Friday, August 31

എന്തിന് നിലവിളക്ക് കൊളുത്തണം..?    ഞാനൊരു മത പണ്ഡിതനല്ല. എന്നാലും ഞാനെഴുതുന്ന വിഷയം അവതരിപ്പിക്കാന്‍ ഇപ്പോഴുള്ള അറിവ് ധാരാളമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇതെഴുതുന്നത്. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ ഞാനും ഒരു തീവ്രവാദിയായി മുദ്ര കുത്തപ്പെട്ടേക്കാം. ഞാനൊരു തീവ്രവാദിയോ ഭീകരവാദിയോ അല്ല എന്ന് മാത്രമല്ല, കേരളത്തിലെ ഒരു മതരാഷ്ട്രീയ സംഘടനയിലും മെമ്പര്‍ഷിപ്പ്‌ പോലും ഇല്ലാത്ത ഒരു വ്യക്തി കൂടിയാണ് എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.
നിലവിളക്ക് കൊളുത്താത്തതിന് വിദ്യാഭ്യാസമന്ത്രിയെയും മുസ്ലിം ലീഗ് എം എല്‍ എ മാരെയും കരിവാരിത്തേക്കാന്‍ ഒരു പ്രത്യേക മതവിഭാഗത്തിലെ ജനങ്ങള്‍ വലിയ ആവേശം കാണിക്കുന്നതായി  ശ്രദ്ധയില്‍പ്പെട്ടു. വിളക്ക് കൊളുത്താന്‍ താല്‍പര്യമില്ലാത്തവര്‍ കൊളുത്തണ്ട. താല്പര്യമുള്ളവര്‍ കൊളുത്തട്ടെ. ഇതിനെയല്ലേ സ്വാതന്ത്രം എന്ന് നമ്മള്‍ പേരിട്ടിരിക്കുന്നത്.

    എന്താണ് അമുസ്ലിം സുഹൃത്തുക്കളുടെ അസഹിഷ്ണുതയുടെ കാരണം എന്ന് മനസ്സിലാവുന്നില്ല. കേരളം ഒഴിച്ച് മറ്റു പല സംസ്ഥാനങ്ങളിലും ഉത്ഘാടനവും ഉത്സവവും തുടങ്ങി പാല് കാച്ചലും എണ്ണ കാച്ചലും വരെ എന്തും പൂജയും വിഗ്രഹാരാധനയും കൊണ്ടാണ് തുടങ്ങുക. കേരളത്തില്‍ പല സിനിമാക്കാരും പൂജ ചെയ്തിട്ടാണ് തുടങ്ങുന്നത്. ഇതെല്ലാം കണ്ട് വളരുന്ന മേല്‍പ്പറഞ്ഞ കൂട്ടര്‍ക്ക് ഇത് ഒരു സംസ്കാരമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം.

ഈ ആധുനിക യുഗത്തില്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ എന്തിനിത്ര കടുംപിടുത്തം? നിലവിളക്ക് കൊളുത്തിയില്ലെങ്കില്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി പൂര്‍ത്തിയാവില്ലേ? എയര്‍പോര്‍ട്ട് പൊങ്ങില്ലേ? എല്ലാ ഉദ്ഘാടനവും നിലവിളക്ക് കൊളുത്തി ത്തന്നെ നടത്തുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. പണ്ട് അട്ടപ്പാടിയില്‍ ഹൗസിംഗ് കോളനി രാഷ്‌ട്രപതി എ പി ജെ അബുല്‍കലാം ഉദ്ഘാടനം ചെയ്തത് തിരശ്ശീല അനാവരണം ചെയ്തായിരുന്നു. റിമോട്ട് കണ്ട്രോള്‍ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ആ തിരശ്ശീല നീങ്ങി സര്‍ക്കാര്‍ പണിത വീടുകള്‍ ദൃശ്യമായി. ഇത്തരം നൂതന ആശയങ്ങള്‍ അതത്‌ മേഖലകളിലെ ഉദ്ഘാടനവേളയില്‍ അവതരിപ്പിക്കണം.

പാല് കാച്ചാനും, കമ്പ്യൂട്ടര്‍ സെന്‍റെര്‍ തുടങ്ങാനും,  യുവജനോത്സവ പരിപാടിക്കും മറ്റെല്ലാ അല്‍ക്കുല്‍ത്ത് പരിപാടികള്‍ക്കും നിലവിളക്ക് കൊളുത്തിത്തന്നെ ഉദ്ഘാടനം നിര്‍വഹിക്കണമെന്ന ഭ്രാന്തന്‍ ചിന്താഗതി ആരുടെയാണ്?  നമ്മുടെ രാജ്യത്തിന്‍റെ വികസന കാര്യങ്ങളില്‍ ദയവുചെയ്ത് ആരുടെയും മതാചാരങ്ങള്‍ കൊണ്ടുവരാതിരിക്കുക. രാജ്യം മതേതരത്വത്തോടെ നിലനില്‍ക്കുന്നിടത്തോളം ഇങ്ങനെയൊരു സന്മനസ്സ് കാണിക്കാന്‍ എല്ലാ മതവിഭാഗങ്ങളും തയാറാവണം. കേരളത്തിന്‍റെ സംസ്കാരമാണ് നിലവിളക്ക് കൊളുത്തല്‍ എന്ന് പറഞ്ഞ് മന്ത്രിക്കും മുസ്ലിം ലീഗ് എം എല്‍ എ മാര്‍ക്കും നേരെ കുതിര കയറുന്നവര്‍ ചിന്തിക്കേണ്ടത് ഈ സംസ്കാരം എങ്ങനെ ഇസ്ലാമിക വിരുദ്ധമായി എന്നതാണ്.

അല്ലെങ്കില്‍ ഈ സംസ്കാരം ചിലര്‍ക്ക്‌ നിരക്കുന്നതല്ല എങ്കില്‍ അത് വേണ്ടെന്ന് വെക്കാന്‍ എന്ത് കൊണ്ട് ഈ വിശാല ഹൃദയ കേരള സംസ്കാര സ്നേഹികള്‍ തയാറാവുന്നില്ല.

ഇനി മുസ്ലിംകള്‍ അത് ഒഴിവാക്കാന്‍ ഉള്ള കാരണം പറയാം. എന്‍റെ അറിവില്‍ അത് ശിര്‍ക്ക്‌ അഥവാ ബഹുദൈവാരാധന എന്ന നിലക്കാണ്. അഗ്നി ഒരു ആരാധനാ വസ്തുവാണ്. അഗ്നിയെ തെളിക്കുന്നത് അതിനെ ആരാധിക്കുക എന്ന ചിന്തയോടെയാണ്. നിറഞ്ഞ വെളിച്ചം ഉള്ള പകല്‍ നിറയെ ട്യൂബ് ലൈറ്റുകളുടെ നടുവില്‍ ഒരു വിളക്ക് കൊളുത്തുന്നത് എന്തിനാണ് എന്നതാണ് ഇവിടെ ചോദ്യം?. ഇനി ഈ 'ശിര്‍ക്ക്‌' എന്താണെന്ന് കൂടി പറയാം. അല്ലാഹുവല്ലാത്ത മറ്റൊരു വസ്തുവിനെ ആരാധിക്കുന്നതിനെയാണ് ശിര്‍ക്ക്‌ എന്ന് പറയുന്നത്. ബഹുദൈവാരാധന ഇസ്ലാമിലെ ഏറ്റവും വലിയ പാപമാണ് (The Great sin). എല്ലാ തെറ്റുകളും അള്ളാഹു പൊറുക്കുന്നതാണ്, ശിര്‍ക്കൊഴികെ എന്നാണ് ഇസ്ലാമിക പാഠം. ഒരല്‍പം മതബോധമുള്ള മുസ്ലിംകള്‍ വെറുതെയാണോ നിലവിളക്ക് കൊളുത്താന്‍ തയാറാവാത്തത്!.ഇത് തന്നെയാണ് കാരണം. ഏറ്റവും വലിയ തെറ്റ് സംഭവിച്ചു പോവുമോ എന്നാണ് അവര്‍ ഭയക്കുന്നത്. അതല്ലാതെ ഒരു മത വിഭാഗത്തോടും എതിര്‍പ്പുണ്ടായിട്ടോ വെറുപ്പുണ്ടായിട്ടോ അല്ല.

കൊല്ലങ്ങള്‍ക്ക്മുമ്പ്‌, ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ എല്ലാ സ്കൂളുകളിലും വന്ദേ മാതരം ആലപിക്കണമെന്ന നിയമം കൊണ്ടുവന്നു. ഇത് കാരണമായി മുസ്ലിം കുട്ടികള്‍ ആകെ കുഴപ്പത്തിലായി. അന്നത്തെ ഇമാം നദുവി അവര്‍കള്‍ കുട്ടികളെ സ്കൂളുകളിലേക്ക് പറഞ്ഞയക്കരുത് എന്ന ആഹ്വാനവുമായി രംഗത്ത് വന്നു. അദ്ദേഹത്തിനും അവിടുത്തെ മുസ്ലിംകള്‍ക്കും അതല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. വന്ദേ മാതരം ആലപിക്കുന്നത് ബഹുദൈവാരാധനയാകുമോ എന്നത് തന്നെയാണ് ഇവിടെയും പ്രശ്നമായത്.

അതെ സമയം നാട മുറിച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഒരു സമ്പ്രദായവും നമ്മുടെ നാട്ടിലുണ്ട്. ഇത് ഇസ്ലാമിക രീതിയേയല്ല. എന്നിട്ടും ശിഹാബ്‌തങ്ങളോ മറ്റ് തങ്ങള്‍മാരോ ഇതിനെ എതിര്‍ത്ത് കണ്ടില്ല. അവര്‍ ആ രീതിയില്‍ തന്നെ എത്രയോ ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കുകയും ഇപ്പോഴും നിര്‍വഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. നിലവിളക്ക് കൊളുത്താന്‍ തയാറല്ലാത്ത ഒരു മുസ്ലിം വ്യക്തി ഉദ്ഘാടനത്തിന് വരുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും സ്വീകാര്യമായ രീതിയില്‍ ഉദ്ഘാടനം ഏര്‍പ്പാടാക്കുന്നതല്ലേ അതിന്‍റെ മാന്യത.

പുത്തന്‍പള്ളിയിലും കൊടുങ്ങല്ലൂരിലുമുള്ള പള്ളികളിലെ നിലവിളക്കുകളെ കുറിച്ച് പലരും ചോദ്യം ഉന്നയിക്കുന്നത് കേട്ടു. ആ വിളക്കുകള്‍ വെറുതെ എണ്ണ ഒഴിച്ച് വെക്കുക മാത്രമാണ് ചെയ്യുന്നത്. പണ്ട് കാലത്ത് വെളിച്ചം കിട്ടാന്‍ കത്തിച്ചിരുന്നു എന്ന് പറയപ്പെടുന്നു. അതല്ലാതെ, ആ നിലവിളക്കുകളും ഇസ്ലാമിക ആരാധനകളും തമ്മില്‍ യാതൊരു ബന്ധവുമില്ല.

സ്വന്തം മതവും വിശ്വാസവും മറ്റുള്ളവര്‍ കൂടി അവലംബിച്ചു കാണണമെന്ന മോഹം നമ്മില്‍ നിന്നും എന്ന് നീങ്ങിപ്പോകുന്നുവോ അന്ന് ഇത്തരം സംഭവങ്ങള്‍ വാര്‍ത്തകളെ ആവില്ല. മതങ്ങളെയും സംസ്കാരങ്ങളെയും മുന്‍നിര്‍ത്തി മത്സരിക്കുന്ന ഒരു ജനതയായി നാം മാറരുത്. മറിച്ച്, മതവും സംസ്കാരവും തങ്ങളില്‍ തന്നെ നിലനിര്‍ത്തി മറ്റുള്ളവരുടെ താല്‍പ്പര്യങ്ങളെ ഹനിക്കാതെ നാടിന്‍റെ നന്മക്കായ് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാവണം. അതല്ലാത്തിടത്തോളം മനുഷ്യദൈവങ്ങളും കപട രാഷ്ട്രീയക്കാരും നാമെന്ന പൊതുജനത്തെ തമ്മിലടിപ്പിച്ച് സ്വന്തം ആസ്തിയും ആമാശയവും വീര്‍പ്പിച്ചു കൊണ്ടിരിക്കും.

No comments:

Post a Comment

Note: only a member of this blog may post a comment.