Friday, July 13

നായര് ചെക്കനെ പ്രണയിച്ച ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നാസര്‍ ചെക്കന്‍റെ കഥ...


    എന്താണ്? തലക്കെട്ട്‌ കണ്ടിട്ട് വിശ്വാസം വരുന്നില്ലേ..? അതോ ഒന്നും മനസ്സിലാവുന്നില്ലേ..? അതൊരു കാലം. പ്രീഡിഗ്രിയും കഴിഞ്ഞ് ഡിഗ്രിയും മോഹിച്ച് (ന്ന് വെച്ചാല്‍ റിസള്‍ട്ട്‌ വന്നിട്ടില്ല) തേരാ പാരാ നടക്കുന്ന ആ കാലത്ത് ഞാന്‍ കണ്ട ഒരു ഉമ്മച്ചിക്കുട്ടി എനിക്ക് എട്ടിന്‍റെ പണി തന്ന സുന്ദരമായ ഒരു കഥയാണ് ഇത്. ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്‌ എന്നൊക്കെ പറയുന്നത് ഇതാണോ എന്ന് പറഞ്ഞാല്‍ ഇതാണ്.

    എങ്കില്‍ പിന്നെ എന്തുണ്ടായി എന്നല്ലേ..? അവളുടെ പുഞ്ചിരിയില്‍ മയങ്ങി അവളെയും തേടി പാതിരാവില്‍ പാലപ്പൂമണം പരക്കുന്ന പാറത്തോടിലൂടെ ബൈക്കോടിച്ചു പോയ ഞാന്‍ കണ്ടു മുട്ടി. അതെ, ബൈക്കിന്‍റെ ഹെഡ് ലൈറ്റ് അടിച്ചു പോയ തക്കം നോക്കി മുന്നില്‍ ചാടി വീണ ആ മരമാക്രിയെ ഞാന്‍ കണ്ടു. ആദ്യം വലതു ഭാഗത്ത് കണ്ട അയാളെ പിന്നീട് ഇടതു ഭാഗത്ത് കണ്ടപ്പോള്‍ എന്‍റെ പടച്ചോനെ ഇതെന്ത് ഇയാള്‍ റോഡില്‍ ഡാന്‍സ് കളിക്കുന്നോ എന്ന്‍ ചിന്തിച്ചു പോയി. ഇറക്കം ഇറങ്ങിത്തുടങ്ങിയ എന്‍റെ ആക്സിലരേറ്റര്‍ കുറഞ്ഞു വന്നു. ആക്സിലരേറ്റര്‍ കുറഞ്ഞപ്പോള്‍ ലൈറ്റ് ഡിം ആയി. കണ്ണ് കാണാതെ കുഴങ്ങിയ ഞാന്‍ വെളിച്ചം കിട്ടാന്‍ ആക്സിലരേറ്റര്‍ കൂട്ടിയത്‌ ആ പഹയന്‍റെ നെഞ്ചത്തേക്കായിരുന്നു. കള്ളുംകുടിച്ച് സ്വര്‍ഗ്ഗലോകത്തില്‍ വിഹരിക്കുന്ന ഒരു പാമ്പിനെയാണ് ഞാന്‍ ഇടിച്ചിട്ടത് എന്നറിഞ്ഞത് പിന്നെയും കുറെ കഴിഞ്ഞാണ്. അതിനും മുമ്പേ ഫസ്റ്റ് എയ്ഡ് എന്ന നിലയില്‍ മൂക്കില്‍ വിരല്‍ വെച്ച് ശ്വാസം പോകുന്നുണ്ടോ എന്ന് നോക്കാന്‍ എന്നിലെ ബുദ്ധിമാനായ വിദ്യാര്‍ത്ഥി ഒരു മടിയും കാണിച്ചില്ല..

    അയാളെയും താങ്ങി ഞാനും എന്‍റെ കൂട്ടുകാരും പോയി. ഈ ഉമ്മച്ചിക്കുട്ടിയെ തേടി ഞാന്‍ ഇറങ്ങിയ അതെ ടൌണിലേക്ക് തന്നെ. അവിടെ ചെന്നപ്പോള്‍ എനിക്ക് എല്ലാവരുടെയും പിന്‍ബലം കിട്ടി. കാരണം അത് വസന്തകാലമായിരുന്നു. കള്ളു കുടിയന്മാരെ സമൂഹം  വെറുത്തിരുന്ന ആ വസന്തകാലം. ഇന്ന് എളാപ്പാടെ കല്യാണത്തിന് മൂത്താപ്പാടെ മകന്‍ കള്ളു വിളമ്പുന്ന അവസ്ഥയാണെങ്കില്‍ അന്ന് കള്ളു ഷാപ്പ്‌ പരിസരത്തു കൂടെ പോണ ഉമ്മാര്‍ വിചാരിച്ചിരുന്നത് ഇതെന്താ പടച്ചോനെ ഇവിടെ എത്തിപ്പോ ന്‍റെ മോന്‍റെ മണം എന്നായിരുന്നു. കാരണം അന്ന് ആളുകള്‍ പരസ്യമായി കള്ളു കുടിക്കാന്‍ മടിച്ചിരുന്നു. അതെന്തെങ്കിലും ആവട്ടെ..

അങ്ങനെ ഉമ്മച്ചിക്കുട്ടിയെ തേടിയുള്ള ആദ്യ യാത്ര ശുഭകരമായി പര്യവസാനിച്ച വേദനയില്‍ ഞാന്‍ രണ്ടു ദിവസം ഒതുങ്ങിയിരുന്നു. ഈ ആക്സിഡന്റ്ല്‍ എനിക്ക് വലിയ നഷ്ടമൊന്നുമുണ്ടായില്ല. കാരണം ആശുപത്രി ബില്ലും വണ്ടി റിപ്പയറിംഗും ജേഷ്ടന്‍റെ വക ആയിരുന്നു. ബില്ലടച്ച വകയില്‍ രശീത് ജേഷ്ഠന്‍റെ വായില്‍ നിന്നും ഞാന്‍ വേറെ കൈപ്പറ്റി എന്ന് മാത്രം.

പിന്നെ അടുത്ത കാലത്തൊന്നും അവളെ ഞാന്‍ കണ്ടതേയില്ല. അങ്ങനയാണ് അവളുടെയും എന്‍റെയും ബന്ധുവായ ഒരുവന്‍റെ കല്യാണത്തിന് അവളെ ഞാന്‍ വീണ്ടും കൂട്ടിമുട്ടിയത്‌. (കണ്ടു മുട്ടിയതേയുള്ളൂ. പക്ഷെ, കൂട്ടിമുട്ടി എന്ന് പറഞ്ഞാലല്ലേ നിങ്ങള്‍ തുടര്‍ന്ന് വായിക്കൂ. എന്താ ചെയ്യാ..)

പക്ഷെ, ആ സമാഗമത്തില്‍ എനിക്കവളോട് ഇഷ്ടമാണെന്ന് പറയാന്‍ ധൈര്യം തോന്നിയില്ല. അത് കൊണ്ട് പരീക്ഷണം അടുത്ത ഘട്ടത്തിലാവാമെന്ന് വിചാരിച്ച് ഞാന്‍ മെല്ലെ ഒഴിഞ്ഞു. അങ്ങനെ ആ ഇഷ്ടവും കൊണ്ട് ഞാന്‍ പഠിക്കാന്‍ പോയി. കൊല്ലങ്ങള്‍ കഴിഞ്ഞു പോയി. ഇപ്പോഴും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. അവളെയാണെങ്കില്‍ അതിനു ശേഷം നിലത്തിറങ്ങി കണ്ടിട്ടുമില്ല. പണക്കാരന്‍റെ മോളാണ്. കാറിലെ പോവൂ..

അങ്ങനെ പഠനവും കഴിഞ്ഞു ജോലിയും കിട്ടിയപ്പോള്‍ എനിക്ക് തോന്നി. ഇനി പ്രണയിക്കാന്‍ ഒന്നും നില്‍ക്കണ്ട. നേരെ കല്യാണം അങ്ങോട്ട്‌ ആലോചിക്കാം. അങ്ങനെ കല്യാണം ആലോചിക്കാന്‍ വീട്ടുകാരോട് പറഞ്ഞപ്പോ കിട്ടിയ മറുപടി എന്തെന്നല്ലേ..

അയ്യേ..നായര് ചെക്കനെ പ്രണയിച്ച ഉമ്മച്ചിക്കുട്ടിയെ ആണോ നിനക്ക് വേണ്ടത്‌.?

എന്ത്?

എടാ മോനെ അവള്‍ ഒരു ഹിന്ധുവുമായി പ്രണയത്തിലായിരുന്നു. അവളുടെ ആള്‍ക്കാര്‍ അവനെ വിരട്ടി ഒതുക്കിയതാ.

അപ്പോള്‍ എന്നോട് ചിരിച്ചതും ഇഷ്ടം കാണിച്ചതും.” ഞാനും വിട്ടില്ല.

അതേയ്..അവള് ഫാസിലിന്‍റെ ഫാനാ...ഹരികൃഷ്ണന്‍സ് കളിച്ചതാ..

ഹരിയായ ഞാനും കൃഷ്‌ണനായ അവനും നോക്കി നില്‍ക്കെ അവളെ ഏതോ ഹനുമാന്‍ കൊണ്ട് പോയി മക്കളെ...

ശുഭം..

No comments:

Post a Comment

Note: only a member of this blog may post a comment.