Sunday, March 24

ബ്ലോഗുലകവും എന്റെ തോന്നലുകളും.    ബ്ലോഗില്‍ എഴുത്ത് തുടങ്ങി ഒരു വര്‍ഷത്തോളം ഞാന്‍ ആരെയും കാണിക്കാതെ കൊണ്ട് നടന്നു. വലിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഒന്നും പയറ്റാത്തത് കൊണ്ടോ എന്തോ ഒരു വര്‍ഷം എന്‍റെ ബ്ലോഗും ഞാനും അധികമാരുടെയും ശ്രദ്ധ പിടിച്ചു പറ്റിയില്ല. ആദ്യം എഴുതിയ മഴനാരുകള്‍ എന്ന കവിത എന്‍റെ ബ്ലോഗില്‍ വായിച്ച എന്‍റെ കസിന്‍ ജംഷീര്‍ ആണ് എന്നെ തുടര്‍ന്നും എഴുതാന്‍ പ്രേരിപ്പിച്ചത്‌.

 
പിന്നെയാണ് 'കൂട്ട'ത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. കൂട്ടത്തില്‍ ആനുകാലിക വിഷയം വെച്ച് ഒരു ഡിസ്കിട്ടതിന് (Discussion) എല്ലാ കൂട്ടം നിവാസികളും ചേര്‍ന്ന് രാവും പകലും എന്നെ ആക്രമിച്ചു കൊണ്ടിരുന്നു. ഡിസ്കിന് മറുപടി കൊണ്ടും കൊടുത്തും നേരം വെളുക്കുന്നതും രാത്രിയാകുന്നതും അറിയാതെ ഒരു മാസം കഴിഞ്ഞ് പോയി. ഇതിങ്ങനെ പോയാല്‍ എവിടെയും എത്തില്ലല്ലോ എന്ന് തോന്നിയപ്പോള്‍ ഡിസ്ക് വിട്ട് ഞാന്‍ മറ്റൊരു ലേഖനം എഴുതി. 'പ്രവാസ ജീവിതം ഒരു മടുപ്പിക്കുന്ന ഓര്‍മ്മ' എന്ന പേരില്‍ എഴുതിയ എന്‍റെ അനുഭവക്കുറിപ്പ് ഡിസ്കില്‍ കൊണ്ടിട്ട് ഡിസ്കിനോട് ഗുഡ്ബൈ പറഞ്ഞും ഡിസ്കില്‍ തെറി വിളിച്ചും പോരടിച്ചും സമയം കളഞ്ഞവരോട് പോവാന്‍ പറഞ്ഞും ഞാന്‍ ഡിസ്ക് പൂട്ടിക്കളഞ്ഞു.

 

    കൂട്ടത്തില്‍ കുത്തി മറിഞ്ഞ് മാസങ്ങള്‍ പോയെങ്കിലും എന്‍റെ സ്വന്തം ബ്ലോഗ്‌ ഒറ്റയാന്' ആരും കാണാതെ തന്നെ കിടക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് കൂട്ടത്തില്‍ ആരോ കൊണ്ടിട്ട ഒരു ഡിസ്ക് വഴി ബൂലോകം എന്ന ലോകത്തെ കുറിച്ച് അറിഞ്ഞത്. എങ്കില്‍ ബൂലോകത്തില്‍ ഒന്ന് കയറി നോക്കാം എന്ന് കരുതി ക്ലിക്കിയതും കണ്ടതും 'രതിചേച്ചി എന്‍റെ ജീവിതം നശിപ്പിച്ചേ' (ഇത് മാത്രമായിരുന്നില്ല) എന്ന പോസ്റ്റ്‌ ആയിരുന്നു. എഴുതിയവന്‍റെ ജീവിതം പോയി. ഇനി അത് വായിച്ച് എന്‍റെ ജീവിതവും നശിപ്പിക്കണ്ട എന്ന് കരുതി അവിവാഹിതനായ ഞാന്‍ പിന്നീട് കുറെ കാലം ബൂലോകത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല.

 

    പിന്നീടെപ്പോഴോ വന്നു നോക്കിയപ്പോള്‍ പഴയ സെക്സ് പ്രസരം ഒന്നും പ്രകടമായി കാണാനില്ലെന് തോന്നിയപ്പോള്‍ ബൂലോകത്തില്‍ എന്‍റെ പേരും നാടും വീടും രജിസ്റ്റര്‍ ചെയ്തു കയറിക്കൂടി. എം ബി എ പഠനകാലത്ത് പട്ടാമ്പിയില്‍ നിന്നും തമിള്‍ നാട്ടിലെ ഹൊസൂരിലേക്ക് നടത്തിയ തീവണ്ടി യാത്രകളെക്കുറിച്ചെഴുതിയ 'ഓര്‍മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര' ഓര്മയകളിലേക്ക് ഒരു ട്രെയിന്‍ യാത്ര എന്ന ബ്ലോഗ്‌ തന്നെ പോസ്റ്റ്‌ ചെയ്ത് കൊണ്ട് എന്‍റെ ബൂലോക യാത്ര ആരംഭിച്ചു. അതൊരു തുടക്കമായിരുന്നു. എഴുതാനും അറിയാനും കൂടുതല്‍ പേരെ പരിചയപ്പെടാനും കഴിഞ്ഞ ഒരു തുടക്കം. ബ്ലോഗിലെ പുലികള്‍ പലരും താഴം കളിക്കുന്ന ഒരിടമാണ് ബൂലോകം എന്നറിയാന്‍ വളരെ വൈകി.

 

പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്‌ ബ്ലോഗ്‌ എഴുത്തുകാര്‍ പരസ്പരം കമന്റുകള്‍ ഇട്ട് സ്വന്തം ബ്ലോഗിലെ കമന്റുകളുടെ കൌണ്ട് കൂട്ടുകയാണെന്നാണ്. ഒരാള്‍ മറ്റൊരാളുടെ ബ്ലോഗിന് എന്തെങ്കിലും കമന്റ്‌ ഇടും. അയാള്‍ തിരിച്ചിങ്ങോട്ടും കമന്റ്‌ ഇടും. ഇതൊരു സംഘം ബ്ലോഗര്‍മാര്‍ പരസ്പരം സഹകരിച്ചു ചെയ്യുന്ന ഒരു മാതിരി നെറ്റ്-വര്‍ക്ക്‌ മാര്‍ക്കറ്റിംഗ് പോലെയാണെന്ന് തോന്നിപ്പോയി. അതുകൊണ്ട് തന്നെ, പരസ്പരം കമന്റടിച്ച് ബ്ലോഗിനെ വളര്‍ത്താനുള്ള താല്പര്യവും ഇല്ലാതെയായി. എന്ന് മാത്രമല്ല, എന്‍റെ ബ്ലോഗിലെ കമന്റ്‌ ബോക്സ് തന്നെ ഞാനങ്ങു പൂട്ടിക്കളഞ്ഞു. കമന്റുകള്‍ എന്നില്‍ നിന്നും മറ്റാര്‍ക്കും ലഭിക്കാത്തത്‌ കൊണ്ടോ എന്തോ പിന്നെയാരും എന്‍റെ ബ്ലോഗില്‍ വന്നു കണക്ട് ചെയ്തതായി കണ്ടില്ല.

 

പക്ഷെ, മേല്‍പറഞ്ഞ പരസ്പര കമന്റ്‌ സപ്ലൈയും അത്ര മോശമാണെന്ന് തോന്നുന്നില്ല. തുടക്കക്കാര്‍ക്കും പിടിച്ചു കയറാന്‍ പാട് പെടുന്നവര്‍ക്കും പെട്ടെന്ന് വളരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഈ വഴി നല്ലതാണ്. ഇത്തരത്തില്‍ ബ്ലോഗര്‍മാര്‍ തമ്മിലുള്ള ഒരു തുറന്ന ചര്‍ച്ച നടക്കും. ഒരു ബ്ലോഗറുടെ ഏതെങ്കിലും ബ്ലോഗ്‌ വഴിയോ പരാമര്‍ശം വഴിയോ മറ്റു ചിലരും അറിയപ്പെടും.

 

നമ്മള്‍ സ്വന്തം ബ്ലോഗില്‍ എഴുതുന്നതൊന്നും പലപ്പോഴും മറ്റുള്ളവരിലേക്ക് എത്താറില്ല. ബ്ലോഗര്‍മാര്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും 'കലക്കി', 'തകര്‍ത്തു', 'കുളമാക്കി', എന്നൊക്കെ വെച്ചു കീറുന്നു എന്നല്ലാതെ അധികം ബ്ലോഗുകളിലും ബ്ലോഗര്‍മാരല്ലാത്ത വായനക്കാരുടെ ഒരു അഭിപ്രായ പ്രകടനമോ പ്രശംസാ വാചകങ്ങളോ ഒന്നും കാണാറില്ല.

 

ഇങ്ങനെയൊക്കെ ആണെങ്കിലും ബൂലോകം വീണ്ടും പഴയ സ്വഭാവം കാണിച്ചു തുടങ്ങിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ഭക്ഷണം പാകം ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ സെക്സ് ചെയ്യുന്നതില്‍ പോര എന്ന അത്ഭുതകരമായ കണ്ടുപിടുത്തം അഞ്ജുമേനോന്‍ എഴുതിയപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്. ചില വിദേശ പെണ്‍കൊടികള്‍ കന്യകാത്വം ലേലത്തില്‍ വിറ്റതും ബൂലോകം അതറിയാന്‍ ഇട വന്നതും ഞങ്ങള്‍ വായനക്കാരുടെ സൗഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍. ഇനിയും ഒരുപാട് സെക്സ് സംബന്ധമായ കണ്ടുപിടുത്തങ്ങള്‍ ബൂലോകത്തിലൂടെ വരുമെന്നും അതെല്ലാം വായിച്ച് ഇക്കിളിയാവാതെ പിടിച്ചു നില്ക്കാന്‍ കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. പലരും ബൂലോകം വിട്ടു പോയതും ബൂലോകത്തിലേക്ക് വരാന്‍ മടിക്കുന്നതും അശ്ലീലതയുടെ അതിപ്രസരം മൂലമാണെന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ.

 

ഇങ്ങനെ നിരന്തരം സെക്സ് ലേഖനങ്ങള്‍ വരുന്നുണ്ടല്ലോ എന്ന് കണ്ടപ്പോള്‍ ഡല്‍ഹി പീഡനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസാരം എന്തുകൊണ്ട് സംസ്കാരത്തെക്കുറിച്ചായി എന്ന തലക്കെട്ടില്‍ ഞാനും ഒരു ലൈഗിക ലേഖനം എഴുതി. പെണ്‍കുട്ടികളെയൊക്കെ ഒന്ന് ബോധവല്‍ക്കരിക്കണം എന്നേ ഞാന്‍ കരുതിയുള്ളൂ. അല്ലാതെ പൈങ്കിളിയാക്കണമെന്നോ ആരെയെങ്കിലും ഇക്കിളിയാക്കണമെന്നോ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ, എഡിറ്റര്‍ മറ്റെന്തൊക്കെയോ കരുതിപ്പോയി എന്നാണ് തോന്നുന്നത്. ചുരുക്കത്തില്‍, ലേഖനം ബൂലോകത്തില്‍ വെളിച്ചം കണ്ടില്ല. എന്‍റെ ലേഖനത്തില്‍ എന്തെങ്കിലും ശാസ്ത്രീയ വശം കുറവുണ്ടായത് കൊണ്ടാണോ അതോ ഞാന്‍ റിസര്‍ച് നടത്താന്‍ മിനക്കെടാത്തത് കൊണ്ടാണോ എന്തോ ചില നല്ല കാര്യങ്ങള്‍ അങ്ങനെ ബൂലോക വായനക്കാര്‍ കാണാതെ പോയി. Sexology ഡിഗ്രി ഒന്നും ഇല്ലെങ്കിലും പഠനകാലത്ത് മാതൃഭൂമി ആരോഗ്യമാസിക തുടര്‍ച്ചയായി വായിച്ചിരുന്നതിനാല്‍ കാര്യങ്ങള്‍ കുറെയൊക്കെ എനിക്കും അറിയാംJ. അതിനാല്‍ സ്വന്തം അറിവും മറ്റുള്ളവരുടെ അനുഭവവും സമം ചേര്‍ത്ത് ഒരു പരുവത്തിലാക്കിയാണ് അത്തരം ഒരു ലേഖനം എഴുതിയത്. 

 

പക്ഷെ, ഇതേ ലേഖനം 'കൂട്ട'ത്തിലും ഫേസ്ബുക്കിലും വായിച്ചവര്‍ അതിനു വളരെ നല്ല അഭിപ്രായം പറയുകയും എല്ലാവരും വായിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

 

പല ബ്ലോഗര്‍മാരുടെയും കൊച്ചു കൊച്ചു കഥകളും കവിതകളും ചില പത്രങ്ങളിലൊക്കെ പ്രസിദ്ധീകരിച്ചു കണ്ടു. അതോടെ ഒരു കാര്യം വ്യക്തമായി. എല്ലാത്തിന്‍റെയും ഒടുക്കം ഈ അച്ചടി മാധ്യമം തന്നെയാണെന്ന്‍. ഞാനാണെങ്കില്‍ അങ്ങനെയൊരു ശ്രമത്തിനു മുതിരുക പോലും ചെയ്തില്ല. ഇന്റര്‍നെറ്റ്‌ പ്രചാരത്തില്‍ വരുന്നതിനു മുമ്പ്‌, ഹാസ്യകൈരളി പോലുള്ള ചില മാഗസിനുകളില്‍ ഏതാനും ഹാസ്യ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു എന്നതൊഴിച്ചാല്‍ പറയത്തക്ക സാഹിത്യ പാരമ്പര്യമൊന്നും എനിക്കില്ല. എന്ന് മാത്രമല്ല, പ്രവാസ ജീവിതം ആരംഭിച്ചതിനു ശേഷം അഞ്ചാറ് വര്‍ഷം എഴുത്തും വായനയും ഒന്നുമില്ലാതെ എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഞാനെന്ന ഈ സംഭവം.

 

എഴുത്ത് അത്ര സുഖകരമല്ല എന്ന് തോന്നിയത്‌ പലപ്പോഴും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയപ്പോഴാണ്. ബൂലോകത്തില്‍ വന്ന എന്‍റെ പല ലേഖനങ്ങളിലും വായനക്കാര്‍ വളരെ പരുഷമായിത്തന്നെ പ്രതികരിച്ചു (എന്‍റെ ബ്ലോഗില്‍ കമന്റ്‌ ബോക്സ് പൂട്ടിയത് കൊണ്ട് അതില്‍ കമന്റ്‌ വരാറില്ല). ഒരു മാതിരി സോപ്പിട്ട് കാര്യങ്ങള്‍ പറയുന്ന രീതി എനിക്ക് പണ്ടേയില്ല. അത് കൊണ്ട് തന്നെ ശത്രുക്കള്‍ കൂടുതലാണ് താനും. ഞാന്‍ വരച്ച ചില കാര്‍ട്ടൂണുകള്‍ക്ക്‌ താഴെ വന്ന കമന്റുകള്‍ വധഭീഷണി നിറഞ്ഞതായിരുന്നു. പലര്‍ക്കും ഇത്രക്ക്‌ പൊള്ളുന്നതെന്താണെന്ന് മാത്രം മനസ്സിലായില്ല.


 

കഴിഞ്ഞ ഒരു വര്‍ഷമായി ഒത്തിരി പോസ്റ്റുകളുമായി ബൂലോകത്തില്‍ ഞാന്‍ സജീവമായിരുന്നെങ്കിലും കഴിഞ്ഞ സൂപ്പര്‍ ബ്ലോഗര്‍ മല്‍സര ലിസ്റ്റില്‍ എന്‍റെ പേരുണ്ടായിരുന്നില്ല. അല്ലെങ്കിലും ഒരു ബ്ലോഗര്‍ ആയി അറിയപ്പെടണമെന്ന് ഞാനും ആഗ്രഹിക്കുന്നില്ല.  

 

    ഇതൊരു തുടക്കം മാത്രം. മഷി തീര്‍ന്ന പേനയോ എഴുതിത്തീര്‍ന്ന പുസ്തകമോ അല്ല ഞാന്‍. ഓര്‍മ്മകളുടെ വാതായനങ്ങള്‍ തുറക്കുമ്പോള്‍ മനസ്സിലേക്കോടി വരുന്ന ചിത്രങ്ങളില്‍ ഒരല്‍പം ചായം കൊടുക്കുക എന്നത് മാത്രമേ ചെയ്യാനായുള്ളൂ. ഇതെല്ലാം എന്‍റെ തോന്നലുകള്‍ മാത്രം. ആര്‍ക്കെങ്കിലും നോവുന്നെന്ന് തോന്നുന്നുവെങ്കില്‍ സദയം ക്ഷമിക്കുക.

No comments:

Post a Comment

Note: only a member of this blog may post a comment.