Friday, June 22

കക്കാട്ടിരിയിലെ ഊര് വിലക്ക്-നാം ഇരുണ്ട യുഗത്തിലേക്കോ...?


ഫേസ്ബുക്കില്‍ നടന്ന ചര്‍ച്ച...  
മുസ്ലിം സമുദായത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായി പുതിയ പ്രസ്ഥാനങ്ങള്‍ പൊട്ടിമുളച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മുജാഹിദ്‌ പ്രസ്ഥാനം തുടക്കം വെച്ച ഈ കലാപരിപാടിയില്‍ പ്രചോദനം കൊണ്ട് മറ്റു പല പ്രസ്ഥാനങ്ങളും പിന്നീട് ഉദയം ചെയ്യുകയുണ്ടായി. അതില്‍ പ്രധാനമായിരുന്നു ജമാഅത്തെ ഇസ്ലാമിയും എ പി യും നദുവതുല്‍ മുജാഹിദീനും പിന്നെ നിസ്കാരത്തില്‍ വമ്പന്‍ ഡിസ്കൗണ്ട് നല്‍കി വളരാന്‍ മോഹിച്ച ചേകന്നൂരിന്റെ ഖുര്‍ആന്‍ സുന്നത്ത്‌ സൊസൈറ്റിയും. പുതുതായി രൂപം കൊണ്ട ഈ തൌഹീദ് പ്രസ്ഥാനങ്ങള്‍, പ്രവാചകന്‍റെ കാലം മുതല്‍ നിലനിന്നുപോരുന്ന സുന്നികള്‍ പഴഞ്ചന്‍മാരാണെന്നും അവര്‍ ചെയ്യുന്നതെല്ലാം ശിര്‍ക്ക്‌ ആണെന്നും വിചാരിച്ച് സങ്കടത്തോടെ കണ്ണീര്‍ ഒഴുക്കുന്നവരാണ്. അത് കൊണ്ട് എല്ലാം ആധുനിക രീതിയില്‍ നടക്കണമെന്നും ഇന്ന് സുന്നികള്‍ കൊണ്ടാടാന്‍ മടിക്കുന്ന പല സുന്നത്തുകളും പുനരുജ്ജീവിപ്പിക്കണമെന്നും ശഠിക്കുന്നവരാണ്. കേരള സുന്നികളാകട്ടെ ഇവര്‍ തെറ്റെന്നും ശിര്‍ക്കെന്നും പറയുന്നത് കൂടുതല്‍ ആവേശത്തോടെയും മത്സര ബുദ്ധിയോടെയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്ന തിരക്കിലും. അങ്ങനെയുള്ള സുന്നികളല്ലാത്ത രണ്ട് പ്രസ്ഥാന ബന്ധുക്കളാണ് ഈ സംഭവത്തിലെ കഥാപാത്രങ്ങളും.

    ഇത്രയും പറഞ്ഞത് ഇനി പറയാന്‍ പോവുന്ന സംഭവത്തിന്‍റെ ഗൌരവം മനസിലാക്കാന്‍ സഹായകമാവട്ടെ എന്ന് കരുതിയാണ്. പാലക്കാട്‌ ജില്ലയില്‍ തൃത്താല മണ്ഡലത്തില്‍ കക്കാട്ടിരി എന്ന ദേശത്ത് നടന്ന ചില സംഭവ വികാസങ്ങളെപ്പറ്റിയാണ് പറയാന്‍ പോവുന്നത്. മാന്യമ്മാരായ രണ്ട് വ്യക്തികളെ ഒരു കൂട്ടം പകല്‍മാന്യന്മാര്‍ ചേര്‍ന്ന്‍ നിരന്തരം വേട്ടയാടിയ ഒരു കഥയുടെ പിന്നാമ്പുറം വെറും ആശയഭിന്നത മാത്രമാണ് എന്നതാണ് രസകരം. ഊര് വിലക്കിന്‍റെ പേരില്‍ രണ്ടു മൂന്ന്‍ കുടുംബങ്ങളെ പള്ളിക്കമ്മിറ്റി നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഞങ്ങളുടെ നാട്ടില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്. സമാന സംഭവങ്ങള്‍ മറ്റു പല മഹല്ലുകളിലും നടക്കുകയുണ്ടായി. ആശയഭിന്നതകളുടെ പേരില്‍ വ്യക്തികളെ തേജോവധം ചെയ്യുന്ന പള്ളിക്കമ്മിറ്റി നടപടികളോട് നാട്ടുകാര്‍ക്ക് ഒന്നടങ്കം എതിര്‍പ്പായിരുന്നുവെങ്കിലും പ്രതികാര നടപടികള്‍ ഭയന്ന്‍ എല്ലാവരും മൗനമവലംബിക്കുകയായിരുന്നു.
പത്രവാര്‍ത്ത...സ്വന്തം മക്കളുടെ കല്യാണത്തിന് തങ്ങളുടെ വിശ്വാസപ്രകാരം മലയാളത്തില്‍ പ്രസംഗം നടത്താന്‍ തുനിഞ്ഞതാണ് ഇവര്‍ ചെയ്ത തെറ്റ്. കമ്മിറ്റിയുടെ എതിര്‍പ്പിനെ വക വെക്കാതെ മഹല്ലിലെ നടപ്പ് രീതികളില്‍ നിന്നും വ്യത്യസ്തമായി വിവാഹം നടത്തിയതിന് ഇവരെ ശിക്ഷിക്കാന്‍ കമ്മിറ്റി കണ്ടെത്തിയത്‌ 'ഊരുവിലക്ക്‌' എന്ന പ്രാകൃത രീതിയും. ഒരു ചെറിയ മഹല്ലില്‍ ഊരുവിലക്ക്‌ ഏര്‍പ്പെടുത്തിയാല്‍ അതേതൊരു ഇന്ത്യന്‍ പൌരനും ധൈര്യപൂര്‍വം പുച്ഛിച്ചു തള്ളാവുന്നതേയുള്ളൂ. അങ്ങനെ തന്നെയാണ് വിലക്ക് നേരിടേണ്ടി വന്ന പാറത്തോട് കാസിംക്കയും തെക്കത്ത് വളപ്പില്‍ കുഞ്ഞുമാനിക്കയും ചെയ്തത്. ഈ മനോഭാവം മഹല്‍ ഭാരവാഹികളെ ചൊടിപ്പിക്കുകയും അവര്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.
മഹല്‍ കമ്മിറ്റി തുടര്‍ന്ന് കൈക്കൊണ്ട നടപടികള്‍:-
1      വിലക്കപ്പെട്ട വ്യക്തികളെ കല്യാണത്തിനും മറ്റ് ചടങ്ങുകള്‍ക്കും ക്ഷണിക്കുന്നതില്‍ നിന്നും മഹല്‍ നിവാസികളെ വിലക്കി.  ഈ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ പള്ളിക്കമ്മിറ്റി ബഹിഷ്കരിച്ചു. നികാഹ് നടത്താന്‍ ആളില്ലാതെ പല കുടുംബങ്ങളും വിഷമിച്ചു. പല കല്യാണങ്ങളില്‍ നിന്നും വിലക്കപ്പെട്ടവരെ ഇറക്കിവിട്ടതിനു ശേഷം മാത്രമേ കമ്മിറ്റി നികാഹ് നടത്തിക്കൊടുക്കാന്‍ തയാറായുള്ളൂ.
2      കുഞ്ഞുമാനിക്കയുടെ മക്കളെ മദ്രസയില്‍ നിന്നും പുറത്താക്കി. മക്കളെ ദോഷകരമായി ബാധിക്കുമെന്ന് പിന്നീട് ബോധോദയം ഉണ്ടായപ്പോള്‍ കമ്മിറ്റി നടപടിയില്‍ ഇളവ്‌ നല്‍കി. ഫീസ്‌ നല്‍കാതെ വേണമെങ്കില്‍ സൗജന്യമായി പഠനം തുടരാവുന്നതാണ്.  സൗജന്യമായി പഠിപ്പിക്കുന്നതിന്‍റെ ലക്ഷ്യം അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടുക എന്നത് തന്നെയായിരുന്നു.
3      ഇവരില്‍ നിന്ന് പള്ളിയിലേക്കുള്ള മാസവരിസംഖ്യ കൈപ്പറ്റാന്‍ കമ്മിറ്റി തയാറായില്ല. അവരെ പള്ളിക്കാര്യങ്ങളില്‍ ഒന്നിലും പങ്കെടുപ്പിച്ചുമില്ല. കാസിംക്കയെ കല്യാണത്തിന് ക്ഷണിച്ച കോട്ടപ്പാടം ഷറഫുവിന്‍റെ കുടുംബത്തെയും ശിക്ഷാ നടപടികള്‍ക്ക്‌ വിധേയമാക്കി. അവരില്‍ നിന്നും വരിസംഖ്യ കൈപ്പറ്റാന്‍ കമ്മിറ്റി വിസമ്മതിച്ചു. തപാല്‍ വഴി അയച്ച വരിസംഖ്യ തിരിച്ചു വന്നു. മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കമ്മിറ്റിക്ക്‌ സമന്‍സ് വന്നു. അന്വേഷണത്തിന് വന്ന ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ കമ്മിറ്റി സെക്രട്ടറിയും ഭാരവാഹികളും ചാടി മറിഞ്ഞ് ഓടിയൊളിച്ചു. രണ്ടാമതും അന്വേഷണത്തിന് വന്നപ്പോള്‍ അവര്‍ക്കെതിരെ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല എന്ന് പറഞ്ഞ് കമിറ്റി കൈമലര്‍ത്തി.
4      കാസിംക്ക നോമ്പ് തുറ സംഘടിപ്പിച്ച അന്ന് തന്നെ അദ്ദേഹത്തിന്‍റെ വീടിനു മുന്നിലെ പള്ളിയില്‍ കമ്മിറ്റിയും നോമ്പ് തുറ സംഘടിപ്പിച്ചു. മഹല്‍ നിവാസികളെ മൊത്തം അതില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടഞ്ഞു. ഊര് വിലക്കും ദീനും എന്തെന്നറിയാത്ത ഏതാനും അന്യമതസ്ഥര്‍മാത്രമാണ് നോമ്പ്തുറയില്‍ പങ്കെടുത്തത്.
5      പെരുന്നാള്‍ ദിനത്തില്‍ ബലിയറുത്ത മാംസം കാസിംക്കയുടെ വീട്ടിലും കൊണ്ട് വന്നു കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ കൊണ്ട് വന്ന വ്യക്തി തന്നെ വീട് മാറിപ്പോയി എന്ന ന്യായം പറഞ്ഞ് റെഫ്രിജറേറ്ററില്‍ കൊണ്ട് വെച്ച പോത്തിറച്ചി തിരിച്ചു വാങ്ങി അപമാനിച്ചു.
ഊര് വിലക്ക് കൊണ്ട് തൃപ്തരാകാന്‍ സെക്രട്ടറിയും മറ്റു ഭാരവാഹികളും തയാറായിരുന്നില്ല എന്നതാണ് ഈ സംഭവങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. പള്ളിക്കമ്മിറ്റി ഭാരവാഹിത്വം പലരും ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്‌.
പള്ളിക്കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് എല്ലാവരുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞോ ഒരു തിരഞ്ഞെടുപ്പ്‌ നടത്തിയോ അല്ല. ആരെങ്കിലും ആരുടെയെങ്കിലും പേര് പറയും. അതിനെ ഒന്ന് രണ്ടു പേര്‍ പിന്താങ്ങും. DONE!! അയാള്‍ കമ്മിറ്റിയില്‍ അംഗമായി. അതിനെ പ്രതികൂലിക്കുന്നവര്‍ പോലും മിണ്ടാതെ അതെ തിരഞ്ഞെടുപ്പിന് (വാക്കാലുള്ള) സാക്ഷ്യം വഹിക്കുന്നുണ്ടാവും. പ്രതികരിക്കാന്‍ ഭയമാണ്. അല്ലെങ്കില്‍ പ്രതികരിച്ചാല്‍ അയാളുടെ ഇഷ്ടക്കേട് പിടിച്ചു പറ്റില്ലേ എന്ന ചിന്താഗതി. ഭൂരിഭാഗം മഹല്‍ നിവാസികളും ഈ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നടക്കുന്നതും കമ്മിറ്റികള്‍ മാറി വരുന്നതും ഒന്നും അറിയുന്നേയില്ല. അവര്‍ക്കതൊന്നും അറിയുകയേ വേണ്ട.
ഒത്തിരി കുടുംബബന്ധങ്ങള്‍ വഷളായി എന്നതാണ് ഊര് വിലക്കിന്‍റെ ബാക്കി പത്രം. ആശയ ഭിന്നത മാറ്റി വെച്ച് ഒന്നാവാന്‍ ഇരകളും വേട്ടക്കാരും തയാറായില്ല എന്നതാണ് മറ്റൊരു വസ്തുത.
നൂറ്റാണ്ടുകള്‍ മാറി മറിഞ്ഞാലും മനുഷ്യന്‍ മാറുകയില്ല എന്നാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. പള്ളിക്കമ്മിറ്റി ഭാരവാഹിത്വം പ്രതിയോഗികളെ ഒതുക്കാനുള്ള മാര്‍ഗമായി കാണുന്നവര്‍ കമ്മിറ്റിയില്‍ വരാന്‍ പാടില്ല. ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. തിന്മയെ വേരോടെ പിഴുതെറിയണം. ഇത്തരം കമ്മിറ്റി ഭാരവാഹികള്‍ ദീനെന്നും ദുനിയാവെന്നും പറഞ്ഞ് വിശക്കുന്നവരുടെയും വിഷമിക്കുന്നവരുടെയും മുന്നില്‍ ചെന്നാല്‍ പുറം കാല്‍ കൊണ്ട് തട്ടിത്തെറിപ്പിക്കപ്പെടും.
Discussion on Facebook
ഇനിയാര്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ. നിയമം സുശക്തമാണെന്ന ബോധം ആര്‍ക്കുമില്ലാതായാല്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.
വാല്‍ക്കഷണം
നിരന്തരമായ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഒടുവില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഊര് വിലക്കില്‍ ചെറിയൊരു ഇളവ്‌ നല്‍കിക്കൊണ്ട് ഉത്തരവായി. അത് പ്രകാരം ഊര് വിലക്കപ്പെട്ട വ്യക്തികളെ ഇനി കല്യാണങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുപ്പിക്കാന്‍ മഹല്‍ നിവാസികള്‍ക്ക്‌ പൂര്‍ണ്ണസ്വാതന്ത്രം ഉണ്ടായിരിക്കുന്നതാണ്.
Kakkattiri

No comments:

Post a Comment

Note: only a member of this blog may post a comment.