Tuesday, April 24

മക്ക – സമാധാനത്തിന്‍റെ നാട് (ഇനിയും അറിയാത്തവര്‍ക്ക്)

കഅബാ ശരീഫ്‌
മക്ക, ആദിമ കാലം തൊട്ടേ മനുഷ്യവാസമുള്ള പ്രദേശം. ആദ്യ മനുഷ്യന്‍ ആദം നബി (അ) ഭാര്യ ഹവ്വാ ബീവിയെ കണ്ടു മുട്ടിയ, തുടര്‍ന്നുള്ള ജീവിതം നയിച്ച സ്ഥലം. സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട് ആദമും ഹവ്വയും ഭൂമിയില്‍ അനേകായിരം വര്‍ഷങ്ങള്‍ വേര്‍പ്പെട്ടലഞ്ഞു. അവസാനം മക്കയിലെ ജബല് റഹ്മ എന്ന് പേരുള്ള കുന്നിന്‍റെ താഴ്വരയില്‍ അഥവാ ഇന്നത്തെ അറഫ മൈതാനിയില്‍ വെച്ച് കണ്ടു മുട്ടി. ആ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് ഈ പ്രദേശത്തിന് അറിയുക,തിരിച്ചറിയുക എന്നര്‍ത്ഥമുള്ള അറഫ എന്ന പേര് വന്നത്.

    മക്കയും ഇബ്രാഹിം നബി(അ) യും തമ്മിലുള്ള ബന്ധവും ചെറുതല്ല. അല്ലാഹുവിന്‍റെ കല്പന പ്രകാരം ഇബ്രാഹിം നബി(അ) സ്വപത്നി ഹാജറാ ബീവിയെയും മകന്‍ ഇസ്മായിലിനെയും മക്കയില്‍ ഉപേക്ഷിച്ചു പോയി. ആരോരുമില്ലാത്ത മക്കയില്‍ ഹാജറയും കുഞ്ഞ് ഇസ്മായിലും ഒറ്റപ്പെട്ടു. ദാഹിച്ചു കരഞ്ഞ കുഞ്ഞിനു വെള്ളം തേടി ഹാജറാ ബീവി സഫാ മര്‍വക്കിടയില്‍ ഓടി. പക്ഷെ, ഒരിറ്റ് വെള്ളം കണ്ടെത്താനായില്ല. ഇസ്മായില്‍ നബി കാലിട്ടടിച്ച ഭാഗത്ത് നിന്നും സംസം ഉറവ പൊട്ടി. ഇസ്മായീല്‍ നബിക്ക്‌ ആവോളം വെള്ളം കുടിപ്പിച്ച് ഹാജറ തൃപ്തയായി. ധാര ധാരയായി ഒഴുകുന്ന വെള്ളം നില്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഹാജറ ബീവി അതിനോട് അടങ്ങുക എന്നര്‍ത്ഥത്തില്‍ സംസം എന്നാജ്ഞാപിച്ചു.അതിനെ തുടര്‍ന്ന് സംസം എന്ന പേര് വന്നെന്ന് പറയപ്പെടുന്നു.
മസ്ജിദുല്‍ ഹറം
    കാലങ്ങള്‍ കഴിഞ്ഞ്‌ ഇബ്രാഹിം നബി(അ) മക്കയില്‍ തിരിച്ചെത്തി. തന്‍റെ ഭാര്യയെയും മകനെയും കണ്ടുമുട്ടി. കഅബ പുനര്‍ നിര്‍മ്മിക്കാന്‍ അല്ലാഹുവിന്‍റെ കല്പനയുമായിട്ടാണ് ഇബ്രാഹിം നബി (അ) വന്നിരിക്കുന്നത്. മകന്‍ ഇസ്മായിലുമായി ചേര്‍ന്ന്‍ കഅബയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇബ്രാഹിം നബി അല്ലാഹുവിനോട് ഞങ്ങളില്‍ നിന്നും ഇത് സ്വീകരിക്കണേ എന്ന്‍ ദുആ ചെയ്തു. അള്ളാഹു ഇബ്രാഹിം നബി യോട് ഹജ്ജിനു വേണ്ടി വിളിക്കാന്‍ ആവശ്യപ്പെട്ടു. താന്‍ ഹജ്ജിനു വിളിച്ചാല്‍ ആരാണ് കേള്‍ക്കുക എന്ന്‍ ചോദിച്ച ഇബ്രഹിമിനോട് അള്ളാഹു പറഞ്ഞു.

    “ഇബ്രാഹിം നീ വിളിക്കുക, കേള്‍പ്പിക്കുന്നവന്‍ ഞാനാണ്‌.”

വിജനമായിക്കിടന്ന മക്കയില്‍ ഇന്ന് ഹജ്‌ കര്‍മത്തിന് വന്നെത്തുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ ഇബ്രാഹിം നബിയുടെ വിളിക്കുത്തരം നല്‍കിയവരാണ്.
    മുഹമ്മദ്‌ നബി(സ) ജനിക്കുന്നതിന് മുമ്പ്‌ കഅബ പൊളിക്കാന്‍ വന്ന അബ്രം ചക്രവര്‍ത്തിയുടെ കൂട്ടത്തെ അള്ളാഹു അബാബീല്‍ പക്ഷികളെ വിട്ടു നശിപ്പിച്ച കഥ ഖുര്‍ആനിലെ ഫീല്‍ എന്ന അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. കൂട്ടം കൂട്ടമായി വന്ന അബാബീല്‍ പക്ഷികള്‍ ആനപ്പടക്ക് മേല്‍ വര്‍ഷിച്ച ചുടു കല്ലുകള്‍ ആ ശത്രു സൈന്യത്തെ വൈക്കോല്‍ തുരുമ്പ്‌ പോലെയാക്കി. മുഹമ്മദ്‌ നബി(സ) ജനിച്ച വര്‍ഷം തന്നെയാണ് ‘ആനക്കലഹം’ എന്ന്‍ പിന്നീട് അറിയപ്പെട്ട ഈ സംഭവം നടന്നത്.

    വര്‍ഷങ്ങള്‍ക്ക് ശേഷം കഅബയില്‍ സ്ഥാപിച്ചിരുന്ന ഹജറുല്‍ അസ് വദ് എന്ന കല്ല് പുനസ്ഥാപിക്കാന്‍ പ്രമുഖ ഗോത്രക്കാര്‍ തമ്മില്‍ തര്‍ക്കമായി. ഓരോരുത്തരും കര്‍മ്മം നടത്താനുള്ള അവകാശം തങ്ങള്‍ക്ക് വിട്ടു കിട്ടണമെന്ന് ശാട്യം പിടിച്ചു. അവസാനം അവര്‍ ഒരു തീരുമാനത്തിലെത്തി. ഈ വഴിയെ ആദ്യം വരുന്ന വ്യക്തി ആരായാലും അദ്ദേഹം ഇതിന് ഒരു പോം വഴി നിര്‍ദ്ദേശിക്കട്ടെ, അത് നമുക്ക്‌ സ്വീകരിക്കാം. അപ്പോള്‍ അത് വഴി ആദ്യം വന്നത് ചെറുപ്പക്കാരനായ മുഹമ്മദ്‌ നബി(സ)യായിരുന്നു. മുഹമ്മദ്‌ നബി(സ) നിര്‍ദ്ദേശിച്ച പ്രകാരം ഒരു തുണിയില്‍ കല്ല് എടുത്തു വെക്കുകയും ഓരോ ഗോത്രത്തിലെയും പ്രമുഖര്‍ തുണിയുടെ ഒരോ തല പിടിക്കുകയും കഅബയുടെ മൂലയില്‍ അതിനെ സ്ഥാപിക്കുകയും ചെയ്തു.

മഖാമു ഇബ്രാഹിം
    ഇബ്രാഹീം നബി(അ)യുടെ കാല്‍പ്പാദം പതിഞ്ഞ മണ്ണ് ഇന്നും കഅബയില്‍ ഉണ്ട്. മഖാമു ഇബ്രാഹീം എന്ന്‍ പറയുന്ന ഈ മണ്ണ് നില്‍ക്കുന്ന സ്ഥാനം ചില്ലിട്ട് ഉയരത്തില്‍ സ്ഥാപിച്ചിരിക്കുകയാണ്. തവാഫ് കഴിഞ്ഞ്‌ മഖാമു ഇബ്രാഹീമിന് പിറകില്‍ രണ്ടു റകഅത് നിസ്കരിക്കല്‍ പുണ്യമുള്ള കാര്യമാണ്. സഫയും മര്‍വയും കഅബയുടെ തൊട്ടടുത്ത്‌ തന്നെയാണ്. പഴയത് പോലെ ഒരു കുന്ന് അല്ല ഇവ രണ്ടും. എല്ലാം സിമന്‍റ് പാകി സഞ്ചാര യോഗ്യമാക്കിയിരിക്കുന്നു. ഉംറയുടെയും ഹജ്ജിന്‍റെയും ഭാഗമായി ഈ രണ്ടു മലകള്‍ക്കിടയിലും ഏഴു തവണ അങ്ങോട്ടുമിങ്ങോട്ടും ഓടണം. സഫയില്‍ നിന്നും മര്‍വ വരെ ഓടിയാല്‍ ഒരു ഓട്ടമായി. തിരിച്ചിങ്ങോട്ട് സഫയിലേക്ക് രണ്ട് എന്നതാണ് കണക്ക്‌.
മസ്ജിദുല്‍ ഹറമില്‍ ഷാജി എന്ന സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍
    ഓട്ടം കഴിഞ്ഞ്‌ ഉമ്ര പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ മുടി നീക്കം ചെയ്യണം. ഈ സ്ഥലങ്ങളെല്ലാം പ്രത്യേകം ശീതീകരണ സംവിധാനമുള്ളതാണ്. വഴിയിലെല്ലാം സംസം വെള്ളവും ഉണ്ട്. മസ്ജിദുല്‍ ഹറമിന്റെ പരിധിക്കുള്ളിലാണ് സഫയും മര്‍വയും മഖാമു ഇബ്രാഹീമും എല്ലാം.
മസ്ജിദുല്‍ ഹറമിന്‍റെ മുകള്‍ ഭാഗം
    പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ്‌ നബി(സ) ഏകനായി ധ്യാനിച്ചിരുന്ന ഹിറാ ഗുഹ മക്കയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരത്തിലാണ്. ഈ ഗുഹയില്‍ കയറിപ്പറ്റുക ഒത്തിരി പ്രയാസകരമാണ്. ഒരിക്കല്‍ എനിക്കും ഈ കുന്നു കയറാന്‍ കഴിഞ്ഞു. കുന്നിന്‍റെ മുകളില്‍ നിന്നും മറുവശത്തേക്ക് പാറക്കെട്ടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയാലെ ഹിറാ ഗുഹയില്‍ എത്തൂ. മല കയറാനും ഗുഹയിലേക്ക്‌ പ്രവേശിക്കാനും യാതൊരുവിധ ആധുനിക സംവിധാനങ്ങളും ഇല്ല. സൗദി ഗവ. ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് സത്യം. ഹിറാ ഗുഹയിലേക്ക് പോകുന്ന വഴിയെ തന്നെയാണ് സത്യവിശ്വാസികളുടെ മാതാവ് എന്നറിയപ്പെടുന്ന നബി(സ) യുടെ ആദ്യ ഭാര്യ ഖദീജ ബീവിയുടെ ഖബര്‍ സ്ഥിതി ചെയ്യുന്നത്.

വഴിയില്‍ കണ്ട ഏകനായ മനുഷ്യന്‍....
    മക്ക പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമാണ്. പര്‍വതങ്ങളും കൊച്ചു കൊച്ചു കുന്നുകളും നിറഞ്ഞ ഈ സ്ഥലം ഭൂമിയുടെ അച്ചുതണ്ട് ആണ്. പര്‍വതങ്ങളെ ഭൂമിയുടെ ആണിക്കല്ലുകള്‍ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌. മക്കയോടടുക്കുന്നതിനു മുമ്പ് തന്നെ മുസ്ദലിഫയില്‍ ഹാജിമാര്‍ക്കായി ഒരുക്കിയ തമ്പുകള്‍ കാണാം. ലക്ഷക്കണക്കിന് വരുന്ന കൊച്ചു കൊച്ചു തമ്പുകള്‍ പുതുതായി നിര്‍മ്മിച്ചവയാണ്. ഈ തമ്പുകളില്‍ ഒരിക്കലും തീ പിടിക്കില്ല എന്ന ഒരു സവിശേഷത കൂടിയുണ്ട്. ഇതിന്‍റെ ഉല്‍ഘാടനം നടത്തിയതും തമ്പില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു നോക്കിയിട്ടാണ്. പെട്രോള്‍ കത്തി എന്നല്ലാതെ തമ്പിനു യാതൊരു കേടുപാടും ഉണ്ടായില്ല. കേരളത്തില്‍ വിവാദമായ പ്രവാചകന്‍റെ ആ മുടിയും ഇത് പോലെ കത്തിച്ചു കാണിക്കാന്‍ കാന്തപുരം ധൈര്യം കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ (പ്രവാചകന്‍റെ മുടി കത്തില്ലെന്നാണല്ലോ) !! സമൂഹത്തില്‍ ഇത്രയധികം കോലാഹലം ഉണ്ടാവുമായിരുന്നോ?...

    മലകള്‍ തുരന്നിട്ടാണ് മക്കയില്‍ റോഡ്‌ ഗതാഗതം സുഗമമാക്കിയിരിക്കുന്നത്. നമ്മള്‍ കേരളക്കാര്‍ ലജ്ജിക്കണം. വിശാലമായ ഭൂമിയുണ്ടായിട്ടും ഒരു എക്സ്പ്രസ് ഹൈവേ കൊണ്ടുവരാന്‍ നമുക്കായില്ല. അതെ സമയം എങ്ങു തിരിഞ്ഞാലും പാറക്കല്ലുകളും ഉറച്ച പര്‍വതങ്ങളും നിറഞ്ഞ സൌദിയില്‍ റോഡുകള്‍ മലകള്‍ തുരന്നാണ് കടന്നു പോകുന്നത്. അതും വെറും നീളനെയുള്ള ഒന്നോ രണ്ടോ റോഡുകള്‍ അല്ല. തലങ്ങും വിലങ്ങും റോഡുകള്‍!!! ലോകത്തെ ഏറ്റവും വലിയ ക്ലോക്ക് ടവര്‍ നിലകൊള്ളുന്നതും മസ്ജിദുല്‍ ഹറമിലാണ്.
    മക്കയില്‍ നിന്നും കിലോമീറ്ററുകളോളം അകലെയാണ് മദീന. ഈ മദീനയിലേക്കാണ് മുശ്രിക്കുകളുടെ ശല്യം സഹിക്ക വയ്യാതെ പ്രവാചകനും സഹാബികളും ഹിജ്റ പോയത്‌. പ്രവാചകന്‍റെ തുടര്‍ന്നുള്ള ജീവിതം മദീനയില്‍ ആയിരുന്നു. മദീനയില്‍ തന്നെ വഫാതാവുകയും മസ്ജിദുന്നബവിയില്‍ നബി(സ) യെ കബറടക്കുകയും ചെയ്തു. നബി(സ) യുടെ കബറിനു തൊട്ടടുത്ത്‌ ആണ് അബൂബക്കര്‍ സിദ്ദീക്ക് (റ) ന്‍റെയും ഉമര്‍ (റ) ന്‍റെയും കബറുകള്‍ സ്ഥിതി ചെയ്യുന്നത്. ഇതിനെ റൌള ശരീഫ്‌ എന്ന് പറയുന്നു. ആയിഷാ ബീവിയുടെ വീട് നിന്നിരുന്ന സ്ഥലത്താണ് ഇന്ന് മസ്ജിദുന്നബവി നില കൊള്ളുന്നത്.

3 comments:

Note: only a member of this blog may post a comment.