
നിരന്തരമായ ഈ ആക്രമണം കണ്ട് മനം മടുത്താണ് ഞാന്‍ ഇങ്ങനെ ഒരു പഠനം നടത്തി അത്ഭുതകരമായ ഞങ്ങള്‍ പാലക്കാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അന്തം വിടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തിയത്.
നിര്‍ഭാഗ്യവശാല്‍ (ഭാഗ്യവശാല്‍ എന്ന് സിനിമ കണ്ടവര്‍) അദ്ദേഹത്തിന്റെ ഒരൊറ്റ സിനിമയും എനിക്ക് കാണേണ്ടി വന്നിട്ടില്ല. പക്ഷെ, ഞാനും ഒരു ഫേസ്ബുക്ക് ആന്‍ഡ് ബൂലോകം മെമ്പര്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ സിനിമകളിലെ രോമാഞ്ചകഞ്ചുകമണിയിക്കുന്ന (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ പദം ഞാന്‍ സന്തോഷ് പണ്ഡിറ്റിന്റെ ഡയലോഗിനെ വിശേഷിപ്പിക്കാന്‍ വേണ്ടി മാത്രമായി ജീവിതത്തില്‍ ആദ്യമായി ഉപയോഗിക്കുകയാണ് – അത് കൊണ്ട് തന്നെ ആ പദം ശരിയാണോ എന്ന് എനിക്കും സംശയമുണ്ട്) എല്ലാ ഡയലോഗുകളും ഇപ്പോള്‍ മനപ്പാഠമാണ്. ചുണ്ടില്‍ അദ്ദേഹത്തിന്റെ പാരഡികളും സോറി ഈരടികളും വരാറുണ്ട്.
ഇനി സന്തോഷ് പണ്ഡിറ്റ് മലയാളികള്‍ക്ക് വേണ്ടി രാവും പകലും ഉറക്കമിളച്ച് അല്ലെങ്കില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് നല്കിയ സംഭാവനകള്‍ എണ്ണി എണ്ണിപ്പറയട്ടെ. അതും കൂടി വായിച്ചാല്‍ പിന്നെ നിങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ കെട്ടിപ്പിച്ചു പൊട്ടിക്കരഞ്ഞ് പൊട്ടിത്തകര്‍ന്നു പോവും.
1) ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ലെന്ന് കണ്ടു പിടിച്ചു. ഇദ്ദേഹം എന്നാണ് ഗംഗാജലം വറ്റിച്ചു നോക്കിയത് എന്ന് ഇതു വരെ വ്യക്തമാക്കിയിട്ടില്ല. (മുല്ലപ്പെരിയാര്‍ വറ്റിച്ചാല്‍ തീരുമോ ആവോ - എങ്കില്‍ കുറെ നിരാശാ കാമുകീകാമുകന്മാരെ അങ്ങോട്ട് വിട്ട് മലയാളികളുടെ ആ ഫുള്‍ ടൈം ‘വെള്ളം’ എന്ന പ്രശ്നം അങ്ങ് തീര്‍ക്കാമായിരുന്നു.)
2) തൊലിക്കട്ടി ഉണ്ടെങ്കില്‍ ആര്‍ക്കും സിനിമയെടുക്കാമെന്ന് തെളിയിച്ചു.
3) സൂപ്പര്‍ സ്റ്റാര്‍ പദവി സ്വയം ചാര്‍ത്തിക്കൊടുക്കുന്ന ഒന്നാണെന്ന് തെളിയിച്ചു. ഇനി പദ്മശ്രീയും സ്വയം ചാര്‍ത്താന്‍ കഴിയുമെന്ന് തെളിയിക്കുമായിരിക്കും.
4) നീ വല്യവനാകാം എന്ന് കരുതി ഞാന്‍ ചെറിയവനാണെന്ന് അര്‍ത്ഥമില്ല എന്ന സിദ്ധാന്തം ഫോര്‍മുലയുടെ സഹായത്തോടെ അവതരിപ്പിച്ചു.
ഫോര്‍മുല ഇങ്ങനെ.
മമ്മൂട്ടി = സൂപ്പര്‍ സ്റ്റാര്‍, മോഹന്‍ലാല്‍ = സൂപ്പര്‍ സ്റ്റാര്‍ DOES NOT MEAN THAT SANTHOSH PANDIT IS NOT A SUPER STAR.
SO, സന്തോഷ് പണ്ഡിറ്റ് = സൂപ്പര്‍ സ്റ്റാര്‍.
5) പതിനെട്ട് കാര്യങ്ങള്‍ അറിയില്ലെങ്കിലും ചെയ്യാമെന്ന് തെളിയിച്ചു.
6) വെറും അഞ്ചുലക്ഷം കൊണ്ട് നാല് കോടി ജനങ്ങളെ വെറുപ്പിക്കാമെന്ന് തെളിയിച്ചു.
7) തലച്ചോറ് കൈവിരലില്‍ ബന്ധിപ്പിച്ച ലോകത്തെ ആദ്യത്തെ മനുഷ്യന്.
8) ആകാശത്തിലൂടെ പോകുന്ന കിളിയെ ഏണി വെച്ച് പിടിക്കുന്നതില്‍ നിന്നും മലയാളികളെ തടഞ്ഞ ആദ്യത്തെ ധീരനായ മലയാളി. എത്രയോ മലയാളികള്‍ ഇങ്ങനെ ഏണി വെച്ച് പിടിക്കാന്‍ ശ്രമിച്ചത് മൂലം ദാരുണമായി കൊല്ലപ്പെടുകയുണ്ടായി. ഇത് അബദ്ധമാണെന് മലയാളികളെ പഠിപ്പിച്ചത് മഹാനായ സന്തോഷ് പണ്ഡിറ്റ് ആണ്. സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍ മലയാളികള്‍ തെണ്ടിപ്പോയേനെ...
9) മലയാളികള്‍ക്ക് ആരെയെങ്കിലും ആക്ഷേപിക്കാന്‍ പറ്റിയ ഒരു പദം “സന്തോഷ് പണ്ഡിറ്റ്” സമ്മാനിച്ചു.
10)ഉറങ്ങുമ്പോഴും കോട്ടും സൂട്ടും ധരിക്കാമെന്ന് തെളിയിച്ചു.
11)മലയാളികളുടെ ശ്രദ്ധ മുഴുവന്‍ തന്നിലേക്ക് ആകര്‍ഷിച്ച് ശ്രീശാന്ത്, പ്രിഥ്വിരാജ് എന്നീ താരങ്ങളെ ക്രൂരരും ദുഷ്ടന്മാരുമായ മലയാളികളില്‍ നിന്ന് രക്ഷിച്ചു എന്ന ഒരു മഹത്തായ കര്‍മ്മം കൂടി സന്തോഷ് പണ്ഡിറ്റിന്റെ റെക്കോര്‍ഡ് ബുക്കില്‍ ഉണ്ട്. ഈ ഒരൊറ്റ കാര്യം മാത്രം മതി നമ്മടെ മലപ്പുറം കാക്കാടെ ഭാഷയില്‍ പറഞ്ഞാല്‍ “നാളെ ജന്നാത്തുല്‍ ഫിര്ദൌസില്” കൂളായി കേറിപ്പോവാന്‍. നാലാം ക്ലാസിലെ പാഠപുസ്തകത്തില്‍ പഠിച്ച വേട്ടക്കാരന്റെയും മാനിന്റെയും കഥയാണ് ഈ ട്രിക്ക് പ്രയോഗിക്കാന്‍ സന്തോഷ് പണ്ഡിറ്റ് മാതൃകയാക്കിയത്.
പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രമേ ഞാന്‍ ഇവിടെ അവതരിപ്പിച്ചിട്ടുള്ളൂ. അത് മതി. ബാക്കിയെല്ലാം നിങ്ങള്‍ക്ക് അറിയാം എന്ന് വിശ്വസിക്കുന്നു. ഇനിയും എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ എന്റെ വിലാസത്തില്‍ എന്നെ അറിയിക്കണം. ഇതിനു താഴെ കമന്റ് ആയി ഇട്ടാല്‍ ഞാന്‍ ധന്യനായി.
ഇത്രയൊക്കെ അറിഞ്ഞ സ്ഥിതിക്ക് എന്റെ പോന്നു മലയാളികളെ നിര്‍ത്തിക്കൂടെ നിങ്ങളുടെ ആക്രമണം.
സന്തോഷ് പണ്ഡിറ്റിന് മലയാളികളെ വേവിക്കാന്‍ സോറി സേവിക്കാന്‍ വരും കാലങ്ങളിലും കഴിയട്ടെ എന്ന് ആശംസിക്കുന്നു.