Saturday, April 30

മഴനാരുകള്‍

മഴ തിമര്‍ക്കുകയാണ്
ഓര്‍മ്മയിലെവിടെയോ മഴ നാരുകള്‍ തൂങ്ങിയിറങ്ങിക്കൊണ്ടിരുന്നു
മുറ്റം നിറയെ മഴവെള്ളം ചാലിട്ടോഴുകുകയാണ്.
ചാരുപടിയില്‍ ചാരിയിരുന്നു ചരിഞ്ഞു നോക്കിയിരിക്കെ
മഴത്തുള്ളികള്‍ മണ്ണില്‍ വീണു തകരുന്നത് കണ്ടു
മനസ്സിലെവിടെയോ ഒരു വള കിലുക്കം
ഓര്‍മ്മകളില്‍ നിന്നും അടര്‍ന്നു പോയ ബാല്യകാല സഖിയോ?
അല്ല, പിന്നെയാരാവാം?
മഞ്ചാടിക്കുരു പെറുക്കിത്തന്ന,താന്‍ പാഠം പറഞ്ഞു കൊടുത്ത മുറപ്പെണ്ണ്!
അതോ വേദന മാത്രം വാരിക്കൊരിത്തന്ന്
ഒരു വാക്കു പോലും പറയാതെ ആരുടെയോ സ്വാര്‍ത്ഥതക്ക്  
മുന്നില്‍ സ്വയം ബലിയാടായ കാമുകിയോ!
പുറം കറുപ്പും(പര്‍ദ്ദ),  തൊലി വെളുപ്പും,അകം വെറുപ്പുമായി
നടന്ന അറബിപ്പെണ്ണായിരിക്കുമോ?
അതുമല്ലെങ്കില്‍,
നിറഞ്ഞ ചിരിയും, വിടര്‍ന്ന മുഖവും, തുറന്ന മനസ്സും
സ്നേഹം മാത്രം കൈമുതലായുള്ള, വിദൂരതയില്‍ നിന്നും
കളിയാക്കി കൈവീശിക്കാണിച്ച വശ്യ സുന്ദരിയോ
ആരോ തനിക്കായി കാത്തിരിക്കുന്നുവെന്ന ഒരു തോന്നല്‍.....
മനസ്സില്‍ സുഖശീതളമായ തെന്നല്‍ വീശുന്ന ഒരു തോന്നല്‍......
**********************
ഓര്‍മ്മകള്‍ കാര്‍മേഘങ്ങള്‍ക്കൊപ്പം കുന്നു കയറിക്കൊണ്ടിരുന്നു
മഴവില്ലിനെ തൊട്ടുരുമ്മി, മലയിടുക്കുകളില്‍ തട്ടിത്തടഞ്ഞ്,
കാര്‍മേഘങ്ങളോട് ശണഠ കൂടി, സ്വയം പെയ്തിറങ്ങി
അലിഞ്ഞലിഞ്ഞില്ലാതായി......
സൂര്യകിരണങ്ങള്‍ എത്തി നോക്കാന്‍ മടിച്ച
ഒരു പകല്‍ വിട പറയുകയാണ്‌
കുട പിടിക്കാന്‍ മടി പിടിച്ച് കൂനിക്കൂടിയിരുന്ന്‍
വെറുതെത്തുലച്ച ഒരു ദിവസത്തെ പഴി പറഞ്ഞ്
വ്യഥ തെല്ലുമില്ലാതെ പിന്നെയും
മഴയിലേക്ക്‌ നോക്കി ഒരു ആശ്വാസ നിശ്വാസം.
********************
ശാന്ത ഗംഭീരമായ ഒരു സന്ധ്യ തുടങ്ങുകയാണ്
ഇരുട്ടില്‍ തെളിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്‍റെ തിരിനാളം
ഇളം കാറ്റില്‍ ദിശകളിലേക്ക് നീളം വെച്ച് കത്തിക്കൊണ്ടിരുന്നു.  
ലോകജനതക്കാകെയും മഹത്തായ സന്ദേശം നല്‍കാന്‍
വിളക്കിലേക്ക് പാഞ്ഞടുക്കുന്ന പ്രാണികള്‍!
നിസ്സംഗനായി ഇമ വെട്ടാതെ നോക്കിയിരിക്കെ
പാരാകെ വെള്ളി വെളിച്ചം വാരി വിതറി ഒരു മിന്നല്‍,
അകമ്പടിയായി അമിട്ട് പൊട്ടിച്ചു കൊണ്ട് ഇടിനാദവും.
ഓര്‍മ്മകള്‍ മനസ്സില്‍ ആര്‍ത്തലച്ചു പെയ്തപ്പോള്‍
മഴത്തുള്ളികള്‍ കണ്‍പോളകള്ക്കടുത്താണെന്ന് തോന്നി.
മലര്‍ത്തി വെച്ച കൈവെള്ളയില്‍ ചെറുചൂട് വെള്ളം വീണുതിര്‍ന്നു
കണ്ണു തുടക്കാന്‍ മറന്നു പോയെന്നറിഞപ്പോള്‍ മെല്ലെയെണീറ്റു.
പിന്നെ വരാന്തയിലൂടെ പുറത്തേക്ക് നോക്കി അകത്തേക്ക്‌ നടന്നു
എല്ലാം മറന്നൊന്നുറങ്ങണം
നഷ്ടക്കണക്കുകളുടെ ഭാണ്ഡം പേറി പടി കടന്നു വന്നവന്‍
വേറെന്ത് ചെയ്യാന്‍!
*****************************