Tuesday, December 18

ശശികല പറഞ്ഞതും പറയാത്തതും...

 

    'ശശി എന്നും ശശി തന്നെ' എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, 'ശശികല എന്നും ശശികല തന്നെ' എന്ന് ഈയിടെയാണ് കേട്ടത്. പറഞ്ഞു വരുന്നത് സംഘപരിവാര്‍ തലൈവി ശശികലയെക്കുറിച്ചാണ്. ചിലര്‍ ശശികല ടീച്ചര്‍ എന്ന് വിളിച്ചു കേള്‍ക്കുന്നു. ടീച്ചര്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം അറിയാവുന്നത് കൊണ്ട് അങ്ങനെ അഭിസംബോധന ചെയ്യുന്നത് എന്നെ പഠിപ്പിച്ച ടീച്ചര്‍മാരെ അവഹേളിക്കുന്നതിന് തുല്യമാവും എന്നത് കൊണ്ട് അങ്ങനെ വിളിക്കുന്നില്ല.

   

ചിലര്‍ക്ക് മതം ആരാധനക്കും ആത്മീയതയ്ക്കും വേണ്ടിയാവുമ്പോള്‍ ഇവര്‍ക്ക് മതം വര്‍ഗീയതക്ക് വേണ്ടിയാവുന്നു  എന്നതാണ് ശരി. ശശികലയുടെ വാക്കുകള്‍ ലക്ഷ്യം വെക്കുന്നത് ഹിന്ദുത്വ വികാരമാണ്. കെട്ടുകഥകളുടെ കൊട്ടക്കണക്കുമായി നടക്കുന്ന ശശികലയെ ചങ്ങലക്കിടാന്‍ ചാണ്ടി സര്‍ക്കാറിന്‍റെ പോലീസിന് ധൈര്യം കാണില്ല.

 

ഒന്ന് വിരട്ടിയാല്‍ തന്നെ ചൂളിപ്പോകുന്ന ഈ സ്ത്രീ (സ്ത്രീ തന്നെയാണോ? ഇതെന്‍റെ മാത്രം സംശയമല്ല) തന്നേക്കാള്‍ നീളമുള്ള നാക്കും നീട്ടി ഇരപിടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. മോളെ ശശികലേ, ഇവിടെ ആരെങ്കിലും തമ്മില്‍തല്ലി ചത്തൊടുങ്ങുമെന്ന് വ്യാമോഹിച്ചാണ് ഈ വാചകക്കസര്‍ത്തെങ്കില്‍ തുടര്‍ന്നും പറഞ്ഞോളൂ. കാരണം, നിങ്ങള്‍   പറയുന്ന മലയാളം മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ഈ കേരള മണ്ണില്‍ വളര്‍ന്നവരാണ്. ഇവിടത്തെ മണ്ണും മനസ്സും ശുദ്ധമാണെന്ന് കണ്ടു മനസ്സിലാക്കാന്‍ നിങ്ങളുടെ മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകള്‍ക്കാവില്ല.

 

അയിത്തം നിമിത്തമായി..

 

പാണനും പറയനും പുലയനും പാട്ടു പാടി നടക്കുന്ന പുള്ളുവനും പിന്നെ വേട്ടുവനും മണ്ണാനും കരിവാനും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജാതികളും വര്‍ഗങ്ങളും വാഴുന്ന ഹിന്ദു മതം എന്താണെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ക്കോ നിങ്ങളുടെ കാവിപ്പടക്കോ കഴിഞ്ഞിട്ടില്ല. മതവികാരങ്ങള്‍ക്കപ്പുറം മനുഷ്യന്‍ എന്ന വികാരത്തിന് വിലകല്പ്പിച്ച നല്ല മനുഷ്യരെ നിങ്ങള്‍ വര്‍ഗീയവാദികള്‍ക്ക് കാണാനും കഴിഞ്ഞിട്ടില്ല. നിങ്ങള്‍ കണ്ടത്‌ സ്വന്തം ഉന്നമനവും സവര്‍ണ്ണ വര്‍ഗത്തിന്‍റെ മേല്‍ക്കോയ്മയും മാത്രം. അയിത്തം കല്‍പ്പിച്ചു മാറ്റിനിര്‍ത്തിയ ഒരു ജനതയെ ചേര്‍ത്ത് പിടിച്ചു നിങ്ങളും മനുഷ്യരാണ് എന്ന് മനസ്സിലാക്കിക്കൊടുത്തത് ഹിന്ദു മതമായിരുന്നില്ല  ശശികലേ. അത് മുഹമ്മദ്‌ നബി (സ) യുടെ ഇസ്ലാം മതമായിരുന്നു, മാര്‍ക്സിന്‍റെ കമ്മ്യുണിസമായിരുന്നു, യേശുവിന്‍റെ ക്രിസ്തുമതമായിരുന്നു.

 

    എരുവും പുളിയും ചേര്‍ത്ത് നിങ്ങള്‍ വിളമ്പുന്ന നുണക്കഥകള്‍ കേട്ട് കൈയടിക്കാന്‍ ആളെക്കിട്ടും. നിങ്ങള്‍ പുലമ്പുന്ന വിടുവായത്തം അണ്ണാക്ക് തൊടാതെ വിഴുങ്ങാനും ആളുണ്ടാവും. പക്ഷെ, നിങ്ങള്‍ പാകുന്നത് വിഷവിത്തുകളാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവരെ മാത്രം കേരളത്തില്‍ കിട്ടില്ല.

 

    ക്രിസ്ത്യനെയും മുസ്ലിമിനെയും മിനിറ്റിനു മിനിറ്റിനു ആക്ഷേപ്പിക്കാന്‍ ആവേശം കാണിക്കുന്ന ശശികലേ, അമ്പലങ്ങളില്‍ നിന്ന് വരുന്ന വരുമാനം മുസ്ലിമിന് വേണ്ട, ക്രിസ്ത്യാനിക്കും വേണ്ട. അത് നിങ്ങള്‍ തന്നെ എടുത്തോ. സര്‍ക്കാരിനോടും പറഞ്ഞേക്ക് - മുസല്‍മാനു കൊടുക്കണ്ട, ക്രിസ്ത്യാനിക്കും കൊടുക്കണ്ട, സവര്‍ണ്ണരുടെ അടി വേരറുത്ത കമ്മ്യുണിസ്റ്റിനും കൊടുക്കണ്ട. ദയവു ചെയ്ത് ആ ദേവസ്വംബോര്‍ഡ്‌ കൂടി എടുത്തോണ്ട് പോവണം. ജീവനക്കാരുടെ ശമ്പളവും കിമ്പളവും പെന്‍ഷനും എല്ലാം മഹാറാണി തന്നെ നേരിട്ട് കൊടുത്താല്‍ മതി.

 

പള്ളി മദ്രസകളിലെ വരുമാനം മുസ്ലിംകള്‍ തന്നെ അനുഭവിക്കുന്നു എന്നതാണല്ലോ മറ്റൊരു പരാതി. ആ വരുമാനം അവിടുത്തെ അധ്യാപകര്‍ക്ക്‌ കൊടുക്കാന്‍ തന്നെ തികയുന്നില്ല. ഞങ്ങളെപ്പോലുള്ള മുസല്‍മാന്മാര്‍ മാസവരിസംഖ്യ കൊടുക്കുന്നത് കൊണ്ടാണ് ഇവരുടെ ശമ്പളവും മറ്റും കൊടുത്തു തീര്‍ക്കുന്നത്.

 

അമ്പലത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് ഇവിടുത്തെ റോഡ്‌ നന്നാക്കിയിട്ടുണ്ടെകില്‍ ആ റോഡില്‍ കൂടി പോകുന്നത് താങ്കളുടെ  ജനത കൂടിയാണ്. അമ്പലത്തില്‍ നിന്നുള്ള വരുമാനമെടുത്ത്‌ ഹിന്ദുവിന് മാത്രം ഒരു റോഡ്‌, ഹോസ്പിറ്റല്‍, കോളേജ്, എന്നിങ്ങനെ പണിയുന്ന കാര്യം, അമ്പലത്തില്‍ നിന്നും കിട്ടുന്നത്  എണ്ണിത്തീരാത്ത അവസ്ഥ വരുമ്പോള്‍ നമുക്ക്‌ പരിഗണിക്കാം.

 

ശബരിമലയും ഹജ്ജും.

 

    ശബരിമലയിലേക്ക് പോകുന്ന അയ്യപ്പന്മാര്‍  ട്രാന്‍സ്പോര്‍ട്ട് ബസ്സിന് കൊടുക്കുന്ന അധിക ചാര്‍ജിനെക്കുറിച്ച് വാചാലയായ താങ്കള്‍ ഹജ്ജിനു പോകുന്ന മുസല്‍മാന് വേണ്ടി ഹജ്‌ ഹൗസില്‍ നിന്ന്‍ കരിപ്പൂര്‍ എയര്‍ പോര്‍ട്ടിലേക്ക് KSRTC ഒരുക്കിയ സൗജന്യ യാത്രയെക്കുറിച്ച് നെഞ്ചത്തടിക്കുന്നതും കണ്ടു. രണ്ടര ലക്ഷം മുടക്കി ഹജ്ജിനു പോകുന്ന ഹാജിമാര്‍ക്ക്‌ കിട്ടിയ പത്തു  രൂപയുടെ സൗജന്യ യാത്ര കേരള സര്‍ക്കാരിനും താങ്കളുടെ കുടുംബത്തിനും എത്രത്തോളം നഷ്ടം വരുത്തിയെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ശബരിമലയിലേക്ക് നടന്നു പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തത് കാരണം പടിക്കെട്ട് വരെ വണ്ടിയില്‍ ചെന്നിറങ്ങാനുള്ള സൗകര്യമായി. വിതക്കാന്‍ സര്‍ക്കാര്‍ വേണമെന്നും കൊയ്യാന്‍ സര്‍ക്കാര്‍ വേണ്ടെന്നും പറയുന്നത് മോശമല്ലേ മാഡം.  

മതേതരത്വം   എന്തിന്?

 

ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഒന്നുണര്‍ന്നാല്‍ തച്ചു തരിപ്പണമകാവുന്നതേയുള്ളൂ മുസല്‍മാനും അവന്‍റെ പള്ളികളും എന്ന് താങ്കള്‍ വീരവാദം മുഴക്കുന്നതും കേട്ടു. ഹിന്ദുവിനെ ഞങ്ങള്‍ ഭയക്കുന്നില്ല. ഞങ്ങളെ ഹിന്ദുവും ഭയക്കേണ്ടതില്ല. പക്ഷെ, സംഘപരിവാര സംഘത്തെ ഞങ്ങള്‍ക്ക്‌ വെറുപ്പാണ്. ഭയം കൊണ്ടല്ല, മനുഷ്യത്വം ഇല്ലാത്ത ഒരു വര്‍ഗം എന്ന നിലയില്‍. 'ഗുജറാത്ത്' ഇന്ത്യയില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ഈ വര്‍ഗം നാമാവശേഷമാവണം. യുദ്ധത്തില്‍ പോലും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും കൊല്ലരുതെന്ന് പഠിപ്പിച്ച പ്രവാചകന്‍റെ അനുയായികളാണ് ഞങ്ങള്‍. ബഹുപൂരിപക്ഷത്തോട് യുദ്ധം ചെയ്ത ചരിത്രമാണ് മുസ്ലിംകളുടെയും മറ്റു വേദവിശ്വാസികളുടെയും.  ഇവിടെ ജീവിക്കുന്ന ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും സിഖുകാരനും ഈ മണ്ണിന് ഒരുപോലെ അവകാശികളാണ്. എല്ലാവരും ഇവിടെ ജനിച്ചു വളര്‍ന്നവരും ഇവിടെ തന്നെ വേരുകള്‍ ഉള്ളവരുമാണ്‌. ഇന്ത്യ ഹിന്ദുവിന്‍റെ മാത്രമാണെന്ന വിഡ്ഢിത്തരവും പറഞ്ഞു നടക്കല്ലേ മാഡം. ഹിന്ദു നാല്‍പത്തി ഒമ്പത് ശതമാനമായാലും ഒരു ശതമനമായാലും ശരി ഇന്ത്യ മതേതരത്വത്തോടെ തന്നെ നിലനില്‍ക്കും. ഇസ്ലാമിക രാഷ്ട്രത്തില്‍ ജീവിച്ചാലെ യഥാര്‍ത്ഥ മുസ്ലിമാവൂ, അല്ലെങ്കില്‍ സ്വര്‍ഗ്ഗം കിട്ടുകയുള്ളൂ എന്നുള്ള വിശ്വാസമൊന്നും ഒരു മുസ്ലിമിനുമില്ല.

 

കഅബയും സംഘ പരിവാര ബഡായികളും.

 

    മക്കയില്‍ വരണമെന്ന് താങ്കള്‍ക്കും കൂട്ടാളികള്‍ക്കും ആഗ്രഹമുണ്ടെന്ന് പറഞ്ഞു കേട്ടു. അതിന് കാരണമായി പറയുന്നത് സംഘപരിവാര്‍ ക്ലാസ്‌ റൂമില്‍ കേട്ടു വളര്‍ന്ന ശിവലിംഗ കഥകളാണ്. മുസ്ലിമായിട്ട് ആര്‍ക്കും വരാം. അല്ലാത്തവര്‍ക്ക് അങ്ങോട്ട്‌ പ്രവേശനമില്ല. എല്ലാം പറഞ്ഞ ഖുര്‍ആന്‍ ബഹുദൈവാരാധകരെ അങ്ങോട്ട്‌ അടുപ്പിക്കരുതെന്ന് കൂടി പറഞ്ഞിട്ടുണ്ട്. മാലിന്യമാണ് പ്രശ്നമെങ്കില്‍  കഴുകിക്കളഞ്ഞാല്‍ പോവില്ലേ എന്ന് സ്വാഭാവികമായും ആരും ചോദിച്ചേക്കാം. ഉവ്വ്, പക്ഷെ, നിങ്ങളുടെയൊക്കെ മനസ്സിലെ മാലിന്യം അങ്ങനെയൊന്നും പോവില്ലല്ലോ...!

Saturday, December 1

വീണ്ടും ചില തീറ്റക്കാര്യങ്ങള്.....(ആക്ഷേപ ഹാസ്യം)


    അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ.  ഈയിടെ ഒട്ടുമിക്ക ചാനലുകളിലും ഇതര മാധ്യമങ്ങളിലും ഭക്ഷണപാനീയങ്ങള്‍ ഏതെല്ലാം രീതിയില്‍ മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടു. അതില്‍ പ്രധാനമായിരുന്നു നമ്മുടെ ദേശീയ ഭക്ഷണമായ പൊറാട്ടയെക്കുറിച്ചുള്ള ചര്‍ച്ചകളും.

 

പൊറാട്ട അല്ലെങ്കില്‍ പൊറോട്ട എന്ന് പറയുന്ന ആ വട്ടത്തിലുള്ള സാധനം തിന്നാല്‍ വയറില്‍ കാന്‍സര്‍ വരുമെന്നും പൊറോട്ട ദഹിക്കാന്‍ പതിനാല് മണിക്കൂര്‍ എടുക്കുമെന്നും പറഞ്ഞ് അവര്‍ ടിവിയില്‍ ബഹളം വെച്ചു കൊണ്ടിരിന്നപ്പോള്‍ ഞാനിതും കണ്ടു കൊണ്ടിരുന്ന്‍ പൊറോട്ട ചവക്കുകയായിരുന്നു.

   

ഈ പൊറാട്ട എന്ന സാധനം വയറ്റില്‍ ചെന്നാല്‍ ഉടന്‍ തന്നെ ബോംബ്‌ പൊട്ടിച്ച് കിഡ്നിയെ തകര്‍ക്കുമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചവച്ച പൊറാട്ട പുറത്തേക്ക് തുപ്പി. എന്നിട്ട് വേഗം വെള്ളം കുടിച്ചു. കഴിച്ച ബോംബിന്‍റെ അതായത്‌ പൊറാട്ടയുടെ ആക്രമണ വീര്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഒരു കുപ്പി കോളയും കുടിച്ചു തീര്‍ത്തു. പിന്നെ ഫേസ്ബുക്കില്‍ ഓടിച്ചു പോവുമ്പോള്‍ അതാ വരുന്നു കോളയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒരു പോസ്റ്റ്‌. വയര്‍ എന്ന സാമ്രാജ്യം ഈ വക തെമ്മാടി ഭക്ഷണങ്ങള്‍ കരുതിക്കൂട്ടി കുരുതിക്കളമാക്കുകയാണ്.

   

കുടിച്ച കോള എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചെങ്കിലും  ഉടന്‍ തന്നെ എല്ലാം നിര്‍ത്തി. ടി വി യില്‍ ഇത്തരം പരിപാടികള്‍ കാണുന്ന പരിപാടി നിര്‍ത്തി. ഫേസ്ബുക്കില്‍ അത്തരം പോസ്റ്റ്‌ ഇടുന്നവരില്‍ നിന്നും 'വരി' നിര്‍ത്തി. അങ്ങനെ ഇപ്പോള്‍ സമാധാനത്തോടെ പ്ലേറ്റില്‍ വരുന്ന തിരിച്ചു കടിക്കാത്ത ഹലാലായ എന്തും അകത്താക്കി വരുന്നു.

   

കുറച്ചു ദിവസം കഴിഞ്ഞ് എനിക്ക് വേറൊരുത്തന്‍റെ കൂടി 'വരി' നിര്‍ത്തേണ്ടി വന്നു. ആ പച്ചക്കറി തീനി എഴുതി വിട്ടിരിക്കുകയാണ് ബീഫ്‌ കഴിക്കുന്നത് കാന്‍സര്‍ വരുത്തുമെന്ന്. ദ്രോഹീ...ഞങ്ങള്‍ പാരമ്പര്യമായി ഹോട്ടല്‍ നടത്തി വരുന്നവരാണ്. ഒരു കസ്റ്റമറെ കടയില്‍ കയറ്റാനുള്ള കഷ്ടപ്പാട്‌ ഞങ്ങള്‍ക്കെ അറിയൂ.

   

ഇങ്ങ് മണലാരണ്യത്തിലേക്ക് നാട്ടില്‍ നിന്ന് വരുന്ന പാര്‍സലില്‍ എല്ലാവര്‍ക്കും പ്രിയം ബീഫും പത്തിരിയുമാണ്. അത് തിന്ന് തിന്നങ്ങനെ ഇരിക്കുമ്പോഴായിരിക്കും നമ്മള്‍ ഇമ്മാതിരി പോസ്റ്റുകള്‍ കാണുന്നത്. വെള്ളിയാഴ്ച പോത്തിറച്ചി വാങ്ങാത്തോന്‍ ദീനുല്‍ ഇസ്ലാമില്‍ നിന്നും പുറത്താണ് എന്നത് നമ്മടെ നാട്ടിന്‍പുറത്തെല്ലാം പരക്കെ പ്രചാരത്തില്‍ ഉള്ള ഒരു ചൊല്ലാണ്. അപ്പോഴാണ്‌ അവന്‍റെ വഹ ഒരു താക്കീത്‌..

 

    ഹോ...ഫേസ്ബുക്ക് തുറക്കാന്‍ തന്നെ പേടിയാവുന്നു. അല്ലെങ്കില്‍ ടിവി യില്‍ ചര്‍ച്ച കാണാനേ പേടിയാവുന്നു. ഇത് ഭക്ഷണ സാധനങ്ങള്‍ ഹാനികരമാണ് എന്ന് പേടിപ്പിക്കുമെന്നു കരുതിയല്ല. മറ്റു പരിപാടികളും കാണാന്‍ ഭയമാണ്. ഒരിക്കല്‍ ഏതോ ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ വധം കണ്ടിട്ട് എന്‍റെ വീട്ടിലെ കുട്ടികളെല്ലാം പനിയും ചിക്കന്‍ പോക്സും വന്നു കിടപ്പിലായി. അല്ല, ബ്രിട്ടാസ് മുതലാളി, അറിയാത്തോണ്ട് ചോദിക്കുകയാ, അന്‍റെ കയ്യില്‍ മനുഷ്യന്മാര്‍ക്ക് കാണാന്‍ പറ്റിയ ഐറ്റംസ് ഒന്നുമില്ലേ. അതവിടെ നില്‍ക്കട്ടെ, നമുക്ക് വല്ലതും കഴിക്കാം. അല്ല, വല്ലതും കഴിക്കുന്നതിനെക്കുറിച്ച് ചര്‍ദ്ദിക്കാം സോറി ചര്‍ച്ചിക്കാം.

 

കള്ള് കുടിയുടെ ദോഷവശങ്ങളും ഗുണവശങ്ങളും ചിക്കിച്ചികയുന്നതാണ് പിന്നീടൊരിക്കല്‍ ടിവിയില്‍ കണ്ടത്‌. കുടിക്കാതെയും വലിക്കാതെയും നടക്കുന്നവരുടെ നഷ്ടബോധം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കുടിയന്മാരും വലിയന്മാരും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത്. അതേസമയം, തങ്ങള്‍ ശ്രേഷ്ഠരാണെന്ന് സ്ഥാപിക്കാനാണ് ഇത് രണ്ടും ചെയ്യാത്തവര്‍ ശ്രമിക്കുന്നത്. കള്ള് കുടിക്കാം എന്ന് ചിലര്‍. പറ്റില്ലെന്ന് മറ്റു ചിലര്‍. കുടിക്കുന്നത് നല്ലതാണെന്ന് ചിലര്‍. അല്ല ചീത്തയാണെന്ന് മറ്റു ചിലര്‍. എനിക്കാകെ ബേജാറായി. കള്ള് കുടി മോശമാണെന്നുള്ള കാര്യത്തിലും ആളുകള്‍ക്ക്‌ രണ്ടഭിപ്രയമോ..? ഹോ കാലം പോയ പോക്കേ.

 

ഇവരുടെ പ്രശനം എങ്ങനെ പരിഹരിക്കും. ഒരു വഴിയെ ഉള്ളൂ. അതെ അത് തന്നെ, ടിവി ഓഫ് ചെയ്യുക. ഞാന്‍ വേഗം ടിവി ഓഫ് ചെയ്തു. പ്രോബ്ലം സോള്‍വ്ഡ്!!

 

ഇത്രയും കാലം കള്ള് ആരോഗ്യത്തിന് ഹാനികരം എന്നാണ് കേട്ടിരുന്നത്. ചിലര്‍ അത് ഭക്ഷണത്തിന്‍റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ചിലര്‍ അതൊരു വ്യവസായമാണെന്ന് വാദിക്കുന്നു. എല്ലാവരെയും നിങ്ങള്‍ക്ക്‌ അറിയാം. ഇനി അവരുടെ പേരിവിടെ എഴുതി തടി കേടാക്കാന്‍ ഞാനില്ല.

 

ഭക്ഷണത്തെക്കുറിച്ച് ഹാനിക്കഥകള്‍ കണ്ടെത്തുന്നവര്‍ എന്ത് കൊണ്ട് ഹാനിയെ ഹനിക്കാനുള്ള കഹാനി)കഥ)യുമായി വരുന്നില്ല. കഷ്ടം ദുഷ്ടന്മാരെ. നിങ്ങള്‍ കുനുഷ്ടും കൊണ്ട് നടന്നോ...പൊറോട്ട ഇപ്പോള്‍ അതിര്‍ത്തികള്‍ ഭേദിച്ച് ഇങ്ങ് അറേബ്യയില്‍ വരെ പ്രചാരത്തില്‍ വരുകയാണ്. നുമ്മ മലയാളികള്‍ക്ക് വിശപ്പില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് ആമാശയത്തില്‍ പൊറാട്ടയുടെ പോരാട്ടവും ബലം പിടുത്തവും നടക്കുന്നത് കൊണ്ടാണ്. പോത്തിനോടാണോ നിങ്ങള്‍ 'പോത്തിറച്ചി കഴിക്കരുതെന്ന് പറയുന്നത്' അഥവാ വേദമോതുന്നത്.

 

വാല്‍ക്കഷ്ണം : "തിന്നതെല്ലാം നല്ലതിന്, തിന്നുന്നതും നല്ലതിന്, ഇനി തിന്നാന്‍ പോവുന്നതും നല്ലതിന്" എന്നായാല്‍ വളരെ നല്ലത്.