Tuesday, April 24

മക്ക – സമാധാനത്തിന്‍റെ നാട് (ഇനിയും അറിയാത്തവര്‍ക്ക്)

കഅബാ ശരീഫ്‌
മക്ക, ആദിമ കാലം തൊട്ടേ മനുഷ്യവാസമുള്ള പ്രദേശം. ആദ്യ മനുഷ്യന്‍ ആദം നബി (അ) ഭാര്യ ഹവ്വാ ബീവിയെ കണ്ടു മുട്ടിയ, തുടര്‍ന്നുള്ള ജീവിതം നയിച്ച സ്ഥലം. സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട് ആദമും ഹവ്വയും ഭൂമിയില്‍ അനേകായിരം വര്‍ഷങ്ങള്‍ വേര്‍പ്പെട്ടലഞ്ഞു. അവസാനം മക്കയിലെ ജബല് റഹ്മ എന്ന് പേരുള്ള കുന്നിന്‍റെ താഴ്വരയില്‍ അഥവാ ഇന്നത്തെ അറഫ മൈതാനിയില്‍ വെച്ച് കണ്ടു മുട്ടി. ആ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് ഈ പ്രദേശത്തിന് അറിയുക,തിരിച്ചറിയുക എന്നര്‍ത്ഥമുള്ള അറഫ എന്ന പേര് വന്നത്.

    മക്കയും ഇബ്രാഹിം നബി(അ) യും തമ്മിലുള്ള ബന്ധവും ചെറുതല്ല. അല്ലാഹുവിന്‍റെ കല്പന പ്രകാരം ഇബ്രാഹിം നബി(അ) സ്വപത്നി ഹാജറാ ബീവിയെയും മകന്‍ ഇസ്മായിലിനെയും മക്കയില്‍ ഉപേക്ഷിച്ചു പോയി. ആരോരുമില്ലാത്ത മക്കയില്‍ ഹാജറയും കുഞ്ഞ് ഇസ്മായിലും ഒറ്റപ്പെട്ടു. ദാഹിച്ചു കരഞ്ഞ കുഞ്ഞിനു വെള്ളം തേടി ഹാജറാ ബീവി സഫാ മര്‍വക്കിടയില്‍ ഓടി. പക്ഷെ, ഒരിറ്റ് വെള്ളം കണ്ടെത്താനായില്ല. ഇസ്മായില്‍ നബി കാലിട്ടടിച്ച ഭാഗത്ത് നിന്നും സംസം ഉറവ പൊട്ടി. ഇസ്മായീല്‍ നബിക്ക്‌ ആവോളം വെള്ളം കുടിപ്പിച്ച് ഹാജറ തൃപ്തയായി. ധാര ധാരയായി ഒഴുകുന്ന വെള്ളം നില്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഹാജറ ബീവി അതിനോട് അടങ്ങുക എന്നര്‍ത്ഥത്തില്‍ സംസം എന്നാജ്ഞാപിച്ചു.അതിനെ തുടര്‍ന്ന് സംസം എന്ന പേര് വന്നെന്ന് പറയപ്പെടുന്നു.
മസ്ജിദുല്‍ ഹറം
    കാലങ്ങള്‍ കഴിഞ്ഞ്‌ ഇബ്രാഹിം നബി(അ) മക്കയില്‍ തിരിച്ചെത്തി. തന്‍റെ ഭാര്യയെയും മകനെയും കണ്ടുമുട്ടി. കഅബ പുനര്‍ നിര്‍മ്മിക്കാന്‍ അല്ലാഹുവിന്‍റെ കല്പനയുമായിട്ടാണ് ഇബ്രാഹിം നബി (അ) വന്നിരിക്കുന്നത്. മകന്‍ ഇസ്മായിലുമായി ചേര്‍ന്ന്‍ കഅബയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇബ്രാഹിം നബി അല്ലാഹുവിനോട് ഞങ്ങളില്‍ നിന്നും ഇത് സ്വീകരിക്കണേ എന്ന്‍ ദുആ ചെയ്തു. അള്ളാഹു ഇബ്രാഹിം നബി യോട് ഹജ്ജിനു വേണ്ടി വിളിക്കാന്‍ ആവശ്യപ്പെട്ടു. താന്‍ ഹജ്ജിനു വിളിച്ചാല്‍ ആരാണ് കേള്‍ക്കുക എന്ന്‍ ചോദിച്ച ഇബ്രഹിമിനോട് അള്ളാഹു പറഞ്ഞു.

    “ഇബ്രാഹിം നീ വിളിക്കുക, കേള്‍പ്പിക്കുന്നവന്‍ ഞാനാണ്‌.”

വിജനമായിക്കിടന്ന മക്കയില്‍ ഇന്ന് ഹജ്‌ കര്‍മത്തിന് വന്നെത്തുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ ഇബ്രാഹിം നബിയുടെ വിളിക്കുത്തരം നല്‍കിയവരാണ്.
    മുഹമ്മദ്‌ നബി(സ) ജനിക്കുന്നതിന് മുമ്പ്‌ കഅബ പൊളിക്കാന്‍ വന്ന അബ്രം ചക്രവര്‍ത്തിയുടെ കൂട്ടത്തെ അള്ളാഹു അബാബീല്‍ പക്ഷികളെ വിട്ടു നശിപ്പിച്ച കഥ ഖുര്‍ആനിലെ ഫീല്‍ എന്ന അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. കൂട്ടം കൂട്ടമായി വന്ന അബാബീല്‍ പക്ഷികള്‍ ആനപ്പടക്ക് മേല്‍ വര്‍ഷിച്ച ചുടു കല്ലുകള്‍ ആ ശത്രു സൈന്യത്തെ വൈക്കോല്‍ തുരുമ്പ്‌ പോലെയാക്കി. മുഹമ്മദ്‌ നബി(സ) ജനിച്ച വര്‍ഷം തന്നെയാണ് ‘ആനക്കലഹം’ എന്ന്‍ പിന്നീട് അറിയപ്പെട്ട ഈ സംഭവം നടന്നത്.

    വര്‍ഷങ്ങള്‍ക്ക് ശേഷം കഅബയില്‍ സ്ഥാപിച്ചിരുന്ന ഹജറുല്‍ അസ് വദ് എന്ന കല്ല് പുനസ്ഥാപിക്കാന്‍ പ്രമുഖ ഗോത്രക്കാര്‍ തമ്മില്‍ തര്‍ക്കമായി. ഓരോരുത്തരും കര്‍മ്മം നടത്താനുള്ള അവകാശം തങ്ങള്‍ക്ക് വിട്ടു കിട്ടണമെന്ന് ശാട്യം പിടിച്ചു. അവസാനം അവര്‍ ഒരു തീരുമാനത്തിലെത്തി. ഈ വഴിയെ ആദ്യം വരുന്ന വ്യക്തി ആരായാലും അദ്ദേഹം ഇതിന് ഒരു പോം വഴി നിര്‍ദ്ദേശിക്കട്ടെ, അത് നമുക്ക്‌ സ്വീകരിക്കാം. അപ്പോള്‍ അത് വഴി ആദ്യം വന്നത് ചെറുപ്പക്കാരനായ മുഹമ്മദ്‌ നബി(സ)യായിരുന്നു. മുഹമ്മദ്‌ നബി(സ) നിര്‍ദ്ദേശിച്ച പ്രകാരം ഒരു തുണിയില്‍ കല്ല് എടുത്തു വെക്കുകയും ഓരോ ഗോത്രത്തിലെയും പ്രമുഖര്‍ തുണിയുടെ ഒരോ തല പിടിക്കുകയും കഅബയുടെ മൂലയില്‍ അതിനെ സ്ഥാപിക്കുകയും ചെയ്തു.

മഖാമു ഇബ്രാഹിം
    ഇബ്രാഹീം നബി(അ)യുടെ കാല്‍പ്പാദം പതിഞ്ഞ മണ്ണ് ഇന്നും കഅബയില്‍ ഉണ്ട്. മഖാമു ഇബ്രാഹീം എന്ന്‍ പറയുന്ന ഈ മണ്ണ് നില്‍ക്കുന്ന സ്ഥാനം ചില്ലിട്ട് ഉയരത്തില്‍ സ്ഥാപിച്ചിരിക്കുകയാണ്. തവാഫ് കഴിഞ്ഞ്‌ മഖാമു ഇബ്രാഹീമിന് പിറകില്‍ രണ്ടു റകഅത് നിസ്കരിക്കല്‍ പുണ്യമുള്ള കാര്യമാണ്. സഫയും മര്‍വയും കഅബയുടെ തൊട്ടടുത്ത്‌ തന്നെയാണ്. പഴയത് പോലെ ഒരു കുന്ന് അല്ല ഇവ രണ്ടും. എല്ലാം സിമന്‍റ് പാകി സഞ്ചാര യോഗ്യമാക്കിയിരിക്കുന്നു. ഉംറയുടെയും ഹജ്ജിന്‍റെയും ഭാഗമായി ഈ രണ്ടു മലകള്‍ക്കിടയിലും ഏഴു തവണ അങ്ങോട്ടുമിങ്ങോട്ടും ഓടണം. സഫയില്‍ നിന്നും മര്‍വ വരെ ഓടിയാല്‍ ഒരു ഓട്ടമായി. തിരിച്ചിങ്ങോട്ട് സഫയിലേക്ക് രണ്ട് എന്നതാണ് കണക്ക്‌.
മസ്ജിദുല്‍ ഹറമില്‍ ഷാജി എന്ന സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍
    ഓട്ടം കഴിഞ്ഞ്‌ ഉമ്ര പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ മുടി നീക്കം ചെയ്യണം. ഈ സ്ഥലങ്ങളെല്ലാം പ്രത്യേകം ശീതീകരണ സംവിധാനമുള്ളതാണ്. വഴിയിലെല്ലാം സംസം വെള്ളവും ഉണ്ട്. മസ്ജിദുല്‍ ഹറമിന്റെ പരിധിക്കുള്ളിലാണ് സഫയും മര്‍വയും മഖാമു ഇബ്രാഹീമും എല്ലാം.
മസ്ജിദുല്‍ ഹറമിന്‍റെ മുകള്‍ ഭാഗം
    പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ്‌ നബി(സ) ഏകനായി ധ്യാനിച്ചിരുന്ന ഹിറാ ഗുഹ മക്കയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരത്തിലാണ്. ഈ ഗുഹയില്‍ കയറിപ്പറ്റുക ഒത്തിരി പ്രയാസകരമാണ്. ഒരിക്കല്‍ എനിക്കും ഈ കുന്നു കയറാന്‍ കഴിഞ്ഞു. കുന്നിന്‍റെ മുകളില്‍ നിന്നും മറുവശത്തേക്ക് പാറക്കെട്ടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയാലെ ഹിറാ ഗുഹയില്‍ എത്തൂ. മല കയറാനും ഗുഹയിലേക്ക്‌ പ്രവേശിക്കാനും യാതൊരുവിധ ആധുനിക സംവിധാനങ്ങളും ഇല്ല. സൗദി ഗവ. ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് സത്യം. ഹിറാ ഗുഹയിലേക്ക് പോകുന്ന വഴിയെ തന്നെയാണ് സത്യവിശ്വാസികളുടെ മാതാവ് എന്നറിയപ്പെടുന്ന നബി(സ) യുടെ ആദ്യ ഭാര്യ ഖദീജ ബീവിയുടെ ഖബര്‍ സ്ഥിതി ചെയ്യുന്നത്.

വഴിയില്‍ കണ്ട ഏകനായ മനുഷ്യന്‍....
    മക്ക പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമാണ്. പര്‍വതങ്ങളും കൊച്ചു കൊച്ചു കുന്നുകളും നിറഞ്ഞ ഈ സ്ഥലം ഭൂമിയുടെ അച്ചുതണ്ട് ആണ്. പര്‍വതങ്ങളെ ഭൂമിയുടെ ആണിക്കല്ലുകള്‍ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌. മക്കയോടടുക്കുന്നതിനു മുമ്പ് തന്നെ മുസ്ദലിഫയില്‍ ഹാജിമാര്‍ക്കായി ഒരുക്കിയ തമ്പുകള്‍ കാണാം. ലക്ഷക്കണക്കിന് വരുന്ന കൊച്ചു കൊച്ചു തമ്പുകള്‍ പുതുതായി നിര്‍മ്മിച്ചവയാണ്. ഈ തമ്പുകളില്‍ ഒരിക്കലും തീ പിടിക്കില്ല എന്ന ഒരു സവിശേഷത കൂടിയുണ്ട്. ഇതിന്‍റെ ഉല്‍ഘാടനം നടത്തിയതും തമ്പില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു നോക്കിയിട്ടാണ്. പെട്രോള്‍ കത്തി എന്നല്ലാതെ തമ്പിനു യാതൊരു കേടുപാടും ഉണ്ടായില്ല. കേരളത്തില്‍ വിവാദമായ പ്രവാചകന്‍റെ ആ മുടിയും ഇത് പോലെ കത്തിച്ചു കാണിക്കാന്‍ കാന്തപുരം ധൈര്യം കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ (പ്രവാചകന്‍റെ മുടി കത്തില്ലെന്നാണല്ലോ) !! സമൂഹത്തില്‍ ഇത്രയധികം കോലാഹലം ഉണ്ടാവുമായിരുന്നോ?...

    മലകള്‍ തുരന്നിട്ടാണ് മക്കയില്‍ റോഡ്‌ ഗതാഗതം സുഗമമാക്കിയിരിക്കുന്നത്. നമ്മള്‍ കേരളക്കാര്‍ ലജ്ജിക്കണം. വിശാലമായ ഭൂമിയുണ്ടായിട്ടും ഒരു എക്സ്പ്രസ് ഹൈവേ കൊണ്ടുവരാന്‍ നമുക്കായില്ല. അതെ സമയം എങ്ങു തിരിഞ്ഞാലും പാറക്കല്ലുകളും ഉറച്ച പര്‍വതങ്ങളും നിറഞ്ഞ സൌദിയില്‍ റോഡുകള്‍ മലകള്‍ തുരന്നാണ് കടന്നു പോകുന്നത്. അതും വെറും നീളനെയുള്ള ഒന്നോ രണ്ടോ റോഡുകള്‍ അല്ല. തലങ്ങും വിലങ്ങും റോഡുകള്‍!!! ലോകത്തെ ഏറ്റവും വലിയ ക്ലോക്ക് ടവര്‍ നിലകൊള്ളുന്നതും മസ്ജിദുല്‍ ഹറമിലാണ്.
    മക്കയില്‍ നിന്നും കിലോമീറ്ററുകളോളം അകലെയാണ് മദീന. ഈ മദീനയിലേക്കാണ് മുശ്രിക്കുകളുടെ ശല്യം സഹിക്ക വയ്യാതെ പ്രവാചകനും സഹാബികളും ഹിജ്റ പോയത്‌. പ്രവാചകന്‍റെ തുടര്‍ന്നുള്ള ജീവിതം മദീനയില്‍ ആയിരുന്നു. മദീനയില്‍ തന്നെ വഫാതാവുകയും മസ്ജിദുന്നബവിയില്‍ നബി(സ) യെ കബറടക്കുകയും ചെയ്തു. നബി(സ) യുടെ കബറിനു തൊട്ടടുത്ത്‌ ആണ് അബൂബക്കര്‍ സിദ്ദീക്ക് (റ) ന്‍റെയും ഉമര്‍ (റ) ന്‍റെയും കബറുകള്‍ സ്ഥിതി ചെയ്യുന്നത്. ഇതിനെ റൌള ശരീഫ്‌ എന്ന് പറയുന്നു. ആയിഷാ ബീവിയുടെ വീട് നിന്നിരുന്ന സ്ഥലത്താണ് ഇന്ന് മസ്ജിദുന്നബവി നില കൊള്ളുന്നത്.

Thursday, April 12

മദീനാ തെരുവില്‍ ഞാന്‍ കണ്ട അന്‍സാരി......


     മക്കയില്‍ നിന്നും എല്ലാം വെടിഞ്ഞ് മദീനത്തെത്തിയ പ്രവാചകനെയും (സ) സഹാബികളെയും സഹായിച്ച അന്നത്തെ മദീന നിവാസികളേയാണ് അന്‍സാരികള്‍ എന്ന്‍ പറയുന്നത്. ഈ ലോകത്ത്‌ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ അന്‍സാരീകളെ കണ്ടിട്ടുണ്ടാവുമോ? ഇല്ലെന്നാണ് മറുപടി എങ്കില്‍ ഞാന്‍ പറയാന്‍ പോവുന്നത് ഞാന്‍ കണ്ട ഒരു മനുഷ്യനെക്കുറിച്ചാണ്.


മക്കയില്‍ നിന്നും അവസാനമായി സലാം പറഞ്ഞു പോന്നിട്ട് ആറു വര്‍ഷമായി. പിന്നീടിപ്പോഴാണ് വീണ്ടും ആ മണ്ണിലെത്തിച്ചേരാന്‍ ഭാഗ്യം ലഭിച്ചത്. അല്ലാഹുവിന്‍റെ ഭവനത്തില്‍ എത്തിപ്പെട്ടതിന്‍റെ ആഹ്ലാദവും ആനന്ദവും അനിര്‍വചനീയമാണ്.
     കഴിഞ്ഞ മാസം റൂമില്‍ വെറുതെ ചടഞ്ഞിരുക്കുമ്പോഴാണ് ഞങ്ങളുടെ ഉസ്താദ്‌ സുബൈര്‍ സാദ് അവര്‍കളുടെ ഫോണ്‍കോള്‍ വന്നത്. അവാദി സെന്‍റെറിന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലും ചിലവിലുമായി ഉമ്രക്ക് പോവാന്‍ അവസരമുണ്ടെന്നും ഉടന്‍ പാസ്പോര്ട്ടുമായി ശര്‍ക്കിലെ അല്‍ അവാദി അഥവാ ഞങ്ങളുടെ ക്ലാസ്‌ നടക്കുന്ന ഓഫിസില്‍ എത്തണമെന്നും പറഞ് അദ്ദേഹം ഫോണ്‍ വെച്ചു. ഖുര്‍ആന്‍ ക്ലാസിനു പോവാതെ മടി പിടിച്ചിരുന്ന ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. കാരണം, കയ്യില്‍ പാസ്പോര്‍ട്ടില്ല. പാസ്പോര്‍ട്ട് പഴയ കമ്പനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പുതിയ കമ്പനിയില്‍ റസിഡന്‍സി മാറ്റി അടിക്കുന്നത് വരെ പാസ്പോര്‍ട്ട് കിട്ടുകയില്ല. എങ്കിലും രണ്ടും കല്പിച്ച് അവാദി സെന്ററിലെത്തി. ചെന്നപ്പോള്‍, പാസ്പോര്‍ട്ട് കോപ്പി ഉടന്‍ വേണമെന്നും പാസ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ കൊണ്ട് വന്നാല്‍ മതിയെന്നും ബംഗ്ലാദേശുകരനായ ഇതിന്‍റെ ചുമതലക്കാരന്‍ ഖലില്‍ ഭായി പറഞ്ഞു.


     എന്‍റെ ഭാഗ്യവശാല്‍, പുതിയ കമ്പനിയില്‍ റസിഡന്‍സി അടിക്കാന്‍ റിലീസ്‌ ലെറ്റര്‍ ഫോം വാങ്ങി കയ്യില്‍ വെച്ചിരുന്നു. അടുത്ത ദിവസം തന്നെ ഫോം ഫില്‍ അപ് ചെയ്ത് പഴയ കമ്പനിയിലേക്കോടി. കമ്പനി ഓഫിസര്‍ അത് സ്വീകരിക്കാന്‍ തയാറായില്ല.  ഫൈനല്‍ ക്ലിയറന്‍സ് സഹിതം സബ്മിറ്റ് ചെയ്താലേ പാസ്പോര്‍ട്ട് കിട്ടുകയുള്ളൂ. വീണ്ടും റൂമിലേക്ക്‌ വിട്ടു. എന്നോ തയാറാക്കി വെച്ച ഫൈനല്‍ ക്ലിയറന്‍സുമായി വീണ്ടും കമ്പനിയിലേക്ക്. കമ്പനിയില്‍ എല്ലാം വാങ്ങി വെച്ചശേഷം ഓഫിസര്‍ അടുത്ത ദിവസം രണ്ടുമണിക്ക്‌ ഫോണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം വിളിച്ചപ്പോള്‍, റെഡിയായിട്ടില്ലെന്നും നാളെ ഉച്ചയോടെ റെഡിയാവുമെന്നും പറഞ്ഞു. അതെ ദിവസം രാത്രി വീണ്ടും അവാദി സെന്‍ററില്‍ നിന്നും ഖലീല്‍ ഭായിയുടെ ഫോണ്‍. ഞാന്‍ പോകുന്ന കാര്യം ഉറപ്പാണോ ഇല്ലയോ എന്നറിയണം. ഇല്ലെങ്കില്‍ ആ ഒഴിവില്‍ വേറെ ആളെ പറഞ്ഞു വിടണം. ഞാന്‍ ഉറപ്പ്‌ കൊടുത്തു. പിന്നെ പാസ്പോര്‍ട്ട് നാളെ മൂന്നു മണിക്ക് കിട്ടുമെന്നും അറിയിച്ചു. മൂന്നു മണിക്ക് സെന്‍ററില്‍ ആരുമുണ്ടാവില്ല. അതിനാല്‍ അവിടെയുള്ള ഒരാളെ ഏല്‍പ്പിച്ച് പോയാല്‍ മതിയെന്ന്‍ പറഞ്ഞു. എങ്കില്‍ മറ്റന്നാള്‍ കാലത്ത്‌ സബ്മിറ്റ് ചെയ്താല്‍ മതിയോ എന്ന്‍ ഞാന്‍ തിരിച്ചു ചോദിച്ചു. ഖലീല്‍ ഭായി അത് സമ്മതിച്ചു. പക്ഷെ മറ്റന്നാള്‍ അതി കാലത്തെ ഓഫിസില്‍ എത്തിയിരിക്കണം. ഇന്‍ഷാ അല്ലാഹ് എന്നും പറഞ്ഞ് ഫോണ്‍ വെച്ചു.

     അടുത്ത ദിവസം മൂന്നു മണിക്ക് വീണ്ടും കമ്പനിയില്‍. ചെന്നപ്പോള്‍, ഇനിയും ഒന്നര മണിക്കൂര്‍ എടുക്കുമെന്നും എവിടെയെങ്കിലും പോവാനുണ്ടെങ്കില്‍ പോയിട്ട് വരാമെന്നും ഓഫിസര്‍ ക്ഷമാപണത്തോടെ പറഞ്ഞു. പുറത്ത് ഒന്ന് ചുറ്റിയടിച്ചു വന്നപ്പോഴേക്കും ഒന്നര മണിക്കൂര്‍ കഴിഞ്ഞു. പിന്നെയും ഏതാണ്ടൊക്കെ ഓഫിസര്‍മാരുടെ ഗമ കാണിക്കലും മസില്‍ പിടുത്തവും ഒക്കെ കഴിഞ്ഞ് പാസ്പോര്‍ട്ട് കയ്യില്‍ കിട്ടി. (വല്യ കമ്പനിയാ....കൊറഞ്ഞ ഗമയൊന്നും കാണിച്ചാല്‍ പോര...ഇമ്മിണി ബല്യ മസില്‍ തന്നെ പിടിച്ചു കാണിക്കണം.അതാണ്‌ കമ്പനി പോളിസി – വരട്ടെ, ഈ കമ്പനിയുടെ സുന്ദരന്‍ പോളിസിയെക്കുറിച്ച് ഞാന്‍ വിശദമായി എഴുതുന്നുണ്ട്) എന്തായാലും കിട്ടിയ പോസ്പോര്ട്ടും കൊണ്ട് അല്‍ഹംദുലില്ലാഹ് എന്നും പറഞ്ഞ് നേരെ റൂമിലേക്ക്‌. അടുത്ത ദിവസം കാലത്തെ വീണ്ടും അവാദിയിലേക്ക്‌. പാസ്പോര്‍ട്ടുമായി ചെന്നപ്പോള്‍, ഖലീല്‍ ഭായി കൈ കുലുക്കി ഒരഭിനന്ദനം. അദ്ദേഹം അത് പ്രതീക്ഷിച്ചിരുന്നില്ല, ഞാനും.  


     അങ്ങനെ മാര്‍ച്ച്‌ 27 ന് ഉച്ചക്ക് ഞങ്ങളുടെ ഗ്രൂപ്‌ മക്കയിലേക്ക് തിരിച്ചു. വഴിമദ്ധ്യേയുള്ള കാഴ്ചകള്‍ ബസ്സിലിരുന്നു വളരെ വ്യക്തമായി കാണാം. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സൗദി ബോര്‍ഡറില്‍ എത്തി. യാത്രാമദ്ധ്യെ സൈനിക ടാങ്കുകളും ജീപ്പുകളും പോവുന്ന കാഴ്ച ഞങ്ങളെ ഞെട്ടിച്ചു. പടച്ചോനെ ഇറാനെ അടിക്കാന്‍ കോപ്പ് കൂട്ടിത്തുടങ്ങിയോ!


അങ്ങനെ ബോര്‍ഡര്‍ സുഗമമായി തരണം ചെയ്ത് സൌദിയുടെ മണ്ണില്‍ പ്രവേശിച്ചു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമി. ആകാശവും മരുഭൂമിയും മുഖത്തോട് മുഖം നോക്കി കിടക്കുന്നു. കിലോമീറ്ററുകളോളം ഊഷരഭൂമിയായി പരന്നു കിടക്കുന്നു. ഒന്നിനും ഉപയോഗിക്കപ്പെടാതെ, ജനവാസമില്ലാതെ, പക്ഷി മൃഗാദികള്‍ തിരിഞ്ഞു നോക്കാതെ, മഴത്തുള്ളികളേല്‍ക്കാതെ കാലങ്ങളോളം ഈ ഭൂമി ഇങ്ങനെ കിടക്കുന്നു എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നും. ജനവാസകേന്ദ്രങ്ങള്‍ അടുക്കുമ്പോള്‍ മാത്രം മരുഭൂമിയില്‍ ഒട്ടകക്കൂട്ടങ്ങള്‍ മേയുന്ന കാഴ്ച കാണാം. ഒറ്റക്കും കൂട്ടായും നടക്കുന്ന അവയെ ആരും മേയ്ക്കുന്നതായി ശ്രദ്ധയില്‍ പെട്ടില്ല. അവയെ നോക്കാന്‍ അങ്ങകലെ കൈമയില്‍ ആളുണ്ടാവുമെന്ന് ഊഹിച്ചു.


പൂഴിമണല്‍ നിറഞ്ഞ മരുഭൂമി നയനാനന്ദകരമായ കാഴ്ചയാണ്. വളരെ ഭംഗിയായി ഡിസൈന്‍ ചെയ്ത പോലെയായിരിക്കും അതില്‍ മണല്‍ തരികള്‍ രൂപം കൊണ്ടിരിക്കുന്നത്. വളഞ്ഞു പുളഞ്ഞു പോകുന്ന ആ പൂഴി മണല്‍ക്കാഴ്ച ഞങ്ങള്‍ കൌതുകത്തോടെ നോക്കിയിരുന്നു. പിന്നെ പുറം കാഴ്ചകള്‍ ഇരുളില്‍ മറഞ്ഞു. ഇരുളിന്‍റെ മാറ് പിളര്‍ന്ന് ഞങ്ങളുടെ ബസ്‌ ഒറ്റവരിപ്പാതയില്‍ കുതിച്ചു പൊയ്ക്കൊണ്ടിരുന്നു.


മണിക്കൂറുകള്‍ ഓടിക്കഴിഞ്ഞ് ഇടക്കെപ്പോഴോ നമസ്കാരത്തിനും ഭക്ഷണത്തിനും വേണ്ടി വണ്ടി നിര്‍ത്തി. ഉറങ്ങുകയായിരുന്ന ഞങ്ങളെല്ലാം ഞെട്ടിയുണര്‍ന്നു. പിന്നെ മനസ്സില്ലാമനസ്സോടെ വണ്ടിയില്‍ നിന്നും ഇറങ്ങി. അവിടെ നിറുത്തേണ്ട ആവശ്യമില്ലായിരുന്നു എന്ന്‍ ചെറിയ പരിഭവത്തോടെ അമീറിനെ സൂചിപ്പിച്ചു. ആര്‍ക്കെങ്കിലും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെങ്കില്‍ ആയിക്കോട്ടെ എന്ന്‍ കരുതിയാണ് വണ്ടി നിര്‍ത്തിയതെന്നും ഇനി ഭക്ഷണം കഴിക്കണമെങ്കില്‍ കുറച്ചു കഴിഞ്ഞ് ഇനിയും നിര്‍ത്താം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഒരു ചായയും കുടിച്ച് വീണ്ടും വന്ന്‍ ബസില്‍ കയറി. പക്ഷെ, ഉറക്കം മുറിഞ്ഞതിനാല്‍ വീണ്ടും ഉറക്കം കിട്ടാന്‍ അല്പം സമയമെടുത്തു. കൂരിരുട്ടില്‍ പുറത്തെ കാഴ്ചകള്‍ മറഞ്ഞതിനാല്‍ വെറുതെ കണ്ണുകളടച്ചു സീറ്റില്‍ പിന്നോട്ട് ചാഞ്ഞിരുന്നു. അടുത്തിരുന്ന ഇസ്മായില്‍ വീണ്ടും കൂര്‍ക്കം വലി തുടങ്ങി. ഹാവൂ, ഇവനെയൊക്കെ സമ്മതിക്കണം. യന്ത്രം പോലും ഇത്ര ഭംഗിയായി കാര്യങ്ങള്‍ നടത്തില്ല. ഉറക്കത്തില്‍ നിന്നെണീറ്റു, ചായ കുടിച്ചു, കുറെ നേരം സംസാരിച്ചു. എന്നിട്ടും ദേ, വെട്ടിയിട്ട ചക്ക പോലെ മലര്‍ന്നു കിടക്കുന്നു. ആ കിടത്തം കണ്ടപ്പോള്‍ ഒരല്‍പം അസൂയ തോന്നാതിരുന്നില്ല. മണ്ടക്കൊന്നു കൊടുത്ത് ഉണര്‍ത്തിയാലോ എന്നൊരു കുബുദ്ധി തോന്നിയെങ്കിലും വെറുതെ തല്ലു കൊള്ളണ്ട എന്ന്‍ കരുതി മിണ്ടാതിരുന്നു.


രാവിനെ കീറി മുറിച്ച് പകലിന്‍റെ വെള്ളി രേഖകള്‍ കിഴക്കന്‍ മാനത്ത്‌ തെളിഞ്ഞു വന്നു. വഴിയില്‍ കണ്ട മസ്ജിദിനടുത്ത്‌ നിറുത്തി പ്രഭാത നമസ്കാരവും കഴിഞ്ഞ് വീണ്ടും യാത്ര തുടര്‍ന്നു. അങ്ങനെ ഉച്ചയോടെ താഇഫില്‍ എത്തി. താഇഫില്‍ നിന്നുമാണ് ഇഹ്റാം കെട്ടേണ്ടത്. താഇഫിന്‍റെ മൊട്ടക്കുന്നുകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ ഞങ്ങളുടെ വണ്ടി ഊര്‍ന്നിറങ്ങിക്കൊണ്ടിരുന്നു. കിലോമീറ്ററുകളോളം പാറക്കെട്ടുകള്‍ മാത്രം നിറഞ്ഞ കുന്നുകള്‍ക്ക് നടുവിലൂടെയുള്ള യാത്രക്കൊടുവില്‍ മീഖാത്തില്‍ വണ്ടി നിര്‍ത്തി. അവിടെ നിന്നും കുളിച്ച് ഇഹ്റാം (ആണുങ്ങള്‍ ഉമ്രക്ക് വേണ്ടി രണ്ടു നീളന്‍ വെള്ള തുണികള്‍ മാത്രം ധരിക്കുന്നതിനെ ഇഹ്റാം കെട്ടുക എന്ന്‍ പറയുന്നു) കെട്ടി മക്കയിലേക്ക് തിരിച്ചു.


മക്കയിലേക്കുള്ള യാത്രയിലുടനീളം ലബ്ബൈക്ക് ചൊല്ലി അന്തരീക്ഷം ഭക്തി നിര്‍ഭരമാക്കി. ഫിലിപ്പിനിയും, ബംഗ്ലാദേശിയും, അഫ്ഗാനിയും, പലസ്തിനിയും, ഇന്ത്യക്കാരനും, പാകിസ്ഥാനിയും, ഇന്തോനേഷ്യക്കാരനും ഈജിപ്ഷ്യനും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എല്ലാവരും ഒരേ സ്വരത്തില്‍ അല്ലാഹുവിനെ സ്മരിച്ച് മുന്നോട്ട്. എല്ലാവര്‍ക്കും ഒരേ വസ്ത്രം - രണ്ടു വെള്ള തുണികളും അരയില്‍ ഒരു ബെല്‍റ്റും. അതാണ് ഇഹ്റാമിന്‍റെ വേഷം. അത് അര മുതല്‍ ഞെരിയാണി വരെയും ചുമലിനു ചുറ്റുമായി ധരിച്ചിരിക്കും.


മക്കയിലെത്തിയ ഉടനെ റൂമിലെത്തി സാധനങ്ങള്‍ എടുത്തു വെച്ച്, കഅബാ ശരീഫ്‌ ലക്ഷ്യമാക്കി ഹറമിലേക്ക്. യാത്രാമധ്യേ, കൂടെയുണ്ടായിരുന്ന ഇസ്മായില്‍ കൂട്ടം തെറ്റി. ഇസ്മായില്‍ അമീറിന്‍റെ സഹായം ഇല്ലാതെ ഉമ്ര ചെയ്ത് മടങ്ങിയപ്പോള്‍, ഞങ്ങള്‍ അമീറിനെ പിന്തുടര്‍ന്ന്‍ ഉമ്ര പൂര്‍ത്തിയാക്കി. പിന്നെ രണ്ടു നാള്‍ മക്കയില്‍. ചരിത്ര പ്രധാനമായ സ്ഥലങ്ങളിലേക്ക്‌ ഞങ്ങളുടെ ഗ്രൂപ്പ്‌ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി. അധികം സമയം ചിലവഴിക്കാന്‍ അവസരം നല്‍കാതെ പെട്ടെന്ന് റൂമിലേക്ക്‌ തിരിച്ചു. മുമ്പ്‌ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ആയതിനാലും മറ്റൊരു വഴിക്ക്‌ പോവേണ്ടിയിരുന്നതിനാലും ഞാന്‍ കൂടെപ്പോയില്ല.
രണ്ടു നാള്‍ ഭക്ഷണം പ്രയാസകരമായിരുന്നു. നമ്മുടെ മലയാളി ഹോട്ടല്‍ മക്കയില്‍ കണ്ടെത്താനായില്ല എന്നത് ഞങ്ങളെ ഒത്തിരി വിഷമിപ്പിച്ചു. പാകിസ്ഥാനിയുടെ ഹോട്ടലില്‍ കയറി ചിക്കെനും മട്ടനും കഴിക്കാന്‍ തന്നെയായിരുന്നു യോഗം. രണ്ടു നാള്‍ കഴിഞ്ഞ് മദീനയിലേക്ക്‌. പോകുന്ന വഴിയില്‍ ബദര്‍ (ഇസ്ലാമിലെ ആദ്യത്തെ യുദ്ധം നടന്ന സ്ഥലം) കൂടി സന്ദര്‍ശിച്ചിട്ടെ പോവുന്നുള്ളൂ.


വീണ്ടും കിലോമീറ്ററുകളോളം അനന്തമായി കിടക്കുന്ന മരുഭൂമിയില്‍ കൂടിയുള്ള യാത്ര. യാത്രയിലുടനീളം ഞങ്ങള്‍ ചിന്തിച്ചിരുന്നത്, പ്രവാചകന്‍ (സ) യുടെ കാലത്ത്‌ ഇത്രയും ദൂരം ഇവര്‍ എങ്ങനെ സഞ്ചരിച്ചു എന്നതായിരുന്നു. അതും ഇത് പോലെ വ്യക്തമായ വഴികളോ യാത്രാ സൌകര്യങ്ങളോ ഇല്ലാത്ത കാലത്ത്‌. അത്ഭുതം ഞങ്ങളില്‍ അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും സ്നേഹം വര്‍ദ്ധിപ്പിച്ചു. അല്ലാഹുവിനെ വാഴ്ത്തി. അവന്‍റെ പ്രവാചകന്‍റെ പേരില്‍ സ്വലാത്ത്‌ ചൊല്ലി ഞങ്ങള്‍ യാത്ര തുടര്‍ന്നു.  യാത്ര പകലായിരുന്നതിനാല്‍, ഒട്ടും പ്രയാസങ്ങള്‍ നേരിടേണ്ടി വന്നില്ല. വഴി മദ്ധ്യേ പ്രവാചകന്‍ മന്ത്രം ജപിച്ച് ഊതിയ കിണറിനടുത്ത്‌ വണ്ടി നിര്‍ത്തി. എല്ലാവരും കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ ആവേശം കാണിച്ചെങ്കിലും ആര്‍ക്കും വെള്ളം കിട്ടിയില്ല. അവസാനം ഒരു ബംഗാളി കിണറ്റിലേക്കിട്ട പാട്ടയില്‍ ഒരല്‍പം വെള്ളം കിട്ടിയത്‌ എല്ലാവരും പങ്കിട്ടെടുത്തു. പിന്നെ ബദര്‍ എത്തുവോളം കണ്ട കാഴ്ചകള്‍ അനിര്‍വചനീയമായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടുകളുടെ അവശിഷ്ടങ്ങള്‍ ഞങ്ങള്‍ നിര്‍ വികാരതയോടെ നോക്കിയിരുന്നു. പഴയ രീതിയില്‍ മണ്ണുകൊണ്ട് നിര്‍മ്മിച്ച വീടുകള്‍ പൊളിക്കാതെ നില നിര്‍ത്തിയിരിക്കുന്നു. ഏതു കാലഘട്ടക്കാരായിരിക്കും അതില്‍ താമസിച്ചിരിക്കുക എന്ന്‍ ഞങ്ങളെ അലട്ടിയ ചോദ്യമായിരുന്നു. ഞങ്ങള്‍ക്കുത്തരം നല്‍കാന്‍ ഒരു ഗൈഡോ അല്ലെങ്കില്‍ അതെക്കുറിച്ച് പരിജ്ഞാനം നേടിയ വ്യക്തിയോ കൂട്ടത്തില്‍ ഇല്ലായിരുന്നു. ബദര്‍ മുതല്‍ മദീന വരെ ഇത്തരം മണ്‍വീടുകള്‍ കാണാമായിരുന്നു. കൊച്ചു കൊച്ചു കുടിലുകള്‍ കൂട്ടം കൂട്ടമായി ഭീമാകാരമായ ചിതല്‍പ്പുറ്റുകള്‍ക്ക് സമാനമായി നില്‍ക്കുന്നു. വീടുകളുടെ നിര്‍മ്മിതിയും ആകാരവും റൂമുകളും. വാതിലുകളും ജനലുകളും എല്ലാം വ്യക്തമായി കാണാം. ഒരു സമൂഹം ഒന്നടങ്കം അവിടെ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നു. ഒരു വീര്‍പ്പു മുട്ടലോടെ ഗത കാല സ്മരണകളോടെ അതെല്ലാം നോക്കിയിരിക്കാനേ ഞങ്ങള്‍ക്കായുള്ളൂ. അവിടെ നിര്‍ത്താനോ അതിന്‍റെ ചരിത്രം അന്വേഷിക്കാനോ ഞങ്ങള്‍ക്കുണ്ടായിരുന്ന താല്പര്യം ഞങളുടെ അമീറന്മ്മാര്‍ക്കില്ലാതെ പോയി.
ബദര്‍ രണാങ്കണത്തോടടുക്കുമ്പോഴേക്കും ആധുനിക രീതിയിലുള്ള  വീടുകള്‍ കണ്ടു തുടങ്ങി. ബദറിന് ചുറ്റും ഏക്കര് കണക്കിന് ഈന്തപ്പനത്തോട്ടങ്ങള്‍ വിളഞ്ഞു നില്‍ക്കുന്നു. ബദര്‍ അനുഗ്രഹീതമാണെന്ന് ആ ഈന്തപ്പനത്തോട്ടങ്ങള്‍ നമ്മോട് പറയും. അത്രയ്ക്കും മനോഹരമായ ഭൂപ്രകൃതി. ഇത്രയേറെ ചരിത്ര പ്രധാനമായ ആ മണ്ണില്‍ താമസിക്കുന്നവരോട് ഞങ്ങള്‍ക്ക്‌ ആദരവ് തോന്നാതിരുന്നില്ല. ഭാഗ്യവാന്മാര്‍. തിരുനബിയുടെ സഹാബാക്കള്‍, ബദര്‍ ശുഹദാക്കള്‍ അന്തിയുറങ്ങുന്ന മണ്ണില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍. അതും എത്ര സുന്ദരമായ ഭൂമി. സൌദിയുടെ അകെ മൊത്തം മരുഭൂമിയില്‍ നിന്നും വ്യത്യസ്തമാണ് ബദര്‍ എന്ന വിഖ്യാത നാട്. മദീനയിലേക്ക്‌ ഇനി ഏതാനും കിലോ മീറ്ററുകള്‍ മാത്രം.


പിന്നെയും ആള്‍പ്പാര്‍പ്പില്ലാത്ത ഭൂമേഖലകളിലൂടെ ഞങ്ങളുടെ ബസ്‌ ചീറിപ്പാഞ്ഞു. കുന്നുകള്‍ കൂണുകള്‍ പോലെ നില്‍ക്കുന്ന പ്രദേശങ്ങളാണ് ഇതെല്ലാം. ഈ കുന്നുകള്‍ താണ്ടി എങ്ങനെ മനുഷ്യര്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ യാത്രക്കും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി സഞ്ചരിച്ചു എന്നതാണ് ഞങ്ങളെ വിസ്മയിപ്പിച്ചിരുന്നത്. ഒട്ടകവും കുതിരയും എത്ര ദൂരം മനുഷ്യനെ കൊണ്ട് നടക്കും. അതും ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍.  കാഴ്ചകള്‍ പിന്നോട്ടോടി മറയുന്തോറും മദീന അടുത്തടുത്ത്‌ തുടങ്ങി. മദീനയോടടുക്കുന്നതിനു മുമ്പേ, ഹാഫ് ബംഗാളി ഹാഫ് പാകിസ്താനി എന്ന്‍ എല്ലാവരും കളിയാക്കി വിളിക്കുന്ന പാകിസ്താനി ഡ്രൈവര്‍ കം ഹെല്‍പര്‍ ഉര്‍ദുവിലും, ബംഗ്ലയിലും, അറബിയിലും പിന്നെ കഷ്ടപ്പെട്ട് ഇംഗ്ലീഷിലും മദീനയെത്തിയ വിവരവും മദീനയിലെത്തിയാല്‍ തങ്ങുന്ന ഹോട്ടലിനെക്കുറിച്ചും മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ബംഗ്ലാ പറയുന്നത് കേട്ടപ്പോള്‍ ബംഗാളികള്‍ ചിരിച്ചപ്പോള്‍ ഇംഗ്ലീഷ് പറയുന്നത് കേട്ടപ്പോള്‍ ഞങ്ങള്‍ക്കും ചിരിക്കാന്‍ അവസരം കിട്ടി. അങ്ങനെ പരിശുദ്ധറസൂല്‍ അന്തിയുറങ്ങുന്ന പാവന മണ്ണില്‍ ഞങ്ങള്‍ കാലൂന്നി. പിന്നെ വിശാലമായ ഹോട്ടല്‍ മുറിയിലേക്ക്‌. ഞങ്ങള്‍ മലയാളികള്‍ ഒരേ റൂം തന്നെ ചോദിച്ചു വാങ്ങി.


ഭക്ഷണ ശേഷം, മസ്ജിദുന്നബവിയിലേക്ക്‌. ഇഷാ നമസ്കാര ശേഷം, റസൂലിനോടു സലാം പറഞ്ഞ് മടങ്ങി. മുമ്പത്തെ പോലെ, റസൂലിന്റെ ഖബര്‍ വ്യക്തമായി കാണുന്നില്ല. കാഴ്ച വളരെ കുടുസ്സാക്കിയ രീതിയില്‍ മക്ബറയുടെ ചുറ്റിലുമുള്ള ആ വലിയ ദ്വാരം വണ്ണം കുറച്ചു കൊണ്ട് വന്നതായി തോന്നി. അതില്‍ ഒരല്‍പം വിഷമം തോന്നിയെങ്കിലും, ഒന്നും മിണ്ടാതെ, റസൂലിനോടും, അബൂബക്കര്‍ (റ) നോടും ഉമര്‍ (റ) ബിനു ഖത്താബിനോടും സലാം പറഞ്ഞ് മടങ്ങി.

തിരിച്ചുള്ള യാത്രയില്‍ ഞാന്‍ ഒറ്റപ്പെട്ടു. തിരക്കില്‍ പെട്ട പലരും പല വഴിക്ക്‌ പോയതിനാല്‍ എനിക്ക് തനിയെ റൂം തേടി നടക്കേണ്ടി വന്നു. സാപ്ത്കോ ബസ്‌ ഡിപ്പോ യുടെ അടുത്താണ് റൂം എന്ന്‍ മാത്രമറിയാം. ഹോട്ടല്‍ കാര്‍ഡ്‌ വെച്ച് നോക്കി നടന്നപ്പോള്‍ അതെ പേരുള്ള മറ്റൊരു ഹോട്ടലിന്‍റെ മുന്നില്‍ എത്തി. ആ ഹോട്ടലുകാര്‍ എന്‍റെ ഹോട്ടലിലേക്ക്‌ വേറെ വഴിയെ തിരിച്ചു വിട്ടു. പിന്നെയും ഒരു മണിക്കൂര്‍ അലഞ്ഞതല്ലാതെ എനിക്ക് റൂമിലെത്താന്‍ കഴിയുന്നില്ല. കയ്യിലുണ്ടായിരുന്ന മൊബൈലില്‍ ബാലന്‍സ് ഇല്ല. എനിക്കാണെങ്കില്‍ കലശലായ വിശപ്പ്. റൂം കണ്ടെത്താതെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ ഇരുന്നാല്‍ പിന്നെ റൂം തേടി നടക്കല്‍ പ്രയാസകരമാവുമെന്ന്‍ തോന്നിയതിനാല്‍ വിശപ്പും സഹിച്ച് നടത്തം തുടര്‍ന്നു. കാലുകള്‍ നന്നായി വേദനിക്കാന്‍ തുടങ്ങി. മക്കയില്‍ നിന്ന് വരുമ്പോഴേ കാലുകള്‍ നന്നായി കഴയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ നടക്കുമ്പോള്‍, ഒരു സൌദി പൌരന്‍ കുടുംബ സമേതം ഒരു കെട്ടിടത്തിനു താഴെ കാര്‍ പാര്‍ക്ക്‌ ചെയ്ത് നില്‍ക്കുന്നത്‌ കണ്ടു. അറബിയില്‍ വഴി ചോദിച്ചപ്പോള്‍ അയാള്‍ കാര്‍ഡ്‌ പ്രകാരം എന്നെ വേറെ ഒരു വഴിക്ക്‌ പറഞ്ഞ് വിട്ടു. അയാള്‍ കാണിച്ച വഴിയെ പോയി ഒരു മണിക്കൂര്‍ കറങ്ങിത്തിരിഞപ്പോള്‍ വീണ്ടും വന്നു പെട്ടത് അയാളുടെ മുന്നില്‍. അയാളോട് കാര്യം പറഞ്ഞപ്പോള്‍, അയാള്‍ എന്നോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. അയാള്‍ ആ കോമ്പ്ലെക്സിനു താഴെ എന്തോ ആവശ്യാര്‍ത്ഥം നില്‍ക്കുകയായിരുന്നു. ഭാര്യയെയും മറ്റുള്ളവരെയും അവിടെ നിര്‍ത്തി അയാള്‍ എന്നെ വണ്ടിയുടെ മുന്‍പില്‍ കയറ്റിയിരുത്തി വണ്ടി വിട്ടു. അയാളോടൊപ്പം അയാളുടെ രണ്ടു കൊച്ചു പെണ്‍കുട്ടികളും വണ്ടിയുടെ പിറകില്‍ ഇരുന്നു. രണ്ടും ഓമനത്വമുള്ള സുന്ധരിക്കുട്ടികള്‍. ഒരു കുട്ടി കൌതുകത്തോടെ, അതിലേറെ ഒരു തമാശ രൂപേണ എന്നെ തല ചരിച്ചു നോക്കി. ഞാന്‍ അവളോട് പേര് ചോദിച്ചു. റോസ് എന്ന്‍ പേര് പറഞ്ഞു അപ്പോള്‍ ആ സഊദി പൌരന്‍ ചിരിച്ചു കൊണ്ട് തിരുത്തി. സഹ്റാ എന്നാണ് പേര് എന്ന്‍ പറഞ്ഞു. അതിന്‍റെ അര്‍ത്ഥം റോസ് എന്നാണ്. അതാണ്‌ ആ കുട്ടി പറഞ്ഞത്‌. യാത്രാ മദ്ധ്യേ അയാള്‍ എന്നെക്കുറിച്ച്‌ ചോദിച്ചു. കുവൈത്തില്‍ നിന്നാണെന്നും ഉമ്ര കഴിഞ്ഞ് മദീനയിലേക്ക്‌ മുത്ത്‌ നബിയുടെ റൌള കാണാന്‍ വന്നതാണെന്നും പറഞ്ഞു.


അദ്ദേഹം‍ സാധ്യതയുള്ള എല്ലാ വഴിയിലും വണ്ടി നിറുത്തി ആളുകളോട് ചോദിച്ചു. ഒരു വിധം സിഗ്നലുകളും കഴിഞ്ഞ് ഒരു പതിനഞ്ച് മിനുറ്റ് കറങ്ങിത്തിരിഞ്ഞ് അവസാനം എന്‍റെ ഹോട്ടലിന്‍റെ മുന്നില്‍ എത്തി. അയാളുടെ നന്മക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് സലാം പറഞ്ഞ് കാറില്‍ നിന്നിറങ്ങി. എന്നെ കൌതുകത്തോടെ, ഇഷ്ടത്തോടെ നോക്കിയ ആ കൊച്ചു കുട്ടിയുടെ കവിളില്‍ ഒന്ന് തലോടാനും മറന്നില്ല.


ഒമ്പതരയോടെ മസ്ജിദുന്നബവിയില്‍ നിന്നുമിറങ്ങിയ ഞാന്‍ റൂമിലെത്തുന്നത് പന്ത്രണ്ടരയോടെ. പതിനഞ്ചു മിനുറ്റ് നടക്കാനുള്ള ദൂരമാണ് ഞാന്‍ മൂന്ന് മണിക്കൂര്‍ നടന്നത്.


ഏ മദീനക്കാരാ, അങ്ങാണ് റസൂലിനെയും സഹാബികളെയും സഹായിച്ച അന്‍സാറുകളുടെ പിന്‍ഗാമി. ലോക ജനതക്കാകെ താങ്കളുടെ  മുന്‍ഗാമികളോട് കടപ്പാടുണ്ട്. താങ്കളെ ഞാനെന്നും ഓര്‍ക്കും. ‘ഹിന്ധി’യെന്ന്‍ പുച്ചിക്കുന്ന കുവൈത്തികള്‍ക്ക് താങ്കള്‍ മാതൃകയാണ്. മണിക്കൂറുകളോളം അലഞ്ഞ എന്നെ വഴിയില്‍ അവഗണിക്കാതെ എന്‍റെ റൂമില്‍ എത്തിച്ച സുഹൃത്തെ നാളെ നിങ്ങള്‍ റബ്ബിന്റെ മുന്നില്‍ നല്ല രൂപത്തില്‍ പ്രത്യക്ഷപ്പെടും എന്ന് ഞാന്‍ വിശ്വസിക്കുന്നു.അതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.  താങ്കളുടെ  കിതാബ് താങ്കളുടെ വലതു കയ്യില്‍ നല്കപ്പെടട്ടെ. അള്ളാഹു താങ്കള്‍ക്ക് സ്വലിഹായ സന്താനങ്ങളെ നല്‍കട്ടെ. താങ്കളുടെ ആഗ്രഹം പോലെ ഒരു ആണ്‍ കുട്ടിയെയും റബ്ബ് താങ്കള്‍ക്ക് നല്‍കട്ടെ.. ആമീന്‍ യാ റബ്ബല്‍ ആലമീന്‍.

Monday, February 20

ഉണ്ടപ്പക്രുവിന്‍റെ മഹത്തായ ലക്ഷ്യങ്ങള്‍....









   




    പുലരിയിലെ സൂര്യകിരണങ്ങള്‍ മൂട്ടിലടിച്ചപ്പോള്‍ എനിക്ക് തോന്നി സൂര്യന്‍ മനപ്പൂര്‍വ്വം ശല്യം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന്. പുള്ളിക്ക് ചുമ്മാ ലോകം ചുറ്റിയടിച്ചു നടന്നാ മതി. പുള്ളി കറങ്ങിത്തിരിഞ്ഞു വരുമ്പോഴേക്കും ഒരു മനുഷ്യന്‍ എന്തോരം കറങ്ങുന്നു എന്ന വല്ല ചിന്തയുമുണ്ടോ? അല്ലേലും ഒന്നുറങ്ങി അതിന്‍റെ ക്ലൈമാക്സ്‌ ക്ലിയര്‍ ആയിത്തുടങ്ങിയിട്ടില്ല. അപ്പോഴേക്കും ഓരോരോ മാരണങ്ങള്‍ ശബ്ദകോലാഹലങ്ങളുമായി ശല്യം ചെയ്യാന്‍ വന്നോളും.

ട്ര്നിം ട്ര്നിം..

പത്രക്കാരന്‍ കഴുതയാണ്, ചുമ്മാ പത്രം വലിച്ചെറിഞ്ഞേച്ചു പോയാ മതി! അവന്‍റെ ഒരു ക്ണിം ക്ണിം. അവന്‍ ഈ വഴിത്താരയെ ധന്യമാക്കി കടന്നു പോവുന്നത് നാലാളെ അറിയിക്കുകയാ. അവന്‍റെ ഒരു പാട്ട സൈക്കിളും അവനും. അവനോട് എന്നെങ്കിലും ഇതൊന്ന് പറയണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറെയായി. പക്ഷെ, എന്‍റെ തലയൊന്നു പൊങ്ങണ്ടെ  ഈ കിടക്കപ്പായയില്‍ നിന്നും. ഇനി അവനെ കാണണമെങ്കില്‍ മാസാവസാനം ഇവിടെ കുത്തിയിരുന്നാല്‍ മതി. ബില്ലടക്കണമെങ്കില്‍ ബെല്ലടിക്കരുതെന്ന്‍ പറയാം.

    ഹാ അതെന്തെങ്കിലുമാവട്ടെ, ആ പശു എന്തിനാണെന്‍റെ ദൈവേ കാറുന്നത്. വെറും കാടിവെള്ളം കുടിക്കാനാണ് അവന്‍റെ ഈ ആക്രാന്തം. അവന്‍റെ കരച്ചില്‍ കേട്ടാ തോന്നും അവനെന്തോ ആട്ടിന്‍ കാല് സൂപ്പ് വെച്ചതാണ് പ്രതീക്ഷിക്കുന്നതെന്ന്. അല്ലേലും എന്‍റമ്മച്ചിക്ക് ഈ പശൂനേം പോത്തിനെയും കൊണ്ട് നടക്കേണ്ട വല്ല കാര്യവുമുണ്ടോ? പോത്തുപോലെ വളര്‍ന്ന മക്കളുള്ള അമ്മയെന്തിനാ കുറെ പോത്തുകളെയും പശുക്കളെയും വളര്‍ത്തുന്നത്. അതെങ്ങാനും പറഞ്ഞാ ആ തള്ളക്ക് ചെവിയില്‍ കേള്‍ക്കില്ല. നിന്നെക്കാള്‍ ഗുണം ആ പോത്തിനെക്കൊണ്ടാടാ എന്നൊരു കുനുഷ്ട് മറുപടിയും. എനിക്ക് മനസ്സിലാവുന്നില്ല. ചാണകമിടാത്തതാണോ എന്‍റെ തെറ്റ്?. അതോ പാലു തരാത്തതോ? ഇത് രണ്ടും എനിക്കെന്നല്ല ഈ ഭൂമിലോകത്തിലെ ഒരൊറ്റ ആണ്‍കുട്ടിക്കും കഴിയില്ലാന്ന് ഈ അമ്മക്കറിയില്ലേ? പിന്നെന്തിനാണ് ഈ താരതമ്യം! ഇനി ഞാന്‍ പഠിച്ചിറങ്ങി വലിയ ഉദ്യോഗവുമായി വരുമ്പോ ഈയമ്മ ഇതൊക്കെ മാറ്റിപ്പറയും. അന്നും അമ്മ ചോദിക്കോ ആവോ? നിന്‍റെ ഒരൊലൊക്കമ്മേലെ എം ബി എ! നിനക്ക് പൂട്ടാനറിയാമോഡാ? ഉവ്വമ്മേ ഞാന്‍ ഒരുപാട് പേരെ പൂട്ടിയിട്ടുണ്ടെന്നങ്ങ് കാച്ചിയേക്കണം. ഹല്ലാ പിന്നെ. അപ്പൊ തള്ള കലി തുള്ളി വീടുവിട്ടു പോവോ ആവോ? ഹേയ് അങ്ങനെയൊന്നുമില്ല. 

    “മതി മതി ആലോചിച്ച് കിടന്നാല്‍ നേരം രാത്രിയാവും. പിന്നെ ഇവിടന്നെണീക്കേണ്ടി വരില്ല. നാളെ കാലത്തെണീച്ചാല്‍ മതിയാവും”. ഒരു കുഞ്ഞു ശബ്ദം.

അതാരാണപ്പാ? തല പൊക്കി നോക്കിയപ്പോ ഉണ്ടപ്പക്രു. ഉണ്ടപ്പക്രു തന്‍റെ കട്ടിലിന്‍റെ തലഭാഗത്തെക്ക് വന്നു.

പക്രു നീയെപ്പോ വന്നൂടാ?

ഞാന്‍ ഇന്നലെ വന്നൂ മാമാ. മാമന്‍ വരാന്‍ വൈകിയല്ലേ? ഇന്നലെയെന്തേ  നാടകം കളിക്കാന്‍ പോയതാ? ഉണ്ടപ്പക്രുവിന്‍റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി.

നാടകം കളിയൊക്കെ നിര്‍ത്തീലോ പക്രു. ആരാ നിന്നോട് നാടകം കളിക്കാന്‍ പോയെന്ന്‍ പറഞ്ഞത്‌?

മുത്തശ്ശി പറഞ്ഞു എവിടെയെങ്കിലും തെണ്ടാന്‍ പോയതായിരിക്കുമെന്ന്‍. അപ്പൊ ഞാനൂഹിച്ചു മാമന്‍ നാടകം കളിക്കാന്‍ പോയതായിരിക്കുമെന്ന്. അങ്ങനെയാണല്ലോ ഒരിക്കല്‍ തെണ്ടിയത്.

ഡാ പക്രു വായടക്കടാ…കളിയാക്കാന്‍ മാത്രം വളര്‍ന്നോ നീ...

പക്രു ചൂടായി: അതേയ് ഞാന്‍ പക്രുവല്ല, എനിക്ക് നല്ലൊരു പേരുണ്ട്. മിസ്റ്റര്‍ അഖില്‍ ഫെര്‍ണാണ്ടസ്.  

എന്തോന്ന്? ഞാന്‍ ഞെട്ടിപ്പോയി 

മിസ്റ്റര്‍ അഖില്‍ ബര്‍ണാണ്ടസോ?. 

ഡാ നീ തന്നെ നിന്നെ മിസ്റ്റര്‍ എന്ന് വിളിക്കാ?

അല്ലാതെ വേറാരെങ്കിലും എന്നെ മിസ്റ്റര്‍ എന്ന് വിളിക്കുമോ?

അത് പോട്ടെ, നിനക്ക് അഖില്‍ എന്ന് മാത്രമല്ലേ പേരുള്ളൂ. പിന്നെ ഈ നസ്രാണികളുടെ പെരെന്തിനാ വാലാക്കിയത്?.

അത് പിന്നെ ഒരു ഗാംഭീര്യത്തിനു വേണ്ടി. ഇപ്പൊ അതല്ലേ ഫാഷന്‍.

ഗാംഭീര്യത്തിനാണേല്‍ നമ്മള്‍ ഹിന്ദുക്കള്‍ക്ക്‌ തന്നെ എത്രയോ പേരുണ്ട്. അതങ്ങ്‌ ചാര്‍ത്തിക്കൊടുത്താല്‍ പോരെ.

നമുക്കെന്ത് പേരാ ഉള്ളത്?

സുഗ്രീവന്‍ എന്നങ്ങിട്ടോ? ഭയങ്കര ഗാംഭീര്യം കിട്ടും.

മാമയെ ഞാന്‍ മാങ്ങ എന്ന് വിളിച്ചാല്‍ എങ്ങനെയുണ്ടാവും...?

അടി കിട്ടും നിനക്ക്. അല്ല ഇത്ര ഗാംഭീര്യത്തിനു മാത്രമുള്ള പ്രായമൊക്കെയായോ നിനക്ക്? നിനക്കെത്രയാ വയസ്സ്?

പത്തു മുപ്പത്‌ വയസ്സായി.

എത്ര?

പത്ത്‌.

പിന്നെന്തിനാ മുപ്പത്‌ എന്ന് പറഞ്ഞത്‌.?

അത് പിന്നെ ഒരു...ഒരേകദേശം പറഞ്ഞതല്ലേ.

ആഹാ പത്തിലേക്ക്‌ ഇരുപത് കൂട്ടിയാണോ ഏകദേശം!

മുപ്പതു വയസ്സൊക്കെ പെട്ടെന്നാവില്ലേ മാമാ

പെട്ടെന്നെന്ന് പറഞ്ഞാല്‍? ഞാന്‍ പുരികം ചുളിച്ചു.

പെട്ടെന്നെന്നു പറഞ്ഞാല്‍ ഇരുപതു കൊല്ലം കഴിഞ്ഞാല്‍.

ഹോ അങ്ങനെ..അല്ലാതെ പത്തുകൊല്ലം കഴിഞ്ഞാല്‍ ആവില്ലല്ലോ.

ആട്ടെ മുപ്പതു വയസ്സായിട്ടു നീയെന്താ ചെയ്യാന്‍ പോണേ?

പക്രു: എന്ത് ചെയ്യാന്‍, എല്ലാവരെയും പോലെ കല്യാണം കഴിക്കണം, പിന്നെ കുറെ കുട്ട്യേളുടെ അച്ഛനാവണം. അങ്ങനെയങ്ങനെ ഒരു പാടുണ്ട് ചെയ്തു തീര്‍ക്കാന്‍.

അതെയതെ, ഇതൊക്കെയാണ് ആദ്യം ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍. നിനക്ക് പത്തു തന്നെയാണോ വയസ്സ്?

(തുടരണോ?)

Sunday, January 22

ഒരു ഗള്‍ഫുകാരന്‍റെ ആദ്യ ദിനങ്ങള് (‍നര്മ്മം)

    ഒരു ഗള്‍ഫുകാരന്‍റെ ആദ്യ ദിനങ്ങള്‍ രസകരമാണ്. അയാള്‍ക്ക് ഗള്‍ഫിനെക്കുറിച്ച് കേട്ട അറിവ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഗള്‍ഫിനെക്കുറിച്ച് കേട്ട അറിവ് പോലും ഇല്ലാത്തവര്‍ ആണ് ഗള്‍ഫില്‍ മറ്റുള്ളവര്‍ക്ക് നല്ല ചിരിക്ക് വക നല്‍കുന്നത്.


  അങ്ങനെയൊരു ഗള്‍ഫുകാരന്‍ നമ്മടെ അടുത്ത റൂമിലുമെത്തി.പുള്ളിയെ ആദ്യമൊക്കെ എല്ലാവരും സല്‍ക്കരിച്ചു. ആദ്യത്തെ ദിവസം കോഴിക്കറിയും പിന്നെ ഖുബ്ബൂസും. ഖുബ്ബൂസ്‌ ഇയാള്‍ കണ്ടപ്പോള്‍ ഒന്നന്ധാളിച്ചു പോയി എന്ന് പറയാം. ഇതെന്തൊരു വട്ടം!. ഹോ എന്തെങ്കിലുമാവട്ടെ ചിക്കന്‍ കറിയുണ്ടല്ലോ.



അങ്ങനെ രണ്ടാം ദിവസവും വന്നണഞ്ഞു. അതെ, വീണ്ടും ചിക്കന്‍ കറി!!.ഹോ..


അങ്ങനെ മൂന്നാം ദിവസവും വന്നെത്തി. അതാ വരുന്നു വീണ്ടും ചിക്കന്‍ കറി. അങ്ങനെ വട്ടം കൂടിയിരുന്നു കഴിക്കുന്നതിനിടെ അയാള്‍ ഇങ്ങനെ പറഞ്ഞു. : “അതേയ് ഞാന്‍ പുതുതായി വന്നതൊക്കെ തന്നെ. എന്ന് വെച്ച് എന്നും ഇങ്ങനെ ചിക്കന്‍ വെച്ച് സല്‍ക്കരിക്കണമെന്നില്ല. ഇടക്ക് വല്ല പച്ചക്കറിയോ മീനോ വെച്ചാല്‍ മതി.കേട്ടോ...


ഹ ഹ ഹ ...അവിടെ ഒരു കൂട്ടച്ചിരി ഉയര്‍ന്നു.
കൂട്ടത്തില്‍ ഒരു വയസ്സന്‍: അതേയ്..മോനെ, ഇത് നിന്നെ സല്‍ക്കരിക്കാന്‍ വേണ്ടിയല്ല. ഇവിടെ ചെലവ് കുറഞ്ഞു കിട്ടുന്നത് ചിക്കന്‍ മാത്രമായത് കൊണ്ടാ ചിക്കന്‍ തന്നെ വെക്കുന്നത്. മനസ്സിലായോ..

Friday, December 16

Wednesday, November 16

ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര

ബംഗളൂരിനടുത്ത് ഹൊസുരില്‍ എം ബി എ പഠിച്ചിരുന്നപ്പോള്‍ രണ്ടു വര്‍ഷം സ്ഥിരമായി ഇടയ്ക്കും തലക്കുമായി താനൊരു ട്രെയിന്‍ യാത്രക്കാരനായിരുന്നല്ലോ എന്ന കാര്യം ഓര്‍ത്തപ്പോഴാണ് ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതണമെന്ന് തോന്നിയത്‌.
   ഓര്‍മ്മകളിലേക്ക് ചൂളം വിളിച്ചുള്ള ആ ട്രെയിന്‍ യാത്രയെ എങ്ങനെ വര്‍ണ്ണിച്ചു തുടങ്ങണം എന്നോരെത്തും പിടിയും കിട്ടിയിരുന്നില്ല. പട്ടാമ്പിയില്‍ നിന്നും കണ്ണൂര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസ്സഞ്ചരില്‍ വലിഞ്ഞു കയറി കോയമ്പത്തൂര്‍ വരെ മൂന്നു മണിക്കൂര്‍ നീളുന്ന യാത്ര.


Pattambi Bridge
 പട്ടാമ്പി മുതല്‍ കോയമ്പത്തൂര്‍ വരെയുള്ള യാത്ര അധികം ദൈര്‍ഘ്യമേറിയതല്ലാത്തതിനാല്‍ മറ്റുള്ളവരോട് സംസാരിച്ച് സമയം കളയാന്‍ മിനക്കെടാതെ നേരെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കും. പുറത്ത് വള്ളുവനാടന്‍ ഗ്രാമീണ ഭംഗി വിളിച്ചോതുന്ന വയലേലകളും കുന്നുകളും കരിമ്പനക്കൂട്ടങ്ങളും തെങ്ങുകളും കാണാം. വിളഞ്ഞു നില്‍ക്കുന്ന പാടം ഒരു ഭാഗത്തും മെലിഞൊട്ടി മന്ദമന്ദം ഒഴുകുന്ന ഭാരതപ്പുഴ മറുഭാഗത്തുമായി ഇതിനു രണ്ടിനും നടുവിലൂടെയുള്ള മണിക്കൂറുകള്‍ നീണ്ട ഒരു യാത്ര.


   പുഴയിലേക്ക്‌ നോക്കിയിരിക്കുമ്പോള്‍ തോന്നും മറുഭാഗത്ത്‌ പോയിരുന്ന്‍  വയലേലകളുടെയും കുന്നുകളുടെയും ഭംഗി ആസ്വദിക്കണമെന്ന്. കുന്നും മലയും പാടവും തോടും പുഴയും കഴിഞ്ഞ് ട്രെയിന്‍ പിന്നീട് കടന്നു പോകുന്നത് കാടുകളിലൂടെയാണ്. പാലക്കാടന്‍ സഹ്യ സാനുക്കള്‍ വകഞ്ഞു മാറ്റിപ്പോകുമ്പോള്‍ ഞങ്ങള്‍ ഓടിച്ചെന്ന്‍ വാതില്‍ക്കല്‍ പോയി കമ്പിയില്‍ പിടിച്ചു മല മുകളിലേക്ക് നോക്കി നില്‍ക്കും.


   തിങ്ങി നിറഞ്ഞ കാര്‍മേഘങ്ങള്‍ കൂട്ടം കൂട്ടമായി മലയിടുക്കകളിലൂടെ മലയെ തൊട്ടുരുമ്മി സഞ്ചരിക്കുന്നത് കാണുമ്പോള്‍ അവിടെയിറങ്ങി ആ മല മുകളിലേക്ക് കയറിപ്പോയാലോ എന്നാശിച്ചുപോയിട്ടുണ്ട് പലപ്പോഴും. 
   മലയും കാടും താണ്ടി ചൂളം വിളിച്ചു ട്രെയിന്‍ കേരളത്തിന്‍റെ അതിര്‍ത്തിയും വിട്ട് തമിള്‍ നാട്ടിലേക്ക്‌ കടന്നാല്‍ ഭാഷാ വര്‍ണ്ണ വേഷ വിധാനങ്ങള്‍ മാറുന്നതിനനുസരിച്ച് ഭൂപ്രകൃതിയും മാറുന്നുവെന്ന് മനസ്സിലാക്കാം. ഹരിതാഭമായ പാലക്കാടന്‍ ഭൂ പ്രദേശങ്ങളിലൂടെയുള്ള യാത്ര കൊണ്ടെത്തിക്കുന്നത് തമിള്‍നാട്ടിലെ മൊട്ടക്കുന്നുകളിലേക്കും വരണ്ടുണങ്ങിയ വയലേലകളിലേക്കുമാണ്.
  

From Left: Shamsu,Manohar,Mujeeb, Hakeem and me in Bangalore in 1998
    അങ്ങിങ്ങ് മൊട്ടക്കുന്നുകളും അതിനു മേലെ ഒരാള്‍പൊക്കം മാത്രം വരുന്ന കൊച്ചു കൊച്ചു മരങ്ങളും അതിനും മേലെ തൂങ്ങി നിന്നാടുന്ന കുരങ്ങുകളും നമുക്ക് നല്‍കുന്ന കാഴ്ച വ്യത്യസ്ഥമാണ്‌. മഴക്കാറുകളും മഴയും ഈ കുന്നുകള്‍ക്കും പാടശേഖരങ്ങള്‍ക്കും അന്യമാണെന്ന് തോന്നുന്നു. മഴ പെയ്തൊഴിഞ്ഞ പാലക്കാടന്‍ ഗ്രാമീണ ഭംഗിയില്‍ നിന്നും ഊഷരതയിലേക്കുള്ള ഒരു വിരസമായ യാത്ര. ട്രെയിനിലിരുന്നു നോക്കിയാല്‍ പ്രാചീനകാലത്തെ അനുസ്മരിപ്പിക്കുന്ന ഗ്രാമീണ ജനതയെ കാണാം. നമ്മള്‍ നൂറ്റാണ്ടുകള്‍ പിന്നോട്ടോടിപ്പോയോ എന്ന് സംശയിച്ചു പോവും ആ ഗ്രാമീണരെ കണ്ടാല്‍..


   പലയിടത്തും ചോളവും സൂര്യകാന്തിയും വിളഞ്ഞു നില്‍ക്കുന്നത്‌ കാണാം. ഒഴുക്കില്ലാതെ നില്‍ക്കുന്ന ഒരു ചെറിയ തടാകത്തിന് ചെറിയ ഒരു തടയണ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയിരിക്കുന്ന കാഴ്ച കണ്ടാല്‍ വെറുതെ മൂക്കത്ത് വിരല്‍ വെച്ച് പോകും.അസ്തമന സൂര്യന്‍ പടിഞ്ഞാറ് പോയ്‌ മറയുമ്പോഴായിരിക്കും തമിള്‍നാടന്‍ ഗ്രാമങ്ങളിലൂടെയുള്ള  യാത്ര. ഗ്രാമങ്ങള്‍ ചെന്ന് ചേരുന്നത് നഗരങ്ങളിലേക്കാണ്. ഓരോ നഗരങ്ങളും അവസാനിക്കുമ്പോള്‍ വീണ്ടും ഗ്രാമങ്ങളിലേക്ക്‌ പ്രവേശിക്കും. ഗ്രാമങ്ങളും നഗരങ്ങളും മാറി മാറി മണിക്കൂറുകള്‍ നീളുന്ന യാത്ര..



A customer at our Golden Beef Hotel,Hosur
    നഗരക്കാഴ്ചകള്‍ ഗ്രാമക്കാഴ്ചകള്‍ക്ക്‌ നേര്‍ വിപരീതമാണ്. സായാഹ്നസവാരി നടത്തുന്ന മദ്ധ്യവയസ്ക്കരും ഗ്രൗണ്ടില്‍ തിമിര്‍ത്തു കളിക്കുന്ന കുട്ടികളും റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലേ ചാരു ബഞ്ചില്‍ കാറ്റ് കൊള്ലാനിരിക്കുന്ന ദമ്പതികളും വേറിട്ട കാഴ്ചയാണ്. ഈ നഗരങ്ങളും മുമ്പ്‌ കണ്ട ഗ്രാമങ്ങളും എങ്ങനെ വികസനത്തിന്‍റെ കാര്യത്തില്‍ രണ്ടു തട്ടിലായി എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്.  


   ഗ്രാമക്കാഴ്ചകള്‍ ചെറുതായി ഒന്ന് വര്‍ണ്ണിച്ചാല്‍ വായിക്കുന്നവര്‍ക്ക് മനസിലാക്കാം അതെന്താണെന്ന്. തമിള്‍ നാട്ടില്‍ എവിടെയും പുതുതായി വരുന്നവരോട് അവിടെയുള്ള മലയാളികള്‍  നല്‍കുന്ന ഒരു മുന്നറിയിപ്പുണ്ട്. കാലുകള്‍ കൂട്ടി വെച്ച് നടക്കണം കെട്ടോ?


   ഇത് കേട്ട പുതുമുഖം അതെന്തിനാ എന്ന് തിരിച്ചു ചോദിക്കും


   ഇല്ലെങ്കില്‍ കാലിന്‍റെ ഇടയിലൂടെ ടി വി എസ് പോവും..അത് കൊണ്ടാ..സൂക്ഷിക്കണം. അമ്പരപ്പ്‌ പൊട്ടിച്ചിരിയിലേക്ക് വഴി മാറുമ്പോഴേക്കും ഈ പുതിയ മലയാളി തമിള്‍ നാട്ടിനെ ഏകദേശം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടാവും.

Housing colony at Hosur hills



   ഈ ടി വി എസ് വീരന്മാരാണ് ഗ്രാമ വീഥികളെ കോരിത്തരിപ്പിച്ചു മൂളിപ്പറക്കുന്നത്. തൊട്ടരികിലൂടെ സൈക്കിള്‍ പോയാല്‍ ഇവരൊന്നു വെട്ടിക്കും പിന്നെ രജനി സ്റ്റൈലില്‍ മുടിയൊന്നു കോതി വീണ്ടും പറ പറക്കും. കാളവണ്ടികളും കഴുതവണ്ടികളും ഈ ഗ്രാമങ്ങളെ കേരളീയ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ചാണകം മെഴുകിയ മുറ്റങ്ങള്‍, പഴയ മണ്ണെണ്ണ മോട്ടോറുകള്‍, രണ്ടു മുറികളില്‍ ഒതുങ്ങുന്ന നമ്മുടെ പാചകപ്പുരയോളം വരുന്ന വീടുകള്‍, തൊട്ടു ചേര്‍ന്ന് മറ്റൊരു ചെറിയ പുര. വീടുകള്‍ക്ക്‌ മുന്നില്‍ അസുരന്മാരുടെയും ദേവന്മാരുടെയും ഒട്ടും ഭംഗിയില്ലാത്ത  ധീര്‍ഘകായ പ്രതിമകള്‍. മറ്റൊരു കാഴ്ച കൊച്ചു കൊച്ചു കുന്നുകളും അതിനു മേലേക്ക്‌ കയറിപ്പോകാനുള്ള പടിക്കെട്ടുകളുമാണ്. ഈ പടിക്കെട്ടുകള്‍ കയറിച്ചെല്ലുന്നത് ഏതെങ്കിലും അമ്പലത്തിലേക്കായിരിക്കും.


   കുളിക്കാന്‍ മടി പിടിച്ചു നടക്കുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും. ഇവരെ കുറ്റം പറയാനും പറ്റില്ല. വെള്ളം അവര്‍ക്ക്‌ അമൃതാണ്. കേരളത്തിലെ തുള്ളിക്കൊരു കുടം മഴ പെയ്യുന്ന സ്ഥലങ്ങളല്ല ഇതൊന്നും. മഴ ഇവര്‍ക്ക്‌ ഒരതിഥി മാത്രം. വല്ലപ്പോഴും വരുന്ന, വന്നാല്‍ അധികം തങ്ങാത്ത ഒരതിഥി...മഴക്ക് വേണ്ടി ഇവര്‍ കഴുതക്കല്യാണം നടത്താറുണ്ട്.
   ഈ കഴുതക്കല്യാണത്തെ ഞങ്ങളുടെ പ്രൊഫസര്‍ ശ്രി ധനരാജ് ആക്ഷേപിച്ചതിങ്ങനെയാണ്. കഴുതകള്‍ തമ്മില്‍ കല്യാണം നടക്കുമ്പോള്‍ മഴക്കാറുകള്‍ക്ക് സന്തോഷമാവും അങ്ങനെ അവര്‍ സന്തോഷാശ്രുക്കള്‍ വര്‍ഷിക്കുകയും മഴ കൊണ്ട് തമിള്‍ നാട് മൊത്തം നിറയുകയും ചെയ്യും..എന്നും പറഞ്ഞ് പുള്ളി ചിരിക്കും. ഇത്രയുമാണ് ഗ്രാമങ്ങളെ പറ്റി എഴുതാനുള്ളത്.

GUP School, Kakkattiri
 പാലക്കാട് കഴിഞ്ഞാല്‍ ആദ്യം വരവേല്‍ക്കുന്നത് മെട്രോ സിറ്റിയായ കോയമ്പത്തൂര്‍ തന്നെയാണ്. കോയമ്പത്തൂര്‍ അറിയപ്പെടുന്നത് ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നാണ്. അവിടെക്കാണുന്ന എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ഈ നാമം ഒരലങ്കാരമായി വണ്ടികളുടെ മുന്നിലും പിന്നിലും എഴുതിക്കണ്ടിട്ടുണ്ട്. അവര്‍ ആ വിശേഷണത്തില്‍ അഭിമാനിക്കുന്നു എന്ന് തോന്നുന്നു. ഈ നഗരം കഴിഞ്ഞാല്‍ പിന്നെ തിരുപ്പൂര്‍, ഈറോഡ്‌, സേലം, ധര്‍മപുരി എന്നീ നഗരങ്ങളിലൂടെയാണ് ഇന്റര്‍സിറ്റി എക്സ്പ്രസ് മുന്നേറുക. ധര്‍മപുരിയും കഴിഞ്ഞ് ഹൊസൂര്‍ വരെ ഇരുട്ടിലൂടെയാണ് യാത്ര. സൂര്യന്‍ അസ്തമിക്കാന്‍ മിനുട്ടുകള്‍ ശേഷിക്കുമ്പോഴായിരിക്കും ധര്‍മപുരി എത്തുന്നത്. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ ഭീമാകാരമായ മലകളും അഗാധമായ കൊക്കകളും അരുവികളും നമ്മെ വരവേല്‍ക്കും. മലയിടുക്കുകളിലൂടെയുള്ള റയില്‍ പാളങ്ങള്‍ മാത്രം തൂങ്ങുന്ന പാലങ്ങളിലൂടെ പോകുമ്പോള്‍ ഹൃദയം പടപടാന്നടിക്കും.


   സൂര്യനസ്തമിക്കുന്നതോടെ പുറത്തെ കാഴ്ചകളെ കൂരിരുള്‍ വിഴുങ്ങും. പിന്നെ മെല്ലെ വാതില്‍പ്പടിയില്‍ നിന്നും ഇരിപ്പിടത്തിലേക്ക് മടങ്ങും. അങ്ങിങ്ങ് പൊട്ടു പോലെ ബള്‍ബുകള്‍ പ്രകാശിക്കുന്നത് കാണാം. വീടുകള്‍ തിങ്ങി നിറഞ ഭാഗത്തെത്തുമ്പോള്‍, മിന്നാമിന്നിക്കൂട്ടങ്ങള്‍ പോലെ തോന്നിപ്പോകും. ഇരുട്ടില്‍ തെളിയുന്ന ആ കൊച്ചു കൊച്ചു വിളക്കുകള്‍ നയനാനന്ദകരമാണ്.


   എനിക്കിറങ്ങേണ്ടത് ബാഗ്ലൂരിനു തൊട്ടു മുമ്പ്‌ ഹൊസൂര്‍ എന്ന സ്ഥലത്താണ്. തണുത്ത കാറ്റടിക്കുമ്പോള്‍ ഞങ്ങള്‍ ഊഹിക്കും ഹൊസൂര്‍ എത്തിയെന്ന്. ലിറ്റില്‍ ഇംഗ്ലണ്ട് എന്ന് വിളിപ്പേരുള്ള ഹോസൂരില്‍ കൊടും തണുപ്പാണ്.


   എനിക്കിറങ്ങേണ്ട അടയാളം ഒരു കുന്നും ആ കുന്നിനു മേലെയുള്ള അമ്പലത്തില്‍ നിന്നുമുള്ള വിളക്കുകകളുമാണ്. ട്രെയിനിന്‍റെ വലത്തു ഭാഗത്ത്‌ നിന്നാല്‍ ഈ കാഴ്ച കാണാം. അങ്ങ് ദൂരെ നിന്നെ ആ കുന്നും ദീപങ്ങളും കണ്ടാല്‍ ഞങ്ങള്‍ ബാഗും തൂക്കി വാതില്‍പ്പടിയില്‍ ഇറങ്ങാന്‍ തയാറായി നില്‍ക്കും.    
   ഇനി ഹൊസൂര്‍ ബസ്‌ സ്റ്റാന്‍ഡിലേക്ക് ഓട്ടോ പിടിച്ചുള്ള യാത്ര...പിന്നെ ഞങ്ങളുടെ ഗോള്‍ഡന്‍ റസ്റ്റോറന്റില്‍ കയറി ഒന്നാന്തരം ബീഫും തട്ടി ലാ ലാ ലാ പാടി റൂമിലേക്ക്‌ നടക്കണം.. അവിടെയെത്തുമ്പോള്‍, ജേഷ്ടന്‍ കുഞ്ഞുമോന്‍ വരവേല്‍ക്കും....


   എന്നെ വരവേറ്റു...കുഞ്ഞുമോനായിരുന്നില്ല, ഹമീദ്‌...ഞങ്ങളുടെ ഹോട്ടലിലെ കുക്ക്- ഒരു നടുക്കുന്ന വാര്‍ത്തയും കൊണ്ട്.


   കടല്‍ ഭൂമിയിലേക്ക് കയറി ലക്ഷങ്ങള്‍ മരിച്ച വാര്‍ത്തയുമായി..


   അതെ, ലോകം മുഴുവന്‍ നാശം വിതച്ച സുനാമി എന്ന രാക്ഷസ അലൈകള്‍ തമിള്‍ നാട്ടിലും താണ്ടവമാടിയപ്പോള്‍ ഞാന്‍ തമിള്‍നാടിന്‍റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള തീവണ്ടി യാത്രയിലായിരുന്നു.

Friday, November 11

യുദ്ധാനന്തര ഫൈലക്കാ (യാത്ര)

കുവൈത്തിന്‍റെ അധീനതയില്‍ കുവൈറ്റ്‌ സമുദ്രാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപാണ് ഫൈലക്ക. കുവൈത്തില്‍ നിന്നും ഒന്നര മണിക്കൂര്‍ ബോട്ടില്‍ സഞ്ചരിച്ചാല്‍ ഫൈലക്കാ എന്ന കൊച്ചു ദ്വീപില്‍ എത്തിച്ചേരാം. യുദ്ധാനന്തര ഫൈലക്കാ മനസ്സില്‍ നൊമ്പരങ്ങള്‍ കോറിയിടുന്നതാണ്. ഇറാഖ് അധിനിവേശം വിജനമാക്കി തീര്‍ത്ത ദ്വീപില്‍ അവശേഷിക്കുന്നത് കുവൈറ്റ്‌ ഗവ പണിത പുരാതന ഗ്രാമവും, ചില താല്‍ക്കാലിക വസതികളും, ആളൊഴിഞ്ഞു പോയ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ അവശേഷിക്കുന്ന ഏതാനും വീടുകളും, ഒരു ചെറിയ തടാകവും, പ്രാര്‍ഥനക്കായി തുറന്നു കൊടുക്കാതെ അടച്ചിട്ടിരിക്കുന്ന ഒരു വലിയ പള്ളിയും, രണ്ട് ചെറിയ പള്ളികളുമാണ്.













വിജനമായ വീഥികള്‍, ആള്‍പ്പാര്‍പ്പില്ലാത്ത പഴക്കം ചെന്ന പാതി മുക്കാലും തകര്‍ന്ന വീടുകള്‍, ആരും പ്രവേശിക്കാനില്ലാതെ ഉപയോഗ ശൂന്യമായിക്കിടക്കുന്ന ഒരു കമനീയമായ പാര്‍ക്ക്‌, ബുള്ളറ്റുകള്‍ തറച്ചു തുരു തുരെ ഓട്ട വീണ വീടുകള്‍, മറ്റു സാംസ്കാരിക കെട്ടിടങ്ങള്‍, രണ്ടായി മുറിഞ്ഞു വീണിട്ടും ഉണങ്ങാതെ പച്ച പിടിച്ചു നില്‍ക്കുന്ന മരങ്ങള്‍, ഒഴിഞ്ഞു കിടക്കുന്ന വലിയ ഒരു പള്ളി എന്നിവയെല്ലാം മനസ്സില്‍ കൊളുത്തി വലിക്കുന്നതായിരുന്നു.


വെട്ടിപ്പിടിക്കാനും കീഴടക്കാനുമുള്ള മനുഷ്യന്‍റെ സ്വാര്‍ത്ഥ ചിന്താഗതിയും അതിനായുള്ള പോരാട്ടവും എത്ര മനുഷ്യ ജന്മങ്ങളെ കണ്ണീരിലാഴ്ത്തുന്നു എന്ന സത്യം ഫൈലക്ക നിശബ്ദമായി നമ്മോട് പറയും. എങ്ങു തിരിഞ്ഞാലും മുറിവുണങ്ങാത്ത, വേദനിക്കുന്ന ചിത്രങ്ങള്‍  മാത്രം.


അവസാനം ചിന്തിച്ചു പോവും, ആരെന്തു നേടി?


കൊന്നു കൊല വിളിക്കാന്‍ വന്ന സദ്ദാം ഇന്ന് ചരിത്രമായി. കൊലവിളിയെ അമേരിക്കയുടെ പിന്‍ബലത്തോടെ നേരിട്ട കുവൈത്തിന്‍റെ രാഷ്ട്രശില്പിയും അന്നത്തെ അമീറും ഓര്‍മ്മയായി. നഷ്ടപ്പെട്ടത്‌, പാവം ചില പച്ച മനുഷ്യര്‍ക്ക്‌. സ്വന്തം ഭര്‍ത്താക്കന്മാരെ കണ്‍ മുന്നിലിട്ടു കൊല്ലുന്നത് കാണേണ്ടി വന്ന ചില പാവം സ്ത്രീകള്‍, കൊല്ലപ്പെട്ടവരുടെ മക്കള്‍, മാതാപിതാക്കള്‍. ഇവരുടെ അലമുറ ആര് കേട്ടു?. ആരും കേള്‍ക്കാതെ പോയ അവരുടെ രോദനങ്ങള്‍ ഇന്നും ഫൈലക്ക ദ്വീപില്‍ മുഴങ്ങുന്നുണ്ടാവുമോ?


അധിനിവേശക്കെടുതികള്‍ അവിടം കൊണ്ട് തീര്‍ന്നില്ല എന്നതും അന്നത്തെ അധിനിവേശത്തിന് കൊല്ലങ്ങള്‍ കഴിഞ്ഞ് അമേരിക്ക സദ്ദാമിനോട് പകരം വീട്ടിയതും ശേഷം ഒട്ടനേകം മനുഷ്യക്കുരുതികള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചതും പില്‍ക്കാല ചരിത്രം.


ഇന്നും ദ്വീപില്‍ പൊട്ടാതെ ശേഷിക്കുന്ന കുഴി ബോംബുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഒഴിഞ്ഞു പോയ ആളുകള്‍ ഉപേക്ഷിച്ചു പോയ സാധനങ്ങള്‍ പെറുക്കി വിറ്റ്‌ കാശുണ്ടാക്കാന്‍ വന്ന കുറെ ബംഗാളികള്‍ ഇങ്ങനെ പൊട്ടാതെ കിടന്ന കുഴി ബോംബുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട നടുക്കുന്ന സംഭവം എന്നോടൊപ്പം വന്ന ഒരു സുഹൃത്ത്‌ എനിക്ക് പറഞ്ഞു തന്നു. 


വഴി വക്കില്‍ നിന്നും ഒരു വിരലിന്‍റെ മുക്കാല്‍ നീളം വരുന്ന ഒരു ബുള്ളറ്റ്‌ ഞാന്‍ കുനിഞ്ഞെടുത്തപ്പോള്‍ ഭയം മൂലം സുഹൃത്ത്‌ വിലക്കി. ഞാന്‍ അത് തിരിച്ചു മണ്ണിലേക്ക്‌ തന്നെയെറിഞ്ഞു.


ഇന്ന് ഫൈലക്ക ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഒഴിച്ചിട്ടിരിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ അതില്‍ ഒരു പുരാതന ഗ്രാമം തന്നെ ശ്രിഷ്ടിച്ചത്‌ ശരിക്കും അതിശയകരമാണ്. ബാക്കിയെല്ലാം ചിത്രങ്ങളിലൂടെ........

ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഇറാഖ് കുവൈത്തിനെ കീഴ്പ്പെടുത്തുമ്പോള്‍, ഫൈലക്ക എന്ന കൊച്ചു ദ്വീപും അവരുടെ കൈപ്പിടിയിലൊതുങ്ങിയിരുന്നു. പറഞ്ഞു കേട്ട കഥകള്‍ പ്രകാരം, ഒട്ടും കരുണയില്ലാതെ സദ്ദാമിന്‍റെ പട്ടാളം ഈ ദ്വീപിലുണ്ടായിരുന്ന കുവൈത്തികളെ മുഴുവന്‍ കൊന്നു തള്ളുകയും, സ്ത്രീകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. അന്ന് ഫൈലക്ക ദ്വീപ്‌ വിട്ടോടിയ ജനങ്ങള്‍ പിന്നീട് അങ്ങോട്ട്‌ തിരിച്ചു കയറിയില്ല. ഇന്ന് ഫൈലക്ക ദ്വീപില്‍ ജനങ്ങള്‍ താമസിക്കുന്നില്ലെങ്കിലും കുവൈത്തികള്‍ പണിത താല്‍ക്കാലിക വസതികളില്‍ ചിലര്‍ വല്ലപ്പോഴും വന്നു പോവും.

Sunday, November 6

ബലി പെരുന്നാള്‍......

ത്യാഗ സ്മരണകളുയര്‍ത്തി വീണ്ടുമൊരു ബലി പെരുന്നാള്‍......
സര്‍വ ശക്തനായ അല്ലാഹുവിന്റെ ആഞ്ഞയെ ശിരസ്സാ വഹിച്ച് സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്‍മ്മപ്പുതുക്കലുമായി വീണ്ടും വന്നു ചേര്‍ന്ന പെരുന്നാള്‍ സുദിനത്തില്‍ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.
കഅബാലയത്തിന്റെ പുനര...്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇബ്രാഹിമും മകന്‍ ഇസ്മാഈലും കരങ്ങളുയര്‍ത്തി റബ്ബിനോട് ദുആ ചെയ്തു.