Friday, August 17

തണലായി തണല്‍...


    ഒരു കൊച്ചു ഗ്രാമത്തില്‍ ഒരു ചെറിയ ചാരിറ്റബിള്‍ ട്രസ്റ്റ്‌. ആ ട്രസ്റ്റ്‌ ഭാരവാഹികള്‍ ചുറ്റുപാടുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. സ്വന്തം ബാനറില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പാലക്കാട്‌ ജില്ലയിലെ തൃത്താല-കക്കാട്ടിരി മേഖലയില്‍ രൂപം കൊണ്ട 'തണല്‍' എന്ന സംഘടന എല്ലാവര്‍ക്കും മാതൃകയാണ്. ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍സ് നമ്മുടെ നാട്ടില്‍ ഒട്ടും പുതുമയുള്ള കാര്യമല്ല. പേരുകേട്ട ബിസിനസ് മുതലാളിമാര്‍ മുതല്‍ സാധാരണ തൊഴിലാളികള്‍ വരെ അംഗങ്ങളായുള്ള ധാരാളം ട്രസ്റ്റുകളും സൊസൈറ്റികളും നമുക്ക്‌ ചുറ്റിലുമുണ്ട്.

ഇവരില്‍ നിന്നെല്ലാം തണല്‍ വേറിട്ട്‌ നില്‍ക്കുന്നത്‌ എങ്ങനെയെന്നാല്‍ ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ ഇവരുടെ ധനം മാത്രമല്ല സമയവും സമൂഹത്തിന് വേണ്ടി ചിലവഴിക്കുന്നു എന്നത് കൊണ്ടാണ്. ഇതിന്‍റെ ചെയര്‍മാനും കണ്‍വീനറും അടക്കം പലരും ഇതിന്‍റെ പ്രവര്‍ത്തങ്ങളില്‍ സജീവമാണ്. ഇവരാരും ജീവിതത്തില്‍ തിരക്കില്ലാത്തവര്‍ ആയതു കൊണ്ടല്ല. ചെയര്‍മാനും കണ്‍വീനറും തൃത്താല മണ്ഡലത്തിലെ പ്രമുഖ ജ്വല്ലറി വ്യാപാരികളാണ്.

കൈരളിയുടെ പ്രവാസലോകം പരിപാടിയില്‍ സ്വന്തം മകനെക്കുറിച്ച് അവതരിപ്പിക്കാന്‍ സ്ഥലത്തെ മുസ്ലിം ലീഗ് രാഷ്ട്രീയ നേതാവു കൂടിയായ നൗഷാദ് സാഹിബിനെ പടിഞ്ഞാറങ്ങാടിയിലെ ഒരു വൃദ്ധനായ പിതാവ് തേടിവന്നതു മുതലാണ്‌ തണല്‍ എന്ന ഒരു ചാരിറ്റി ട്രസ്റ്റിന്‍റെ അവശ്യകതയെ കുറിച്ച് ഇവര്‍ ചിന്തിച്ചത്‌. ഈ വൃദ്ധനെ സഹായിക്കാനായി നൗഷാദ് സാഹിബ്‌ തന്നെ തിരുവനന്തപുരത്തെ കൈരളി സ്റ്റുഡിയോ വരെ ഈ വൃദ്ധനോടൊപ്പം പോവാന്‍ തയാറായി. പണം കൊണ്ട് സഹായിച്ച് കായിക പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് ചിന്തിക്കുന്ന മുതലാളി പ്രമാണിമാര്‍ക്ക് മാതൃകയാണ് നൗഷാദ് സാഹിബും കണ്‍വീനര്‍ ഇബ്രാഹിം സാഹിബും.

തണല്‍ രൂപം കൊണ്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂവെങ്കിലും ഈ കുറഞ്ഞ സമയത്തിനുള്ളില്‍ പല ഉദ്യമങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ തണലിന് കഴിഞ്ഞു എന്നത് ശ്ലാഘനീയമാണ്.തണല്‍ ഇതുവരെ ഏറ്റെടുത്ത് വിജയിപ്പിച്ച പ്രധാന പ്രവര്‍ത്തനങ്ങള്‍...

1)  എട്ടു വര്‍ഷമായി നാട് വിട്ട് പോയി കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ കഴിഞ്ഞിരുന്ന റാസിഖ് എന്ന ചെറുപ്പക്കാരനെക്കുറിച്ച് കൈരളി ചാനലിലെ പ്രവാസലോകം പരിപാടിയില്‍ അവതരിപ്പിക്കുകയും പ്രസ്തുത വ്യക്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തണല്‍ ചെയര്‍മാനെ തേടിയെത്തുകയും ചെയ്തു.

2)  കുമരനെല്ലൂരില്‍ തീര്‍ത്തും അവശനായി ഉറുമ്പരിച്ചു കിടന്നിരുന്ന കരീം എന്ന വ്യക്തിയെ ഏറ്റെടുക്കുകയും ഇപ്പോള്‍ തണലിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തിലും ചിലവിലും ആശുപത്രിയില്‍ ചികില്‍സയും ശുശ്രൂഷയും നല്‍കിക്കൊണ്ടിരിക്കുന്നു.

3)  പഠനത്തില്‍ മുന്നില്‍ നില്‍ക്കുന്ന നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ സാമ്പത്തിക സഹായവും മറ്റു പഠന സാമഗ്രികളും നല്‍കി. 

4)  നേത്ര ചികിത്സാ ക്യാമ്പ്‌ സംഘടിപ്പിച്ചു.

5)  തൃത്താല വട്ടത്താണി മുതല്‍ കക്കാട്ടിരി മല റോഡു വരെ റോഡിനിരുവശവും അഞ്ഞൂറോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.

ലക്ഷ്യങ്ങള്‍:

സൗജന്യ ചികിത്സാ ക്യാമ്പുകള്‍...

നിര്‍ദ്ധനരായ വിദ്യാര്‍ഥികളെ ദത്തെടുത്ത് വളര്‍ത്താനുള്ള പദ്ധതികള്‍..

സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം..

കരീംക്കയെ പോലെ സമൂഹത്തില്‍ അവഗണിക്കപ്പെട്ട വ്യക്തികളെ കണ്ടെത്തി സംരക്ഷിക്കുക.

സാന്ദര്‍ഭികമായി ഉരുത്തിരിയുന്ന മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങള്‍

തണലിന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നും പകര്‍ത്തിയ ചില ദൃശ്യങ്ങള്‍ ഇവിടെ കൊടുക്കുന്നു..
തണല്‍ എന്ന സംഘടന മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ ഇവര്‍ക്ക്‌ താല്‍പര്യമുണ്ട്‌. തണലിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ നിങ്ങള്‍ക്ക്‌ താല്പര്യമുണ്ടെങ്കില്‍ അതുമല്ലെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തണലിന്‍റെ സഹകരണം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ താഴെ കാണുന്ന നമ്പറുകളില്‍ വിളിക്കുക.
Mr.Noushad-9048888881,Mr.Ibrahim-9947467772,Mr.Mansoor-9846167836
പ്രിയപ്പെട്ടവരേ.. തണല്‍ പ്രവര്‍ത്തകരെ അകമഴിഞ്ഞ് സഹായിക്കുക, പ്രോത്സാഹിപ്പിക്കുക. കഴിയുമെങ്കില്‍ ഈ അറിയിപ്പ്‌ ഒന്ന് ഷെയര്‍ ചെയ്യുക. മറ്റുള്ളവര്‍ക്ക് ഇവര്‍ പ്രോത്സാഹനം ആവട്ടെ. ഒന്ന് ചിന്തിച്ചു നോക്കൂ. ഓരോ ഗ്രാമത്തിലും ഇത് പോലെ ഓരോ സംഘടനകള്‍ ഉണ്ടായിരുന്നുവെങ്കില്‍ സമൂഹത്തിന് എത്ര ഗുണകരമാവുമായിരുന്നു.

No comments:

Post a Comment

Note: only a member of this blog may post a comment.