇറങ്ങി പടി കടക്കലും ബസ്‌ വന്നതും ഒരുമിച്ചായിരുന്നു. അയാള്‍ ചാടിക്കേറി, പിന്നെ പുറത്തേക്ക് തലയിട്ട് എല്ലാവരെയും നോക്കി ചിരിച്ച് കൊണ്ട് കൈവീശിക്കാണിച്ചു.
ഒരാഴ്ച കഴിഞ്ഞു. അയാള്‍ പറഞ്ഞത് പ്രകാരം ഷാജി അന്ന് അത്തറും പൂശി ചുണക്കുട്ടനായി കുന്നംകുളത്തിന് വെച്ച് പിടിപ്പിച്ചു. അന്ന് മുഴുവന്‍ ഷാജി ‘കരകാണാ കടലല മേലേ’ എന്ന പാട്ടും പാടിയാണ് നടന്നിരുന്നത്. അങ്ങനെ പ്രതീക്ഷകളോടെ, കുന്നംകുളത്തിന്‍റെ വിരിമാറില്‍ ലാന്‍ഡ്‌ ചെയ്തു. താജ്‌ ഹോട്ടല്‍ തേടിപ്പിടിച്ചു കടയുടമയെ കണ്ടെത്തി.  
വളരെ ഗൌരവത്തോടെ ഞാന്‍ ഷാജിയാണ് എന്ന് പറഞ്ഞു. ആണോ എന്ന് കടയുടമ തിരിച്ചു ചോദിച്ചു.അത് ഷാജിക്കത്ര പിടിച്ചില്ല എങ്കില്‍ക്കൂടി ക്ഷമയോടെ കാര്യം പറഞ്ഞു: “ആ പിന്നെ ഞാന്‍ നിങ്ങടെ മുതലാളി റഹീംക്ക പറഞ്ഞിട്ട് വരികയാ..
ഇത് കേട്ടതും ആ കടയുടമ ബാക്കി ഇങ്ങോട്ട് പറയാന്‍ തുടങ്ങി.
“അയാളുടെ ഉമ്മാടെ കമ്പനിയില്‍ ഡ്രൈവര്‍  ജോലിക്കല്ലേ? പത്തഞ്ഞൂറു തൊഴിലാളികള്‍ ഉള്ള അയാടെ ഉമ്മാടെ കമ്പനിയില്‍....സൌദിയില്‍ അല്ലെ?
ഷാജിക്ക്‌ ആശ്വാസമായി, എല്ലാം കറക്റ്റ്, അപ്പൊ വിസ റെഡി, അവന്‍ മനസ്സില്‍ സന്തോഷിച്ചു. അവന്‍ ആവേശത്തോടെ: “ആ അതെ”
കടയുടമ: “എത്ര കൊടുത്തു”
ഷാജി: എന്തിന്?
കടയുടമ: “അയാള്‍ക്ക്‌ എത്ര കൊടുത്തൂന്ന്?
ഷാജി: “മുന്നൂറു രൂപ കൊടുത്തു കേട്ടോ!! അവന്‍ മുന്നൂറു പറഞ്ഞപ്പോള്‍ വായ കുറെ വലുതാക്കി കാണിച്ചു. പൈസ കൊടുത്തത്‌ കുറഞ്ഞാലും പറയുമ്പം കുറയണ്ട.  
കടയുടമ: “ അപ്പൊ അത്രേ പോയുള്ളൂ അല്ലെ, ന്നാ മോന്‍ പടച്ചോന് സ്തുതി പറഞ്ഞു മെല്ലെ, ദാ ആ പോണ് പട്ടാമ്പി വണ്ടി, അതില്‍ കേറി പൊക്കോ...ഡാ മോനെ നിന്‍റെ ഭാഗ്യം ന്ന് പറയാട്ടാ....ഇവടെ ഇതും പറഞ്ഞ്ങാണ്ട് ഇപ്പൊ എത്ര പേരാ വരണതെന്നറിയോ....അവരൊക്കെ കൊടുത്തത്‌, ആയിരവും പതിനായിരവുമാ....മുന്നൂറും ഇരുന്നൂറും അല്ല. ആ നായിന്‍റെ മോനെ ഒന്ന് കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അവന്‍റെ എല്ലും തോലും ഞാന്‍ സൂപ്പ്‌ വെച്ച് ഇവിടെ വിറ്റേനേ”” കടയുടമ രോഷമടക്കാന്‍ പാടുപെട്ടു.
മുന്നൂറു പോയതിനേക്കാള്‍ ഷാജിക്ക്‌ അപ്പോള്‍ വിഷമം തോന്നിയത്‌, താന്‍ കൊടുത്ത സംഖ്യ കുറഞ്ഞു പോയല്ലോ എന്നായിരുന്നു. കാരണം അയാള്‍ അതിനെ അത്രക്കഞ്ഞു പുച്ചിച്ചു കളഞ്ഞല്ലോ?
ഷാജി : “അപ്പോള്‍ അയാള്‍ പറഞ്ഞതെല്ലാം പിന്നെ ആരുടെ കഥയാ...?അയാളുടെ കഥ മുഴുവന്‍ പറഞ്ഞു കേട്ട ഷാജി കൌതുകത്തോടെ കടക്കാരനോട് ചോദിച്ചു.
കടക്കാരന്‍: എടൊ, അയാള്‍ നിങ്ങളുടെ ചുറ്റു വട്ടത്തു തന്നെയുള്ള കഥയാ പറഞ്ഞത്‌. ഇയാള്‍ പോകുന്നിടത്തെല്ലാം ഇങ്ങനെ ആ നാട്ടിലെ തന്നെ വ്യത്യസ്തമായ കഥകളാ  പറയുക. അയാള്‍ ഒരു ദിവസം കൂറ്റനാട്‌ ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്‌. അവിടുത്തെ ആരുടെയെങ്കിലും ചരിത്രം ഒപ്പിച്ചെടുക്കാന്‍ അയാള്‍ക്ക് അത് തന്നെ ധാരാളമാണ്”.
പിന്നെയൊന്നും ചോദിക്കാന്‍ നില്‍ക്കാതെ അവന്‍ അടുത്ത വണ്ടിക്ക് തിരിച്ചു കേറി വീട്ടിലെത്തി ബെഡ്ഡില്‍ മലര്‍ന്നു കിടന്നു. ഉമ്മ ഷാജിയോട് കാര്യം തിരക്കി.
ഷാജി: “ഉമ്മാ സൌദിയില്‍ പോയാല്‍ പിന്നെ ഇനി ഇങ്ങളെയൊക്കെ എന്നാ കാണാന്‍ പറ്റാ, അതോണ്ട് ഞാന്‍ പോവണ്ടാന്നു തീരുമാനിച്ചു”
ഉമ്മ: “ എന്നാലും എന്‍റെ മോന്‍ സ്നേഹമുള്ളവനാ....”
പക്ഷെ, ഷാജിക്ക്‌ ഈ രഹസ്യം ഇട്ടു മൂടി വെക്കാന്‍ ഒരു പാത്രമില്ലായിരുന്നു. എങ്ങനെയോ എല്ലാം പുറത്തായി. കഥയെല്ലാം അറിഞ്ഞ മുത്തുണ്ണി അളിയന്‍ ഷാജിയെ കണ്ടു: “ഷാജിയെ.....എന്നാഡാ  ഗള്‍ഫില്‍ പോണത്‌?
ഷാജി: “അളിയാ കൂറ്റനാട്‌ വന്നടിയുന്ന പാമ്പിനെയും പഴുതാരയെയും  ഇവിടെ നിന്ന് കക്കാട്ടിരിയിലേക്ക്‌ തന്നെ തെളിച്ചു വിടണം.കേട്ടോ? 
******************ശുഭം **********************

Wednesday, August 3

ഇന്ത്യന്‍ പൌരന്‍റെ ഓരോ ഗതികേട്..........(ആക്ഷേപ ഹാസ്യം)


        എവിടെപ്പോയാലും ഞാന്‍ നേരിടുന്ന ഒരു ചോദ്യമുണ്ട് എന്നെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന്. ഒരു ഇന്‍റര്‍വ്യുവിനു പോയാല്‍ ഏതെങ്കിലും ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കില്‍  രജിസ്റ്റര്‍ ചെയ്യാന്‍ കേറിയാല്‍, മാട്രിമോണിയല്‍ പരസ്യത്തിന്, ഒരു ബ്ലോഗെഴുതാന്‍, എന്തിനേറെ മീന്‍ വാങ്ങാന്‍ പോയാല്‍ മീന്‍കാരന്‍ വരെ എന്നെക്കുറിച്ച് ചോദിക്കും. എന്നെക്കുറിച്ച് പറഞ്ഞ് എനിക്ക് മടുത്തു. ഇനി എന്നെക്കുറിച്ച് ഞാനങ്ങോട്ട് എഴുതാന്‍ പോവാണ്. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും എന്ത് കൊണ്ടാണ് എന്നെക്കുറിച്ച് പറയുന്നതില്‍ എനിക്കിത്ര മടുപ്പെന്ന്‍.

നിങ്ങളുടെ പേര് തന്നെയാണ് എന്‍റെ പേര്. ഞാന്‍ ഒരു ഭാരതീയനാണ്. ഭാരതം എന്‍റെ സ്വന്തം രാജ്യമാണ്.(അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം വേറെ ആരെങ്കിലും ഭാരതത്തിന്‍റെ അവകാശവാദം ഉന്നയിച്ചോ എന്ന്). എല്ലാ ഭാരതീയരും സഹോദരീ സഹോദരന്മാരാണ് (അതെയതെ...എന്നിട്ടാണ് ഈ പെണ്‍വാണിഭവും സ്ത്രീപീഡനവുമൊക്കെ ഉണ്ടാകുന്നത്) ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു (തൊഴിലില്ലായ്മ വേതനം കിട്ടുന്ന കാലത്തോളം). അതിന്‍റെ നിയമങ്ങള്‍ അനുസരിക്കുന്നു (എന്തൊക്കെയാണ് ഈ നിയമങ്ങള്‍ എന്നറിയില്ലെങ്കില്‍ കൂടി). ഇതെന്‍റെ പ്രതിജ്ഞയാണ്. സ്കൂളില്‍ അസംബ്ലി ക്യൂവില്‍ കാല്‍ കഴക്കും വരെ നിന്ന് ചൊല്ലിയെടുത്ത, മിഠായി കിട്ടുന്നതു വരെ മാത്രം ആയുസ്സുണ്ടായിരുന്ന പ്രതിജ്ഞ. അത് കഴിഞ്ഞാല്‍....ഭാരതീയരോ? സഹോദരീ സഹോദരന്മാരോ?
        അല്ലെങ്കില്‍ വേണ്ട.., ഈ പ്രതിജ്ഞ ഞാന്‍ തെറ്റിക്കുന്നില്ല. എന്ന് വെച്ച് വണ്ടിയോടിക്കുമ്പോ സ്പീഡില്ലാഞ്ഞാല്‍ പറ്റോ? ബൈക്കില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ്‌ വെച്ചാല്‍ വല്ലതും കാണാനൊക്കുമോ? അതുമല്ല ശ്വാസംമുട്ടി ആളു തട്ടിപ്പോവില്ലേ? റോഡിലൂടെ പോവുമ്പോ ഒരു ബീഡിയൊക്കെ വലിക്കാതെ പറ്റോ? പിന്നെ മൂത്രിക്കാന്‍ മുട്ടുമ്പം റോഡിലാണോ, വഴിവക്കത്താണോ, വരമ്പത്താണോ എന്നൊക്കെ നോക്കാന്‍ പറ്റോ. അങ്ങ് മൂത്രമൊഴിക്കുകയല്ലാതെ.....
        ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഞാനെങ്ങനെ കൈക്കൂലിയില്ലാതെ ജീവിക്കും. ഇടക്ക് ഞാന്‍ സര്‍ക്കാര്‍ ഓഫിസില്‍ ഉറങ്ങിയെന്നിരിക്കും.അതിനിങ്ങനെ ബഹളം വെച്ചാലെങ്ങനെ? എന്‍റെ ഉറക്കം പോവില്ലേ? ഉറങ്ങുന്നവരെ ശല്യം ചെയ്യരുതെന്നറിയില്ലേ? നിങ്ങള്‍ക്കാ ബോധമൊന്നുമില്ലെങ്കിലും എനിക്ക് നല്ല ബോധമാണ് കേട്ടോ? അത് കൊണ്ട് തന്നെ കൈക്കൂലി കറന്‍സിയായി തന്നെ വേണമെന്ന് ഞാന്‍ ശഠിക്കാറില്ല. അത് വളരെ മോശമാണ്. കിട്ടുന്നതെന്തും പണത്തിനു തുല്യമായാല്‍ മതി. എന്തെങ്കിലും സമ്മാനം തന്നാലും ഞാന്‍ വാങ്ങിക്കും. കാരണം, ഞാന്‍ ഒരു ഭാരതീയനാണ്. കൈക്കൂലി ചോദിച്ചു വാങ്ങുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.അത് കൊണ്ട് തന്നെ ഞാനാരോടും ചോദിക്കാറേയില്ല. പകരം, ഞാനവരെ നാലഞ്ച് പ്രാവശ്യം മടക്കി അയക്കും. കാര്യം പിടികിട്ടുന്നവര്‍ പെട്ടെന്ന് തന്നെ സ്വകാര്യമായി വന്ന് എന്‍റെ കൈയൊന്നു കുലുക്കും. അതൊരു കുലുക്കലാണ് കേട്ടോ! ഞാന്‍ കേമനാണെന്ന് സമ്മതിച്ച മട്ടില്‍ കിലുങ്ങുന്ന ഒരു കുലുക്കല്‍. ഇതൊന്നും മനസ്സിലാവാത്ത ചില കോവാലന്മാര്‍ പിന്നെയും സര്‍ക്കാര്‍ ഓഫിസ്‌ കയറിയിറങ്ങും. അപ്പൊ, ചോദിക്കാതെ വാങ്ങുന്നത് കുറ്റമല്ലേ എന്ന് നിങ്ങള്‍ ചോദിക്കും. അല്ല, നിങ്ങളത് ചോദിക്കും എനിക്കറിയാം. അല്ലെങ്കിലും കാക്ക നന്നാവുന്നത് കോഴിക്ക് കണ്ടൂടല്ലോ?
        പിന്നെ അറിയാല്ലോ!! ഇടക്ക് ഞാന്‍ തീവണ്ടിയിലും ബസ്സിലുമൊക്കെ യാത്ര ചെയ്യാറുണ്ട്. ട്രെയിയിനിലെ ടോയ്‌ലറ്റിലൊക്കെ പോയി വരാറുണ്ടെന്നുള്ളത് സത്യം തന്നെ. എന്ന് വെച്ച് അതങ്ങനെ വൃത്തികേടാക്കി ഇടാറൊന്നുമില്ല. ഏറിക്കഴിഞ്ഞാല്‍ ഒരു ബീഡിക്കുറ്റി ഇടും. അല്ലെങ്കില്‍ വല്ല പാന്‍പരാഗിന്‍റെയോ ഹാന്‍സിന്‍റെയോ കാലിപാക്കറ്റ്. ഇത് പിന്നെ എവിടെ കൊണ്ടിടും?ഇന്ത്യന്‍ റയില്‍വേയില്‍ എവിടെയാണ് ചവറ്റു കുട്ട വെച്ചിരിക്കുന്നത്? ഇനിയിപ്പോ എവിടെയെങ്കിലും വെച്ചിട്ടുണ്ടെങ്കില്‍ തന്നെ ആര്‍ക്കാണ് അതൊക്കെ നോക്കി നടക്കാന്‍ നേരം. ബസ്സില്‍ പക്ഷെ ഞാന്‍ അത്ര മോശമായിട്ടൊന്നും ചെയ്യാറില്ല. എവിടെയെങ്കിലും വൃദ്ധന്മാര്‍ എന്നും സ്ത്രീകള്‍ എന്നും എഴുതി വെച്ചിട്ടുണ്ടെന്ന് കരുതി നമുക്ക്‌ കാലും മടക്കി ഇരിക്കണ്ടായോ? അപ്പോള്‍ സ്ത്രീകളുടെ സീറ്റ്‌ സ്ത്രീകള്‍ക്ക് എന്നും പറഞ്ഞു വരും. അല്ലേലും ഞാനീ സീറ്റും കൊണ്ട് പോവുകേല.....ഞാന്‍ ഇറങ്ങിപ്പോയാല്‍ നിങ്ങള്‍ തന്നെ ഇതെടുത്തോ?
എടൊ സ്ത്രീകള്‍ക്ക് നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്? കമ്പിയിലേക്ക് കൈയെത്തില്ല..!! ഏതോ കണ്ടക്ടര്‍ ആണെന്ന് തോന്നുന്നു. എല്ലാം കേറിയങ്ങ് കണ്ടക്റ്റ് ചെയ്യുവാ....
ഞാന്‍ ബധിരനും മൂകനും അന്ധനും ജന്മനാ വികലാംഗനുമാണ്...എനിക്കൊന്നും കേള്‍ക്കാനില്ല..കാണാനുമില്ല.
        ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം. ഞാന്‍ രാത്രിയില്‍ മദ്യപിച്ചുവന്നു
ലഹളയുണ്ടാക്കുന്നതെന്തിനാണെന്ന്? ആര് ലഹളയുണ്ടാക്കുന്നു? മൂക്കറ്റം കുടിച്ചാലും ഞാന്‍ നിശബ്ദം വീട്ടിലെത്തിച്ചേരും. ബഹളമുണ്ടാക്കുന്നത് അവളാണ്...ആ മൂധേവി.
ഇന്നും കുടിച്ചേച്ച് വന്നിരിക്കുന്നെ എന്നും പറഞ് കാറിത്തുടങ്ങും.
ഇവളുമാര് എന്നാണാവോ നമ്മള്‍ ആണുങ്ങളുടെ വികാര വിചാരങ്ങള്‍ മനസ്സിലാക്കുക.
ഓ...അപ്പൊ കുടിക്കാതെ വലിക്കാതെ പലരും നടക്കുന്നുണ്ടല്ലോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
ഡേയ് പോടെ പോടെ തനിക്കൊന്നും വേറെ പണിയില്ലഡേയ് ഈ പെണ്ണുങ്ങളെ ചൂട് കേറ്റി വിടാന്‍ നടക്കുവാണോ?
ആണുങ്ങളായാല്‍ കുടിക്കും, കൂത്താടും, കുത്തിമലര്‍ത്തും, കുടുംബം കലക്കും പിന്നെ ജീവിതം തുലക്കും. മനസ്സിലായോ? ഇതൊക്കെയാണ് ജീവിതത്തിലെ ഓരോ രസങ്ങള്‍..ഹും൦൦....
        പിന്നെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചെന്ന് വെച്ച് ഞാന്‍ അത്ര മോശക്കാരനൊന്നുമല്ല കേട്ടോ. രാഷ്ട്രീയം അങ്ങനെയാണല്ലോ!! പെട്രോളിന്‍റെ വില കൂട്ടിയാല്‍, പച്ചക്കറിയുടെ വില കൂട്ടിയാല്‍, പാലിന്‍റെ വില കൂട്ടിയാല്‍ ഹര്‍ത്താല്‍ ചെയ്യാതെങ്ങനെ? സ്വര്‍ണത്തിന്‍റെ വില കൂടുന്നതാണെന്നും അത് ഇന്ത്യക്കാരല്ല കൂട്ടുന്നതെന്നും അറിയാവുന്ന ഒരു വിവരമുള്ള രാഷ്ട്രീയക്കാരനായത് കൊണ്ട് അതിനെതിരെ തല്‍ക്കാലം ഞാന്‍ സമരം ചെയ്യുന്നില്ല. അല്ലായിരുന്നെങ്കില്‍, അറിയാല്ലോ, ഞങ്ങള്‍ എന്തിനൊക്കെയാണ് ഹര്‍ത്താല്‍ നടത്തിയിട്ടുള്ളതെന്ന്? - പാര്‍ട്ടി നേതാവിന്‍റെ പട്ടിയോടാണോ കളി? അതൊന്ന് കുരച്ചെന്നിരിക്കും. അല്ല കടിച്ചെന്നു തന്നെയിരിക്കട്ടെ. കല്ലെറിയാന്‍ പാടുണ്ടോ? പുലഭ്യം പറയാന്‍ പാടുണ്ടോ? അങ്ങനെ ചെയ്‌താല്‍ പിന്നെ ഭാരതബന്ദ്‌ നടത്താതിരിക്കാനൊക്കുമോ? ഹര്‍ത്താലായാല്‍ ചില വണ്ടികള്‍ക്ക്‌ ചില പോറലുകള്‍ ഒക്കെ പറ്റിയെന്നിരിക്കും. അത് പിന്നെ കാറ്റും മഴയും വന്ന് എന്തെല്ലാം നാശനഷ്ടങ്ങളുണ്ടാവുന്നു. അതിനെതിരെ ആരെങ്കിലും കേസ്‌ കൊടുക്കാറുണ്ടോ? ഇല്ലല്ലോ? പിന്നെ ഹര്‍ത്താലിന് കടകള്‍ തല്ലിപ്പൊളിച്ചു, വാഹനം അടിച്ചു തകര്‍ത്തു, റോഡില്‍ ടയര്‍ കത്തിച്ചു എന്നെല്ലാം ആക്രോശിക്കുന്നതെന്തിനാ?
ഇതിനെന്നല്ലേ അറുത്താല്‍ എന്ന് പറയുന്നത്. അറുത്താല്‍ എന്തുണ്ടാവുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ?
എങ്കില്‍ പിന്നെ നിറുത്തട്ടെ.....മൊബൈല്‍ ചിലക്കുന്നുണ്ട്. ഭാര്യയായിരിക്കും എന്ന് കാട് കയറി ചിന്തിക്കാന്‍ വരട്ടെ. ഞാനും ഇന്ത്യക്കാരന്‍ തന്നെയാണ്. മൊബൈല്‍ എങ്ങനെ ഭംഗിയായി ദുരുപയോഗം ചെയ്യാമെന്ന് എന്നെ പ്രത്യേകം പഠിപ്പിക്കണോ?..
മുദ്രാവാക്യം മുഴങ്ങട്ടെ.......
ഭാരത്,,,,,,,,,,,,,,,,,,കീ ജയ്‌.. വിട്ടു പോയ ഭാഗം പൂരിപ്പിക്കുക.
(ബന്ദ്‌, ഹര്‍ത്താല്‍, ജനതാ, മാതാ)