Saturday, June 1

കുവൈറ്റില്‍ എന്ത് സംഭവിക്കുന്നു..?കുവൈത്തില്‍ നിതാഖാത് നടപ്പാക്കുന്നത് മൂലം ഒത്തിരി പ്രവാസികളെ പിടിച്ചു കയറ്റി അയച്ചു എന്ന ചാനല്‍ വാര്‍ത്ത‍ കേള്‍ക്കാന്‍ ഇടയായി. കഴിഞ്ഞ ദിവസങ്ങളില്‍ അത് തന്നെയായിരുന്നു ചാനലുകളുടെ ചര്‍ച്ചാ വിഷയം.


സത്യത്തില്‍ കുവൈത്തില്‍ 'നിതാഖാത്' എന്ന ഒരു പദം തന്നെ പ്രയോഗത്തിലില്ല. സൗദിയുടെ പാത പിന്തുടര്‍ന്ന് കുവൈത്തിലും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞു പരത്തുന്നത്‌. സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത് സര്‍ക്കാര്‍ ജോലികളിലും കമ്പനികളിലും മാത്രമാണ്. അതല്ലാതെ ഗാര്‍ഹിക മേഖലയില്‍ സ്വദേശിവല്‍ക്കരണം ഇല്ലേയില്ല.


    സര്‍ക്കാര്‍ ജോലികളില്‍ പൂര്‍ണമായും സ്വദേശികളെ മാത്രം  നിയമിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ തീരുമാനമായിക്കഴിഞ്ഞിരുന്നു. അത് പ്രകാരം ഇനി വിദേശ തൊഴിലാളികള്‍ മിനിസ്ട്രി ഒഴിവുകളില്‍ കയറിപ്പറ്റാമെന്ന് മോഹിക്കണ്ട. കമ്പനികളില്‍ ഒരു നിശ്ചിത ശതമാനം കുവൈത്തികളെ നിയമിച്ച് ക്വാട്ട തികയ്ക്കണം എന്നതും എന്നോ പ്രാബല്യത്തില്‍ വന്ന നിയമമാണ്. അതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ മിനിസ്ട്രിയില്‍ പിഴ അടക്കേണ്ടി വരും. കുവൈത്തികളെ ജോലിക്ക് വെച്ചാല്‍ കാര്യങ്ങള്‍ ഒന്നും നടക്കില്ലെന്ന് അറിയാവുന്ന കമ്പനികള്‍ ഈ പിഴ അടച്ചു തടി ഊരുകയാണ് പതിവ്. പിഴ അടക്കുന്നത് ഒഴിവാക്കാന്‍ ചില കമ്പനികള്‍ ക്വാട്ട തികയ്ക്കാന്‍ ആവശ്യമായത്രയും കുവൈത്തികള്‍ക്ക് അപ്പോയിന്റ്മെന്റ്റ്‌ ലെറ്ററും നല്‍കി വീട്ടിലിരുത്തി ശമ്പളം നല്‍കി വരുന്നു. മിക്കവാറും സ്ത്രീകളാണ് ഇപ്രകാരം ശമ്പളം പറ്റുന്നത്. എല്ലാ മസാവസാനവും കൃത്യമായി അവരുടെ ബാങ്ക് അക്കൌണ്ടില്‍ ശമ്പളം എത്തിയിരിക്കും. ഇവരുടെ അക്കൌണ്ടുകളിലെക്ക് ഇതേപോലെ മറ്റു പല കമ്പനികളില്‍ നിന്നും ശമ്പളം വരുന്നുണ്ടാവും. കാരണം ക്വാട്ട തികയ്ക്കാന്‍ ആവശ്യമായത്ര കുവൈത്തികളെ കിട്ടാനില്ലാത്തതിനാല്‍ ഒരു കുവൈത്തി തന്നെ പല കമ്പനികളിലും രേഖാപ്രകാരം സ്റ്റാഫ്‌ ആയി രജിസ്റ്റര്‍ ചെയ്യുകയും ആ കമ്പനികളില്‍ നിന്നെല്ലാം ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നു. ഈ സാലറി ട്രാന്‍സ്ഫര്‍ ലെറ്റര്‍ ബാങ്കില്‍ സബ്മിറ്റ് ചെയ്ത രേഖയടക്കം മിനിസ്ട്രിയില്‍ കാണിച്ചാല്‍ കമ്പനിക്ക് പിഴയൊന്നും കൂടാതെ മുന്നോട്ട് പോകാം.


    ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികളുടെ ഫയല്‍ ക്ലോസ് ചെയ്യുകയും മിനിസ്ട്രിയുമായി ബന്ധപ്പെട്ട അവരുടെ എല്ലാ  സര്‍വിസുകളും സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ഒരു കമ്പനിക്കെതിരെ ആരെങ്കിലും കേസ്‌ കൊടുത്താലും ഇത് തന്നെയായിരിക്കും ഫലം.


ലക്ഷം ലക്ഷം പിന്നാലെ...

   

    അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കുവൈത്തിലെ വിദേശികളുടെ എണ്ണം ഒരു മില്യണ്‍ ആക്കി ചുരുക്കുക എന്നാണ് ഇപ്പോള്‍ തൊഴില്‍ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. അതിനു വേണ്ടി വര്‍ഷം തോറും ഒരു ലക്ഷം തൊഴിലാളികളെ കുറക്കുക എന്നതാണ് അവര്‍ നടപ്പാക്കാന്‍ പോകുന്നത്. എന്തിന് വിദേശികളെ കുറയ്ക്കണം എന്നതിന് അവര്‍ പറയുന്ന കാരണങ്ങള്‍ പലതാണ്. ഒരു മന്ത്രി അഭിപ്രായപ്പെട്ടത് വിദേശികള്‍ ആണ് ട്രാഫിക്‌ ജാം ഉണ്ടാക്കുന്നത് എന്നാണ്. മറ്റൊരു മന്ത്രി പറഞ്ഞത്‌ വിദേശികള്‍ നിയമലംഘനം നടത്തുന്നു എന്നാണ്. അതിനും പുറമേ ഗവ ഭയക്കുന്നത് വിദേശികളുടെ എണ്ണം സ്വദേശികളേക്കാള്‍ കൂടുതലാണ് എന്നതാണ്. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് പല അറബ് രാജ്യങ്ങളിലും ഭരണ മാറ്റം ഉണ്ടായ പശ്ചാത്തലത്തില്‍ ഇവര്‍ ഇവിടെയും ഒരു പ്രക്ഷോഭം പ്രതീക്ഷിക്കുന്നു എന്നതാണ് സത്യം. അങ്ങനെ വന്നാല്‍ വിദേശികള്‍ ആരുടെ കൂടെ നില്‍ക്കും എന്നതാണ് ചോദ്യം.


ജാനകിയുടെ വിസ...


    ആദിവാസി നേതാവ് ജാനകി കുവൈത്തില്‍ പ്രശസ്തയാണ്. എങ്ങനെയാണെന്ന് ചോദിച്ചാല്‍ അതിനുത്തരം പറയേണ്ടത്‌ ഗാര്‍ഹിക തൊഴിലാളികള്‍ ആണ്. ഗാര്‍ഹിക തൊഴിലാളികള്‍ എന്ന ലേബലില്‍ കുവൈത്തില്‍ ജോലിക്കു വരുന്ന പലരും പുറത്തു ജോലി നോക്കുകയാണ് പതിവ്. വീട് പലര്‍ക്കും സ്വര്‍ഗമാണ്. പക്ഷെ, കുവൈത്തി വീടുകള്‍ പലര്‍ക്കും നരകമാണ്. അതുകൊണ്ട് തന്നെ കുവൈത്തി വീടുകളിലെ ജയില്‍ ജീവിതത്തിനു തുല്യമായ ജോലി ചെയ്യാന്‍ ആര്‍ക്കും താല്പര്യമില്ല. ഇവര്‍ പുറത്തിറങ്ങി ജോലി ചെയ്യുന്നത് ഇവരുടെ കുവൈത്തി സ്പോണ്സറുടെ അറിവോടെയും സമ്മതത്തോടെയും ആണ്. കുവൈത്തികളുടെ സൈഡ് ബിസിനെസ് ആണ് വിസക്കച്ചവടം. അതില്‍ തന്നെ കൂടുതല്‍ ഡിമാന്‍ഡ് 'ജാനകിയുടെ വിസ' എന്ന് ഗാര്‍ഹിക തൊഴിലാളികള്‍ സ്വയം കളിയാക്കി പറയുന്ന ഖാദിം (No 20) വിസക്കാണ്. കമ്പനി വിസയുടെ നേര്‍പകുതിയാണ്‌ ഖാദിം വിസയുടെ മാര്‍ക്കറ്റ്‌ റേറ്റ്. അതായത്‌ രണ്ടു വര്‍ഷത്തേക്ക് അറുനൂറു ദിനാര്‍. പിന്നീട് ഈരണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാന്‍ മുന്നൂറു ദിനാര്‍ കൂടി നല്‍കണം. കമ്പനി വിസക്ക്‌ രണ്ടു വര്‍ഷത്തേക്ക് ആയിരത്തി ഇരുനൂറു ദിനാറും പുതുക്കാന്‍ രണ്ടു വര്‍ഷത്തേക്ക് അറുനൂറു ദിനാറും ആണ്.


കുവൈത്തില്‍ എന്ത് സംഭവിക്കുന്നു..?


    കുവൈത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് എല്ലാ വര്‍ഷവും നടത്തി വരാറുള്ള പരിശോധന തന്നെയാണ്. ചില വര്‍ഷങ്ങളില്‍ അതിന്‍റെ ഗൗരവം കുറച്ചു കൂടിയിരിക്കും. ചിലപ്പോള്‍ തീവ്ര പരിശോധന തന്നെ നടക്കും. ബസ്സില്‍ കയറിയും ഫ്ലാറ്റില്‍ കയറിയും കമ്പനിയില്‍ കയറിയും വണ്ടി നിര്‍ത്തിയും വഴിവക്കില്‍ നിര്‍ത്തിയും എന്ന് വേണ്ട വിദേശികളെ കാണുന്നിടത്തൊക്കെ വെച്ച് സിവില്‍ ഐഡി ചോദിച്ചു വാങ്ങി പരിശോധന നടത്തും.


ഇവര്‍ പരിശോധിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്..

ഒന്ന് ഇഖാമയുടെ കാലാവധി..

മറ്റൊന്ന് ഏതു തരം വിസ എന്നത്..


പുറത്തെ ഈ പരിശോധനയില്‍ റെസിഡന്‍സി കാലാവധി കഴിഞ്ഞവരെയും ജാനകിയുടെ വിസക്കാരെയും അവര്‍ തൂക്കിക്കൊണ്ട് പോവും. ഇഖാമ പുതുക്കാതെ കുവൈത്തില്‍ തങ്ങുന്നത് ശിക്ഷാര്‍ഹമാണ്. കൈയോടെ പിടികൂടിയാല്‍ ജയില്‍വാസത്തിനു ശേഷം നാട്ടിലേക്ക്‌ ഫിംഗര്‍ അടിച്ചു കേറ്റിവിടും.

ഖാദിം വിസക്കാരെ പുറത്തു കണ്ടാല്‍ പിടിക്കുന്നത് അവര്‍ എന്ത് കൊണ്ട് പുറത്തു നടക്കുന്നു എന്ന സംശയത്തിലാണ്. ഇവരുടെ സ്പോണ്സര് ഇടപെട്ടാലല്ലാതെ ഇവരെ പുറത്തിറക്കാന്‍ കഴിയില്ല.


മറ്റു കമ്പനികളില്‍ ജോലി ചെയ്യുന്നതിനിടക്ക് പിടിക്കപ്പെട്ടാല്‍ സ്പോണ്സര്‍മാര്‍ തിരിഞ്ഞു നോക്കുകയേ ഇല്ല. നിലവില്‍, പിടിക്കപ്പെട്ടവര്‍ എല്ലാം ഒന്നുകില്‍ സ്പോണ്സര്‍ മാറി ജോലി ചെയ്തവരോ അല്ലെങ്കില്‍ ട്രാഫിക്‌ നിയമലംഘനം നടത്തിയവരോ ഇഖാമ നിയമലംഘനം നടത്തിയവരോ ആണ്.


സിറ്റിയില്‍ പോയി മടങ്ങി വരുന്ന വഴിയില്‍ ഞാനും പല പ്രാവശ്യം പരിശോധനയില്‍ കുടുങ്ങിയിട്ടുണ്ട്. ഇഖാമയില്‍ കാലാവധി ഉള്ളതിനാലും കമ്പനി വിസ ആയതിനാലും യാതൊരു പ്രശ്നവും പ്രയാസവും ഇല്ലാതെ ഊരിപ്പോന്നു.


ഫ്ലാറ്റില്‍ കയറി പരിശോധന നടത്തി ഖാദിം വിസക്കാരായ നാലായിരത്തോളം രാജസ്ഥാനികളെ ജയിലില്‍ അടച്ചത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. എന്‍റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു രാജസ്ഥാനിയും ഇത് പോലെ പിടിക്കപ്പെട്ട് ജയിലില്‍ കിടന്നിരുന്നു. സ്പോന്‍സര്‍ ഇടപെട്ടതു മൂലം അയാള്‍ക്ക് പുറത്തിറങ്ങി വീണ്ടും ജോലിക്ക് പോവാന്‍ സാധിച്ചു. മറ്റു പലരെയും കയറ്റി അയക്കുകയും സ്പോണ്സര്‍മാര്‍ തേടി വന്നവരെ പുറത്തിറക്കുകയും ചെയ്തു.എംബസി എന്ത് ചെയ്യുന്നു..?

   

    പൊതുവില്‍ ഇന്ത്യന്‍ എംബസിയുടെ ഇന്ത്യക്കാരോടുള്ള സമീപനം വളരെ ഉദാസീനമാണ്. ഒരു തൊഴിലാളി രണ്ടു മാസമായി ശമ്പളം കിട്ടുന്നില്ല എന്ന പരാതിയുമായി ഇന്ത്യന്‍ എംബസിയില്‍ ചെന്നാല്‍ എംബസി അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം വളരെ രസകരമാണ്.

രണ്ടു മാസത്തെ ശമ്പളം അല്ലെ..? അതങ്ങു മറന്നു കൂടെ..


ഇത് കേട്ട് പരാതിക്കാരന് ഇളിഞ്ഞ ചിരിയോടെ തിരിച്ചു പോരുകയേ നിര്‍വാഹമുള്ളൂ..


അപ്പോള്‍ പിന്നെ നിയമവിരുദ്ധമായി തങ്ങുന്നവരുടെയും ജോലി ചെയ്യുന്നവരുടെയും കാര്യത്തില്‍ എംബസിക്ക് എത്രത്തോളം താല്‍പര്യം ഉണ്ടാവും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.


കുവൈത്തില്‍ തങ്ങുന്നവര്‍ ചെയ്യേണ്ടത്‌:


ഖാദിം വിസയില്‍ ആണ് പുറത്ത്‌ ജോലി ചെയ്യുന്നതെങ്കില്‍ പരിശോധന തീരുന്നത് വരെ നാട്ടില്‍ ലീവിന് പോവുകയോ സ്പോന്സറുടെ അടുത്തേക്ക്‌ മടങ്ങിപ്പോവുകയോ ചെയ്യുക.


കമ്പനി വിസയില്‍ പുറത്തു ജോലി ചെയ്യുന്നവര്‍ ഉടന്‍ തന്നെ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക്‌ ഇഖാമ മാറ്റി അടിക്കുക.


ഇഖാമ പുതുക്കാന്‍ മാര്‍ഗമില്ലെങ്കില്‍ കാലാവധി തീര്ന്ന് പിടിക്കപ്പെടുന്നതിനു മുമ്പ്‌ ക്യാന്‍സല്‍ ചെയ്ത് മടങ്ങിപ്പോവുക.


ഖാദിം വിസ കമ്പനി വിസയാക്കാന്‍ കിട്ടുന്ന അവസരം പാഴാക്കാതിരിക്കുക. കഴിഞ്ഞ മാസം വരെ ഇങ്ങനെ വിസ മാറ്റാന്‍ അവസരമുണ്ടായിരുന്നു. എന്നിട്ടും അതിനു തയാറാവാതെ ഫ്രീഡം നോക്കി ഖാദിം വിസയില്‍ തന്നെ തുടര്‍ന്നവര്‍ ആണ് ഇപ്പോള്‍ ശരിക്കും വെട്ടിലായിരിക്കുന്നത്.


ഇവിടുത്തെ പരിശോധനയെക്കുറിച്ചും അറസ്റ്റിനെക്കുറിച്ചും വാര്‍ത്ത‍ കേട്ടപ്പോള്‍ എന്‍റെ ഉമ്മ നിര്‍ത്താതെ ഫോണ്‍ വിളിക്കാന്‍ തുടങ്ങി. എല്ലാവരെയും പിടിച്ചു കയറ്റി വിടുന്നു എന്ന രീതിയില്‍ ആണ് മാധ്യമങ്ങള്‍ വാര്‍ത്ത‍ പ്രചരിപ്പിച്ചത്. ഇതില്‍ ഒട്ടും സത്യമില്ല. നിയമലംഘനം നടത്തിയവരെ മാത്രമാണ് കയറ്റിവിടുന്നത്. എന്ന് മാത്രമല്ല, ഇത് ആദ്യമായിട്ടല്ല ഇങ്ങനെ പരിശോധന നടക്കുന്നതും പിടിക്കപ്പെട്ടവരെ കയറ്റി വിടുന്നതും. വര്‍ഷങ്ങളായി പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നിയമം ഇപ്പോഴാണ് കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കാന്‍ തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. അതിന്‍റെ കാരണം ആദ്യം പറഞ്ഞ ലക്ഷം തികക്കുക എന്ന ലക്‌ഷ്യം തന്നെയാണ്.

No comments:

Post a Comment

Note: only a member of this blog may post a comment.