Saturday, November 17

ഫൈക്കുകള്‍ കഥ പറയുന്നു...    സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ഉള്ളിടത്തോളം ഫൈക്കുകളും ഉണ്ടായിരിക്കും. ഫൈക്കുകളെ വെച്ച് കളിച്ചു കയറുന്നവര്‍ കുറച്ചൊന്നുമല്ല. സത്യത്തില്‍ എന്തിനാണ് ഫൈക്കുകള്‍. ചുമ്മാ ഒരു രസത്തിന്. കാല്‍ കാശ് ചിലവില്ലാത്ത ലൈക്കും ഷെയറും കമന്‍റുകളും നിധി പോലെ കാത്തു സൂക്ഷിക്കുന്ന പിശുക്കന്മാരായ യുസര്‍മാരുടെ ഇടയില്‍ കേറിക്കളിക്കാന്‍ പറ്റിയ ഒരായുധം.

ഡയറക്റ്റ് മാര്‍ക്കറ്റിംഗ് രംഗത്തെ ടൈ ധാരികള്‍ വീറോടെ ആവര്‍ത്തിക്കുന്ന ഒരു സത്യ പ്രതിജ്ഞയുണ്ട്. ഈ ഫൈക്കുകള്‍ വെച്ച് കളിക്കുന്നവരുടെ മനസ്സിലിരിപ്പ്‌ അത്തരത്തിലായിരിക്കും എന്ന് തോന്നി.

അവര്‍ പുറപ്പെടുന്നതിനു മുമ്പ്‌ എല്ലാവരും ചേര്‍ന്ന് നിന്ന് ഒരേ സ്വരത്തില്‍ അവരുടെ മാനേജരുടെ നേതൃത്വത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കും.

We want juicy day

We want juicy day

We are going to kick the asses of bloody managers…

We want juicy day.

Juicy day…Juicy day...juicy day..

എന്ന് പറഞ്ഞ് അവസാനിക്കുന്നിടത്ത് നിര്‍ത്താതെ കൈയടിച്ച് തുടങ്ങും. ഇങ്ങനെ കൈയടിച്ച് അവരുടെ ഓഫീസ് നില്‍ക്കുന്ന ബില്‍ഡിംഗ്‌ മൊത്തം പ്രകമ്പനം കൊള്ളിക്കും. (അവര്‍ കൈയടിച്ച് സ്വയം എനര്‍ജി കൂട്ടുകയാണ്) പിന്നെ സാധനങ്ങളുമെടുത്ത് കമ്പനികളില്‍ നിന്നും കമ്പനികളിലേക്ക് പറക്കുകയായി.

അത് പോലെ മറ്റുള്ളവരുടെ ചന്തിക്ക് തൊഴിക്കുക എന്നത് തന്നെയാണ് ഫൈക് ഐ ഡി ഉണ്ടാക്കുന്നവന്‍റെ മനസ്സിലിരിപ്പും.

തന്‍റെ പോസ്റ്റുകള്‍ക്ക് ലൈക്കും കമനറും തരാത്തവന്‍റെ ന്യൂസ്‌ ഫീഡിലേക്ക് അതെ പോസ്റ്റുകള്‍ തിരുകിക്കയറ്റാന്‍ വേണ്ടിയുള്ള ഒരാള്‍ മാറാട്ടം. ഈ പോസ്റ്റുകള്‍ മറ്റുള്ളവര്‍ ഷെയര്‍ ചെയ്തു കണ്ടാല്‍ മാത്രം താനും ഷെയര്‍ ചെയ്യാം എന്ന് ചിന്തിക്കുന്നവര്‍ക്ക് പ്രേരണ നല്‍കാന്‍ വേണ്ടിയും ഈ ഫെക്‌ ഉപകരിക്കുന്നു.

പക്ഷെ, എല്ലാവര്‍ക്കും എന്നെപ്പോലെ ഇത്ര നിസാരമായ ലക്ഷ്യമായിരിക്കണം എന്നില്ല.

    പലരും ഫേക് എക്കൌണ്ട് ഉണ്ടാക്കുന്നത് ദുരുപയോഗം ചെയ്യാന്‍ വേണ്ടി മാത്രമാണ്. അതില്‍ ചിലതാണ് പെണ്ണുങ്ങളുടെ പേരിലുള്ള ഫേക്കുകള്‍. ഇക്കൂട്ടര്‍ 'ചാന്തുപൊട്ടുകള്‍' എന്നാണ് Facebook ല്‍ അറിയപ്പെടുന്നത്.

ഇവര്‍ എന്തിനാണ് ഇത്തരം അക്കൌണ്ടുകള്‍ ഉണ്ടാക്കിയത് എന്ന് ചോദിച്ചാല്‍ ഊഹിക്കേണ്ടി വരും. കാരണം ഉത്തരം പറഞ്ഞു തരാന്‍ അവരാരും രംഗത്ത് വരില്ല.

    പ്രധാനമായി രണ്ടുകാരണങ്ങള്‍ ഊഹിച്ചെടുക്കാം. ഒന്ന് പെണ്ണുങ്ങളുമായി സല്ലപിക്കാന്‍. മറ്റൊന്ന് ഞരമ്പ്‌ രോഗികളായ ആണുങ്ങളെ ഹരം പിടിപ്പിച്ച് രസിക്കാന്‍. വേറെയും പല കാരണങ്ങളുമുണ്ടാവാം.

                 *********************************

ഇനി ഞാനെന്‍റെ കഥ തുടരാം...

ഞാനെന്ന ഫെക് ഐഡി ശബ്ന എന്ന ഒരു മുസ്ലിം പെണ്ണിന്‍റെ പേരിലാണ്. ഞാനാണെങ്കില്‍ ആണും. (ദയവുചെയ്ത് ചാന്തുപൊട്ട് എന്ന് വിളിക്കരുത്) പ്രൊഫൈല്‍ ഫോട്ടോയായി ഫേസ്ബുക്കില്‍ നിന്ന് തന്നെ ഒരു ഫോട്ടോ തപ്പിയെടുത്തു. ഏതോ സിനിമാ നടിയുടെ ഫോട്ടോ ആയിരുന്നു അതെന്ന്  പിന്നീടാണ്  അറിഞ്ഞത്.

അടുത്ത ദിവസം ജാതിമതഭേദമന്യേ ഒത്തിരി പേരെ ആഡ് ചെയ്തു. പലരും അക്സപ്റ്റ്‌ ചെയ്തു. വേറെ ചില തെണ്ടികള്‍ നിങ്ങളെ ഞാന്‍ ഓര്‍ക്കുന്നില്ല നമ്മള്‍ എങ്ങനെയാണ് പരിചയം എന്ന് മെസ്സേജ് അയച്ചു.

ഞാന്‍ തിരിച്ചും മെസ്സേജ് അയച്ചു.

ഞാന്‍ ഫേസ്ബുക്കിലൂടെ വിരലോടിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിചാരിതമായി suggestion സൈഡില്‍ താങ്കളുടെ പ്രൊഫൈലിന് താഴെ  കൈതട്ടിയതാണ്. ഒന്നും വിചാരിക്കരുത്. മഹാനായ അങ്ങേക്ക്‌ ഫ്രണ്ട് റിക്വസ്റ്റ് അയക്കാനുള്ള യോഗ്യത പോലും എനിക്കില്ല.....

ഉടന്‍ അവന്‍റെ റിപ്ലേ വന്നു....

    It s ok, ഞാന്‍ താങ്കളുടെ റിക്വസ്റ്റ് അക്സപ്റ്റ്‌ ചെയ്തിരിക്കുന്നു.

ഹോ അവന്‍റെയൊരു ഔദാര്യം. ഇനി ഞാന്‍ നിനക്ക് എന്‍റെ പോസ്റ്റ്‌ ഇട്ടു പകരം വീട്ടുമെടാ...ഞാന്‍ അമര്‍ഷത്തോടെ പല്ല് ഞെരിച്ചു. കഴിയുമെങ്കില്‍ ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ ഫോട്ടോയിലെങ്കിലും നിന്നെ ഞാന്‍ ടാഗ് ചെയ്യും നോക്കിക്കോ..അതിലും വലിയ ചളിപ്പ് ഇനി നിനക്കുണ്ടാവില്ല..കണ്ടോ...

ഫെക്‌ പ്രൊഫൈല്‍ ഉണ്ടാക്കി ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ എനിക്ക് അഞ്ഞൂറ് ഫ്രണ്ട്സ് ആയി. പിന്നെയും റിക്വസ്റ്റുകള്‍ വരാന്‍ തുടങ്ങി. പക്ഷെ, ഞാന്‍ കുടുങ്ങിയത് പൂവാലന്മാരെ കൊണ്ടാണ്. അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യുമ്പോഴേക്കും ഹായ്‌ എന്നും പറഞ്ഞ് ഓരോരുത്തര്‍ പാഞ്ഞു വരും. എനിക്ക് തോന്നിയത്‌ അവര്‍ ഞാന്‍ പച്ച ബള്‍ബിടുന്നതും നോക്കി ഇരിക്കുകയായിരുന്നു എന്നാണ്.

ചാറ്റ് റൂമില്‍ 'ഹായ്‌' എന്നും പറഞ്ഞു വന്ന ഒരു പയ്യനെ കണ്ടപ്പോള്‍ അല്പം ദയ തോന്നി. ഞാനും തിരിച്ച് 'ഹായ്‌' പറഞ്ഞു. വന്നവന്‍ വീണ്ടും ഹായ്‌ പറഞ്ഞു. ഞാന്‍ ദേഷ്യത്തോടെ 'ഹേയ്' എന്ന് പറഞ്ഞു. അവന്‍ ഇനിയും ഹായ്‌ തന്നെ പറയുമോ എന്ന്‍ ഭയന്നതിനാല്‍ ഞാന്‍ വേഗം ചാറ്റ് ഓഫ് ചെയ്തു.

ഹായ്‌ കഴിഞ്ഞിട്ട് എന്ത് പറയണമെന്ന് അറിയാത്തവന്‍ ചാറ്റാന്‍ വന്നിരിക്കുന്നു. പ്ഫൂ..

ഞാന്‍ തുപ്പിയതും എന്‍റെ മാനേജര്‍ എന്നെ തുറിച്ചു നോക്കി. ഞാന്‍ വേഗം ഒന്ന് കൂടി പ്ഫൂ എന്ന് തുപ്പിയിട്ട് പറഞ്ഞു..."പൊടി പൊടി..വല്ലാത്ത പൊടി..."

"പൊടി തുപ്പല്‍ കൊണ്ടാണോ തുടക്കുന്നത്? വെള്ളം നനച്ച തുണി കൊണ്ട് തുടക്കാന്‍ ഓഫിസ്‌ ബോയിയോട് പറ.."

അല്ല എന്‍റെ വായിലാണ് പൊടി....."

    ഓഫിസ് ബോയിയോട് പറയാന്‍ പറയുമോ എന്ന ശങ്ക ഉണ്ടായെങ്കിലും പുള്ളി ഒന്നും പറഞ്ഞില്ല. കമ്പ്യൂട്ടറില്‍ വീണ്ടും തല പൂഴ്ത്തി അദ്ദേഹം തന്‍റെ favorite videos download ചെയ്തു കൊണ്ടിരുന്നു. ഈ തക്കത്തിന് ഞാന്‍ ഫേക് അക്കൗണ്ട്‌ ക്ലോസ് ചെയ്തു. വീണ്ടും ജോലിയില്‍ മുഴുകി..

    റൂമിലെത്തി വീണ്ടും ഫേസ്ബുക്ക് തുറന്നു. തുറന്നതും അതെ പയ്യന്‍ വീണ്ടും വന്നു. പേര് ഹരീഷ്.... 'ഹായ്‌' ല്‍ തന്നെ തുടങ്ങി. മുസ്ലിം പെണ്‍കുട്ടിയെ തന്നെ വേണം ഈ കഴുതക്ക് എന്ന് മുറുമുറുത്തു കൊണ്ട്  ഞാന്‍ ഹരീഷിന്‍റെ പ്രൊഫൈല്‍ വിശദമായി പരിശോധിച്ചു. 

മുപ്പത്‌ വയസ്, ചെറിയ കഷണ്ടിയുണ്ട്, കറുത്ത നിറം, പ്രൊഫൈലില്‍ എവിടെയോ ഈഴവന്‍ എന്നും കണ്ടു.

    എങ്കില്‍ ഒരല്‍പം സുഖിപ്പിച്ചു വിടാം എന്ന് കരുതി ഞാന്‍ ചാറ്റ് ചെയ്തു തുടങ്ങി. ഒരു ലൗവ്‌ ജിഹാദിനുള്ള സ്കോപ് അവനും കൊടുക്കാം. ഞാന്‍ ശൃംഗാരത്തോടെ ചേട്ടന്‍ 'ഒറ്റയ്ക്കാണോ' എന്ന് ചോദിച്ചു. (ഒരു ചെറിയ റൂമില്‍ പതിനാറ് പേരുടെ നടുവിലാണ് ഹരീഷ് എന്ന് മറ്റൊരു ഫൈക് ഐഡിയിലൂടെ ചാറ്റ് ചെയ്തപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു.)

"അതെയതെ ഞാന്‍ ഒറ്റയ്ക്കാണ്."

എനിക്ക് മനസ്സില്‍ കലി കയറി വന്നു. കൊരങ്ങന്‍...കക്കാന്‍ മാത്രമറിയാം. നിക്കാന്‍ അറിയില്ല..ഹും..

ഞാനും ഒറ്റയ്ക്കാണ്.

ആണോ?

അതെ..

ക്യാമറയുണ്ടോ?

ഉണ്ട്?

എങ്കില്‍ ഓപ്പണ്‍ ചെയ്യ്‌...

അതെന്തിനാ...

എനിക്ക് കാണാന്‍..

അതെങ്ങനാ കാണുന്നത്...? എന്‍റെ കയ്യില്‍ ഉള്ളത് കാനോന്‍ മൂവി ക്യാമറയാണ്.

ഞാന്‍ ചോദിച്ചത് വെബ്‌ കാം ഉണ്ടോ എന്നാണ്.

ഹോ അതില്ല...

ഹോ നഷ്ടമായി പ്പോയി...

എന്തോ?

ഹല്ലാ കഷ്ടമായിപ്പോയി എന്ന് പറയാരുന്നു...

ഹും...

ചേട്ടന്‍ കല്യാണം കഴിച്ചതാണോ?

അല്ലേ അല്ല,

ഹും..

എന്നാ കല്യാണം..?

ഉടനുണ്ടാവും. ഇയാള്‍ ഒന്ന് വേഗം അടുത്ത് വന്നാല്‍ മതി...

ഞാന്‍ കല്യാണം കഴിഞ്ഞതാ..രണ്ടു കുട്ടികളുമുണ്ട്...

എന്നിട്ടെന്തേ ആദ്യം പറയാഞ്ഞത്..?

എന്‍റെ പ്രൊഫൈല്‍ കണ്ടില്ലേ..?

എന്ത്?

പ്രൊഫൈല്‍...

അത് കാണാനല്ലേ തന്നോട് ക്യാമറ തുറക്കാന്‍ പറഞ്ഞത്‌. ക്യാമറ തുറക്കാതെ നിന്‍റെ പ്രൊഫൈല്‍ എങ്ങനെ കാണും.

മിസ്റ്റര്‍, പ്രൊഫൈല്‍ എന്ന് പറഞ്ഞാല്‍ എന്നെക്കുറിച്ചുള്ള ചെറിയ ഒരു വിശദീകരണം എന്‍റെ ഈ അക്കൌണ്ടില്‍ ഉണ്ട്. അത് കണ്ടില്ലേ എന്നാണ് ചോദിച്ചത്.

ആണോ..? ഞാന്‍ കരുതി ശരീരത്തിന് ഇംഗ്ലീഷില്‍ പറയുന്ന വാക്കാണെന്ന്.

ആട്ടെ...ചേട്ടന് എത്ര കുട്ടികള്‍ ഉണ്ട്? (കല്യാണം കഴിഞ്ഞിട്ടില്ല എന്ന് ഹരീഷ് പറഞ്ഞ കാര്യം മറന്ന മാതിരിയാണ്‌ എന്‍റെ ചോദ്യം)

രണ്ട് കുട്ടികള്‍ ഉണ്ട്...(ഹരീഷിന്‍റെ വായില്‍ നിന്നും അറിയാതെ സത്യം പുറത്തു വന്നു)

അപ്പോള്‍ നേരത്തെ കല്യാണം കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞതോ?

ഹരീഷ് മറുപടി പറയാന്‍ കുറച്ചു സമയമെടുത്തു..പിന്നെ മറുപടി വന്നു..."അത് ഞാന്‍ വെറുതെ പറഞ്ഞതല്ലേ..."

ഞാനും വെറുതെ പറഞ്ഞതാ...

എന്ത്?

ഞാന്‍ കല്യാണം കഴിഞ്ഞെന്നും കുട്ടികള്‍ ഉണ്ടെന്ന് പറഞ്ഞതും.

ഹേ..അയ്യോ...ഞാന്‍ വീണ്ടും ഇയാളെ പറ്റിച്ചു...ഞാന്‍ കല്യാണം കഴിഞ്ഞിട്ടില്ല.

ആണോ...എങ്കില്‍ ഞാന്‍ ഇയാളെ വീണ്ടും പറ്റിച്ചു...ഞാന്‍ കല്യാണം കഴിഞ്ഞതാ...എനിക്ക് രണ്ടു കുട്ടികളുമുണ്ട്..

ഹരീഷിന് ശരിക്കും പ്രഷര്‍ കയറി എന്ന് തോന്നുന്നു. അദ്ദേഹത്തിന്‍റെ അടുത്ത കമന്റ്‌ ഇങ്ങനെയായിരുന്നു.

ഡീ നായിന്‍റെ മോളെ....നീയെന്താടീ ആളെ കുരങ്ങു കളിപ്പിക്ക്യാ...പുല.......മോളെ..@@@@@@""" പന്ന ക്കഴുവേറീടെ മരുമോളെ...

പിന്നെ ഹരീഷ് ചേട്ടന്‍ ഗണിതത്തിലെ കുറെ ചിഹ്നങ്ങള്‍ തുരുതുരാ ചാറ്റില്‍ വിതറിയിട്ടു കൊണ്ട് സൈന്‍ ഔട്ട്‌ ചെയ്തു.

                 *******************************

പിന്നീടൊരിക്കല്‍ ഓണ്‍ലൈന്‍ ആണെന്ന് കണ്ടപ്പോള്‍ ഞാന്‍ 'ഹായ്‌' എന്നും പറഞ്ഞ് ചെന്നു.

തിരിച്ച് വന്നത് ചില ഭരണിപ്പാട്ട് ആയിരുന്നു...

ഉടനെ ചാറ്റ് ഓഫ് ചെയ്ത് ഹരീഷ് ചേട്ടനെ ബ്ലോക്ക്‌ ചെയ്തു......

    അടുത്ത ദിവസം ഹരീഷ് ചേട്ടന്‍റെ വക ഒരു പോസ്റ്റ്‌ ഞാന്‍ മറ്റേ ഫൈക് ഐ ഡി യുടെ ന്യൂസ്‌ ഫീഡില്‍ കണ്ടു. 'മരണഭൂമി' പത്രത്തില്‍ നിന്നും അടര്‍ത്തി മാറ്റിയ ഒരു വാര്‍ത്ത കൊണ്ടിട്ടിരിക്കുകയാണ് മഹാന്‍.

വാര്‍ത്ത ഇങ്ങനെ...

    "ഫേസ്ബുക്ക് കേന്ദ്രീകരിച്ച് ലവ് ജിഹാദ്‌ വ്യാപകം. മുസ്ലിം സ്ത്രീകള്‍ ഹിന്ദു പുരുഷന്മാരെ സ്നേഹം നടിച്ച് വശീകരിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു. ഇങ്ങനെ മതം മാറിയാലേ കല്യാണം കഴിക്കൂ എന്ന് പ്രണയ പരവശരായ യുവാക്കളെ അറിയിച്ച് ഇവര്‍ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തി വരുകയാണ്. തീവ്രവാദ സംഘടനകളുടെ കണ്ണികളായ ഇത്തരം സ്ത്രീകള്‍ സധൈര്യം നാട്ടില്‍ വിലസുന്നു. കഴിഞ്ഞ ദിവസം ഹരീഷ് എന്ന ഒരു യുവാവിനെ ശബ്ന എന്ന ഒരു മുസ്ലിം യുവതി ഇത്തരത്തില്‍ പ്രണയക്കുടുക്കില്‍ വീഴ്ത്തുകയുണ്ടായി.

    ബുദ്ധിമാനും സല്‍സ്വഭാവിയും ആയ ഹരീഷ് ആ സ്ത്രീയുടെ കെണിയില്‍ വീണില്ല എന്ന് മാത്രമല്ല, ആ സ്ത്രീയെ ബ്ലോക്ക്‌ ചെയ്യുകയും ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തു."

ന്യൂസ്‌ ഇങ്ങനെ തുടര്‍ന്ന് പോയി. പല ബുദ്ധിജീവികളും ആ പോസ്റ്റില്‍ വീറോടെ വാദപ്രതിവാദങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.ചിലര്‍ അല്ക്വയ്ദക്ക് സംഭവത്തില്‍ പങ്കുണ്ടാവാന്‍ സാധ്യത കണ്ടപ്പോള്‍ മറ്റു ചിലര്‍ സിമിയുടെ ബന്ധവും അന്വേഷിക്കണം എന്ന് തട്ടി വിടുന്നത് കണ്ടു. ഭാഗ്യത്തിന് മുത്തശ്ശി പത്രവും ഏഷണിനെറ്റും വാര്‍ത്ത ഏറ്റു പിടിച്ചിട്ടില്ല.

ഞാന്‍ ഉടന്‍തന്നെ എന്‍റെ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്തു. ഉടനെ വേറെ ഐ ഡി ഉണ്ടാക്കി. പെണ്‍പ്രൊഫൈല്‍ തന്നെ. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഇതേ ഹരീഷിന്‍റെ ഫ്രണ്ട് റിക്വസ്റ്റ് വന്നു. ഇത്തവണ അയാളുടെ റിക്വസ്റ്റ് നിഷ്ക്കരുണം തള്ളി.

ഞാനിപ്പോള്‍ ഹരീഷിന്‍റെ പുതിയ പോസ്റ്റും കാത്തിരിക്കുകയാണ്. എങ്ങനെയായിയിരിക്കും ഹരീഷ് ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ്‌ ചെയ്യാത്തതിനെ ക്കുറിച്ച് വിലയിരുത്തുന്നത്...

ലവ് ലെസ് ജിഹാദ്‌...വര്‍ഗീയത...തീവ്രവാദം...മതസ്പര്‍ദ്ധ...

എന്തായാലും കാത്തിരുന്നു കാണാം...
(ഇത് എന്‍റെ ഭാവനയും അനുഭവവും കൂടിച്ചേര്‍ന്നതാണ്.....എനിക്ക് പെണ്ണുങ്ങളുടെ പേരില്‍ ഫൈക് ഐ ഡി ഇല്ലേ ഇല്ല...)

No comments:

Post a Comment

Note: only a member of this blog may post a comment.