Monday, May 23

ജീവിതം

ജീവിതം ഒരു നൌകയാണ്;
കാറ്റിലും കോളിലും ചാഞ്ചാടിയാടി
കരയിലേക്കൊഴുകുന്ന നൌക.
പൂവും പൂമ്പാറ്റയും പുല്‍മേടും അതിന്‍റെ മേമ്പൊടികള്‍,
വാനവും വാര്‍മഴവില്ലും വസന്തകാലവും അതിന്‍റെ വര്‍ണങ്ങള്‍.
ഇന്നലെകള്‍ ജീവിതത്തിലെ ഓര്‍മ്മകള്‍ മാത്രം,
ഇന്നിന്‍റെ നശ്വരമായ ഓര്‍മ്മകള്‍.
ഓരോ പുലരിയും പ്രതീക്ഷകളുടെതാണ്,
ഓരോ സന്ധ്യയും ആശകളുടെ നിശ്വാസമാണ്,
ആയുസ്സിലെ ഓരോ വര്‍ഷവും ഒരു പുതിയ തുടക്കമാണ്‌.
ജീവിതത്തെ നയിക്കുന്നത് സ്വപ്നങ്ങളാണ്,
കുമിളകള്‍ പോലെയുള്ള സ്വപ്നങ്ങള്‍,  
പൊട്ടും വരെ വീര്‍പ്പിക്കാവുന്ന കുമിളകള്‍.  
നഷ്ടസ്വപ്നങ്ങളുടെ ആത്മാവുകള്‍ നമ്മോട് കൂടെയുണ്ടാവും
ശിഷ്ടകാലം നമ്മെ വേട്ടയാടനായി!

Friday, May 6

വേനല്‍ ചിന്തകള്‍

വേനലൊടുങ്ങുകയാണ്
ചുറ്റിലും പാറിപ്പറക്കുന്ന ചിത്രശലഭങ്ങള്‍
കല്ലെടുക്കും തുമ്പികള്‍
പൂക്കളില്‍ ചേക്കേറുന്ന വണ്ടുകള്‍
വര്‍ണങ്ങള്‍ വാരി വിതറി മഴവില്ല്
നൃത്തം ചവിട്ടുന്ന മയില്‍പേടകള്‍
സസ്യലതാദികള്‍ തൊട്ടുതലോടി മന്ദമാരുതന്‍
ഇളം കാറ്റിലാടുന്ന തെങ്ങോലകള്‍
ഒഴുകി നീങ്ങുന്ന മെലിഞ്ഞ പുഴ
നെല്ലോലകള്‍ ചാഞ്ഞു കിടക്കുന്ന പുഞ്ചപ്പാടം
കുട്ടികള്‍ കളിച്ചുല്ലസിക്കുന്ന കറുകപ്പുല്‍ മൈദാനം
ഇതൊരു കാലം
മണ്ണില്‍ ജനിച്ച് മണ്ണില്‍ വളര്‍ന്ന് മണ്ണിലൊടുങ്ങിയ ഒരു തലമുറ
നിര്‍വൃതിയടഞ്ഞ ഒരു കാലം
    ******************
മനുഷ്യന്‍ സ്വപ്നങ്ങളാല്‍ നയിക്കപ്പെടുന്നു  
സ്വര്‍ഗങ്ങളില്‍ ഭ്രമിക്കപെടുന്നു
ഒരു ചാണ്‍ തെറ്റിയാല്‍ തകിടം മറിയുന്ന ഭൂലോക സ്വര്‍ഗം,
നേട്ടങ്ങള്‍ അവനു ലഹരിയാണ്,
ചതിച്ചും വഞ്ചിച്ചും അപഹരിച്ചും അടുക്കിക്കൂട്ടുന്ന നേട്ടങ്ങള്‍
വിജയങ്ങള്‍ ഉന്മാദമാണ്
കുതികാല്‍ വെട്ടിയും കൊന്നു കൊല വിളിച്ചും നേടുന്ന വിജയങ്ങള്‍,
പാഴ്ക്കിനാവുകളാല്‍ തെളിക്കപ്പെടുന്നവര്‍
പാതിരാവില്‍ നില മറക്കുന്നു
വേദനയും വിശപ്പും വാരിത്തിന്ന ഒരു സമൂഹം ചരിത്രമാണ്
വിപ്ലവം നയിക്കാന്‍ ഇനിയാരുണ്ട്?
    ***************
വരും തലമുറക്ക് നല്‍കാന്‍ നമുക്കെന്താണുള്ളത്
മണ്ട പോയ തെങ്ങുകളോ
വിണ്ടു കീറിയ വിളനിലങ്ങളോ
മൂടിയിട്ടും മൂടിയിട്ടും തൂരാതെക്കിടക്കുന്ന റോഡുകളോ
തേച്ചു മിനുക്കി മോണ കാട്ടി നടക്കുന്ന രാഷ്ട്രീയക്കാരോ
അന്യന്‍റെ അപ്പക്കഷണം അടിച്ചെടുക്കുന്ന അമേരിക്കയോ
മായമില്ലെന്നു പറയാന്‍ അമ്മിഞ്ഞപ്പാലല്ലാതെ നമുക്കെന്താണുള്ളത്
അമ്മയും സ്നേഹവും നന്മയാണ്
നമുക്കത് രണ്ടും നെഞ്ചോട്‌ ചേര്‍ക്കാം
    ****************************