Thursday, October 20
Friday, September 30
ചില രസകരമായ (കേള്‍ക്കേണ്ട) കഥകള്‍ (എങ്ങോ കേട്ടത്).(നര്മ്മം)
1) അടിയന്തരാവസ്ഥ
തീവ്രമായ സൈനിക നിയന്ത്രണങ്ങളുള്ള ഒരു രാജ്യത്ത് നിന്നും ഒരാള്‍ അയാളുടെ കൂട്ടുകാരന് ഒരു കത്തെഴുതി. കത്തില്‍ ആ രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ശന നിയമ വ്യവസ്ഥകളെക്കുറിച്ച് അയാള് ഇങ്ങനെ എഴുതി:
ഈ രാജ്യം ഇപ്പോള്‍ പൂര്‍ണമായും സൈനിക നിയന്ത്രണത്തിലാണ്. സൈന്യം ഭരണം പിടിച്ചടക്കിയതിനു ശേഷം ഇവിടെ എല്ലായിടത്തും കര്‍ശനമായ പരിശോധനയാണ്. ഭരണം പിടിച്ചടക്കി കുറെയേറെയായെങ്കിലും ഇപ്പോഴും ഒട്ടും സ്വതന്ത്രമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒന്ന് പുറത്തേക്കിറങ്ങാന്‍ തന്നെ പേടിയാണ്. തീര്‍ത്തും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈ രാജ്യം. ഇവിടെക്ക് വരുന്ന പാര്‍സലുകളും കത്തുകളും മറ്റെല്ലാ കൊറിയര്‍ സാധനങ്ങളും ശരിക്കും അഴിച്ചു തുറന്നു നോക്കിയ ശേഷമേ ഉടമസ്ഥന് ലഭിക്കുകയുള്ളൂ.അത്രത്തോളം മോശമാണ് ഇവിടത്തെ അവസ്ഥ. ഞാനെഴുതുന്ന ഈ കത്ത് തന്നെ പൊട്ടിച്ചു വായിക്കാതെ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല...
കത്ത് ഇങ്ങനെ തുടര്‍ന്ന് അയാള്‍ പേരും വിലാസവും എഴുതി കത്ത് പോസ്റ്റ് ചെയ്തു.
മൂന്നാഴ്ച്ചകള്‍ക്ക് ശേഷം അയാള്‍ക്ക് അവിടത്തെ പോസ്റ്റല്‍ ഡിപാര്‍ട്മെന്‍ടില്‍ നിന്നും ഒരു കത്തു ലഭിച്ചു.
അയാള്‍ കത്തു തുറന്നു വായിച്ചു. അതിലിങ്ങനെ എഴുതിയിരുന്നു.
താങ്കളുടെ അഭിപ്രായം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ആരുടേയും കത്തുകള്‍ തുറന്നു നോക്കി വായിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല.
ഒപ്പ്
പോസ്റ്റല്‍ ഡിപാര്‍ട്മെന്‍റ്.
2) രാജാവിന്‍റെ മകന്‍
പണ്ട് പണ്ടൊരു രാജാവിന് വികൃതിയായ ഒരു മകന്‍ ഉണ്ടായിരുന്നു. മകന്‍ എങ്ങനെ നോക്കിയിട്ടും നേരാവുന്നില്ല..
അങ്ങനെ രാജാവ് മകനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തീരുമാനിച്ചു.
പക്ഷെ, ആരെ കണ്ടെത്തും. ഒട്ടും മലയാളം അറിയാത്ത ഒരു സായിപ്പിനേയും മകനെയും ഒരുമിച്ച് താമസിപ്പിച്ചാല്‍ മകന്‍ പെട്ടെന്ന്‍ ഇംഗ്ലീഷ് പഠിക്കുമെന്ന് രാജാവിന് തോന്നി. അങ്ങനെ മകനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സായിപ്പിനെ ഏര്‍പ്പാടാക്കി.
സായിപ്പിനെയും മകനെയും പ്രത്യേകം സജ്ജമാക്കിയ ഒരു വീട്ടില്‍ താമസിപ്പിച്ചു. എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. പുറത്തു നിന്ന് വാതില്‍ പൂട്ടി.
സായിപ്പിനെയും മകനെയും പ്രത്യേകം സജ്ജമാക്കിയ ഒരു വീട്ടില്‍ താമസിപ്പിച്ചു. എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. പുറത്തു നിന്ന് വാതില്‍ പൂട്ടി.
മകനും സായിപ്പും മാത്രം. പുറം ലോകത്ത് ആരുമായും യാതൊരു ആശയവിനിമയവും നടത്താതെ ദിവസങ്ങള് കഴിഞ്ഞു പോയി. രാജാവിന് ഉല്‍ക്കണ്ഠ അടക്കാന് വയ്യ. മലയാളം തരിമ്പുമറിയാത്ത സായിപ്പ് മകനെ ഇംഗ്ലീഷ് പഠിപ്പിച്ചത് കാണാന്‍ രാജാവിന് തിരക്കായി.
ഒരാഴ്ച കഴിഞ്ഞു രാജാവ് വന്നു നോക്കി. മെല്ലെ വാതില്‍ തുറന്നു നോക്കി.
ഫൂൂൂൂൂൂൂൂൂൂ
അതാ സായിപ്പ് പാഞ്ഞു വരുന്നു പച്ചമലയാളത്തില്‍ തെറി പറഞ്ഞു കൊണ്ട്
“ഈ പന്ന കഴുവേറീടെ മോനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എനിക്ക് പറ്റില്ലെടാ............മോനെ”
റോക്കറ്റ് വിട്ട മാതിരി സായിപ്പ് ഇറങ്ങി ഓടി.
3) സര്‍ക്കസിലെ ആന
ഒരിക്കല്‍ ഒരു നവദമ്പതികള്‍ ജമ്പോ സര്‍കസ് കാണാന്‍ പോയി.
ഒരു ആന അര്‍ദ്ധനഗ്നയായ സര്‍ക്കസുകാരിയെ തുമ്പിക്കൈയില്‍ തൂക്കി അമ്മാനമാടുന്ന ഒരു ഐറ്റം ഉണ്ടായിരുന്നു.
സര്‍ക്കസെല്ലാം കഴിഞ്ഞ് വീട്ടില്‍ വന്നു ഭാര്യ ഭര്‍ത്താവിനോട്:
ഹോ ആ ആനയുടെ അഭ്യാസം കലക്കി അല്ലെ
ഭര്‍ത്താവ്: ആനയോ, എപ്പോ? ആനയുണ്ടായിരുന്നോ സര്‍ക്കസില്‍? ഞാന്‍ കണ്ടില്ലല്ലോ?
4) അസന്തുഷ്ടനായ മനുഷ്യന്
ഒരാള്‍ ഒരു മനശാസ്ത്ര വിദഗ്ധന്‍റെയടുത്ത് ചികില്‍സ തേടിയെത്തി.
അയാള്‍ പ്രശനം എന്താണെന്ന് അവതരിപ്പിച്ചു.
അയാള്‍ : ഡോക്ടര്‍ ഞാന്‍ കുറെക്കാലമായി ശരിക്കൊന്ന് ചിരിച്ചിട്ട്. എനിക്ക് ഒട്ടും ചിരി വരുന്നില്ല. ജീവിതത്തില്‍ ഒട്ടും സന്തോഷം തോന്നുന്നില്ല. എനിക്ക് എല്ലാം മറന്നൊന്ന് ചിരിക്കണം.
ഡോക്ടര്‍: താങ്കള്‍ ഇടയ്ക്കിടെ നല്ല കോമഡി സിനിമകള്‍ കാണണം. ഇപ്പോള്‍ ടൌണില്‍ നല്ലൊരു സിനിമ കളിക്കുന്നുണ്ട്. അതൊന്ന്‍ പോയി കാണണം.
അയാള്‍ : അത് ഞാന്‍ കണ്ടിരുന്നു. പക്ഷെ, എനിക്ക് ഒട്ടും ആഹ്ലാദം തോന്നിയില്ല.
ഡോക്ടര്‍ : ഓഹോ...താങ്കള്‍ ഇടയ്ക്കിടെ ബീച്ചില്‍ പോകണം. പാര്‍ക്കുകളില്‍ പോകണം. അപ്പോള്‍ തന്നെ എല്ലാ വിഷമങ്ങളും മാറും.
അയാള്‍ : ഞാന്‍ അതും ശ്രമിച്ചിരുന്നു. പക്ഷെ, യാതൊരു ഫലവുമുണ്ടായില്ല.
ഡോക്ടര്‍: ഓഹോ അതും ശ്രമിച്ചോ? എങ്കില്‍ എന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പടണം.
അയാള്‍: അതും ഞാന്‍ പരീക്ഷിച്ചു നോക്കി. പക്ഷെ, എനിക്കൊരു മാറ്റവും തോന്നിയില്ല.
ഡോക്ടര്‍: ഓ..മൈ ഗോഡ്, എന്നിട്ടും നിങ്ങള്‍ക്ക് സമാധാനം കിട്ടിയില്ലേ? എങ്കില്‍ നിങ്ങള്‍ക്ക് അവസാനമായി ഞാന്‍ ഒരു പോംവഴി പറഞ്ഞു തരാം. ഇതും വിജയിച്ചില്ലെങ്കില്‍ എനിക്ക് വേറൊന്നും പറയാനില്ല.
അയാള്‍ (വിഷമത്തോടെ): പറയൂ ഡോക്ടര്‍, ചിലപ്പോള്‍ അതെനിക്ക് സഹായകമായാലോ?
ഡോക്ടര്‍ : ഇപ്പോള്‍ ടൌണില്‍ ഒരു സര്‍ക്കസ് കളിക്കുന്നുണ്ട്. ആ സര്‍ക്കസില്‍ അന്തം വിട്ട പ്രകടനം നടത്തുന്ന ഒരു കോമാളിയുണ്ട്. ആ കോമാളിയുടെ അഭ്യാസങ്ങള്‍ ഒന്ന് കണ്ടാല്‍ മതി. നിങ്ങള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. അതോടെ നിങ്ങള്‍ എല്ലാം മറന്ന് പൂര്‍ണ്ണ സന്തോഷവാനായിരിക്കും പിന്നെ നിങ്ങള്‍ക്ക് യാതൊരു വിഷമവും ഉണ്ടാവുകയില്ല.
ഇത് കേട്ടപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. വാതില്‍ക്കല്‍ എത്തിയപ്പോള്‍ അയാള്‍ മെല്ലെ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു. : ‘’ഡോക്ടര്‍ ഞാന്‍ തന്നെയാണ് ആ സര്‍ക്കസിലെ കോമാളി ഞാനാണ്’’.
5) അറുപതാം വിവാഹ വാര്‍ഷികം
തന്‍റെ ഇന്ത്യക്കാരന്‍ സുഹൃത്തിന്‍റെ വിവാഹ വാര്‍ഷിക ചടങ്ങില് പങ്കെടുക്കാനിടയായ സായിപ്പ് സുഹൃത്തിനോട് ചോദിച്ചു: എത്ര വര്‍ഷമായി നിങ്ങള്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട്?
സുഹൃത്ത്: ഞാനും എന്‍റെ ഭാര്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഇന്നേക്ക് അറുപത് വര്‍ഷമായി.
സായിപ്പ് : WOW…………..Sixty years with one wife?!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
************************
Friday, September 23
Wednesday, August 3
ഇന്ത്യന്‍ പൌരന്‍റെ ഓരോ ഗതികേട്..........(ആക്ഷേപ ഹാസ്യം)
എവിടെപ്പോയാലും ഞാന്‍ നേരിടുന്ന ഒരു ചോദ്യമുണ്ട് എന്നെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന്. ഒരു ഇന്‍റര്‍വ്യുവിനു പോയാല്‍ ഏതെങ്കിലും ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേറിയാല്‍, മാട്രിമോണിയല്‍ പരസ്യത്തിന്, ഒരു ബ്ലോഗെഴുതാന്‍, എന്തിനേറെ മീന്‍ വാങ്ങാന്‍ പോയാല്‍ മീന്‍കാരന്‍ വരെ എന്നെക്കുറിച്ച് ചോദിക്കും. എന്നെക്കുറിച്ച് പറഞ്ഞ് എനിക്ക് മടുത്തു. ഇനി എന്നെക്കുറിച്ച് ഞാനങ്ങോട്ട് എഴുതാന്‍ പോവാണ്. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും എന്ത് കൊണ്ടാണ് എന്നെക്കുറിച്ച് പറയുന്നതില്‍ എനിക്കിത്ര മടുപ്പെന്ന്‍.
നിങ്ങളുടെ പേര് തന്നെയാണ് എന്‍റെ പേര്. ഞാന്‍ ഒരു ഭാരതീയനാണ്. ഭാരതം എന്‍റെ സ്വന്തം രാജ്യമാണ്.(അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം വേറെ ആരെങ്കിലും ഭാരതത്തിന്‍റെ അവകാശവാദം ഉന്നയിച്ചോ എന്ന്). എല്ലാ ഭാരതീയരും സഹോദരീ സഹോദരന്മാരാണ് (അതെയതെ...എന്നിട്ടാണ് ഈ പെണ്‍വാണിഭവും സ്ത്രീപീഡനവുമൊക്കെ ഉണ്ടാകുന്നത്) ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു (തൊഴിലില്ലായ്മ വേതനം കിട്ടുന്ന കാലത്തോളം). അതിന്‍റെ നിയമങ്ങള്‍ അനുസരിക്കുന്നു (എന്തൊക്കെയാണ് ഈ നിയമങ്ങള്‍ എന്നറിയില്ലെങ്കില്‍ കൂടി). ഇതെന്‍റെ പ്രതിജ്ഞയാണ്. സ്കൂളില്‍ അസംബ്ലി ക്യൂവില്‍ കാല്‍ കഴക്കും വരെ നിന്ന് ചൊല്ലിയെടുത്ത, മിഠായി കിട്ടുന്നതു വരെ മാത്രം ആയുസ്സുണ്ടായിരുന്ന പ്രതിജ്ഞ. അത് കഴിഞ്ഞാല്‍....ഭാരതീയരോ? സഹോദരീ സഹോദരന്മാരോ?
അല്ലെങ്കില്‍ വേണ്ട.., ഈ പ്രതിജ്ഞ ഞാന്‍ തെറ്റിക്കുന്നില്ല. എന്ന് വെച്ച് വണ്ടിയോടിക്കുമ്പോ സ്പീഡില്ലാഞ്ഞാല്‍ പറ്റോ? ബൈക്കില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ് വെച്ചാല്‍ വല്ലതും കാണാനൊക്കുമോ? അതുമല്ല ശ്വാസംമുട്ടി ആളു തട്ടിപ്പോവില്ലേ? റോഡിലൂടെ പോവുമ്പോ ഒരു ബീഡിയൊക്കെ വലിക്കാതെ പറ്റോ? പിന്നെ മൂത്രിക്കാന്‍ മുട്ടുമ്പം റോഡിലാണോ, വഴിവക്കത്താണോ, വരമ്പത്താണോ എന്നൊക്കെ നോക്കാന്‍ പറ്റോ. അങ്ങ് മൂത്രമൊഴിക്കുകയല്ലാതെ.....
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഞാനെങ്ങനെ കൈക്കൂലിയില്ലാതെ ജീവിക്കും. ഇടക്ക് ഞാന്‍ സര്‍ക്കാര്‍ ഓഫിസില്‍ ഉറങ്ങിയെന്നിരിക്കും.അതിനിങ്ങനെ ബഹളം വെച്ചാലെങ്ങനെ? എന്‍റെ ഉറക്കം പോവില്ലേ? ഉറങ്ങുന്നവരെ ശല്യം ചെയ്യരുതെന്നറിയില്ലേ? നിങ്ങള്‍ക്കാ ബോധമൊന്നുമില്ലെങ്കിലും എനിക്ക് നല്ല ബോധമാണ് കേട്ടോ? അത് കൊണ്ട് തന്നെ കൈക്കൂലി കറന്‍സിയായി തന്നെ വേണമെന്ന് ഞാന്‍ ശഠിക്കാറില്ല. അത് വളരെ മോശമാണ്. കിട്ടുന്നതെന്തും പണത്തിനു തുല്യമായാല്‍ മതി. എന്തെങ്കിലും സമ്മാനം തന്നാലും ഞാന്‍ വാങ്ങിക്കും. കാരണം, ഞാന്‍ ഒരു ഭാരതീയനാണ്. കൈക്കൂലി ചോദിച്ചു വാങ്ങുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.അത് കൊണ്ട് തന്നെ ഞാനാരോടും ചോദിക്കാറേയില്ല. പകരം, ഞാനവരെ നാലഞ്ച് പ്രാവശ്യം മടക്കി അയക്കും. കാര്യം പിടികിട്ടുന്നവര്‍ പെട്ടെന്ന് തന്നെ സ്വകാര്യമായി വന്ന് എന്‍റെ കൈയൊന്നു കുലുക്കും. അതൊരു കുലുക്കലാണ് കേട്ടോ! ഞാന്‍ കേമനാണെന്ന് സമ്മതിച്ച മട്ടില്‍ കിലുങ്ങുന്ന ഒരു കുലുക്കല്‍. ഇതൊന്നും മനസ്സിലാവാത്ത ചില കോവാലന്മാര്‍ പിന്നെയും സര്‍ക്കാര്‍ ഓഫിസ് കയറിയിറങ്ങും. അപ്പൊ, ചോദിക്കാതെ വാങ്ങുന്നത് കുറ്റമല്ലേ എന്ന് നിങ്ങള്‍ ചോദിക്കും. അല്ല, നിങ്ങളത് ചോദിക്കും എനിക്കറിയാം. അല്ലെങ്കിലും കാക്ക നന്നാവുന്നത് കോഴിക്ക് കണ്ടൂടല്ലോ?
പിന്നെ അറിയാല്ലോ!! ഇടക്ക് ഞാന്‍ തീവണ്ടിയിലും ബസ്സിലുമൊക്കെ യാത്ര ചെയ്യാറുണ്ട്. ട്രെയിയിനിലെ ടോയ്‌ലറ്റിലൊക്കെ പോയി വരാറുണ്ടെന്നുള്ളത് സത്യം തന്നെ. എന്ന് വെച്ച് അതങ്ങനെ വൃത്തികേടാക്കി ഇടാറൊന്നുമില്ല. ഏറിക്കഴിഞ്ഞാല്‍ ഒരു ബീഡിക്കുറ്റി ഇടും. അല്ലെങ്കില്‍ വല്ല പാന്‍പരാഗിന്‍റെയോ ഹാന്‍സിന്‍റെയോ കാലിപാക്കറ്റ്. ഇത് പിന്നെ എവിടെ കൊണ്ടിടും?ഇന്ത്യന്‍ റയില്‍വേയില്‍ എവിടെയാണ് ചവറ്റു കുട്ട വെച്ചിരിക്കുന്നത്? ഇനിയിപ്പോ എവിടെയെങ്കിലും വെച്ചിട്ടുണ്ടെങ്കില്‍ തന്നെ ആര്‍ക്കാണ് അതൊക്കെ നോക്കി നടക്കാന്‍ നേരം. ബസ്സില്‍ പക്ഷെ ഞാന്‍ അത്ര മോശമായിട്ടൊന്നും ചെയ്യാറില്ല. എവിടെയെങ്കിലും ‘വൃദ്ധന്മാര്‍’ എന്നും ‘സ്ത്രീകള്‍’ എന്നും എഴുതി വെച്ചിട്ടുണ്ടെന്ന് കരുതി നമുക്ക് കാലും മടക്കി ഇരിക്കണ്ടായോ? അപ്പോള്‍ സ്ത്രീകളുടെ സീറ്റ് സ്ത്രീകള്‍ക്ക് എന്നും പറഞ്ഞു വരും. അല്ലേലും ഞാനീ സീറ്റും കൊണ്ട് പോവുകേല.....ഞാന്‍ ഇറങ്ങിപ്പോയാല്‍ നിങ്ങള്‍ തന്നെ ഇതെടുത്തോ?
“എടൊ സ്ത്രീകള്‍ക്ക് നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്? കമ്പിയിലേക്ക് കൈയെത്തില്ല..!! ഏതോ കണ്ടക്ടര്‍ ആണെന്ന് തോന്നുന്നു. എല്ലാം കേറിയങ്ങ് കണ്ടക്റ്റ് ചെയ്യുവാ....
ഞാന്‍ ബധിരനും മൂകനും അന്ധനും ജന്മനാ വികലാംഗനുമാണ്...എനിക്കൊന്നും കേള്‍ക്കാനില്ല..കാണാനുമില്ല.
ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം. ഞാന്‍ രാത്രിയില്‍ മദ്യപിച്ചുവന്നു
ലഹളയുണ്ടാക്കുന്നതെന്തിനാണെന്ന്? ആര് ലഹളയുണ്ടാക്കുന്നു? മൂക്കറ്റം കുടിച്ചാലും ഞാന്‍ നിശബ്ദം വീട്ടിലെത്തിച്ചേരും. ബഹളമുണ്ടാക്കുന്നത് അവളാണ്...ആ മൂധേവി.
“ഇന്നും കുടിച്ചേച്ച് വന്നിരിക്കുന്നെ” എന്നും പറഞ് കാറിത്തുടങ്ങും.
ഇവളുമാര് എന്നാണാവോ നമ്മള്‍ ആണുങ്ങളുടെ വികാര വിചാരങ്ങള്‍ മനസ്സിലാക്കുക.
ഓ...അപ്പൊ കുടിക്കാതെ വലിക്കാതെ പലരും നടക്കുന്നുണ്ടല്ലോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
ഡേയ് പോടെ പോടെ തനിക്കൊന്നും വേറെ പണിയില്ലഡേയ് ഈ പെണ്ണുങ്ങളെ ചൂട് കേറ്റി വിടാന്‍ നടക്കുവാണോ?
ആണുങ്ങളായാല്‍ കുടിക്കും, കൂത്താടും, കുത്തിമലര്‍ത്തും, കുടുംബം കലക്കും പിന്നെ ജീവിതം തുലക്കും. മനസ്സിലായോ? ഇതൊക്കെയാണ് ജീവിതത്തിലെ ഓരോ രസങ്ങള്‍..ഹും൦൦....
പിന്നെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചെന്ന് വെച്ച് ഞാന്‍ അത്ര മോശക്കാരനൊന്നുമല്ല കേട്ടോ. രാഷ്ട്രീയം അങ്ങനെയാണല്ലോ!! പെട്രോളിന്‍റെ വില കൂട്ടിയാല്‍, പച്ചക്കറിയുടെ വില കൂട്ടിയാല്‍, പാലിന്‍റെ വില കൂട്ടിയാല്‍ ഹര്‍ത്താല്‍ ചെയ്യാതെങ്ങനെ? സ്വര്‍ണത്തിന്‍റെ വില കൂടുന്നതാണെന്നും അത് ഇന്ത്യക്കാരല്ല കൂട്ടുന്നതെന്നും അറിയാവുന്ന ഒരു വിവരമുള്ള രാഷ്ട്രീയക്കാരനായത് കൊണ്ട് അതിനെതിരെ തല്‍ക്കാലം ഞാന്‍ സമരം ചെയ്യുന്നില്ല. അല്ലായിരുന്നെങ്കില്‍, അറിയാല്ലോ, ഞങ്ങള്‍ എന്തിനൊക്കെയാണ് ഹര്‍ത്താല്‍ നടത്തിയിട്ടുള്ളതെന്ന്? - പാര്‍ട്ടി നേതാവിന്‍റെ പട്ടിയോടാണോ കളി? അതൊന്ന് കുരച്ചെന്നിരിക്കും. അല്ല കടിച്ചെന്നു തന്നെയിരിക്കട്ടെ. കല്ലെറിയാന്‍ പാടുണ്ടോ? പുലഭ്യം പറയാന്‍ പാടുണ്ടോ? അങ്ങനെ ചെയ്‌താല്‍ പിന്നെ ഭാരതബന്ദ് നടത്താതിരിക്കാനൊക്കുമോ? ഹര്‍ത്താലായാല്‍ ചില വണ്ടികള്‍ക്ക് ചില പോറലുകള്‍ ഒക്കെ പറ്റിയെന്നിരിക്കും. അത് പിന്നെ കാറ്റും മഴയും വന്ന് എന്തെല്ലാം നാശനഷ്ടങ്ങളുണ്ടാവുന്നു. അതിനെതിരെ ആരെങ്കിലും കേസ് കൊടുക്കാറുണ്ടോ? ഇല്ലല്ലോ? പിന്നെ ഹര്‍ത്താലിന് കടകള്‍ തല്ലിപ്പൊളിച്ചു, വാഹനം അടിച്ചു തകര്‍ത്തു, റോഡില്‍ ടയര്‍ കത്തിച്ചു എന്നെല്ലാം ആക്രോശിക്കുന്നതെന്തിനാ?
ഇതിനെന്നല്ലേ ‘അറുത്താല്‍’ എന്ന് പറയുന്നത്. ‘അറുത്താല്‍’ എന്തുണ്ടാവുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ?
എങ്കില്‍ പിന്നെ നിറുത്തട്ടെ.....മൊബൈല്‍ ചിലക്കുന്നുണ്ട്. ഭാര്യയായിരിക്കും എന്ന് കാട് കയറി ചിന്തിക്കാന്‍ വരട്ടെ. ഞാനും ഇന്ത്യക്കാരന്‍ തന്നെയാണ്. മൊബൈല്‍ എങ്ങനെ ഭംഗിയായി ദുരുപയോഗം ചെയ്യാമെന്ന് എന്നെ പ്രത്യേകം പഠിപ്പിക്കണോ?..
മുദ്രാവാക്യം മുഴങ്ങട്ടെ.......
ഭാരത്,,,,,,,,,,,,,,,,,,കീ ജയ്.. വിട്ടു പോയ ഭാഗം പൂരിപ്പിക്കുക.
(ബന്ദ്, ഹര്‍ത്താല്‍, ജനതാ, മാതാ)
Monday, June 27
നാട് - എന്‍റെ സ്വന്തം നാട് – കക്കാട്ടിരി
“ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും നാം സ്നേഹിക്കുന്നവരും നമ്മെ സ്നേഹിക്കുന്നവരും ഹൃദയത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ ഒരു പൊട്ടു പോലെയെങ്കിലും നമ്മെ ഓര്‍ത്തു വെക്കുമെന്ന സത്യം നാമറിയാതെ പോയി”. ഇതാണ് എന്‍റെ നാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വരുന്ന വരികള്‍. മനുഷ്യരെ മാത്രമല്ല നാം സ്നേഹിക്കുന്നത്, മരങ്ങളെയും കുന്നുകളെയും പാടങ്ങളെയും താഴ്വരകളെയും അരുവികളെയും പുഴകളെയും തോടുകളെയും പുല്‍മേടുകളെയും പൂക്കളെയും ചെടികളെയും എന്തിന് പ്രകൃതിയില്‍ നമുക്കാസ്വാദ്യമായ എന്തിനെയും നാം അതിരറ്റ് സ്നേഹിക്കുന്നു. നാടെന്നും നമുക്ക് ഗൃഹാതുരത്വമുണര്ത്തുന്ന ഒരോര്‍മ്മയാണ്. നമ്മെ കൈക്കുമ്പിളില്‍ കൊണ്ട് നടന്ന് നമ്മെ നാമാക്കിയ നാടും വീടും നമുക്ക് മറക്കാനാവില്ല.
കുന്നും മലയും താഴ്വരയും കാടും മേടും വയലും തോടും തോട്ടങ്ങളും അമ്പലങ്ങളും മസ്ജിദുകളും എല്ലാം സമ്മേളിക്കുന്ന പ്രകൃതിരമണീയമായ ഒരിടമാണ് എന്‍റെ സ്വന്തം നാട്. പട്ടാമ്പിയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെ തൃത്താലയുടെയും ആലൂരിന്‍റെയും കൂറ്റനാടിന്‍റെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കക്കാട്ടിരി.
ഓര്‍മ്മകള്‍ പിന്നിലേക്കൊടുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് കളിച്ചു വളര്‍ന്ന കറുകപ്പുല്‍ മൈതാനങ്ങളും, റബ്ബര്‍ എസ്റ്റേറ്റുകളും, കുന്നിന്‍ ചെരിവുകളും, സ്കൂള്‍ ഗ്രൗണ്ടുകളും, കൂറ്റന്‍ മാവുകളും ആല്‍മരങ്ങളും നിറഞ്ഞ ആല്‍ത്തട്ടും, ഒരേ ഒരാല്‍ മാത്രം നില്‍ക്കുന്ന വട്ടത്താണിയുമെല്ലാമാണ്.
മഴക്കാലത്ത് ആമ്പല്‍ നിറഞ്ഞ കായല്‍പ്പാടം പുഴ പോലെ ഒഴുകും. വെള്ളം തോട്ടിലൂടെ ഒഴുകി എത്തിച്ചേരുന്നത് ഭാരതപ്പുഴയിലാണ്. ഈ കായല്‍പ്പാടത്ത് ചങ്ങാടമിറക്കലാണ് അന്നത്തെ പ്രധാന വിനോദം. മഴയും വെയിലും വകവെക്കാതെ, ഒരു തോര്‍ത്തുമുണ്ടും ചുറ്റി ഞങ്ങള്‍ പകലന്തിയോളം ചങ്ങാടത്തില്‍ ചുറ്റിയടിക്കും. പാടത്തിനു നടുവിലൂടെ ഒഴുകുന്ന തോടും മുറിച്ചു കടന്ന് അക്കരെതുരുത്തില്‍ തൊട്ട് തിരിച്ചു വരും. ഏക്കറോളം വരുന്ന ഈ തുരുത്ത് ഇന്ന് മേഴത്തൂര്‍ വൈദ്യമഠത്തിന്‍റെ മരുന്ന് തോട്ടമാണ്. എത്രയോ കാലമായി ആ തുരുത്തും കായല്പ്പാടവും അന്യമായിത്തീര്‍ന്നിട്ട്.......തിരിച്ചു വരുമ്പോള്‍ ആമ്പല്‍ പൂക്കള്‍ ചുണ്ടോടുപ്പിച്ചാണ് ഞങ്ങള്‍ വരുക. മഴത്തുള്ളികള്‍ വീണ സുഗന്ധമാണ് ആമ്പല്‍പ്പൂവിനെന്നു വിശ്വസിക്കാനായിരുന്നു ഞങ്ങള്‍ക്കിഷടം.
ഇന്നിന്‍റെ തലമുറയെ കാണുമ്പോള്‍, ആ പഴയ കാലം ഓര്‍ത്തു പോവും. എവിടെയോ എന്തോ കൈമോശം വന്നെന്ന തോന്നല്‍. ഒരു വിങ്ങലോടെ, ഹൃദയത്തില്‍ നേര്‍ത്ത നൊമ്പരങ്ങളോടെ, കണ്ണുകളില്‍ ഈറനോടെ നാം ഓര്‍ത്തെടുക്കുന്ന ചിലതുണ്ട്; കൂടെ കളിച്ചു നടന്ന ബാല്യകാല സഖി, ആരോരുമറിയാതെ നാം ഹൃദയത്തില്‍ കൊണ്ട് നടന്ന പ്രണയിനി, പെരുത്തിഷ്ടമായിട്ടും ഇഷ്ടമെന്നൊരു വാക്ക് പോലും പറയാതെ എങ്ങോ മറഞ്ഞു പോയ ഇഷ്ടക്കാരി....അങ്ങനെയങ്ങനെ.....
പൂരവും നേര്‍ച്ചയും മാറി ദേശോല്സവമായി മാറിയ നാടിന്‍റെ വാര്‍ഷികോത്സവം പലര്‍ക്കും ഹരമാണ്. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍, ഇക്കാക്ക മുജീബ്‌ന്‍റെ കൂടെ തൃത്താല നേര്‍ച്ച കാണാന്‍ പോയ ഓര്‍മ്മയുണ്ട്. കുട്ടിക്കാലത്തെ കൌതുകങ്ങളായിരുന്നു ആനയും വാദ്യമേളങ്ങളും ഘോഷയാത്രയും പിന്നെ കച്ചവടക്കാര്‍ നിരത്തുന്ന മുറുക്ക്, അലുവ, ജിലേബി, പൊരി, ആറാം നമ്പര്‍, എന്ന് തുടങ്ങി കൈ കൊണ്ട് തട്ടുന്ന ഉരുളന്‍ ബലൂണും, വാളന്‍ പുളി പോലത്തെ നീളന്‍ ബലൂണും, കറങ്ങുന്ന പമ്പരവും, കളിത്തോക്കും, കളിപ്പാവയും എല്ലാം. ഇതെല്ലാം കിട്ടണമെങ്കില്‍ ഉത്സവം തന്നെ വരണം. കടകളില്‍ കിട്ടുമായിരുന്നെങ്കിലും കുട്ടികളായ ഞങ്ങളെ പറഞ്ഞു പറ്റിച്ചിരുന്നത് അടുത്ത പൂരത്തിന് വാങ്ങിത്തരാം അല്ലെങ്കില്‍ അടുത്ത നേര്‍ച്ചക്ക് വാങ്ങിത്തരാം എന്നൊക്കെ പറഞ്ഞാണ്. ഞങ്ങളുടെ ധാരണ അത് ഉല്‍സവത്തിന് മുമ്പ് ഉണ്ടാക്കിയാലേ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു. പട്ടണം കാണാത്ത കൊച്ചു കുട്ടിക്ക് ഇങ്ങനെയൊക്കെയല്ലേ ചിന്തിക്കാനാവൂ.
പട്ടാമ്പി പാലത്തിലൂടെ നന്നേ ചെറുപ്പത്തില്‍ ഒരു കല്യാണത്തിനു പോയതായി ഓര്‍ക്കുന്നുണ്ട്. അന്ന് കോരിച്ചൊരിയുന്ന മഴയത്ത് ബസ്സിന്റെ മൂടിയിട്ടിരുന്ന കര്‍ട്ടന്‍ മാറ്റിയപ്പോള്‍ കണ്ടത് നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയാണ്. വെള്ളം കവിഞ്ഞ് പാലത്തിനൊപ്പം നില്‍ക്കുന്ന കാഴ്ച എല്ലാവരെയും കാണിക്കാന്‍ വേണ്ടിയാണ് ആരോ കര്‍ട്ടന്‍ ഉയര്‍ത്തിയത്. ചെറുപ്പത്തില്‍, പുഴ ഒരു കൌതുകമായിരുന്നു. തൃത്താല പുഴയോരത്ത് പോയി മണിക്കൂറുകളോളം മണലില്‍ കുത്തിയിരിക്കും. അങ്ങകലെ നിന്നും ട്രെയിന്‍ പോകുന്നത് കാണാം. കൂകിപ്പായും ചേരട്ടയെന്നു കടങ്കഥ പോലെ പറഞ്ഞു നടന്നിരുന്ന ട്രെയിന് മറ്റൊരു വിസ്മയമായിരുന്നു. പുഴയോരത്ത് നിന്നും എണീറ്റ് പോകുമ്പോള്‍ മണലില്‍ പണിത സ്വപ്നഭവനം ചവിട്ടിമെതിച്ചിട്ടെ പോവുകയുള്ളൂ...............
*********************************************************************************************
ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഒരു ബ്രിട്ടിഷുകാരന്‍ സായിപ്പ് ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു (തല്ക്കാലം ഇവിടെ മലയാളത്തില്‍ എഴുതുന്നു. ഇതിന്‍റെ കമന്റില്‍ ആരും ഡാ മണ്ടന്‍ നാസരെ സായിപ്പ് മലയാളം പറയുമോ എന്നൊന്നും ചോദിക്കാതിരുന്നാല്‍ മതി.)
“നാസറിന് കുവൈത്ത് പൌരത്വം തന്നാല്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കാന്‍ തയാറാവുമോ?(വല്ലവന്‍റെയും വാരിക്കൊരിത്തരാന്‍ സായിപ്പ് പണ്ടേ കേമനാണല്ലോ)
ഞാന്‍ നിസ്സംശയം പറഞ്ഞു : ഇല്ല!
സായിപ്പ് : “ഇവിടെ നിന്ന് നല്ലൊരു പെണ്ണിനെയും കല്യാണം കഴിച്ചു തരാം”
വീണ്ടും എന്‍റെ മറുപടി ‘ഉപേക്ഷിക്കില്ല’ എന്ന് തന്നെയായിരുന്നു. (പെണ്ണെന്ന് പറഞ്ഞത് നിങ്ങടെ അയല്‍ക്കൂട്ടത്തില്‍ നെരങ്ങുന്ന പെണ്ണല്ല എന്ന് സായിപ്പ് പറഞ്ഞോ എന്തോ എനിക്കോര്‍മ്മയില്ല).
സായിപ്പ് വീണ്ടും: “നാസര്‍, ഇഷ്ടം പോലെ പണവും തരാം. പൌരത്വം ക്യാന്‍സല്‍ ചെയ്തു കൂടെ? ( അയാള്‍ക്ക് ഇന്ത്യക്കാരനാവാന്‍ കഴിയാത്തതിലുള്ള അസൂയ കൊണ്ടാണ് ഈ ചോദ്യമെന്ന് എനിക്ക് തോന്നി).
വേണ്ട സായിപ്പേ എനിക്ക് നിങ്ങള്‍ കോടികള്‍ തന്നാലും എന്‍റെ പൌരത്വം ഞാന്‍ ക്യാന്‍സല്‍ ചെയ്യില്ല.
അപ്പോള്‍ സായിപ്പിന് അതിന്‍റെ കാരണം അറിയണം.
ഞാന്‍ കൂസലില്ലാതെ പറഞ്ഞു. ഒരു പക്ഷെ നിങ്ങളുടെ കണ്ണില്‍ ഇന്ത്യ ഒരു ദരിദ്ര രാജ്യമായിരിക്കാം. (ഞാന്‍ ഇത് പറഞ്ഞെങ്കിലും സായിപ്പ് എന്നോട് പറഞ്ഞത് ഇന്ത്യ വമ്പന്‍ സാമ്പത്തിക ശക്തിയാണ് എന്നായിരുന്നു – എന്തോ അദ്ദേഹം ഇന്ത്യയെ ഏതു വഴിയില്‍ വച്ചാണാവോ കണ്ടത്! - എന്തായാലും ഞാന്‍ അയാളുടെ തെറ്റിദ്ധാരണ മാറ്റി). ഞാന്‍ അതിനെ എതിര്‍ക്കുന്നില്ല. ഇന്ത്യയില്‍ പട്ടിണിപ്പാവങ്ങളുണ്ട്, വേശ്യകളുണ്ട്- എന്നിട്ടും ബലാല്‍സംഗവും പെണ്‍വാണിഭവും ഉണ്ട്, (സപ്ലൈയും ഡിമാന്‍ഡും ആനുപാതികമായി വരാത്തത് കൊണ്ടായിരിക്കാം എന്ന് സായിപ്പ്) കള്ളമ്മാരും കൊള്ളക്കാരും പോക്കറ്റടിക്കാരും നരേന്ദ്രമോഡികളും ഉണ്ട്. തൊഴിലില്ലായ്മയുണ്ട്, അഴിമതിയുണ്ട്, ( ഇതെല്ലാം എന്നെ രോമാഞ്ചം കൊള്ളിക്കുന്നു എന്ന് കാട് കയറി ചിന്തിക്കല്ലേ, ഞാന്‍ ഒന്ന് മുഴുമിച്ചോട്ടെ) എന്നതെല്ലാം ഞാന്‍ സമ്മതിച്ചു തരാം. അത് കൊണ്ട് ഇന്ത്യ സ്വര്‍ഗമാണെന്ന അവകാശ വാദമൊന്നും എനിക്കില്ല. ആ സര്ട്ടിഫിക്കറ്റും നിങ്ങള്‍ തരണ്ട. പക്ഷെ, കേരളം ഞങ്ങള്‍ക്ക് സ്വര്‍ഗതുല്യമാണ്. അത് കൊണ്ടാണ് നിങ്ങള്‍ സായിപ്പ് തന്നെ കൊച്ചു കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിച്ചത്. ആ നാട് വിടാന്‍ എനിക്ക് പറ്റില്ല.
ഈ കേരളത്തിലെ ഒരു കോണിലാണ് എന്‍റെ നാട്. ഒരു പക്ഷെ, നമ്മുടെ നാട് നമുക്ക് പ്രിയങ്കരമാവുന്നത് നാം അവിടെ ജനിച്ചു വളര്‍ന്നു എന്ന കാരണം കൊണ്ട് മാത്രമായിരിക്കാം. ആ ഓര്‍മ്മകള്‍ മാത്രമായിരിക്കാം നമ്മെ നമ്മുടെ നാടുമായി ബന്ധിപ്പിക്കുന്ന ഒരദൃശ്യ കണ്ണി. നമ്മുടെ നാട് നമുക്ക് പ്രിയങ്കരമാവുന്നത് പോലെ മറ്റുള്ളവര്‍ക്കും പ്രിയങ്കരമാവണമെന്നില്ല. ഇവിടെ വരുന്ന അന്യ നാട്ടുകാര്‍ക്ക് ഒരല്‍പ നേരത്തെ വിസ്മയക്കാഴ്ചകള്‍ നല്‍കാന്‍ മാത്രമേ ഈ നാടിന്‍റെ സൌന്ദര്യം കൊണ്ടാവൂ. അതിലപ്പുറം അന്യനായ ഒരാളെ എവിടെയെങ്കിലും തളച്ചിടാന്‍ ഈ നാടിനെന്നല്ല ഒരു നാടിനും കഴിയില്ല. ഗൃഹാതുരത്വം (Nostalgia or homesickness) തന്നെയാണ് കാരണം.
Sunday, June 19
പ്രവാസജീവിതം - ഒരു മടുപ്പിക്കുന്ന ഓര്‍മ്മ.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ബിരുദാനന്തരബിരുദം കക്ഷത്തില്‍ കൊണ്ട് നടക്കുന്ന കാലം. ഒരു ജോലിക്ക് വേണ്ടിയുള്ള തിരച്ചില്‍ എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് ഫ്രീ വിസയുടെ രൂപത്തില്‍ വന്ന ദൈവ നിയോഗവുമായി കുവൈത്തിലേക്ക് വണ്ടി കയറിയത്. അന്ന് വരെ അറബിക്കഥകളില്‍ കേട്ട മരുഭൂമിയും കൊട്ടാരക്കെട്ടുകളും ഒട്ടകങ്ങളും എല്ലാം നേരില്‍ കാണാന്‍ പോവുകയാണ്. പക്ഷെ, അതിന്‍റെ ഒന്നും ത്രില്ലിലായിരുന്നില്ല ഞാന്‍. സ്വന്തം നാട്ടിലല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഒരു നല്ല ജോലി എന്ന ഒരു സ്വപ്നം മാത്രമേ എന്‍റെ മനസ്സിലുണ്ടായിരുന്നുള്ളൂ.
എന്തൊക്കെയായിരുന്നു പ്രതീക്ഷകള്‍- ധാരാളം സമ്പാദിക്കണം, വീട് വെക്കണം, കാറ് വാങ്ങണം, താന്‍ ഇഷ്ടപ്പെടുന്ന തന്നെ ഇഷ്ടപ്പെടുന്ന പെണ്ണിനെ തന്നെ കല്യാണം കഴിക്കണം. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളുമായി ഓരോ പ്രവാസിയെയും പോലെ ഈയുള്ളവനും. ആശകള്‍ക്ക് ഒട്ടും കുറവില്ലായിരുന്നു. അങ്ങനെ ഒരു ഒക്ടോബര്‍ 8 നു റമളാന്‍ മാസത്തിലെ നോമ്പ് തുറയോടെ വിമാനം കയറിയ ഞാന്‍ ആകാശലോകത്തിലൂടെ കുവൈത്തില്‍ പറന്നിറങ്ങി.
കുവൈറ്റ് അന്ന് വരെ കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ ഒരുക്കി എന്‍ മുന്നില്‍ നിറഞ്ഞു നിന്നു. വിശാലമായ പാതകള്‍, ചീറിപ്പായുന്ന വാഹനങ്ങള്‍, വാഹനങ്ങള്‍ കറങ്ങിയിറങ്ങുന്ന പാലങ്ങള്‍, റോഡുകള്‍, റിങ്ങുകള്‍, റൌണ്ടുകള്‍, പൂന്തോട്ടങ്ങള്‍, വഴിയോരം വിടര്‍ന്നു നില്‍ക്കുന്ന നാനാവര്‍ണങ്ങളിലുള്ള പൂക്കള്‍, സ്ഥലപ്പേര് മാറുന്നതിനനുസരിച്ച് ഗാര്‍ഡനുകള്‍, സ്റ്റേഡിയങ്ങള്‍, പാര്‍ക്കുകള്‍, ഫയര്‍ സ്റ്റേഷന്‍, കോ ഓപരേടിവ് സൊസൈറ്റികള്‍, പോലീസ് സ്റ്റേഷന്‍, തിരിയുന്ന ദിക്കിലെല്ലാം കണ്ണെത്തുന്നിടത്ത് മസ്ജിദുകള്‍, നമ്മുടെ നാലു വരിപ്പാതയോളം വരുന്ന സ്ട്രീറ്റ് റോഡുകള്‍. ആദ്യമെല്ലാം അത്ഭുതമായിരുന്നു. വീഡിയോ ഗെയിമുകളില്‍ നാം കാണാറുള്ള മാരിയോയെ പോലെ ഇടുങ്ങിയ വഴികളും, ഗട്ടറുകളും, തീക്കൊള്ളികളും തരണം ചെയ്ത് കോട്ട പിടിച്ചടക്കിയ പ്രതീതി.
എല്ലാം ആധുനികവല്‍ക്കരിച്ച ഒരു ഉട്ടോപ്യന്‍ രാഷ്ട്രം എന്ന് പറയാം. ഇവിടെ അധ്വാനിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം പണിയാം. അങ്ങനെ സ്വര്‍ഗ്ഗം പണിയാന്‍ വന്നവരുടെ കൂട്ടത്തില്‍ ഒരുവനായി ഞാനും താമസം തുടങ്ങി. ഇനി ജോലി കണ്ടെത്തണം. തിരച്ചില്‍ തുടങ്ങണമെങ്കില്‍ ബത്താക്ക(വത്തക്കയല്ല) കിട്ടണം. ബത്താക്ക കിട്ടാന്‍ ഒന്ന് രണ്ടു മാസമെടുക്കും. രണ്ടു മാസം റൂമില്‍ ചടഞ്ഞിരിക്കണം. അതൊരു വിഷയമേയല്ലായിരുന്നു. ആദ്യമെല്ലാം എങ്ങനെ ജോലി കണ്ടെത്തും അല്ലെങ്കില്‍ എന്ത് ജോലി കണ്ടെത്തും എന്നുള്ള ആശങ്കകളെല്ലാം ഉണ്ടായിരുന്നെങ്കിലും പിന്നീടതെല്ലാം മാറി. അതിനിടയില്‍ കുറെ മുഖങ്ങള്‍ വന്നു പൊയ്ക്കൊണ്ടിരുന്നു. തന്നെത്തേടി വന്ന തന്‍റെ നാട്ടുകാരുടെ ഫോണ്‍ കോളുകള്‍, കുശലാന്വേഷണങ്ങള്‍, ജോലി വാഗ്ദാനങ്ങള്‍, പ്രോത്സാഹനങ്ങള്‍ എല്ലാം രണ്ടും കയ്യും നീട്ടി സ്വീകരിച്ചു.
റൂമില്‍ താന്‍ മാത്രമായിരുന്നില്ല. തന്നെപ്പോലെ, ഫ്രീ വിസയില്‍ വന്ന മറ്റു നാല് പേര്‍ കൂടി ഫ്രീയായി ഇരിക്കുന്നുണ്ടായിരുന്നു. ബഷീറും, ലിശാരും, നജ്മുവും തന്നെക്കാള്‍ മുന്നേ വന്നവരാണ്. ഒരേ ഫ്ലൈറ്റില്‍ ആയിരുന്നെങ്കിലും പരസ്പരം കാണാതെയാണ് ഞാനും സൈഫുവും റൂമില്‍ വന്നു പെട്ടത്. ഇവരെല്ലാം ഒരുമിച്ചപ്പോള്‍, താന്‍ ഭയന്ന ഏകാന്തത തന്നില്‍ നിന്നും വിട്ടുനിന്നു. ജീവിതം മറ്റൊരു ഗതിയിലേക്ക് വഴി മാറുകയാണ്.
പ്രവാസ ജീവിതത്തിന്‍റെ രുചിയറിഞ്ഞ ആദ്യ നാളുകളില്‍ തന്നെ എനിക്കെന്തോ ഒരു തരം മടുപ്പായിരുന്നു. എല്ലാം ഇട്ടെറിഞ്ഞു പോവണമെന്ന് ഓരോ വര്‍ഷം കഴിയുമ്പോഴും ആഗ്രഹിക്കും. പക്ഷെ, ഓരോ വര്‍ഷവും നാട്ടിലെത്തുമ്പോള്‍, കുണ്ടും കുഴിയും നിറഞ്ഞ റോഡും, ആഴ്ച തോറുമുള്ള ഹര്‍ത്താലും, കിലോമീറ്ററുകള്‍ താണ്ടുന്നതില്‍ താന്‍ ചിലവഴിക്കേണ്ടുന്ന സമയ ദൈര്‍ഘ്യത്തിലുള്ള വ്യത്യാസവും, നാറുന്ന മൂത്രപ്പുരകളും, ബസ് സ്റ്റാണ്ടുകളും, കുളിക്കില്ലെന്ന വാശിയില്‍ ഓടുന്ന ബസ്സുകളും, പിന്നെ പ്രകൃതിയുടെ വികൃതി പോലെ നിര്‍ത്താതെ പെയ്യുന്ന മഴയും(മഴ അനുഗ്രഹമാണ്), വേനല്‍ വരുമ്പോള്‍ വറ്റി വരളുന്ന കുടി വെള്ള പൈപ്പുകളും, കിണറുകളും എല്ലാം തന്നെ വീണ്ടും മണലാരണ്യത്തിലെ കൊടും ചൂടിലേക്ക് തിരിച്ചു വണ്ടി കയറാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
ചിലതെല്ലാം പ്രകൃതി നമുക്ക് വാരിക്കോരി തന്നിട്ടുണ്ട്.തോടുകളും പാടങ്ങളും ഒഴുകുന്ന പുഴകളും കുന്നുകളും താഴ്വരകളും എങ്ങു നോക്കിയാലും കാണുന്ന പച്ചപ്പുകളും കാണുമ്പോള്‍ ഓര്‍ക്കും എന്‍റെ നാട് ദൈവത്തിന്‍റെ സ്വന്തം നാടാണെന്ന്. പണത്തിന്‍റെ പൂച്ചില്‍ അത്തറും പൂശി നിലം തൊടാതെ നടക്കുന്ന അറബികളെ കാണുമ്പോള്‍ ഞാന്‍ മനസ്സില്‍ പറയും: “അറബി മക്കളെ, ഇങ്ങനെ ഞെളിയാന്‍ മാത്രം എന്താണ് നിങ്ങള്‍ക്കുള്ളത്? ഒരു കാറ്റടിച്ചാല്‍ പൊടി നിറയുന്ന നിന്‍റെ നാല് നില ബംഗ്ലാവോ? അതോ മത്സരിച്ച് നീ പണിയുന്ന നാല്‍പതും അമ്പതും നിലകള്‍ വരുന്ന കെട്ടിട സമുച്ചയങ്ങളോ. ഇതൊക്കെയുണ്ടെങ്കിലും, കാറ്റ് കൊള്ളാന്‍ നിനക്കൊന്നു പുറത്തിറങ്ങാന്‍ പറ്റോ? നിനക്ക് കൊള്ളാം നല്ല ചൂടന്‍ കാറ്റ്, തണുപ്പ് കാലത്താണെങ്കില്‍ നല്ല ഐസന്‍(ice) കാറ്റും. ഇതാണ് നിന്‍റെ ഗതി. നിനക്ക് നിന്‍റെ എണ്ണപ്പണം നിന്‍റെ വീട്ടിന്‍റെ ഉള്ളില്‍ വെച്ച് സുഖിക്കാം. പുറത്തിറങ്ങി നടക്കണമെങ്കില്‍, കടപ്പുറത്ത് മലര്‍ന്നു കിടക്കണമെങ്കില്‍ വാ എന്‍റെ നാട്ടിലേക്ക്. അവിടെ കാറ്റിനു കുളിര്‍മയാണ്. നിന്‍റെ ദേഹമാസകലം അത് കുളിര് കൊരിയിടും. നിന്‍റെ ഉഷ്ണം അത് തുടച്ചെടുക്കും. നീ കേട്ടോ, നിനക്ക് പണം വാരിക്കൊരിത്തന്നെങ്കില്‍ ഞങ്ങള്‍ക്ക് പടച്ചോന്‍ പ്രകൃതിയാണ് തന്നത്.
ഈ ദുനിയാവിന്‍റെ സൌന്ദര്യം മുഴുവന്‍ എന്‍റെ നാട്ടിലാണ്. തെളിനീരോഴുകുന്ന പുഴ നിന്‍റെ ഏതു കോത്താഴത്താണ് ഉള്ളത്. അതില്‍ ചാടിക്കുളിക്കുന്ന സുഖം നിന്‍റെ അറബിക്കടലില്‍ കിട്ടോ? കിട്ടോഡാ ബ്ലഡി ഫൂള്‍.
അതാണ്ട ഞങ്ങടെ ഗോഡ്സ് ഓണ്‍ കണ്ട്രി. ഞങ്ങളുടെ മണ്ണില്‍ വീണ വിത്തെല്ലാം താനെ മുളക്കും. നിന്‍റെ മണ്ണില്‍ നീ അതിന് വെള്ളം ഒഴിച്ച് വെള്ളം കുടിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. നിനക്ക് ഒരു ധാരണയുണ്ട്. നീ അറബിയാണ്. നിങ്ങളുടെ നാട്ടുകാരനാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ). പക്ഷെ, ഈ പ്രവാചകന്‍ ഇന്ന് ഞങ്ങടെ കൂടെയാ. ലോകത്തിലെ ശുദ്ധരും നിഷ്കളങ്കരും ഭക്തരുമായ മുസ്ലിംകളുടെ കൂടെ. അവനാണ് ഇന്ന് പ്രവാചകന്‍റെ അനുയായികള്‍, അവകാശികള്‍. അവരാണ് സുന്നത്ത് മുറുകെപ്പിടിക്കുന്നവര്‍. നിനക്ക് ഇന്നലെ വരെ ബുഷ് ആയിരുന്നു നിന്‍റെ നേതാവ്. ഇന്ന് ഒബാമയാണ്. അവര്‍ പറയുന്നതാണ് നിനക്ക് വേദ വാക്യം. ആ സാമ്രാജ്യത ദുഷ്പ്രഭുക്കള്‍ക്ക് നിന്‍റെ ഭൂമി നീ പണയം വെച്ചു. അവര്‍ പറഞ്ഞാല്‍ നീ പള്ളികള്‍ നേരത്തെ അടക്കും. സകാത്ത് ഫണ്ട് പൂട്ടിക്കും. തോന്നുന്നിടത്തെല്ലാം അവരുടെ അഴിഞ്ഞാട്ടം അനുവദിക്കും. തിന്നും കുടിച്ചും കൂത്താടുമ്പോള്‍ നീ ആലോചിച്ചില്ല പലസ്തീന്കാരാ, നിന്‍റെ മണ്ണ് മറ്റവന്‍ കട്ടോണ്ട് പോവുമെന്ന്. പ്രവാചകന്‍റെ സുന്നത്ത് മറന്ന നീയാണ് അറബിയെന്ന് മേനി നടിക്കുന്നത്.
നീ ശമ്പളം കൊടുക്കാതെ പീഡിപ്പിച്ച എത്ര ജോലിക്കാരുണ്ട്. ഇന്ത്യയെന്ന മഹാരാജ്യത്ത് വാടാ ഹിമാറെ, നിനക്ക് കാണാം. എത്ര പേര്‍ ശമ്പളം ലഭിക്കാതെ ചതിക്കപ്പെടുന്നു എന്ന്. നിനക്ക് അതാണ് അറിയാവുന്ന ആണത്തം. ഒട്ടകത്തിന്‍റെ ഇറച്ചിയും അതിന്‍റെ പാലും തട്ടി നീ വലിയ ശക്തനായപ്പോഴും സ്വന്തം വലിപ്പം അറിയാത്ത ആനയെപ്പോലെയാണ് നീ. നിനക്കറിയാവുന്നത്, നാലാളുടെ പിന്‍ബലത്തില്‍ നിന്‍റെ തൊഴിലാളികളെ തല്ലാന്‍ മാത്രമാണ്. നീ തല്ലിക്കൊന്ന ജോലിക്കാര്‍ നിന്നെ പരലോകത്ത് വെറുതെ വിടുമോ?”
ഇത്രയൊക്കെ മനസ്സ് പറഞ്ഞു തീരുമ്പോഴേക്കും വണ്ടി എത്തും. ഞാന്‍ വണ്ടി കേറിപ്പോവും. ഇങ്ങനെ കാലങ്ങള്‍ കഴിഞ്ഞു പോയി. കൊഴിഞ്ഞു പോയി എന്നതാവും ശരി. കാരണം, കൊഴിഞ്ഞു പോയ ഇലകള്‍ വീണ്ടും തിരിച്ചു മരത്തിലേക്ക് വലിഞ്ഞു കേറാറില്ലല്ലോ. ആ സ്ഥാനത്ത് വേറെ ഒരു പുത്തന്‍ ഇല വരും. ഈ ലോകം ആരിലും ആശ്രയിക്കുന്നില്ല എന്ന് തോന്നിപ്പോകുന്നത് അപ്പോഴാണ്. ലോകം അതിന്‍റെ സ്വന്തം നിലക്ക് ഉരുണ്ടു കൊണ്ടിരിക്കുന്നു. ഏതോ ഒരു കോണില്‍ ഒരു നാസര്‍ ജീവിച്ചിരുന്നതൊന്നും നാളെ ലോകം ആരോടും പറയാന്‍ പോകുന്നില്ല. പറയുന്നത് നാസറിനെ പ്പോലെ ഈ ലോകത്ത് ജനിച്ചു ജീവിക്കുന്ന ആരെങ്കിലുമായിരിക്കും. അതാണ് ലോകം. മായകളുടെ ലോകം. മായാദേവികളുടെയും മൂധേവികളുടെയും ലോകം.
കാക്കത്തൊള്ളായിരം കഥകള്‍ പറയാനുണ്ട് ഓരോ പ്രവാസിക്കും. ഹംസക്ക വിസയില്ലാതെ ഇരിക്കുന്നതും, ഷക്കീര്‍ ജോലി ഇല്ലാതെ ഇരിക്കുന്നതും, ഫിലിപ്പിനി അറബിയെ പറ്റിച്ചതും, ഷാഹുല്‍ വാസ്ത വെച്ച് ലൈസെന്‍സ് എടുത്തതും, ഷമീര്‍ പെണ്ണ് കെട്ടിയതും, മുല തൂങ്ങിയ സിലോണി മയ്യത്തായതും, ഇബ്രാഹിം സൂരികളെ തല്ലിയതും, കോഴിക്കോടുകാരന്‍ കുറിപ്പൈസയുമായി മുങ്ങിയതും എല്ലാം തീന്‍മേശയില്‍ ഭക്ഷണത്തോടൊപ്പം വിളമ്പാനുള്ള വിഭവങ്ങളാണ്.
ഇനി എന്നാണ് ഈ പ്ര(യാ)വാസ ജീവിതം മതിയാക്കി ഒരു പോക്ക്. എനിക്കറിയില്ല. പടച്ചോന് മാത്രം അറിയാം.
കൊല്ലങ്ങളായി ഗള്‍ഫില്‍ വന്നിട്ടെന്നു പറഞ്ഞ അസ്ലം ഭായിയോടു ഞാന്‍ തിരിച്ചു ചോദിച്ചു.
“ഇനി നാട്ടില്‍ കൂടിക്കൂടെ”
അസ്ലം അതിന് മറുപടിയും തന്നു:
”മോനെ കൊല്ലങ്ങളെ ആയുള്ളൂ കയ്യിലോന്നും ആയില്ല”.
അതെ, അതാണ് കാര്യം നമ്മള്‍ കൊല്ലങ്ങളാക്കാനല്ല ഇങ്ങോട്ട് കേറിയത്. കയ്യില്‍ കനം വേണം. അതിന് അഞ്ചു കിലോ മുട്ടി എടുത്തു വെച്ചാലോന്നും മതിയാവില്ല. പണം വേണം. പണം കായ്ക്കുന്ന മരം വേണം. കല്യാണപ്പന്തലില്‍ കച്ചവടം നടക്കുമ്പോള്‍ എറിഞ്ഞു തുലക്കാന്‍ പണം വേണം. പെണ്ണിനെ കെട്ടിയെടുക്കുന്നവന് സ്വര്‍ണം കൊണ്ട് തുലാഭാരം നടത്താന്‍ പണം. അവന്‍റമ്മക്കും അമ്മൂമ്മക്കും കാഴ്ച്ചയോരുക്കാന്‍ പണം വേണം. ഒരു വീട് വെക്കാന്‍, സ്ഥലം വാങ്ങാന്‍, മഴ കൊള്ളാതെ യാത്ര ചെയ്യാന്‍ കാറ് വാങ്ങാന്‍ പണം വേണം. ഈ പണം ഉണ്ടാക്കാന്‍ ഈ ചൂടൊക്കെ അങ്ങ് സഹിക്കാം. പക്ഷെ, വിരഹ വേദന- അതെങ്ങനെ സഹിക്കും എന്നതാണ് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യം.
ഹോ, ഇനിയൊരു ജീവിതം ഉണ്ടെങ്കില്‍ (ഇല്ലെന്നറിയാം) പ്രവാസജീവിതം ആവരുതെ...............
Wednesday, March 9
Subscribe to:
Posts (Atom)


