Showing posts with label നര്മ്മം. Show all posts
Showing posts with label നര്മ്മം. Show all posts

Tuesday, April 9

അങ്ങനെ ഞാനും ഗള്‍ഫിലെത്തി - അറബികള്‍ പണിയും തന്നു തുടങ്ങി.





   

 


    പണ്ട് പണ്ട് അഥവാ ഞാനൊക്കെ ഗള്‍ഫ്‌ കാണുന്നതിനു മുമ്പ്‌ ഒരു കഥ പ്രചാരത്തിലുണ്ടായിരുന്നു.

 
ഒരു മലപ്പുറം കാക്ക അറബിയെ മുക്കിയ കഥ. അതും അറബിയുടെ സമ്മതത്തോടെ ഫുലൂസ്‌ അമുക്കിയ കഥ...

 
കഥ ഇങ്ങനെ...

 
മലപ്പുറത്തു നിന്നും ഗഫൂര്‍ക്കാ ദോസ്തിന്‍റെ കപ്പലില്‍ ദുഫായില്‍ എത്തിപ്പെട്ട അഹമദ്‌ കാക്ക ഒരു അറബിയുടെ കടയില്‍ പണിക്ക് കയറി. അഹമദ്‌ അവര്‍കള്‍ എല്ലാ ദിവസവും കട പൂട്ടി പോകാന്‍ നേരം അറബിയോട് മലയാളത്തില്‍ വിളിച്ചു പറയുമായിരുന്നു...

ആ കിളവാ ഞാന്‍ ഒരു നൂറ് എടുത്തിട്ടുണ്ട് കേട്ടോ...

തന്നോടുള്ള സ്നേഹം കൊണ്ട് 'പടച്ചോന്‍ നിങ്ങളെ കാക്കട്ടെ' എന്നായിരിക്കും അഹമദ് പറഞ്ഞത്‌ എന്ന ധാരണയില്‍ അറബി ചിരിച്ചു കൊണ്ട് ശുക്രന്‍ ശുക്രന്‍ പറഞ്ഞ് തലയാട്ടുമായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു പോയി. ഇപ്പോഴും പോകാന്‍ നേരം അഹമദ് പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അഹമദിന്‍റെ ശമ്പളം ഇരട്ടിച്ചില്ലെങ്കിലും അഹമദ്‌ പോകാന്‍ നേരം പറഞ്ഞിരുന്ന നൂറ് ഇരുനൂറും ഇരുനൂറ് മുന്നൂറും ആയി ഇരട്ടിച്ചു.

 

അങ്ങനെയിരിക്കെ കടയില്‍ ഒരു മലയാളി കൂടി ജോലിക്ക് വന്നു. അഹമദ്‌ പോവാന്‍ നേരം പഴയത് പോലെ ഉച്ചത്തില്‍ പറയുന്നില്ല. അത് കിളവന് വല്ലാത്ത വിഷമമുണ്ടാക്കി. അഹ്മദ്‌ പഴയ പോലെ തന്നോട് സ്നേഹം കാണിക്കുന്നില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം പുതുതായി വന്ന ജോലിക്കാരനോട് കാര്യം പറഞ്ഞു. എന്ന് മാത്രമല്ല, അഹമദ്‌ പറഞ്ഞിരുന്ന വാചകം കേട്ട് കേട്ട് കിളവന് മന:പാഠമായിരുന്നു.

അഹമദ് പറഞ്ഞിരുന്നതിന്‍റെ അര്‍ത്ഥം ഇന്നതാണെന്ന് മനസ്സിലാക്കിയ അറബി അഹമദിനെ തൂക്കിയെടുത്ത് അറബിക്കടലിലെറിഞ്ഞു.

എന്നിട്ടും കലിപ്പ് തീരാതെ വന്നപ്പോള്‍ അറബി അഹമദിന്‍റെ നാട്ടുകാര്‍ക്കെല്ലാം എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിച്ചു കൊണ്ടിരുന്നു.

ഈ കഥ ഞാന്‍ എടുത്തിട്ടത് മറ്റൊന്ന് കൊണ്ടുമല്ല. എന്‍റെ ഒരു ചെറിയ സംശയം കൊണ്ടാണ്. അറബികള്‍ ഹിന്ദികള്‍ക്ക് എട്ടിന്‍റെ പണി കൊടുത്തു തുടങ്ങിയോ?

 

കാരണം, പണ്ട് അഹമദ്‌ പറഞ്ഞ മാതിരിയാണ്‌ കുവൈത്തിലെ മൊബൈല്‍ കമ്പനികള്‍ ചെയ്യുന്നത്. വതനിയയുടെ അഞ്ചു ദിനാര്‍ സിം കാര്‍ഡില്‍ അഞ്ചു ദിനാര്‍ ബാലന്‍സ് ഉണ്ടെന്ന ഓഫര്‍ കണ്ടാണ് വാങ്ങിയത്. വാങ്ങിയവര്‍ക്കെല്ലാം വതനിയ നല്ല പണി കൊടുത്തു എന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അഞ്ചു ദിനാര്‍ ബാലന്‍സ് ഇല്ലെന്നു മാത്രമല്ല, റീ ചാര്‍ജ്‌ ചെയ്ത ദിനാര്‍ മുഴുവന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അടിച്ചു മാറ്റുകയും ചെയ്തു.

അവരുടെ സര്‍വിസ് സെന്ററില്‍ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇങ്ങനെയാണ്. അവര്‍ തന്നെ നമ്മുടെ സിം കാര്‍ഡില്‍ നമുക്ക്‌ വേണ്ടി ഇന്റര്‍നെറ്റ്‌ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടത്രെ. നമുക്ക്‌ ദിവസവും ഇന്റര്‍നെറ്റ്‌ ആവശ്യമായി വരുമെന്ന് നമ്മളേക്കാള്‍ നന്നായി അറിയാവുന്നത് അവരായത് കൊണ്ട് ആ സ്നേഹത്തിന് മുമ്പില്‍ രണ്ടു തുള്ളി കണ്ണുനീര്‍ വീഴ്ത്തുവാനേ ഞാനടക്കം പലര്‍ക്കും കഴിഞ്ഞുള്ളു.

ഞങ്ങള്‍ ഇന്റര്‍നെറ്റ്‌ ബ്രൌസ് ചെയ്തില്ലല്ലോ എന്ന് പരാതിപ്പെട്ടപ്പോള്‍ അവര്‍ അറിയിച്ചത്‌ നിങ്ങള്‍ ബ്രൌസ് ചെയ്താലും ഇല്ലെങ്കിലും ഞങള്‍ അത് നിങ്ങള്‍ക്ക്‌ വേണ്ടി ആക്ടിവേറ്റ്‌ ആക്കിയിട്ടുണ്ട്. എന്ന് മാത്രമല്ല, അവരുടെ കമ്പ്യൂട്ടറില്‍ ബ്രൌസ് ചെയ്തതായിട്ടാണ് കാണിക്കുന്നത്. എന്തായാലും ഒരാഴ്ചക്കുള്ളില്‍ പത്തു ദിനാര്‍ പോയിക്കിട്ടി. (രണ്ടായിരം ഉലുവയല്ലേ എന്നും അവര്‍ ചിന്തിക്കുന്നുണ്ടാവും. അതെ ഞങ്ങളുടെ ഉലുവയാണല്ലോ നീ ഉരുളയാക്കി തിന്നുന്നത്. തിന്നടാ തിന്ന്..മോളിലിരുന്ന് ഒരാള്‍ ഇതെല്ലാം കാണുന്നുണ്ട്.)

ആ ഇന്റര്‍നെറ്റ്‌ ഒരിക്കലും ഡി ആക്ടിവേറ്റ്‌ ആവില്ല എന്ന് മനസ്സിലാക്കിയ എനിക്ക് സിം കാര്‍ഡ്‌ രണ്ടാക്കി മുറിച്ച് കുപ്പയില്‍ എറിയേണ്ടി വന്നു. അങ്ങനെ വതനിയയും ചന്തുവിനെ തോല്‍പ്പിച്ചു മക്കളെ..

വതനിയ കമ്പനിയുടെ 2012 ലെ ലാഭം എത്രയാണെന്ന് അറിയണ്ടേ? 7.35 മില്യണ്‍ കുവൈത്തി ദിനാര്‍. ഇങ്ങനെ പോയാല്‍ അടുത്ത കൊല്ലം അത് നൂറു മില്യണ്‍ ആവാന്‍ സാധ്യതയുണ്ട്.

 

എനിക്ക് രണ്ടാമതും പണി കിട്ടിയത് ട്രാഫിക്‌ ഡിപാര്‍ട്ട്മെന്‍റില്‍ നിന്നുമാണ്. ഇടതു പക്ഷം കേരളം ഭരിച്ചിരുന്ന കാലത്ത് (ഭരണം മാറിയതിനു ശേഷം ഞാന്‍ നാട്ടില്‍ പോയിട്ടില്ല) കേരളത്തില്‍ ഉണ്ടായിരുന്ന ഘട്ടര്‍ റോഡുകളിലൂടെ ഒരു മാസം വണ്ടിയോടിച്ചവനാണെന്ന അഹങ്കാരവുമായിട്ടാണ് ഞാന്‍ ലൈസന്‍സ് എടുക്കാന്‍ പോയത്. ആദ്യ ടെസ്റ്റില്‍ പൊട്ടി, രണ്ടാമതും പൊട്ടി, മൂന്നാമതും പൊട്ടി, നാലാമത് ഞാന്‍ പോയില്ല.

വാസ്ത (ശുപാര്‍ശ) ഇല്ലാതെ ലൈസെന്‍സ് കിട്ടില്ല എന്ന കൂട്ടുകാരുടെ ഉപദേശം പുച്ഛത്തോടെ തള്ളുമ്പോള്‍ എനിക്കൊരു വാശിയുണ്ടായിരുന്നു. ടെസ്റ്റില്‍ വണ്ടിയോടിച്ചു കാണിച്ചു തന്നെ ലൈസന്‍സ് എടുക്കണമെന്ന്.

അങ്ങനെ ടെസ്റ്റ്‌ നടക്കുന്ന ഗ്രൗണ്ടില്‍ തന്നെ ഒഴിവു ദിവസങ്ങളില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് പ്രാക്ടിസ് നടത്തി. ഇപ്പോള്‍ എല്ലാം ഓക്കേ...എനിക്ക് കണ്ണുമടച്ചു സിഗ് സാഗ് ഇടാം. പാര്‍ക്ക്‌ ചെയ്യാം.

അങ്ങനെ നാലാമതും ടെസ്റ്റിനു പോയി. ശരിക്ക് ചെയ്തു കാണിച്ചു കൊടുക്കുകയും ചെയ്തു. ആ അറബി ശരിക്കും പഴയ അറബിയുടെ അനന്തിരവന്‍ ആയിരുന്നു എന്ന് തോന്നുന്നു. അന്നും ലൈസന്‍സ് കിട്ടിയില്ല.  

അഞ്ചാമതും ടെസ്റ്റിനു പോയി. ശരിക്ക് ചെയ്തു കൊടുത്തു. നോ രക്ഷ. ലൈസന്‍സ് തരില്ല എന്ന വാശിയില്‍ തന്നെയാണ് അനന്തിരവന്‍ അറബി..

കാരണം ഇതാണ്. ഡ്രൈവിംഗ് ലൈസന്‍സ്, ഫ്രീ വിസ, ഇഖാമ ട്രാന്‍സ്ഫര്‍, ബിസിനസ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഇവരുടെ സൈഡ് ബിസിനസ് ആണ്. അപ്പോള്‍ ലൈസന്‍സ് എടുക്കാന്‍ നക്കാപ്പിച്ച സ്റ്റാമ്പും ഒട്ടിച്ചു ചെന്നാല്‍ അവര്‍ക്ക് വല്ലതും തടയുമോ?

എന്തായാലും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പ്രവാസിയുടെ ജീവിതം ഇനിയും ബാക്കി.  

സൗദിയിലെ പ്രവാസികള്‍ തിരിച്ചു പോക്ക് തുടങ്ങിയപ്പോള്‍ എന്‍റെ ഈ സംശയം ഒന്ന് കൂടി ഇരട്ടിച്ചു.

 

കുവൈത്തിലെ പ്രവാസികളെ വര്‍ഷത്തില്‍ ഒരു ലക്ഷം എന്ന തോതില്‍ കുറച്ചു കൊണ്ട് വരാന്‍ പോവുകയാണ് എന്നാണ് തൊഴില്‍ കാര്യ മന്ത്രിയുടെ പുതിയ വിളംബരം.

 

കുവൈത്തില്‍ ട്രാഫിക്‌ ജാം ഉണ്ടാക്കുന്നത് പ്രവാസികള്‍ ആണത്രെ. ഇത് കേട്ടാല്‍ തോന്നും ഹാപ്പി അച്ചാറും ഈസ്റ്റേണ്‍ കറി പൌഡറും അവരാണ് ഉണ്ടാക്കുന്നതെന്ന് :)    

 

പ്രതിവിധിയായി ഒരു കുവൈറ്റ്‌ മന്ത്രി ഒരു യമണ്ടന്‍ ഫോര്‍മുലയുമായി വന്നു. അതാണ് ലൈസന്‍സ് ഫീ അധികരിപ്പിക്കുക. അതായത്‌ ഡ്രൈവര്‍മാര്‍ അല്ലാത്ത പ്രവാസികള്‍ക്ക്‌ ലൈസന്‍സ് വേണമെങ്കില്‍ അഞ്ഞൂറ് ദിനാര്‍ (ഒരു ലച്ചം) ഫീസ്‌ കെട്ടണം. പിന്നെ വാസ്തക്ക് ഇരുനൂറോ മുന്നൂറോ ദിനാര്‍ വേറെയും. ലൈസന്‍സ് റിന്യൂ ചെയ്യാന്‍ മുന്നൂറ്, കാര്‍ രജിസ്ട്രേഷന്‍ ഇരുന്നൂറ്, പാസിംഗ് നൂറ്, ഫാമിലി വിസ നൂറ്, വിസിറ്റ് വിസ നൂറ്. മൊത്തത്തില്‍ ഉണ്ടാക്കുന്നത് മുഴുവന്‍ കുവൈത്തികള്‍ക്ക്‌ തന്നെ കൊടുക്കാനേ തികയൂ. ഈ ഫീസ്‌ കേട്ടാല്‍ തോന്നും ഇവിടെ എല്ലാവരും ആയിരം ദിനാര്‍ ശമ്പളത്തിലാണ് ജോലി ചെയ്യുന്നതെന്ന്.

 

             **********   **********   *********

 

കുവൈത്തികളുടെ ഇന്റെര്‍വ്യൂവും ഇതേ പോലെ തന്നെയാണ്. അപാര ബുദ്ധിപരമായ ചോദ്യങ്ങള്‍!! (കുവൈത്തികള്‍ക്ക് വേണ്ടി ഇന്റെര്‍വ്യൂ നടത്തുന്ന ഇന്ത്യക്കാരും ഇങ്ങനെത്തന്നെയാണ് ചോദിക്കുക) അതെക്കുറിച്ച് ഞാന്‍ മുമ്പൊരു ലേഖനം എഴുതിയിരുന്നു. അത് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്കുക..


 

ഒരു മാനേജരുടെ പോസ്റ്റിലേക്ക് ചോദിച്ചേക്കാവുന്ന ചില ചോദ്യങ്ങള്‍ താഴെ കൊടുക്കാം...

 

എന്താണ് ശമ്പളം പ്രതീക്ഷിക്കുന്നത്?

600 ദിനാര്‍...

(ചോദ്യ കര്‍ത്താവ്‌ 600 എന്നെഴുതുന്നു. പിന്നെ അതിനെ ഇന്ത്യന്‍ കറന്‍സിയിലേക്ക്‌ കണ്‍വര്‍ട്ട് ചെയ്യുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം...അയാള്‍ കണ്ണ് മിഴിക്കുന്നു... അറുനൂറില്‍ നിന്ന് അമ്പത് കുറയ്ക്കുന്നു. ബാക്കി 550 KUWAITI DINAR)

ഇപ്പോഴത്തെ ശമ്പളം?

400 ദിനാര്‍...

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു. ബാക്കി 500 KD)

ഹും..കാര്‍ ഉണ്ടോ?

ഇല്ല...

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു. ബാക്കി 450 KD)

ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടോ?

ഇല്ല..

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു. ബാക്കി 400 KD)

കല്യാണം കഴിച്ചതാണോ?

അല്ല...

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു.ബാക്കി 350 KD)

 

അപ്പോള്‍ കുട്ടികള്‍ ഇല്ല..

ഇല്ല.

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു.ബാക്കി 300 KD - കല്യാണം കഴിക്കാത്ത ആള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ലല്ലോ.പിന്നെന്തിനാണ് ഇങ്ങേര് അങ്ങനെ ചോദിച്ചത് എന്ന് ചിന്തിച്ചേക്കാം. അമ്പത്‌ ദിനാര്‍ കൂടി കുറക്കാനുള്ള ഒരു കാരണം കൂടി വേണം. അതിനു വേണ്ടിയാണ് ആ ചോദ്യം. അല്ലാതെ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ കൊടുക്കാന്‍ ചോക്ലേറ്റ് തന്നുവിടാം എന്ന് കരുതിയല്ല.) 


ഒറ്റക്കാണോ താമസം.?

അല്ല കൂട്ടുകാരോടൊപ്പം.SHARING ACCOMMODATON.

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു.ബാക്കി 250 KD)

അപാരമായ ആ കൂട്ടലുകളും കിഴിക്കലുകളും കഴിഞ്ഞ് ഒരു വിജിഗീഷുവിനെ പോലെ ചോദ്യകര്‍ത്താവ് മൊഴിയും.

 

"താങ്കള്‍ക്ക് 250 ദിനാര്‍ ശമ്പളമേ തരാന്‍ പറ്റൂ. താങ്കള്‍ക്ക് കാര്‍ ഇല്ല, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല, താങ്കള്‍ കല്യാണം കഴിച്ചിട്ടില്ല, കുട്ടികളില്ല, താമസം ഒറ്റക്കല്ല, പിന്നെ താങ്കള്‍ക്ക് എന്തിനാണ് 600 ദിനാര്‍ ശമ്പളം?"

 

                 ****** ****** *****

 

ഇനി ഇവരുടെ ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടാന്‍ വര്‍ക്ക്‌ പെര്‍മിറ്റില്‍ എത്ര ശമ്പളം വേണമെന്ന് അറിയണ്ടേ..? 400 ദിനാര്‍.

ഫാമിലി വിസക്ക്‌ അപേക്ഷിക്കാന്‍ 300 KD..

ഒരു 2 BHK ഫ്ലാറ്റിന്‍റെ ശരാശരി വാടക 250 KD....
 

         *************         *************
 

പ്രിയ അറബീ..

ഞങ്ങള്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി നിങ്ങളുടെയടുത്തു വരാറുള്ള ഇ അഹമ്മദും ആ അഹമദും തമ്മില്‍ യാതൊരു ബന്ധവുമില്ല (ഒന്ന് സഹകരിച്ചു കൂടെ?)

 

പഴയ അഹമദ്‌ മരിച്ചു പോയി. ഇനി ഞങ്ങളെയും കൂടി അങ്ങ് കൊന്നേ അടങ്ങൂ?

Monday, February 20

ഉണ്ടപ്പക്രുവിന്‍റെ മഹത്തായ ലക്ഷ്യങ്ങള്‍....









   




    പുലരിയിലെ സൂര്യകിരണങ്ങള്‍ മൂട്ടിലടിച്ചപ്പോള്‍ എനിക്ക് തോന്നി സൂര്യന്‍ മനപ്പൂര്‍വ്വം ശല്യം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന്. പുള്ളിക്ക് ചുമ്മാ ലോകം ചുറ്റിയടിച്ചു നടന്നാ മതി. പുള്ളി കറങ്ങിത്തിരിഞ്ഞു വരുമ്പോഴേക്കും ഒരു മനുഷ്യന്‍ എന്തോരം കറങ്ങുന്നു എന്ന വല്ല ചിന്തയുമുണ്ടോ? അല്ലേലും ഒന്നുറങ്ങി അതിന്‍റെ ക്ലൈമാക്സ്‌ ക്ലിയര്‍ ആയിത്തുടങ്ങിയിട്ടില്ല. അപ്പോഴേക്കും ഓരോരോ മാരണങ്ങള്‍ ശബ്ദകോലാഹലങ്ങളുമായി ശല്യം ചെയ്യാന്‍ വന്നോളും.

ട്ര്നിം ട്ര്നിം..

പത്രക്കാരന്‍ കഴുതയാണ്, ചുമ്മാ പത്രം വലിച്ചെറിഞ്ഞേച്ചു പോയാ മതി! അവന്‍റെ ഒരു ക്ണിം ക്ണിം. അവന്‍ ഈ വഴിത്താരയെ ധന്യമാക്കി കടന്നു പോവുന്നത് നാലാളെ അറിയിക്കുകയാ. അവന്‍റെ ഒരു പാട്ട സൈക്കിളും അവനും. അവനോട് എന്നെങ്കിലും ഇതൊന്ന് പറയണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറെയായി. പക്ഷെ, എന്‍റെ തലയൊന്നു പൊങ്ങണ്ടെ  ഈ കിടക്കപ്പായയില്‍ നിന്നും. ഇനി അവനെ കാണണമെങ്കില്‍ മാസാവസാനം ഇവിടെ കുത്തിയിരുന്നാല്‍ മതി. ബില്ലടക്കണമെങ്കില്‍ ബെല്ലടിക്കരുതെന്ന്‍ പറയാം.

    ഹാ അതെന്തെങ്കിലുമാവട്ടെ, ആ പശു എന്തിനാണെന്‍റെ ദൈവേ കാറുന്നത്. വെറും കാടിവെള്ളം കുടിക്കാനാണ് അവന്‍റെ ഈ ആക്രാന്തം. അവന്‍റെ കരച്ചില്‍ കേട്ടാ തോന്നും അവനെന്തോ ആട്ടിന്‍ കാല് സൂപ്പ് വെച്ചതാണ് പ്രതീക്ഷിക്കുന്നതെന്ന്. അല്ലേലും എന്‍റമ്മച്ചിക്ക് ഈ പശൂനേം പോത്തിനെയും കൊണ്ട് നടക്കേണ്ട വല്ല കാര്യവുമുണ്ടോ? പോത്തുപോലെ വളര്‍ന്ന മക്കളുള്ള അമ്മയെന്തിനാ കുറെ പോത്തുകളെയും പശുക്കളെയും വളര്‍ത്തുന്നത്. അതെങ്ങാനും പറഞ്ഞാ ആ തള്ളക്ക് ചെവിയില്‍ കേള്‍ക്കില്ല. നിന്നെക്കാള്‍ ഗുണം ആ പോത്തിനെക്കൊണ്ടാടാ എന്നൊരു കുനുഷ്ട് മറുപടിയും. എനിക്ക് മനസ്സിലാവുന്നില്ല. ചാണകമിടാത്തതാണോ എന്‍റെ തെറ്റ്?. അതോ പാലു തരാത്തതോ? ഇത് രണ്ടും എനിക്കെന്നല്ല ഈ ഭൂമിലോകത്തിലെ ഒരൊറ്റ ആണ്‍കുട്ടിക്കും കഴിയില്ലാന്ന് ഈ അമ്മക്കറിയില്ലേ? പിന്നെന്തിനാണ് ഈ താരതമ്യം! ഇനി ഞാന്‍ പഠിച്ചിറങ്ങി വലിയ ഉദ്യോഗവുമായി വരുമ്പോ ഈയമ്മ ഇതൊക്കെ മാറ്റിപ്പറയും. അന്നും അമ്മ ചോദിക്കോ ആവോ? നിന്‍റെ ഒരൊലൊക്കമ്മേലെ എം ബി എ! നിനക്ക് പൂട്ടാനറിയാമോഡാ? ഉവ്വമ്മേ ഞാന്‍ ഒരുപാട് പേരെ പൂട്ടിയിട്ടുണ്ടെന്നങ്ങ് കാച്ചിയേക്കണം. ഹല്ലാ പിന്നെ. അപ്പൊ തള്ള കലി തുള്ളി വീടുവിട്ടു പോവോ ആവോ? ഹേയ് അങ്ങനെയൊന്നുമില്ല. 

    “മതി മതി ആലോചിച്ച് കിടന്നാല്‍ നേരം രാത്രിയാവും. പിന്നെ ഇവിടന്നെണീക്കേണ്ടി വരില്ല. നാളെ കാലത്തെണീച്ചാല്‍ മതിയാവും”. ഒരു കുഞ്ഞു ശബ്ദം.

അതാരാണപ്പാ? തല പൊക്കി നോക്കിയപ്പോ ഉണ്ടപ്പക്രു. ഉണ്ടപ്പക്രു തന്‍റെ കട്ടിലിന്‍റെ തലഭാഗത്തെക്ക് വന്നു.

പക്രു നീയെപ്പോ വന്നൂടാ?

ഞാന്‍ ഇന്നലെ വന്നൂ മാമാ. മാമന്‍ വരാന്‍ വൈകിയല്ലേ? ഇന്നലെയെന്തേ  നാടകം കളിക്കാന്‍ പോയതാ? ഉണ്ടപ്പക്രുവിന്‍റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി.

നാടകം കളിയൊക്കെ നിര്‍ത്തീലോ പക്രു. ആരാ നിന്നോട് നാടകം കളിക്കാന്‍ പോയെന്ന്‍ പറഞ്ഞത്‌?

മുത്തശ്ശി പറഞ്ഞു എവിടെയെങ്കിലും തെണ്ടാന്‍ പോയതായിരിക്കുമെന്ന്‍. അപ്പൊ ഞാനൂഹിച്ചു മാമന്‍ നാടകം കളിക്കാന്‍ പോയതായിരിക്കുമെന്ന്. അങ്ങനെയാണല്ലോ ഒരിക്കല്‍ തെണ്ടിയത്.

ഡാ പക്രു വായടക്കടാ…കളിയാക്കാന്‍ മാത്രം വളര്‍ന്നോ നീ...

പക്രു ചൂടായി: അതേയ് ഞാന്‍ പക്രുവല്ല, എനിക്ക് നല്ലൊരു പേരുണ്ട്. മിസ്റ്റര്‍ അഖില്‍ ഫെര്‍ണാണ്ടസ്.  

എന്തോന്ന്? ഞാന്‍ ഞെട്ടിപ്പോയി 

മിസ്റ്റര്‍ അഖില്‍ ബര്‍ണാണ്ടസോ?. 

ഡാ നീ തന്നെ നിന്നെ മിസ്റ്റര്‍ എന്ന് വിളിക്കാ?

അല്ലാതെ വേറാരെങ്കിലും എന്നെ മിസ്റ്റര്‍ എന്ന് വിളിക്കുമോ?

അത് പോട്ടെ, നിനക്ക് അഖില്‍ എന്ന് മാത്രമല്ലേ പേരുള്ളൂ. പിന്നെ ഈ നസ്രാണികളുടെ പെരെന്തിനാ വാലാക്കിയത്?.

അത് പിന്നെ ഒരു ഗാംഭീര്യത്തിനു വേണ്ടി. ഇപ്പൊ അതല്ലേ ഫാഷന്‍.

ഗാംഭീര്യത്തിനാണേല്‍ നമ്മള്‍ ഹിന്ദുക്കള്‍ക്ക്‌ തന്നെ എത്രയോ പേരുണ്ട്. അതങ്ങ്‌ ചാര്‍ത്തിക്കൊടുത്താല്‍ പോരെ.

നമുക്കെന്ത് പേരാ ഉള്ളത്?

സുഗ്രീവന്‍ എന്നങ്ങിട്ടോ? ഭയങ്കര ഗാംഭീര്യം കിട്ടും.

മാമയെ ഞാന്‍ മാങ്ങ എന്ന് വിളിച്ചാല്‍ എങ്ങനെയുണ്ടാവും...?

അടി കിട്ടും നിനക്ക്. അല്ല ഇത്ര ഗാംഭീര്യത്തിനു മാത്രമുള്ള പ്രായമൊക്കെയായോ നിനക്ക്? നിനക്കെത്രയാ വയസ്സ്?

പത്തു മുപ്പത്‌ വയസ്സായി.

എത്ര?

പത്ത്‌.

പിന്നെന്തിനാ മുപ്പത്‌ എന്ന് പറഞ്ഞത്‌.?

അത് പിന്നെ ഒരു...ഒരേകദേശം പറഞ്ഞതല്ലേ.

ആഹാ പത്തിലേക്ക്‌ ഇരുപത് കൂട്ടിയാണോ ഏകദേശം!

മുപ്പതു വയസ്സൊക്കെ പെട്ടെന്നാവില്ലേ മാമാ

പെട്ടെന്നെന്ന് പറഞ്ഞാല്‍? ഞാന്‍ പുരികം ചുളിച്ചു.

പെട്ടെന്നെന്നു പറഞ്ഞാല്‍ ഇരുപതു കൊല്ലം കഴിഞ്ഞാല്‍.

ഹോ അങ്ങനെ..അല്ലാതെ പത്തുകൊല്ലം കഴിഞ്ഞാല്‍ ആവില്ലല്ലോ.

ആട്ടെ മുപ്പതു വയസ്സായിട്ടു നീയെന്താ ചെയ്യാന്‍ പോണേ?

പക്രു: എന്ത് ചെയ്യാന്‍, എല്ലാവരെയും പോലെ കല്യാണം കഴിക്കണം, പിന്നെ കുറെ കുട്ട്യേളുടെ അച്ഛനാവണം. അങ്ങനെയങ്ങനെ ഒരു പാടുണ്ട് ചെയ്തു തീര്‍ക്കാന്‍.

അതെയതെ, ഇതൊക്കെയാണ് ആദ്യം ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍. നിനക്ക് പത്തു തന്നെയാണോ വയസ്സ്?

(തുടരണോ?)

Sunday, January 22

ഒരു ഗള്‍ഫുകാരന്‍റെ ആദ്യ ദിനങ്ങള് (‍നര്മ്മം)

    ഒരു ഗള്‍ഫുകാരന്‍റെ ആദ്യ ദിനങ്ങള്‍ രസകരമാണ്. അയാള്‍ക്ക് ഗള്‍ഫിനെക്കുറിച്ച് കേട്ട അറിവ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഗള്‍ഫിനെക്കുറിച്ച് കേട്ട അറിവ് പോലും ഇല്ലാത്തവര്‍ ആണ് ഗള്‍ഫില്‍ മറ്റുള്ളവര്‍ക്ക് നല്ല ചിരിക്ക് വക നല്‍കുന്നത്.


  അങ്ങനെയൊരു ഗള്‍ഫുകാരന്‍ നമ്മടെ അടുത്ത റൂമിലുമെത്തി.പുള്ളിയെ ആദ്യമൊക്കെ എല്ലാവരും സല്‍ക്കരിച്ചു. ആദ്യത്തെ ദിവസം കോഴിക്കറിയും പിന്നെ ഖുബ്ബൂസും. ഖുബ്ബൂസ്‌ ഇയാള്‍ കണ്ടപ്പോള്‍ ഒന്നന്ധാളിച്ചു പോയി എന്ന് പറയാം. ഇതെന്തൊരു വട്ടം!. ഹോ എന്തെങ്കിലുമാവട്ടെ ചിക്കന്‍ കറിയുണ്ടല്ലോ.



അങ്ങനെ രണ്ടാം ദിവസവും വന്നണഞ്ഞു. അതെ, വീണ്ടും ചിക്കന്‍ കറി!!.ഹോ..


അങ്ങനെ മൂന്നാം ദിവസവും വന്നെത്തി. അതാ വരുന്നു വീണ്ടും ചിക്കന്‍ കറി. അങ്ങനെ വട്ടം കൂടിയിരുന്നു കഴിക്കുന്നതിനിടെ അയാള്‍ ഇങ്ങനെ പറഞ്ഞു. : “അതേയ് ഞാന്‍ പുതുതായി വന്നതൊക്കെ തന്നെ. എന്ന് വെച്ച് എന്നും ഇങ്ങനെ ചിക്കന്‍ വെച്ച് സല്‍ക്കരിക്കണമെന്നില്ല. ഇടക്ക് വല്ല പച്ചക്കറിയോ മീനോ വെച്ചാല്‍ മതി.കേട്ടോ...


ഹ ഹ ഹ ...അവിടെ ഒരു കൂട്ടച്ചിരി ഉയര്‍ന്നു.
കൂട്ടത്തില്‍ ഒരു വയസ്സന്‍: അതേയ്..മോനെ, ഇത് നിന്നെ സല്‍ക്കരിക്കാന്‍ വേണ്ടിയല്ല. ഇവിടെ ചെലവ് കുറഞ്ഞു കിട്ടുന്നത് ചിക്കന്‍ മാത്രമായത് കൊണ്ടാ ചിക്കന്‍ തന്നെ വെക്കുന്നത്. മനസ്സിലായോ..

Friday, September 30

ചില രസകരമായ (കേള്‍ക്കേണ്ട) കഥകള്‍ (എങ്ങോ കേട്ടത്).(നര്മ്മം)




1) അടിയന്തരാവസ്ഥ
തീവ്രമായ സൈനിക നിയന്ത്രണങ്ങളുള്ള ഒരു രാജ്യത്ത്‌ നിന്നും ഒരാള്‍ അയാളുടെ കൂട്ടുകാരന് ഒരു കത്തെഴുതി. കത്തില്‍ ആ രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ശന നിയമ വ്യവസ്ഥകളെക്കുറിച്ച് അയാള് ഇങ്ങനെ എഴുതി:
ഈ രാജ്യം ഇപ്പോള്‍ പൂര്‍ണമായും സൈനിക നിയന്ത്രണത്തിലാണ്. സൈന്യം ഭരണം പിടിച്ചടക്കിയതിനു ശേഷം ഇവിടെ എല്ലായിടത്തും കര്‍ശനമായ പരിശോധനയാണ്. ഭരണം പിടിച്ചടക്കി കുറെയേറെയായെങ്കിലും ഇപ്പോഴും ഒട്ടും സ്വതന്ത്രമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒന്ന് പുറത്തേക്കിറങ്ങാന്‍ തന്നെ പേടിയാണ്. തീര്‍ത്തും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈ രാജ്യം. ഇവിടെക്ക് വരുന്ന പാര്‍സലുകളും കത്തുകളും മറ്റെല്ലാ കൊറിയര്‍ സാധനങ്ങളും ശരിക്കും അഴിച്ചു തുറന്നു നോക്കിയ ശേഷമേ ഉടമസ്ഥന് ലഭിക്കുകയുള്ളൂ.അത്രത്തോളം മോശമാണ് ഇവിടത്തെ അവസ്ഥ. ഞാനെഴുതുന്ന ഈ കത്ത് തന്നെ പൊട്ടിച്ചു വായിക്കാതെ നിങ്ങള്‍ക്ക്‌ ലഭിക്കുമെന്ന് തോന്നുന്നില്ല...
കത്ത് ഇങ്ങനെ തുടര്‍ന്ന് അയാള്‍ പേരും വിലാസവും എഴുതി കത്ത് പോസ്റ്റ്‌ ചെയ്തു.
മൂന്നാഴ്ച്ചകള്‍ക്ക് ശേഷം അയാള്‍ക്ക് അവിടത്തെ പോസ്റ്റല്‍ ഡിപാര്‍ട്മെന്‍ടില്‍ നിന്നും ഒരു കത്തു ലഭിച്ചു.
അയാള്‍ കത്തു തുറന്നു വായിച്ചു. അതിലിങ്ങനെ എഴുതിയിരുന്നു.
താങ്കളുടെ അഭിപ്രായം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ആരുടേയും കത്തുകള്‍ തുറന്നു നോക്കി വായിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല.
ഒപ്പ്‌
പോസ്റ്റല്‍ ഡിപാര്‍ട്മെന്‍റ്.
2) രാജാവിന്‍റെ മകന്‍
പണ്ട് പണ്ടൊരു രാജാവിന് വികൃതിയായ ഒരു മകന്‍ ഉണ്ടായിരുന്നു. മകന്‍ എങ്ങനെ നോക്കിയിട്ടും നേരാവുന്നില്ല..
അങ്ങനെ രാജാവ് മകനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തീരുമാനിച്ചു.
പക്ഷെ, ആരെ കണ്ടെത്തും.  ഒട്ടും മലയാളം അറിയാത്ത ഒരു സായിപ്പിനേയും മകനെയും ഒരുമിച്ച് താമസിപ്പിച്ചാല്‍ മകന്‍ പെട്ടെന്ന്‍ ഇംഗ്ലീഷ് പഠിക്കുമെന്ന് രാജാവിന് തോന്നി. അങ്ങനെ മകനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സായിപ്പിനെ ഏര്‍പ്പാടാക്കി.
സായിപ്പിനെയും മകനെയും പ്രത്യേകം സജ്ജമാക്കിയ ഒരു വീട്ടില്‍ താമസിപ്പിച്ചു. എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. പുറത്തു നിന്ന് വാതില്‍ പൂട്ടി. 
മകനും സായിപ്പും മാത്രം. പുറം ലോകത്ത് ആരുമായും യാതൊരു ആശയവിനിമയവും നടത്താതെ ദിവസങ്ങള് കഴിഞ്ഞു പോയി.   രാജാവിന് ഉല്‍ക്കണ്ഠ അടക്കാന് വയ്യ. മലയാളം തരിമ്പുമറിയാത്ത സായിപ്പ്‌ മകനെ ഇംഗ്ലീഷ് പഠിപ്പിച്ചത് കാണാന്‍ രാജാവിന് തിരക്കായി.
ഒരാഴ്ച കഴിഞ്ഞു രാജാവ് വന്നു നോക്കി. മെല്ലെ വാതില്‍ തുറന്നു നോക്കി.
ഫൂൂൂൂൂൂൂൂൂൂ
അതാ സായിപ്പ്‌ പാഞ്ഞു വരുന്നു പച്ചമലയാളത്തില്‍ തെറി പറഞ്ഞു കൊണ്ട്
“ഈ പന്ന കഴുവേറീടെ മോനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എനിക്ക് പറ്റില്ലെടാ............മോനെ
റോക്കറ്റ്‌ വിട്ട മാതിരി സായിപ്പ്‌ ഇറങ്ങി ഓടി. 

3)  സര്‍ക്കസിലെ ആന
ഒരിക്കല്‍ ഒരു നവദമ്പതികള്‍ ജമ്പോ സര്‍കസ് കാണാന്‍ പോയി.
ഒരു ആന അര്‍ദ്ധനഗ്നയായ സര്‍ക്കസുകാരിയെ തുമ്പിക്കൈയില്‍ തൂക്കി അമ്മാനമാടുന്ന ഒരു ഐറ്റം ഉണ്ടായിരുന്നു.
സര്‍ക്കസെല്ലാം കഴിഞ്ഞ് വീട്ടില്‍ വന്നു ഭാര്യ ഭര്‍ത്താവിനോട്:
ഹോ ആ ആനയുടെ അഭ്യാസം കലക്കി അല്ലെ
ഭര്‍ത്താവ്: ആനയോ, എപ്പോ? ആനയുണ്ടായിരുന്നോ സര്‍ക്കസില്‍? ഞാന്‍ കണ്ടില്ലല്ലോ? 

4) അസന്തുഷ്ടനായ മനുഷ്യന്
ഒരാള്‍ ഒരു മനശാസ്ത്ര വിദഗ്ധന്‍റെയടുത്ത് ചികില്‍സ തേടിയെത്തി.
അയാള്‍ പ്രശനം എന്താണെന്ന് അവതരിപ്പിച്ചു.
അയാള്‍ : ഡോക്ടര്‍ ഞാന്‍ കുറെക്കാലമായി ശരിക്കൊന്ന് ചിരിച്ചിട്ട്. എനിക്ക് ഒട്ടും ചിരി വരുന്നില്ല. ജീവിതത്തില്‍ ഒട്ടും സന്തോഷം തോന്നുന്നില്ല. എനിക്ക് എല്ലാം മറന്നൊന്ന് ചിരിക്കണം.
ഡോക്ടര്‍: താങ്കള്‍ ഇടയ്ക്കിടെ നല്ല കോമഡി സിനിമകള്‍ കാണണം. ഇപ്പോള്‍ ടൌണില്‍ നല്ലൊരു സിനിമ കളിക്കുന്നുണ്ട്. അതൊന്ന്‍ പോയി കാണണം.
അയാള്‍ : അത് ഞാന്‍ കണ്ടിരുന്നു. പക്ഷെ, എനിക്ക് ഒട്ടും ആഹ്ലാദം തോന്നിയില്ല.
ഡോക്ടര്‍ : ഓഹോ...താങ്കള്‍ ഇടയ്ക്കിടെ ബീച്ചില്‍ പോകണം. പാര്‍ക്കുകളില്‍ പോകണം. അപ്പോള്‍ തന്നെ എല്ലാ വിഷമങ്ങളും മാറും.
അയാള്‍ : ഞാന്‍ അതും ശ്രമിച്ചിരുന്നു. പക്ഷെ, യാതൊരു ഫലവുമുണ്ടായില്ല.
ഡോക്ടര്‍:  ഓഹോ അതും ശ്രമിച്ചോ? എങ്കില്‍ എന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പടണം.
അയാള്‍: അതും ഞാന്‍ പരീക്ഷിച്ചു നോക്കി. പക്ഷെ, എനിക്കൊരു മാറ്റവും തോന്നിയില്ല.
ഡോക്ടര്‍: ഓ..മൈ ഗോഡ്‌, എന്നിട്ടും നിങ്ങള്‍ക്ക്‌ സമാധാനം കിട്ടിയില്ലേ? എങ്കില്‍ നിങ്ങള്‍ക്ക്‌ അവസാനമായി ഞാന്‍ ഒരു പോംവഴി പറഞ്ഞു തരാം. ഇതും വിജയിച്ചില്ലെങ്കില്‍ എനിക്ക് വേറൊന്നും പറയാനില്ല.
അയാള്‍ (വിഷമത്തോടെ): പറയൂ  ഡോക്ടര്‍, ചിലപ്പോള്‍ അതെനിക്ക് സഹായകമായാലോ?
ഡോക്ടര്‍ : ഇപ്പോള്‍ ടൌണില്‍ ഒരു സര്‍ക്കസ്‌ കളിക്കുന്നുണ്ട്. ആ സര്‍ക്കസില്‍ അന്തം വിട്ട പ്രകടനം നടത്തുന്ന ഒരു കോമാളിയുണ്ട്. ആ കോമാളിയുടെ അഭ്യാസങ്ങള്‍ ഒന്ന് കണ്ടാല്‍ മതി. നിങ്ങള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. അതോടെ നിങ്ങള്‍ എല്ലാം മറന്ന് പൂര്‍ണ്ണ സന്തോഷവാനായിരിക്കും പിന്നെ നിങ്ങള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാവുകയില്ല.
    ഇത് കേട്ടപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.     വാതില്‍ക്കല്‍ എത്തിയപ്പോള്‍ അയാള്‍ മെല്ലെ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു. : ‘’ഡോക്ടര്‍ ഞാന്‍ തന്നെയാണ് ആ സര്‍ക്കസിലെ കോമാളി ഞാനാണ്’’.

5) അറുപതാം വിവാഹ വാര്‍ഷികം
തന്‍റെ ഇന്ത്യക്കാരന്‍ സുഹൃത്തിന്‍റെ വിവാഹ വാര്‍ഷിക ചടങ്ങില് പങ്കെടുക്കാനിടയായ സായിപ്പ്‌ സുഹൃത്തിനോട് ചോദിച്ചു: എത്ര വര്‍ഷമായി നിങ്ങള്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട്?
സുഹൃത്ത്‌: ഞാനും എന്‍റെ ഭാര്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഇന്നേക്ക് അറുപത് വര്‍ഷമായി. 
സായിപ്പ്‌ : WOW…………..Sixty years with one wife?!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 
************************

Wednesday, August 3

ഇന്ത്യന്‍ പൌരന്‍റെ ഓരോ ഗതികേട്..........(ആക്ഷേപ ഹാസ്യം)


        എവിടെപ്പോയാലും ഞാന്‍ നേരിടുന്ന ഒരു ചോദ്യമുണ്ട് എന്നെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന്. ഒരു ഇന്‍റര്‍വ്യുവിനു പോയാല്‍ ഏതെങ്കിലും ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കില്‍  രജിസ്റ്റര്‍ ചെയ്യാന്‍ കേറിയാല്‍, മാട്രിമോണിയല്‍ പരസ്യത്തിന്, ഒരു ബ്ലോഗെഴുതാന്‍, എന്തിനേറെ മീന്‍ വാങ്ങാന്‍ പോയാല്‍ മീന്‍കാരന്‍ വരെ എന്നെക്കുറിച്ച് ചോദിക്കും. എന്നെക്കുറിച്ച് പറഞ്ഞ് എനിക്ക് മടുത്തു. ഇനി എന്നെക്കുറിച്ച് ഞാനങ്ങോട്ട് എഴുതാന്‍ പോവാണ്. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും എന്ത് കൊണ്ടാണ് എന്നെക്കുറിച്ച് പറയുന്നതില്‍ എനിക്കിത്ര മടുപ്പെന്ന്‍.

നിങ്ങളുടെ പേര് തന്നെയാണ് എന്‍റെ പേര്. ഞാന്‍ ഒരു ഭാരതീയനാണ്. ഭാരതം എന്‍റെ സ്വന്തം രാജ്യമാണ്.(അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം വേറെ ആരെങ്കിലും ഭാരതത്തിന്‍റെ അവകാശവാദം ഉന്നയിച്ചോ എന്ന്). എല്ലാ ഭാരതീയരും സഹോദരീ സഹോദരന്മാരാണ് (അതെയതെ...എന്നിട്ടാണ് ഈ പെണ്‍വാണിഭവും സ്ത്രീപീഡനവുമൊക്കെ ഉണ്ടാകുന്നത്) ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു (തൊഴിലില്ലായ്മ വേതനം കിട്ടുന്ന കാലത്തോളം). അതിന്‍റെ നിയമങ്ങള്‍ അനുസരിക്കുന്നു (എന്തൊക്കെയാണ് ഈ നിയമങ്ങള്‍ എന്നറിയില്ലെങ്കില്‍ കൂടി). ഇതെന്‍റെ പ്രതിജ്ഞയാണ്. സ്കൂളില്‍ അസംബ്ലി ക്യൂവില്‍ കാല്‍ കഴക്കും വരെ നിന്ന് ചൊല്ലിയെടുത്ത, മിഠായി കിട്ടുന്നതു വരെ മാത്രം ആയുസ്സുണ്ടായിരുന്ന പ്രതിജ്ഞ. അത് കഴിഞ്ഞാല്‍....ഭാരതീയരോ? സഹോദരീ സഹോദരന്മാരോ?
        അല്ലെങ്കില്‍ വേണ്ട.., ഈ പ്രതിജ്ഞ ഞാന്‍ തെറ്റിക്കുന്നില്ല. എന്ന് വെച്ച് വണ്ടിയോടിക്കുമ്പോ സ്പീഡില്ലാഞ്ഞാല്‍ പറ്റോ? ബൈക്കില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ്‌ വെച്ചാല്‍ വല്ലതും കാണാനൊക്കുമോ? അതുമല്ല ശ്വാസംമുട്ടി ആളു തട്ടിപ്പോവില്ലേ? റോഡിലൂടെ പോവുമ്പോ ഒരു ബീഡിയൊക്കെ വലിക്കാതെ പറ്റോ? പിന്നെ മൂത്രിക്കാന്‍ മുട്ടുമ്പം റോഡിലാണോ, വഴിവക്കത്താണോ, വരമ്പത്താണോ എന്നൊക്കെ നോക്കാന്‍ പറ്റോ. അങ്ങ് മൂത്രമൊഴിക്കുകയല്ലാതെ.....
        ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഞാനെങ്ങനെ കൈക്കൂലിയില്ലാതെ ജീവിക്കും. ഇടക്ക് ഞാന്‍ സര്‍ക്കാര്‍ ഓഫിസില്‍ ഉറങ്ങിയെന്നിരിക്കും.അതിനിങ്ങനെ ബഹളം വെച്ചാലെങ്ങനെ? എന്‍റെ ഉറക്കം പോവില്ലേ? ഉറങ്ങുന്നവരെ ശല്യം ചെയ്യരുതെന്നറിയില്ലേ? നിങ്ങള്‍ക്കാ ബോധമൊന്നുമില്ലെങ്കിലും എനിക്ക് നല്ല ബോധമാണ് കേട്ടോ? അത് കൊണ്ട് തന്നെ കൈക്കൂലി കറന്‍സിയായി തന്നെ വേണമെന്ന് ഞാന്‍ ശഠിക്കാറില്ല. അത് വളരെ മോശമാണ്. കിട്ടുന്നതെന്തും പണത്തിനു തുല്യമായാല്‍ മതി. എന്തെങ്കിലും സമ്മാനം തന്നാലും ഞാന്‍ വാങ്ങിക്കും. കാരണം, ഞാന്‍ ഒരു ഭാരതീയനാണ്. കൈക്കൂലി ചോദിച്ചു വാങ്ങുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.അത് കൊണ്ട് തന്നെ ഞാനാരോടും ചോദിക്കാറേയില്ല. പകരം, ഞാനവരെ നാലഞ്ച് പ്രാവശ്യം മടക്കി അയക്കും. കാര്യം പിടികിട്ടുന്നവര്‍ പെട്ടെന്ന് തന്നെ സ്വകാര്യമായി വന്ന് എന്‍റെ കൈയൊന്നു കുലുക്കും. അതൊരു കുലുക്കലാണ് കേട്ടോ! ഞാന്‍ കേമനാണെന്ന് സമ്മതിച്ച മട്ടില്‍ കിലുങ്ങുന്ന ഒരു കുലുക്കല്‍. ഇതൊന്നും മനസ്സിലാവാത്ത ചില കോവാലന്മാര്‍ പിന്നെയും സര്‍ക്കാര്‍ ഓഫിസ്‌ കയറിയിറങ്ങും. അപ്പൊ, ചോദിക്കാതെ വാങ്ങുന്നത് കുറ്റമല്ലേ എന്ന് നിങ്ങള്‍ ചോദിക്കും. അല്ല, നിങ്ങളത് ചോദിക്കും എനിക്കറിയാം. അല്ലെങ്കിലും കാക്ക നന്നാവുന്നത് കോഴിക്ക് കണ്ടൂടല്ലോ?
        പിന്നെ അറിയാല്ലോ!! ഇടക്ക് ഞാന്‍ തീവണ്ടിയിലും ബസ്സിലുമൊക്കെ യാത്ര ചെയ്യാറുണ്ട്. ട്രെയിയിനിലെ ടോയ്‌ലറ്റിലൊക്കെ പോയി വരാറുണ്ടെന്നുള്ളത് സത്യം തന്നെ. എന്ന് വെച്ച് അതങ്ങനെ വൃത്തികേടാക്കി ഇടാറൊന്നുമില്ല. ഏറിക്കഴിഞ്ഞാല്‍ ഒരു ബീഡിക്കുറ്റി ഇടും. അല്ലെങ്കില്‍ വല്ല പാന്‍പരാഗിന്‍റെയോ ഹാന്‍സിന്‍റെയോ കാലിപാക്കറ്റ്. ഇത് പിന്നെ എവിടെ കൊണ്ടിടും?ഇന്ത്യന്‍ റയില്‍വേയില്‍ എവിടെയാണ് ചവറ്റു കുട്ട വെച്ചിരിക്കുന്നത്? ഇനിയിപ്പോ എവിടെയെങ്കിലും വെച്ചിട്ടുണ്ടെങ്കില്‍ തന്നെ ആര്‍ക്കാണ് അതൊക്കെ നോക്കി നടക്കാന്‍ നേരം. ബസ്സില്‍ പക്ഷെ ഞാന്‍ അത്ര മോശമായിട്ടൊന്നും ചെയ്യാറില്ല. എവിടെയെങ്കിലും വൃദ്ധന്മാര്‍ എന്നും സ്ത്രീകള്‍ എന്നും എഴുതി വെച്ചിട്ടുണ്ടെന്ന് കരുതി നമുക്ക്‌ കാലും മടക്കി ഇരിക്കണ്ടായോ? അപ്പോള്‍ സ്ത്രീകളുടെ സീറ്റ്‌ സ്ത്രീകള്‍ക്ക് എന്നും പറഞ്ഞു വരും. അല്ലേലും ഞാനീ സീറ്റും കൊണ്ട് പോവുകേല.....ഞാന്‍ ഇറങ്ങിപ്പോയാല്‍ നിങ്ങള്‍ തന്നെ ഇതെടുത്തോ?
എടൊ സ്ത്രീകള്‍ക്ക് നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്? കമ്പിയിലേക്ക് കൈയെത്തില്ല..!! ഏതോ കണ്ടക്ടര്‍ ആണെന്ന് തോന്നുന്നു. എല്ലാം കേറിയങ്ങ് കണ്ടക്റ്റ് ചെയ്യുവാ....
ഞാന്‍ ബധിരനും മൂകനും അന്ധനും ജന്മനാ വികലാംഗനുമാണ്...എനിക്കൊന്നും കേള്‍ക്കാനില്ല..കാണാനുമില്ല.
        ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം. ഞാന്‍ രാത്രിയില്‍ മദ്യപിച്ചുവന്നു
ലഹളയുണ്ടാക്കുന്നതെന്തിനാണെന്ന്? ആര് ലഹളയുണ്ടാക്കുന്നു? മൂക്കറ്റം കുടിച്ചാലും ഞാന്‍ നിശബ്ദം വീട്ടിലെത്തിച്ചേരും. ബഹളമുണ്ടാക്കുന്നത് അവളാണ്...ആ മൂധേവി.
ഇന്നും കുടിച്ചേച്ച് വന്നിരിക്കുന്നെ എന്നും പറഞ് കാറിത്തുടങ്ങും.
ഇവളുമാര് എന്നാണാവോ നമ്മള്‍ ആണുങ്ങളുടെ വികാര വിചാരങ്ങള്‍ മനസ്സിലാക്കുക.
ഓ...അപ്പൊ കുടിക്കാതെ വലിക്കാതെ പലരും നടക്കുന്നുണ്ടല്ലോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
ഡേയ് പോടെ പോടെ തനിക്കൊന്നും വേറെ പണിയില്ലഡേയ് ഈ പെണ്ണുങ്ങളെ ചൂട് കേറ്റി വിടാന്‍ നടക്കുവാണോ?
ആണുങ്ങളായാല്‍ കുടിക്കും, കൂത്താടും, കുത്തിമലര്‍ത്തും, കുടുംബം കലക്കും പിന്നെ ജീവിതം തുലക്കും. മനസ്സിലായോ? ഇതൊക്കെയാണ് ജീവിതത്തിലെ ഓരോ രസങ്ങള്‍..ഹും൦൦....
        പിന്നെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചെന്ന് വെച്ച് ഞാന്‍ അത്ര മോശക്കാരനൊന്നുമല്ല കേട്ടോ. രാഷ്ട്രീയം അങ്ങനെയാണല്ലോ!! പെട്രോളിന്‍റെ വില കൂട്ടിയാല്‍, പച്ചക്കറിയുടെ വില കൂട്ടിയാല്‍, പാലിന്‍റെ വില കൂട്ടിയാല്‍ ഹര്‍ത്താല്‍ ചെയ്യാതെങ്ങനെ? സ്വര്‍ണത്തിന്‍റെ വില കൂടുന്നതാണെന്നും അത് ഇന്ത്യക്കാരല്ല കൂട്ടുന്നതെന്നും അറിയാവുന്ന ഒരു വിവരമുള്ള രാഷ്ട്രീയക്കാരനായത് കൊണ്ട് അതിനെതിരെ തല്‍ക്കാലം ഞാന്‍ സമരം ചെയ്യുന്നില്ല. അല്ലായിരുന്നെങ്കില്‍, അറിയാല്ലോ, ഞങ്ങള്‍ എന്തിനൊക്കെയാണ് ഹര്‍ത്താല്‍ നടത്തിയിട്ടുള്ളതെന്ന്? - പാര്‍ട്ടി നേതാവിന്‍റെ പട്ടിയോടാണോ കളി? അതൊന്ന് കുരച്ചെന്നിരിക്കും. അല്ല കടിച്ചെന്നു തന്നെയിരിക്കട്ടെ. കല്ലെറിയാന്‍ പാടുണ്ടോ? പുലഭ്യം പറയാന്‍ പാടുണ്ടോ? അങ്ങനെ ചെയ്‌താല്‍ പിന്നെ ഭാരതബന്ദ്‌ നടത്താതിരിക്കാനൊക്കുമോ? ഹര്‍ത്താലായാല്‍ ചില വണ്ടികള്‍ക്ക്‌ ചില പോറലുകള്‍ ഒക്കെ പറ്റിയെന്നിരിക്കും. അത് പിന്നെ കാറ്റും മഴയും വന്ന് എന്തെല്ലാം നാശനഷ്ടങ്ങളുണ്ടാവുന്നു. അതിനെതിരെ ആരെങ്കിലും കേസ്‌ കൊടുക്കാറുണ്ടോ? ഇല്ലല്ലോ? പിന്നെ ഹര്‍ത്താലിന് കടകള്‍ തല്ലിപ്പൊളിച്ചു, വാഹനം അടിച്ചു തകര്‍ത്തു, റോഡില്‍ ടയര്‍ കത്തിച്ചു എന്നെല്ലാം ആക്രോശിക്കുന്നതെന്തിനാ?
ഇതിനെന്നല്ലേ അറുത്താല്‍ എന്ന് പറയുന്നത്. അറുത്താല്‍ എന്തുണ്ടാവുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ?
എങ്കില്‍ പിന്നെ നിറുത്തട്ടെ.....മൊബൈല്‍ ചിലക്കുന്നുണ്ട്. ഭാര്യയായിരിക്കും എന്ന് കാട് കയറി ചിന്തിക്കാന്‍ വരട്ടെ. ഞാനും ഇന്ത്യക്കാരന്‍ തന്നെയാണ്. മൊബൈല്‍ എങ്ങനെ ഭംഗിയായി ദുരുപയോഗം ചെയ്യാമെന്ന് എന്നെ പ്രത്യേകം പഠിപ്പിക്കണോ?..
മുദ്രാവാക്യം മുഴങ്ങട്ടെ.......
ഭാരത്,,,,,,,,,,,,,,,,,,കീ ജയ്‌.. വിട്ടു പോയ ഭാഗം പൂരിപ്പിക്കുക.
(ബന്ദ്‌, ഹര്‍ത്താല്‍, ജനതാ, മാതാ)