Wednesday, July 10

ചിരിയും ചിന്തയും


          
 
നവരത്ന ഓയിലിന്റെ പരസ്യം കണ്ടപ്പോള്‍ ഗള്‍ഫുകാര്‍ ഒന്ന്‍ പല്ലിറുമ്മിക്കാണും. "സണ്‍‌ഡേ എന്നാ" എന്നാ ആ തടിയന്‍റെ ചോദ്യം.
മനുഷ്യന്‍ ഫ്രൈഡേയും സാറ്റര്‍ഡേയും എങ്ങനെ നീളം വെപ്പിക്കാം എന്ന് നോക്കുമ്പോഴാ അവന്‍ സണ്‍‌ഡേ വെളുപ്പിക്കാന്‍ നോക്കുന്നത്.
(കുറച്ചു കഴിഞ്ഞാണെങ്കിലും അവര്‍ക്ക്‌ ബോധോദയം ഉണ്ടായെന്ന് തോന്നുന്നു. ഇപ്പോള്‍ "ഫ്രൈഡേ എന്നാ" എന്നതാ ചോദ്യം. നന്നായി! പ്രവാസികളും നാട്ടുകാരും ഒരു പോലെ ആഗ്രഹിക്കുന്നത്.)
 
         ************** ********    ***********   ********
നടി ശ്വേതാ മേനോന്‍ ശാമ കറി പൌഡറിന്‍റെ പരസ്യത്തില്‍ ഇങ്ങനെ പറയുന്നുണ്ട്. "ശാമ കറി പൌഡര്‍ - ഒരു നല്ല ഭാര്യയാവാന്‍,"
 
ഇത് കേട്ടപ്പോള്‍ അടുത്തിരുന്ന റാഫി പറഞ്ഞു.
ഏറ്റവും നല്ല ഭാര്യ തന്നെ അത് പറഞ്ഞത് നന്നായി. 
 
         ************** ********    ***********   ********
 
സന്തോഷ്‌ പണ്ഡിറ്റിനെ ഏഷ്യാനെറ്റ്‌ രണ്ടാമതും അപമാനിച്ചതിന് മലയാളികള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ശക്തമായി പ്രതിഷേധിച്ചു.
സന്തോഷ്‌ പണ്ഡിറ്റിനെ വധിക്കാനുള്ള അവകാശം അത് മലയാളി മക്കള്‍ക്ക് മാത്രമുള്ളതാണ്. അത് ഒരു ടിവി ചാനല്‍ ഏറ്റെടുത്താല്‍ മലയാളികള്‍ ചുമ്മാ നോക്കിയിരിക്കില്ല. പറഞ്ഞേക്കാം...
 
         ************** ********    ***********   ********
റൂമില്‍ വെറുതെ ഇരിക്കുമ്പോള്‍ 'ആ വാര്‍ത്ത‍ വെച്ചാടെ' എന്നൊക്കെ ആഞ്ഞാപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ വാര്‍ത്ത വെച്ചാടെ എന്ന് പറഞ്ഞാല്‍ കൂട്ടുകാര്‍ക്ക് ഒരു വളിച്ച ചിരിയാണ്. എന്നിട്ട് ഒരു കമന്റും...
    ഹും ഇപ്പോള്‍...വാര്‍ത്തയെ കാണൂ...
    സരിതോര്‍ജവും തെറ്റയിലും നമുക്കും ഒരു പാരയായി.
 
************** ********    ***********   ********
 
    HR Dept ല്‍ പുതുതായി സെക്രട്ടറിയായി ചേര്‍ന്ന ലബനാനി പെണ്‍കൊടി ഉണ്ടാക്കിയ ഒരു മലയാളി ഡ്രൈവറുടെ അപ്പോയിന്റ്മെന്റ് ലെറ്ററിലെ പേര് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ആ പേര് ഇങ്ങനെയായിരുന്നു.
 
    Mathai Rajan Al Mathai (മത്തായി രാജന്‍ അല്‍ മത്തായി.)
 
         ************** ********    ***********   ********
       
ഹംസക്കയെക്കുറിച്ച് രണ്ടു വാക്ക്‌...
 
അങ്ങനെ ഹംസക്കയും ആദ്യമായി ഗള്‍ഫിലെത്തി. പള്ളിയില്‍ പോയി നിസ്കരിക്കാനും തുടങ്ങി. കൂടെ ഞാനും പോയി. ടോയ്‌ലറ്റിനു മുന്നില്‍ തിരക്കാണ്. ആരും ഇറങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ വെറുതെ കൈയടിച്ച് ഒച്ചയുണ്ടാക്കി. (ഇതാണ് അറബികളുടെ രീതി. ടോയ്‌ലറ്റില്‍ ഇരുന്ന് ഉറങ്ങുന്നവരെ ഉണര്‍ത്തുക എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.)
ഇത് കണ്ട പാടെ, ഹംസക്ക എന്‍റെ കയ്യില്‍ കടന്നു പിടിച്ചു. " "അനക്ക് തീരെ ബുദ്ധില്ലേ..അല്ലെങ്കില്‍ തന്നെ ഒരെണ്ണം പുറത്ത്‌ വരുന്നില്ല. ഇനി നീ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും കൂടി ചെയ്‌താല്‍..."
 
റൂമില്‍ എത്തിയപ്പോള്‍ എല്ലാവരും തിന്നാന്‍ ഇരിക്കുകയാണ്. കൂട്ടത്തില്‍ കോയക്ക കറിയുടെ ടേസ്റ്റ് പോരാ എന്ന് തോന്നിയപ്പോള്‍ അത് പറയാതെ തന്നെ അറിയിക്കാന്‍ വേണ്ടി ഒരു കമന്റ്റ്‌..
വളയിട്ട കൈകള്‍ കൊണ്ട് വെച്ച ടേസ്റ്റ് ഒന്ന് വേറെ തന്നെയാ അല്ലെ..അതൊന്നും നമ്മള്‍ വെച്ചാല്‍ കിട്ടില്ല...
ഹംസക്ക..." ഓഹോ..എങ്കില്‍ കുറച്ചു വളയങ്ങു വാങ്ങി ഇട്ടാല്‍ പോരെ കോയക്കാ.. പിന്നെ ഇങ്ങനെ പായാരം പറയേണ്ട വല്ല കാര്യവുമുണ്ടോ..
 
ഹംസക്ക വന്ന ആദ്യ ദിവസം ചിക്കന്‍ കറിയായിരുന്നു. കൂട്ടുകാര്‍ തന്നെ സല്കരിക്കാന്‍ വേണ്ടി അന്ന് ചിക്കന്‍ കറി എല്ലാം ഒരുക്കി എന്ന സന്തോഷത്തില്‍ ആയിരുന്നു ഹംസക്ക. കാരണം, നാട്ടില്‍ വല്ല വിരുന്നുകാര്‍ വരുമ്പോള്‍ മാത്രമാണ് ചിക്കനും മട്ടനുമൊക്കെ ഒരുക്കുന്നത്. അടുത്ത ദിവസവും ചിക്കന്‍ തന്നെ മുന്നില്‍ വന്നപ്പോള്‍ ഹംസക്കയുടെ സന്തോഷം ഇരട്ടിച്ചു. ഹോ..ഇവരെക്കൊണ്ട് തോറ്റു. തന്നെ ഇങ്ങനെ ആദരിക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു.
മൂന്നാം ദിവസവും ചിക്കന്‍ തന്നെ കണ്ടപ്പോള്‍ ഹംസക്ക ഒരു മര്യാദയെന്നോണം പറഞ്ഞു. അതേയ്..ഞാന്‍ പുതുതായി വന്നതൊക്കെ തന്നെ. എന്ന് കരുതി എന്നും ഇങ്ങനെ ചിക്കന്‍ വെച്ച് സല്ക്കരിക്കണം എന്നില്ല. ഇടക്ക് പച്ചക്കറിയൊക്കെ വെക്കാം.
കോയക്ക മറുപടി കൊടുത്തു. ഹംസക്കാ..ഇത് ഇവിടുത്തെ ദേശീയ ഭക്ഷണമാണ്. ഇതു വെക്കുന്നത് പച്ചക്കറിയും മീനും വില കൂടിയ ഐറ്റം ആയത് കൊണ്ടാ.. അല്ലാതെ നിങ്ങളെ സല്‍ക്കരിക്കാനൊന്നുമല്ല.

No comments:

Post a Comment

Note: only a member of this blog may post a comment.