Sunday, July 21

ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര (മൂന്നാം ഭാഗം)




ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര എന്നതിന്‍റെ മൂന്നാം ഭാഗവും എന്നോ തുടങ്ങി വെച്ചിരുന്നു. പക്ഷെ, ഇടയ്ക്കു വെച്ച് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോള്‍ എഴുത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇപ്രാവശ്യം അധികം നീട്ടി വലിച്ച് എഴുതുന്നില്ല. ഒരു പ്രിയ വായനക്കാരന്‍റെ നിര്‍ദ്ദേശപ്രകാരം മൂന്ന് പേജില്‍ ഒതുക്കുന്നു. രണ്ടാം ഭാഗത്തില്‍ പറഞ്ഞു വന്നത് ബാംഗ്ലൂരിലേക്കുള്ള  ആദ്യ യാത്രയും അന്നത്തെ സംഭവ വികാസങ്ങളുമായിരുന്നു. 

 

പഴയ നാലുകെട്ട് മട്ടില്‍ നടുമുറ്റം ഉള്ള ഒരു വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അതിനെ പേ ബംഗ്ലാവ് എന്നാണ് ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത്. അതിന്‍റെ പിന്നില്‍ വലിയൊരു കഥയുണ്ട്. ആ കഥ ഏതെങ്കിലും ഒരു ഭാഗത്തില്‍ വരുന്നതായിരിക്കും. ഇല്ലെങ്കില്‍ എന്‍റെ ഇനിയും പബ്ലിഷ് ചെയ്തിട്ടില്ലാത്ത പുതിയ  നോവലില്‍ നിന്നും ഭാവിയില്‍ വായിച്ചെടുക്കാം. വൈകുന്നേരം മനോഹരനും കൊടിഞ്ഞിയും പണി മാറ്റി വന്നാല്‍ പിന്നെ റൂമില്‍ നല്ല രസമാണ്. ഒരു വൈകുന്നേരം, അന്നത്തെ ഹിറ്റ്‌ പാട്ടായ കാതലുക്ക് മര്യാതൈ'യിലെ ‘എന്നെ താലാട്ട വരുവാളാ' എന്ന് തുടങ്ങുന്ന പാട്ട് ഒരു പഴയ ടേപ്പ് റെക്കോര്‍ഡറില്‍ പ്ലേ ചെയ്ത് മനോഹരനും കൊടിഞ്ഞിയും ഡാന്‍സ് കളിച്ചത് ഞങ്ങള്‍ കണ്‍ മിഴിച്ച്  കണ്ടിരുന്നു.  മറ്റൊരു വിനോദം ഗാനമേളയായിരുന്നു. നൌഷാദ്ക്കയുടെയും സിദ്ദിക്കയുടെയും പാട്ടിനൊപ്പിച്ച് മനോഹരനോ കൊടിഞ്ഞിയോ ഒരു ചെറിയ ചെണ്ടയില്‍ കൊട്ടി താളം പിടിക്കും. മറ്റുള്ളവര്‍ വെറുതെ നോക്കിയിരിക്കും.

 

ഗാനമേള മാത്രമല്ല ഈ ഒത്തു കൂടല്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത്. പരസ്പരം പാര പണിയാനും തമാശ പറഞ്ഞ് ചിരിക്കാനുമുള്ള ഒരു വേദി കൂടിയാണ്. ഉറക്കം വരുന്നത് വരെ കലാപരിപാടികള്‍ തുടരും.

 

ഒന്നു രണ്ടു ദിവസം അങ്ങനെ കഴിഞ്ഞു പോയി. ഞങ്ങള്‍ അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു. മണികണ്ടന്‍ ആണ് ഞങ്ങളുടെ ഗൈഡ്‌. മണികണ്ടന്‍ ഞങ്ങളെ മുന്നില്‍ നിന്നും നയിച്ചു. ഉയരം കുറവായതിനാല്‍ തല തൊണ്ണൂറു ഡിഗ്രീ ചെരിവില്‍ ഉയര്‍ത്തിയാണ് മണികണ്ടന്‍ ഞങ്ങളെ നോക്കിയിരുന്നത്. മണികണ്ടന് പറയാന്‍ ഒത്തിരി വീര കഥകള്‍ ഉണ്ട്. അത് കൊണ്ടാണ് അദ്ദേഹത്തിന് സ്ട്രോങ്ങ്‌ എന്ന പേര് വീണതും. അത്രയ്ക്കും സ്ട്രോങ്ങ്‌ ആയിരുന്നു മണികണ്ടന്‍റെ വായില്‍ നിന്നും വന്നിരുന്നത്.

 

മണികണ്ടന്‍ പറഞ്ഞ ചില കഥകള്‍ കേട്ട് ഞങ്ങള്‍ വാ പൊളിച്ചു നില്‍ക്കുമ്പോള്‍ ഹോട്ടലിലെ മറ്റു ജോലിക്കാര്‍ മാറി നിന്നു ചിരിക്കുകയാവും. ടയര്‍ ഊരിത്തെറിച്ച ലോറിക്ക്‌ ജാക്കി വെക്കാന്‍ ഒന്നുമില്ലാതെ വന്നപ്പോള്‍ മണികണ്ടന്‍റെ തോളത്ത് കയറ്റി വെച്ചിട്ടാണത്രേ ലോറിയുടെ ടയര്‍ ഇട്ടത്. ഇത്തരം കഥകള്‍ പറഞ്ഞാല്‍ കുട്ടികളായ ഞങ്ങളെ ആരാധകരായി കിട്ടുമെന്ന് കരുതിയാവും മണികണ്ടന്‍ ഞങ്ങള്‍ക്ക് ഗൈഡ് വന്നത്. ഞങ്ങള്‍ പോയത്‌ ഞാന്‍ മുമ്പ്‌ സൂചിപ്പിച്ച ആ ലാന്‍ഡ്‌ മാര്‍ക്ക്‌ ആയ ആ കുന്നിന്‍മുകളിലേക്കാണ്. അന്ന് അത് വിനോദ സഞ്ചാര കേന്ദ്രമയിരുന്നില്ല. രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ സ്വൈര വിഹാര കേന്ദ്രമായിരുന്നു ആ കുന്നും അതിനു മുകളിലുള്ള അമ്പലത്തിനെ ചുറ്റിപ്പറ്റിയുള്ള പൊന്തക്കാടുകളും. പകല്‍ ഭക്തര്‍ വന്നു തൊഴുതു പോവാറുണ്ടെങ്കിലും രാത്രിയില്‍ ആരും തൊഴാനായി വരാറില്ല. എങ്കിലും ആ കുന്നിന്‍ മുകളിലെ എല്ലാ ബള്‍ബുകളും പ്രകാശിച്ചു തന്നെ നില്‍ക്കും. അവിടെ നിന്നാല്‍ ഹോസുര്‍ മൊത്തം കാണാം. ഞാന്‍ പില്‍ക്കാലത്ത്‌ എം ബി എ ക്ക് പഠിച്ച അധിയമാന്‍ എഞ്ചിനീയറിംഗ് കോളജും ചുറ്റിലുമുള്ള ഇരുനൂറു ഏക്കറില്‍ പരന്നു കിടക്കുന്ന വിശാലമായ ഗ്രൗണ്ടും അവിടെ നിന്നാല്‍ കാണാം. തമിള്‍ നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവ് തമ്പി ദുരൈയുടെ ഉടമസ്ഥതയില്‍  ആണ് ഈ കോളജ്‌.

 

കുന്നിന്‍മുകളില്‍ നിന്നും ഇറങ്ങി ഞങ്ങള്‍ ഏതൊക്കെയോ തെരുവോരങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും റൂമിലെത്തി. വഴിവക്കില്‍ നിന്നും തമിഴമ്മാരുടെ ഇഷ്ട വിഭവമായ ബദാം മില്‍ക്കും പാനിപൂരിയും വാങ്ങിത്തരാന്‍ മണികണ്ടന്‍ മറന്നില്ല. തിന്ന്കഴിഞ്ഞ് ഭക്ഷണത്തിന്‍റെ കുറ്റവും കുറവും പറയാന്‍ ഞങ്ങളും മറന്നില്ല.

 

തിരിച്ചു റൂമിലെത്തുമ്പോള്‍ ഏറെ വൈകിയിരുന്നു. അത്ഭുതകരമായ ഒരു കാഴ്ച കണ്ടാണ് ഞങ്ങള്‍ റൂമില്‍ പ്രവേശിച്ചത്‌. സുഹറ ടീ സ്റ്റാളിലെ ടീ മേകര്‍ കൂളി വേലായുധന്‍ പാന്ടിനുള്ളില്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്ത് കട്ടി കൂടിയ ബെല്‍റ്റും ഷൂസും ഒരു കൂളിംഗ് ഗ്ലാസും ധരിച്ച് ഹാളിലെ ഒരു കട്ടിലില്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നു. ആ മനോഹരമായ കാഴ്ച ഞങ്ങള്‍ കുറെ നേരം നോക്കി നിന്നു. വേലായുധനില്‍ നിന്നും എന്തൊക്കെയോ പഠിക്കാന് ഉണ്ടെന്ന് ഞങ്ങള്‍ക്ക്‌ തോന്നി. പക്ഷെ, അതിനൊന്നും പിന്നീട് സമയം കിട്ടിയില്ല. മണികണ്ടന്‍ ഞങ്ങളെ റൂമിലേക്ക് വലിച്ചു കൊണ്ട് പോയി. വേലായുധന്‍ എന്തിനാണ് ഇങ്ങനെ ‘സിമ്പിള്‍ ഡ്രെസ്’ ധരിച്ച് കിടക്കുന്നത് എന്ന് ഞങ്ങളെ റൂമിലേക്ക്‌ കൊണ്ട് പോവുമ്പോള്‍ ഞങ്ങള്‍ മണികണ്ടനോട്‌ ചോദിച്ചു. മണികണ്ടന്‍ പറഞ്ഞ മറുപടിയില്‍ ഞങ്ങള്‍ തൃപ്തരായി.  ആ മ@*@*ന് പ്രാന്താണെന്നായിരുന്നു നല്ലവനും ശുദ്ധനുമായ  സ്ട്രോങ്ങ്‌ ഞങ്ങളെ അറിയിച്ചത്‌. ആ രാത്രി വളരെ ശാന്തമായിരുന്നു. ആരും അധികം പാടുകയോ ആടുകയോ ചെയ്തില്ല. മനോഹരനും കൊടിഞ്ഞിയും വരാന്‍ വൈകി. പിന്നെ ഞങ്ങളുടെ ഭാഗ്യത്തിന് അന്നെങ്കിലും ഒന്ന് പാടിനോക്കാം എന്ന് സ്ട്രോങ്ങ്‌ മണികണ്ടന് തോന്നിയതുമില്ല. അത് കൊണ്ട് ഞങ്ങള്‍ നേരത്തെ ഉറങ്ങി. ഉറങ്ങി എണീറ്റപ്പോള്‍ സമയം ഒത്തിരി വൈകിയിരുന്നു. ഞങ്ങള്‍ ചായ കുടിച്ചിരുന്നത് ഏതോ ഒരു ബാബുട്ടന്‍റെ കടയില്‍ നിന്നായിരുന്നു. പോകുന്ന മുക്കിലെല്ലാം പല പല ജോലികളിലും കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഒത്തിരി മലയാളികളെ കാണാനിടയായി. സോപ്പ്‌, ചീപ്പ്, പേസ്റ്റ്, ഷാമ്പൂ, എന്നിവ വാങ്ങിയിരുന്നത് ഒരു അണ്ണാച്ചിപ്പെണ്ണിന്റെ കടയില്‍ നിന്നായിരുന്നു. തമിഴത്തിയുടെ പേര് പൂര്‍ണ്ണിമ എന്നായിരുന്നു. ഇന്ദ്രജിത്ത് പൂര്‍ണിമയെ എന്ത് ചുരുക്കപ്പേരില്‍ വിളിക്കും എന്ന് ഒരു രസികന്‍ ചോദിച്ചത് പോലെ തന്നെയായിരുന്നു പൂര്‍ണ്ണിമയെ അവളുടെ അമ്മയും ബാക്കിയുള്ളവരും ചുരുക്കി വിളിച്ചിരുന്നത്. ഇത് കേട്ട് മലയാളികള്‍ ചിരിച്ചു കൊണ്ട് ഓടും. തമിഴര്‍ക്ക്‌ ഇത് എന്താണെന്ന്‍ അറിയാത്തത്‌ കൊണ്ട് എന്തിനാണ് മലയാളികള്‍ ചിരിച്ചിരുന്നത് എന്നും മനസ്സിലായിരുന്നില്ല. അത് കൊണ്ട് തന്നെ അവര്‍ ആ ചുരുക്കപ്പേര് തന്നെ അവളെ നീട്ടി വിളിച്ചു കൊണ്ടിരുന്നു. പൂര്‍ണ്ണിമ സുന്ദരിയായിരുന്നു. അത് കൊണ്ട് തന്നെ ആവശ്യമില്ലതെയും സാധനങ്ങള്‍ വാങ്ങിക്കുക, അല്ലെങ്കില്‍ സാധനങ്ങള്‍ ഒരുമിച്ചു വാങ്ങിക്കാതെ ഓരോരോ സാധനങ്ങള്‍ വാങ്ങിക്കാനായി പല തവണ അവളുടെ കടയില്‍ പോവുക തുടങ്ങിയവ മലയാളികളായ തൊഴിലാളികള്‍ പതിവാക്കിയപ്പോള്‍ നൌഷാദ്ക്കാക്ക് ഹോട്ടലില്‍ ജോലിക്കാരെ ആവശ്യനേരത്ത് കിട്ടാതെയായി. അതിനു പോംവഴിയായി ഒരു വഴിയെ കണ്ടുള്ളൂ. എല്ലാവര്‍ക്കും വേണ്ടി സോപ്പ്‌, ചീപ്, പേസ്റ്റ് എന്നിവ നൌഷാദ്ക്ക തന്നെ സ്വന്തം ചിലവില്‍ ഒരു മാസത്തേക്ക് മൊത്തമായി വാങ്ങിവെച്ചു. തൊഴിലാളികള്‍ പിന്നെയും പഴയ ഓര്‍മ്മയില്‍ പുറത്തേക്കിറങ്ങിയിരുന്നെങ്കിലും അവരെയെല്ലാം നൗഷാദ്‌ക്ക സ്നേഹപൂര്‍വ്വം സോപ്പ്‌ കൊടുത്ത് സോപ്പിട്ട് നിര്‍ത്തി.

 

അടുത്ത ദിവസം ഞങ്ങള്‍ നാട്ടിലേക്ക്‌ മടങ്ങുകയാണ്. ഹൊസൂരില്‍ നിന്ന് പോരാന്‍ ഞങ്ങള്‍ക്ക്‌ മനസ്സുണ്ടായിരുന്നില്ല. എന്നും നെയ്ച്ചോറും ബിരിയാണിയും ബീഫും മാത്രം കഴിച്ച് വയറിളക്കം പിടിച്ച് ഞങ്ങളുടെ ശരീരം കേടാവണ്ട എന്ന് കരുതിയാവണം നൌഷാദ്ക്ക ഞങ്ങളെ പെട്ടെന്ന് സ്ഥലം കാലിയാക്കാന്‍ നിര്‍ബന്ധിച്ചത്‌. ഹൊസൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ഒരു ബസില്‍ ഞങ്ങളെ കയറ്റി വിട്ടു. ഞങ്ങള്‍ക്ക് ട്രെയിനില്‍ തന്നെ തിരിച്ചു പോയാല്‍ മതി എന്ന് വാശി പിടിച്ചെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. ഞങ്ങളുടെ കൂടെ റൂട്ട് നന്നായി അറിയാവുന്ന ഹക്കീമും ഉണ്ടായിരുന്നു. ഞങ്ങള്‍ നാല് കുട്ടികള്‍ (ഷംസുവും മുജീബും, ഹക്കീമും ഞാനും) കോയമ്പത്തൂര്‍ വരെ ആ ബസില്‍ വന്നു. രാത്രി ഒമ്പത് മണിക്ക് ഹൊസൂരില്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് കോയമ്പത്തൂര് എത്തി. ഹക്കീമിന് എല്ലാം പരിചിതമായിരുന്നതിനാല്‍ അധികം ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. അവിടെ നിന്നും പാലക്കാട് വരെ വേറെ ബസില്‍ ആയിരുന്നു യാത്ര. വെറും രണ്ടു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ പാലക്കാട്ടെത്തി. പത്തു ദിവസത്തെ ഹൊസൂര്‍ വാസം മതിയാക്കി ഞങ്ങള്‍ വീണ്ടും ഹരിത കേരളത്തില്‍ കാലുകുത്തി. മഞ്ഞു വീണ പുലരിയില്‍ ഇനിയുമുണര്‍ന്നിട്ടില്ലാത്ത പാലക്കാടന്‍ ഗ്രാമീണ വീഥികളിലൂടെ പ്രകൃതിയുടെ ചന്തം തൊട്ടറിഞ്ഞ് ഒരു മടക്ക യാത്ര.