Sunday, August 11

ഇസ്ലാമിക്‌ ബാങ്കിംഗ് – എന്ത്? എന്തിന്?

    ദിവസങ്ങളോളം കാട്ടില്‍ അലഞ്ഞു നടന്ന് ശേഖരിച്ച ഒരു ചാക്ക് മലര്‍പ്പൊടിയുമായി അയാള്‍ വീട്ടിലേക്ക്‌ നടന്നു. കയ്യില്‍ അയാളുടെ സന്തത സഹചാരിയായ വടിയും ഉണ്ട്. വീട്ടിലെത്തി മലര്‍പ്പൊടി മുഴുവന്‍ ഒരു വലിയ മണ്‍കലത്തിലാക്കി ഉറിയില്‍ കെട്ടി അയാള്‍ അതിന്‍റെ താഴെ കിനാവു കണ്ടിരുന്നു.

 

താനീ മലര്‍പ്പൊടി ചന്തയില്‍ കൊണ്ട് പോയി നല്ലൊരു വിലക്ക് വില്‍ക്കും. ആ പൈസ കൊണ്ട് ലക്ഷണമൊത്ത ഒരു ആടിനെ വാങ്ങിക്കും. ആ ആടിനെ വളര്‍ത്തിക്കൊണ്ടു വന്നാല്‍ ഏതാനും  മാസങ്ങള്‍ക്കുള്ളില്‍ അത് പ്രസവിക്കും. ചിലപ്പോള്‍ അതില്‍ രണ്ടു കുട്ടികള്‍ ഉണ്ടായേക്കാം. ചിലപ്പോള്‍ മൂന്നു കുട്ടികള്‍ ഉണ്ടായേക്കാം. പിന്നെ അവയെയും വളര്‍ത്തും, അവയും പ്രസവിച്ചു കൂട്ടും. അങ്ങനെ തൊഴുത്ത് മുഴുവന്‍ ആടുകളെ കൊണ്ട് നിറയുമ്പോള്‍ അവയുടെ പാല്‍ വിറ്റും ആടുകളെ ഓരോന്നായി വിറ്റും താന്‍ വല്യ പണക്കാരനാകും. 

അങ്ങനെ പണം സമ്പാദിച്ച് താന്‍ സുന്ദരിയായ ഒരു പെണ്ണിനെ വിവാഹം കഴിക്കും. വിവാഹം ആര്‍ഭാടമായി ത്തന്നെ നടത്തും. അവളെ പൊന്നു പോലെ നോക്കും. കാലങ്ങള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ അഞ്ചാറ് കുട്ടികള്‍ ഉണ്ടാവും. അവരെയെല്ലാം വളര്‍ത്തി വലുതാക്കി സ്കൂളില്‍ പറഞ്ഞയക്കും. ചിലപ്പോള്‍ കുട്ടികള്‍ നല്ല വികൃതി കാണിക്കാന്‍ സാധ്യതയുണ്ട്. വികൃതി സഹിക്ക വയ്യാതായാല്‍ ഈ ചൂരല്‍ കൊണ്ട് ചന്തിക്ക് ഇങ്ങനെ ഒരൊറ്റ അടി.

അയാള്‍ കയ്യിലിരുന്ന വടി ആഞ്ഞു വീശി. അയാളുടെ തലയ്ക്കു മേലെയിരുന്ന ഉറിയില്‍ വടി തട്ടി ഉറിയിലെ മണ്‍പാത്രം ഉടഞ്ഞ് മലര്‍പ്പൊടിയെല്ലാം അയാളുടെ മേലേക്ക്‌ വീണു.

 

ഇതിനെയാണ് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം എന്ന് ഉപമയായി പറയുന്നത്.

 

ഈ കഥ ഓര്‍ത്തെടുക്കാന്‍ കാരണമുണ്ട്. ഇസ്ലാമിക്‌ ബാങ്കിംഗ് വരുന്നു എന്ന് കേള്‍ക്കുന്നതിനു മുമ്പേ അതിന്‍റെ കുറെ പദ്ധതികളെപ്പറ്റിയായിരുന്നു നാടാകെ ചര്‍ച്ച. ആദ്യം തന്നെ ശബരിമല പാതയുടെ വികസനത്തിന് കോടികള്‍ ധനസഹായം നല്‍കുന്നു എന്നെല്ലാം വാര്‍ത്ത‍ പരക്കുന്നത് കണ്ടു.  

 

ഇപ്പോള്‍ അതിനെക്കുറിച്ച് ഒന്നും തന്നെ കേള്‍ക്കാനില്ല.

 

ഗവണ്‍മെന്റ് എന്തുകൊണ്ടോ ഇസ്ലാമിക്‌ ബാങ്കിംഗിനെ പ്രോല്‍സാഹിപ്പിക്കാന്‍ മുന്നോട്ടു വരുന്നില്ല. സമാന്തര ബാങ്കിംഗ് ഒരിക്കലും നിലവിലെ ബാങ്കിംഗ് സമ്പ്രദായത്തെ ബാധിക്കില്ല എന്ന് മാത്രമല്ല ബാങ്കിംഗ് മേഖലയില്‍ ആരോഗ്യകരമായ കിട മത്സരത്തിനു വഴി വെക്കുകയും ചെയ്യും. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നേടിയെടുക്കാനും സ്വയം സംരംഭങ്ങള്‍ തുടങ്ങാനും സാധിക്കും. വലിയൊരു ജനവിഭാഗത്തിന്‍റെ കാലങ്ങളായുള്ള ആവശ്യമാണ് ഇത്. ഇതിനെ നിസാരവല്‍ക്കരിക്കുന്നത് ഒരു പാര്‍ട്ടിക്കും ഒരു ഗവണ്‍മെന്റിനും ഗുണം ചെയ്യില്ല.

 

ഇസ്ലാമിക്‌ ബാങ്കിംഗ് – എന്ത്? എന്തിന്?    ഇസ്ലാമിക ശരീഅത്ത് പ്രകാരം പ്രവര്‍ത്തിക്കുന്ന പലിശരഹിത ബാങ്കിംഗ് സമ്പ്രദായമാണ് ഇസ്ലാമിക്‌ ബാങ്കിംഗ്. ഇതിന്‍റെ അടിത്തറ ലാഭം പങ്കു വെക്കുക എന്ന ലക്ഷ്യമാണ്. ഇസ്ലാമിക്‌ ബാങ്കിംഗ് പണമിറക്കുന്ന ബിസിനസില്‍ നിന്നും കിട്ടുന്ന ലാഭത്തിന്‍റെ അനുപാതം/ശതമാനം നിക്ഷേപത്തിന്‍റെ/മൂലധനത്തിന്‍റെ മേല്‍ എത്രയാണോ ആ റേറ്റ് ആയിരിക്കും വായ്പയുടെ മേല്‍ ഈടാക്കുന്ന ലാഭവിഹിതം. ഒരു നിശ്ചിത തുക ഈടാക്കുന്നു എന്ന കാരണത്താല്‍ വായ്പയിനത്തില്‍ ഇതര ബാങ്കുകള്‍ക്ക് വെല്ലുവിളിയാവില്ല ഇസ്ലാമിക് ബാങ്കിംഗ്. പലിശക്ക്‌ ബദലാകുന്ന ഈ സമ്പ്രദായത്തെ ഒരു പക്ഷെ ദോഷൈകദൃക്കുകള്‍ പരിഹസിച്ചേക്കാം. അതും ഇതും തമ്മിലെന്ത് വ്യത്യാസം എന്ന് പുച്ഛിച്ചേക്കാം?

വ്യത്യാസം പ്രധാനമായും ഇസ്ലാമിക തത്വാധിഷ്ഠിതമാണ്. ഇസ്ലാമിക വിധിവിലക്കുകള്‍ അറിയാവുന്നവര്‍ക്ക് ഈ വ്യത്യാസം വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും.മുസ്ലിംകള്‍ ഗൗരവത്തിലെടുക്കുന്ന പ്രധാനമായ ചില വ്യത്യാസങ്ങള്‍:-

 

1      ഇസ്ലാമിക ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന പണം പലിശ ഇടപാടുകള്‍ക്ക് ഉപയോഗിക്കപ്പെടുന്നില്ല.

2      അവര്‍ക്ക്‌ ലഭിക്കുന്ന വായ്പയുടെ മേല്‍ പലിശ ഈടാക്കുന്നില്ല. (മേല്‍ പറഞ്ഞ ലാഭവിഹിതം ഈടാക്കാതെയും വായ്പ നല്‍കാറുണ്ട്).

3      ബാങ്ക് എക്കൌണ്ടില്‍ നിക്ഷേപിക്കപ്പെടുന്ന പണം ലാഭകരമായ ബിസിനസില്‍ മുതലിറക്കി അതിന്‍റെ ലാഭത്തിന്‍റെ പങ്ക് നിക്ഷേപകനും ലഭിക്കുന്നു. (ചില ബാങ്കുകളില്‍ ഈ രീതി കാണാനിടയില്ല.)

4      ബാങ്കിംഗ് ഉള്‍പ്പെടെ ഏതൊരു ബിസിനസിന്‍റെയും പ്രധാന പ്രവര്‍ത്തന ലക്ഷ്യം ലാഭം ഉണ്ടാക്കുക എന്നതാണെങ്കില്‍ ഇസ്ലാമിക്‌ ബാങ്കിംഗിന്‍റെ പ്രധാന ലക്ഷ്യം സാമൂഹിക നന്മയാണ്. സാധാരണക്കാരുടെയും അല്ലാത്തവരുടെയും സാമ്പത്തിക ഉന്നമനവും പുരോഗമനവും ആണ് ഈ ബാങ്കിംഗ് സമ്പ്രദായം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി നിക്ഷേപകന്‍റെ പണം ഉപയോഗപ്പെടുത്തിയേക്കാം.ഇതിന്‍റെ ഗുണഭോക്താക്കള്‍:-ഇതിന്‍റെ ഗുണഭോക്താക്കള്‍ എന്നതിലുപരി ഇതിന്‍റെ ആവശ്യക്കാര്‍ എന്നതാണ് ശരി. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കും ഇസ്ലാമിക്‌ ബാങ്കിംഗ്. ഇതിന്‍റെ ആവശ്യക്കാരെ മാത്രമാണ് താഴെ എണ്ണിപ്പറയുന്നത്. ഒരിക്കലും ഒരു കാറ്റും ജാതി തിരിച്ചോ മതം തിരിച്ചോ വീശുന്നില്ല, ഒരു മഴയും അങ്ങനെയല്ല പെയ്യുന്നത്, സൂര്യനുദിക്കുന്നതും അങ്ങനെയല്ല.1     പള്ളി - മദ്രസകള്‍, അനാഥ-അഗതി മന്ദിരങ്ങള്‍, അറബിക് കോളജുകള്‍

           

പതിനായിരക്കണക്കിന് വരുന്ന പള്ളി, മദ്രസ, അറബിക് കോളജുകള്‍, അനാഥ അഗതി മന്ദിരങ്ങള്‍, സകാത് ഹൗസ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വരുമാനം ഇസ്ലാമിക് ബാങ്കുകളിലേക്ക് ഒഴുക്കാം. ഒരു ടൌണിനെ കേന്ദ്രീകരിച്ചാല്‍ തന്നെ അതിന്‍റെ ചുറ്റുവട്ടത് തന്നെ പള്ളികളും മദ്രസകളും അനാഥ അഗതി മന്ദിരങ്ങളുമൊക്കെ ചേര്‍ന്ന് നൂറു കണക്കിന് സ്ഥാപനങ്ങള്‍ കാണും. നിലവിലെ ബാങ്കുകളില്‍ ഈ പണം വന്നു ചേരുന്നില്ല എന്നതിനാല്‍ അവയ്ക്കും യാതൊരു വ്യാപാര നഷ്ടവും ഇല്ല.2     മേല്‍ പറഞ്ഞ സ്ഥാപനങ്ങളിലെ ജീവനക്കാര്‍.മേല്‍ പറഞ്ഞ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ ശമ്പളം ബാങ്ക് വഴി നല്‍കാം. ഇതര ബാങ്കിംഗ് സമ്പ്രദായം ഹറാം എന്ന് ചിന്തിക്കുന്നത് കൊണ്ട്, പള്ളി മുദരിസുമാര്‍ ബാങ്ക് ഇടപാടുകളില്‍ നിന്നും വിദൂരത്താണ്. (ആവശ്യത്തിന് പണയം വെക്കാന്‍ ഓടുന്ന മുദരിസുമാരും ഉണ്ട്) അവരുടെ ശമ്പളത്തില്‍ നിന്നും ഒരു തുക സമ്പാദ്യമായി സൂക്ഷിക്കാനും സാധിക്കും. നിലവില്‍ മാസാമാസം കാഷ് സാലറി കൊടുക്കുകയാണ് പതിവ്. അതിനാല്‍ ഇതും മറ്റു ബാങ്കുകളെ ബാധിക്കില്ല.3     ഇസ്ലാമിക സംഘടനകള്‍

 

പള്ളി-മദ്രസകളില്‍ നിന്നും വേറിട്ട്‌ വിഭിന്ന രീതികളില്‍, മുക്കിലും മൂലയിലും ബ്രാഞ്ചുകളുമായി പ്രവര്‍ത്തിക്കുന്ന ധാരാളം ഇസ്ലാമിക സംഘടനകള്‍ ഇന്ത്യയിലൊട്ടാകെയുണ്ട്. ഇത്തരം സംഘടനകളുടെ സാമ്പത്തിക ഇടപാടുകള്‍ ഇസ്ലാമിക്‌  ബാങ്ക് വഴി നടത്താം.

 

4     മുസ്ലിം വ്യാപാരികള്‍

 

മുസ്ലിം വ്യാപാരികളെ ആകര്‍ഷിക്കാം. വിറ്റുവരവ് ബാങ്കില്‍ അടക്കുന്ന പതിവ് ഇന്നും പലര്‍ക്കും ഇല്ല. ഇടപാടുകള്‍ മുഴുവന്‍ ബാങ്ക് വഴി നടത്താന്‍ അറിയാവുന്ന വ്യാപാരികള്‍ ചുരുക്കമാണ്. അത് കൊണ്ട് തന്നെ അതത്‌ ദിവസത്തെ വിറ്റുവരവ്‌ അവര്‍ വീട്ടിലേക്ക്‌ കൊണ്ട് പോവുകയോ വ്യാപാര സ്ഥാപനങ്ങളില്‍ തന്നെ സൂക്ഷിച്ചു വെക്കുകയോ ആണ് പതിവ്. ഇസ്ലാമിക ബാങ്കിംഗ് വരുന്നതോടെ ഈ രീതിയില്‍ ഒരു മാറ്റം വരുത്താം.5     ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടികള്‍ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടികള്‍ വിരലില്‍ എണ്ണാവുന്നതേയുള്ളുവെങ്കിലും ആ പാര്‍ട്ടികള്‍ പിരിച്ചെടുക്കുന്ന പണം എണ്ണിയാല്‍ തീരാത്തതാണല്ലോ. അത് കൊണ്ട് പാര്‍ട്ടികളും വരട്ടെ ഇസ്ലാമിക ബാങ്കിംഗിന്‍റെ മുന്‍ നിരയില്‍.

 

6     ഗള്‍ഫ്‌ മുസ്ലിം പ്രവാസികള്‍ഗള്‍ഫ്‌ മുസ്ലിംകള്‍ നാട്ടിലേക്ക്‌ പണമയക്കുന്നത് നിലവിലെ ബാങ്കിംഗ് സമ്പ്രദായം വഴി തന്നെയാണ്. പക്ഷെ, അവര്‍ക്ക് മുസ്ലിം പണ്ഡിതന്മാര്‍ നല്‍കിയിരിക്കുന്ന ഫതവ എന്തെന്നാല്‍ ബാങ്കിലേക്ക് അയക്കുന്ന പണം ബാങ്കില്‍ വെച്ചിരിക്കാന്‍ പാടില്ല, കാലതാമസം കൂടാതെ പിന്‍വലിക്കണം എന്നാണ്. അല്ലാത്ത പക്ഷം ആ പണം പലിശക്ക് വായ്പ നല്‍കാന്‍ ഉപയോഗിക്കപ്പെടും. അത് തെറ്റാണ്, കുറ്റകരമാണ്. അത് കൊണ്ട് തന്നെ പല മുസ്ലിം  പ്രവാസികളും ഫിക്സ്ഡ് ഡിപോസിറ്റ് നടത്താറില്ല എന്നതാണ് വാസ്തവം. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ശുദ്ധമായ ഇസ്ലാമിക്‌ ബാങ്കിംഗ് രീതി തന്നെ ശരണം.

 

7     അറബ് നിക്ഷേപകര്‍ഇവരാണ് ഏറ്റവും പ്രധാനം. അറബ് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇസ്ലാമിക്‌ ബാങ്കിംഗ് സമ്പ്രദായം വന്നേ തീരൂ. അതല്ലാതെ ജിമ്മും എമേര്‍ജിംഗ് കേരളയും വെച്ചിട്ട് യാതൊരു കാര്യവുമില്ല. അത് കൊണ്ടായിരിക്കാം ബോംബെ എക്സ്ചേഞ്ച് ശരീഅത്ത് പ്രകാരമുള്ള അമ്പത്‌ കമ്പനികളെ ലിസ്റ്റ് ചെയ്തിട്ടും അറബികളെ കാര്യമായി ആകര്‍ഷിക്കാന്‍ കഴിയാതിരുന്നത്. അറബികള്‍ സാമ്പത്തിക കാര്യങ്ങളില്‍ വളരെ ശ്രദ്ധയുള്ളവരാണ്. ഫരീദ്‌ അബ്ദുറഹ്മാനെ കള്ളുകുടിയന്‍ എന്ന് വി എസ് ആക്ഷേപിച്ചത് പോലെ എല്ലാ അറബികളെയും അങ്ങനെ കാണേണ്ടതില്ല. ഭൂരിഭാഗം അറബികളും അവരുടെ വരുമാനവും ചിലവും ശുദ്ധമായ മാര്‍ഗത്തിലൂടെയായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അത് കൊണ്ട് തന്നെ പലിശ രഹിത ബാങ്കിംഗ് അറബ് രാഷ്ട്രങ്ങളില്‍ വന്  വിജയവുമാണ്. പല ബാങ്കുകളും ഇസ്ലാമിക്‌ ബാങ്കിംഗ് രീതികളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

 

എമര്‍ജിംഗ്കേരളയുടെ മുന്നോടിയായി കൊച്ചി നഗരം വൃത്തിയായി സൂക്ഷിച്ച പോലെ ശുദ്ധമായ ബാങ്കിംഗ് കൂടി ഉണ്ടെന്ന് കാണിച്ചാല് അറബികളെ കൂടി കേരളത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ കഴിയും. സാമാന്യം ഭേദപ്പെട്ട കമ്പനികള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ശേഷിയുള്ള ലക്ഷക്കണക്കിന് അറബികള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഉണ്ട്. അനാവശ്യ നിയന്ത്രണങ്ങളും നൂലാമാലകളും എടുത്തു മാറ്റി സൗഹൃദാന്തരീക്ഷം ശ്രിഷ്ടിച്ച് നമ്മുടെ രാജ്യത്ത്‌ നിക്ഷേപമിറക്കാന്‍ അവരെ പ്രേരിപ്പിക്കണം. അറബികള്‍ക്ക്‌ എല്ലാം നേരെവാ നേരെ പോ എന്ന മട്ടാണ്. സങ്കീര്‍ണതകള്‍ അവര്‍ക്കിഷ്ടമല്ല. കാര്യം നടന്നിരിക്കണം, അതും നൂലാമാലകളും കാല താമസവും കൂടാതെ.

 

നിലവില്‍ അവരുടെ ബിസിനസ് വ്യാപ്തി വളരെ പരിമിതമാണ്. ഇന്ത്യയെ പോലുള്ള ഉല്‍പാദനച്ചിലവ് കുറഞ്ഞ ധാരാളം വിഭവങ്ങളും വിപണികളും ഉള്ള വലിയ രാജ്യങ്ങളില്‍ പണമിറക്കി ബിസിനസ് ആഗോള തലത്തില്‍ വളര്‍ത്താന്‍ അവര്‍ക്ക്‌ കഴിയും. അതിനു വഴിയൊരുക്കേണ്ടത് നാം തന്നെയാണ്. എമര്‍ജിംഗ് കേരളയുടെ തലേന്ന് ഓടിക്കിതച്ച് തൂത്തു വാരിയതു പോലെയാവരുത്‌. കൊച്ചിയും കോഴിക്കോടും ട്രിവാന്‍ഡ്രവും മറ്റു നഗരങ്ങളും എന്നും വൃത്തിയായി സൂക്ഷിക്കട്ടെ. ഗതാഗതം, ഹോട്ടല്‍, ടൂറിസം, വാര്‍ത്താവിനിമയം പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടട്ടെ.

 

No comments:

Post a Comment

Note: only a member of this blog may post a comment.