Wednesday, January 25

നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്‌..

     “രിജാലുല്‍ ഒയ്ബിന്‍റ ലോകത്ത്‌ ഔലിയാക്കള്‍ ഒരുമിച്ചു കൂടും. അവിടെ നടക്കുന്ന മഹാ സമ്മേളനത്തില്‍ ഖുതുബുസ്സമാന്‍ അധ്യക്ഷത വഹിക്കും. അങ്ങനെ ഒരു കാലത്തിന്‍റെ കുതുബ് സമാന്‍ ആയിരുന്നു നമ്മടെ മുഹിയുദ്ദീന്‍ ഷെയ്ഖ്‌. ഷെയ്ഖ്‌ ഖാദിര്‍ ജീലാനി അങ്ങ് ഇറാഖിലെ ബാഗ്ദാദില്‍ ജനിച്ചു വളര്‍ന്നവരാ...ചെറുപ്പത്തിലേ സത്യസന്ധതയും ദീനി നിഷ്ഠയും പുലര്‍ത്തിപ്പോന്ന ഷെയ്ഖ്‌ ഖാദിര്‍ ജീലാനി പിന്നീട് വലിയ വലിയ്യായി മാറി. അല്ലാഹുവിനോട് ഏറ്റവും അടുത്ത മഹാനായി ആ കാലത്ത്‌ നില നിന്നിരുന്ന, കാലത്തിന്‍റെ ഖുത്തുബ്‌ ആയിരുന്നു ജീലാനി. എന്നിട്ട് പിന്നീട്...എന്നിട്ട് പിന്നീട്..”


     എന്നിട്ട്, പിന്നീട്?, വല്ല്യുമ്മാ....വല്ല്യുമ്മ ഒറങ്ങാ, കഥ മുഴുമിക്ക്. നാസിയും ബാദുഷയും ഹഫീഫും ചാടിയെണീറ്റ് വല്യുമ്മയുടെ മുഖം പിടിച്ചുയര്‍ത്തി. വല്ല്യുമ്മ ഉറക്കം തൂങ്ങി വന്ന കണ്‍പോളകള്‍ തുറന്ന് അവരെ വീണ്ടും തറയിലിരുത്തി.


     “ശരി നിങ്ങളെല്ലാരും ഒറങ്ങാന്‍ കെടക്ക്..എന്നിട്ട് ബാക്കി പറയാം”.വല്യുമ്മ പറഞ്ഞു തീരും മുമ്പേ എല്ലാവരും എണീറ്റ്‌ ബെഡില്‍ മലര്‍ന്നു കിടന്നു.   


     “എല്ലാവരും ദിക്ര്‍ ചൊല്ല്.  കിടക്കുന്നതിനു മുമ്പ്‌ ദിക്ര്‍ ചൊല്ലണം ഇല്ലെങ്കില്‍ കോക്കാം പൂച്ച പിടിച്ചോണ്ട് പോവും”. വല്യുമ്മയുടെ ആജ്ഞ കേട്ടതും എല്ലാവരും എണീറ്റിരുന്ന് ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന് ചൊല്ലാന്‍ തുടങ്ങി. പത്തു ദിക്ര്‍ ചൊല്ലിക്കഴിഞ്ഞപ്പോള്‍ വീണ്ടും മലര്‍ന്നു കിടന്നു.


     “ഇനി കഥ പറ” മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു.


അവരുടെ കട്ടിലിന്‍റെ തല ഭാഗത്ത് ചാരിയിരുന്നു കാലും നീട്ടി മറിയുമ്മ കഥ പറഞ്ഞു തുടങ്ങി. “അങ്ങനെ ബാഗ്ദാദില്‍ ജനിച്ചു വളര്‍ന്ന മുഹിയുദ്ദീന്‍ ഷെയ്ഖ്‌ പ്രായ പൂര്‍ത്തിയായപ്പോള്‍ പഠനത്തിനു വേണ്ടി ദൂര ദേശത്തേക്ക് യാത്ര പുറപ്പെട്ടു. അങ്ങനെ ഒരു പാട് ദൂരം കാല്‍ നടയായി യാത്ര ചെയ്ത് അവസാനം ഒരു കാട്ടിലൂടെ കടന്നു പോവുകയായിരുന്നു...


     എന്തിനാ വല്യുമ്മ കാട്ടിലൂടെ പോവുന്നെ. തീവണ്ടിയിലോ ബസിലോ പോയാ പോരെ? ബാദുഷയുടെ ചോദ്യം.


     മക്കളെ, നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തീവണ്ടിം ബസ്സും ഒന്നും ഇല്ലാരുന്നു. ഒട്ടകത്തിന്‍റെ പുറത്തും കഴുതപ്പുറത്തുമായിരുന്നു അന്നൊക്കെ യാത്ര. പക്ഷെ, മുഹിയുദ്ധിന്‍ ശൈഖിന് ഒരു വണ്ടിയും ഉണ്ടായിരുന്നില്ല.. അങ്ങനെ നടക്കുമ്പോള്‍ വനം മദ്ധ്യേ കൊള്ളക്കാര്‍ ചാടി വീണു. മുഹിയുദ്ദീന്‍ ശൈഖിന് യാതൊരു ഭയവുമില്ലായിരുന്നു. കൊള്ളത്തളവന്‍ മുഹിയുദ്ദീന്‍ ശൈഖിന്‍റെ ഭാണ്ഡം അഴിച്ചു നോക്കി. പണമായി ഒന്നും കിട്ടിയില്ല. അയാള്‍ അവനോടു ചോദിച്ചു. നിന്‍റെ കയ്യില്‍ ഒന്നുമില്ലേ?


     ഒരിക്കലും കള്ളം പറയരുതെന്ന് ഉമ്മ പറഞ്ഞിരുന്നു. അതിനാല്‍ മുഹിയുദ്ദീന്‍ ഷെയ്ഖ്‌ കള്ളം പറഞ്ഞില്ല. ഉമ്മ അരയില്‍ കെട്ടിത്തന്ന വെള്ളിക്കാശ് മാത്രമാണ് തന്‍റെ കയ്യിലുള്ളതെന്ന്‍ സത്യം പറഞ്ഞു. അത് കേട്ട കൊള്ളത്തലവന്‍ ആശ്ചര്യപ്പെട്ടു പോയി. അവര്‍ ശൈഖിനോട് സത്യം പറയാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചു. എന്‍റെ ഉമ്മ ഒരിക്കലും കള്ളം പറയരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അങ്ങനെ.. അങ്ങനെ..


     ഉറക്കം തൂങ്ങുന്ന വല്യുമ്മയെ അവര്‍ വീണ്ടും തട്ടിയുണര്‍ത്തി..”വല്ല്യുമ്മ ബാക്കി പറ..”


     വല്ല്യുമ്മ വീണ്ടും കണ്ണ് തുറന്ന് പേരക്കുട്ടികളെ നോക്കി. “അല്ല മക്കളെ നിങ്ങക്ക് ഉറക്കം ഒന്നൂല്ലേ. നാളെ മദ്രസേലും സ്കൂളിലും പോണ്ടേ?”


മദ്രസേല്‍ പിന്നെ പോവാം. വല്ല്യുമ്മ കഥ പറ.. മൂവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.


മറിയുമ്മ കഥ തുടര്‍ന്നു. അങ്ങനെ മുഹിയുദ്ദീന്‍ ശൈഖിന്‍റെ സത്യസന്ധതയില്‍ സന്തുഷടനായ കൊള്ളത്തലവനും സംഘാംഗങ്ങളും മുഹിയുദ്ദീന്‍ ശൈഖിനെ ഒന്നും ചെയ്യാതെ വെറുതെ വിടുകയും അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്തു. കഥ മുഴുമിപ്പിച്ച മറിയുമ്മ അവരോടു ചോദിച്ചു. “അല്ല അത് പോട്ടെ.. ആരാ നിങ്ങക്കീ മുഹിയുദ്ദീന്‍ ശൈഖിനെക്കുറിച്ച് പറഞ്ഞന്നെ?


“ഞങ്ങള് വഴിയില്‍ ഒരു വല്ല്യാപ്പാനെ കണ്ടാരുന്നു. താടിയും തലമുടിയും നരച്ച, കറുത്ത കണ്ണട വെച്ച ഒരു വല്യപ്പാ. ആ വല്ല്യാപ്പ പറഞ്ഞതാ. വല്ല്യാപ്പാടെ പേര് സൈതാലി വല്ല്യാപ്പ എന്നാ. എപ്പോഴും എന്തോ പിറു പിറുത്തു നടപ്പാ..നാസിയാണ് ഇത് പറഞ്ഞത്‌. ബാദുഷയും ഹഫീഫും കണ്ണുകള്‍ മെല്ലെ അടച്ചു തുടങ്ങിയിരുന്നു. അവര്‍ കണ്ണ് തുറന്ന് വീണ്ടും കഥ കേള്‍ക്കാനായി കാതു കൂര്‍പ്പിച്ചു.  നാസി നിറുത്തിയിടത്തു നിന്ന് ഹഫീഫ്‌ തുടങ്ങി.


“ആ വല്ല്യാപ്പാക്ക് കണ്ണ് ശരിക്കും കാണില്ല. അതാ വല്ല്യ കണ്ണട വെച്ചിരിക്കുന്നത്. ആ കണ്ണട ഞാന്‍ മേടിച്ച് എന്‍റെ മുഖത്ത് വെച്ചപ്പോള്‍ പെട്ടെന്ന് ആകാശം ഇരുണ്ടു. ചുറ്റിലും ഇരുട്ടായിരുന്നു. മരങ്ങള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഒട്ടും നിറമില്ലായിരുന്നു. ആ വല്ല്യാപ്പ പറയാ. ആ വല്ല്യാപ്പയെ ഒരു പെണ്ണ് ചതിച്ചെന്ന്. ആ വല്ല്യാപ്പ ഒരു കാലത്ത് ഒരു പെണ്ണിനെ പ്രേമിച്ചത്ത്രെ. ആ പെണ്ണ് ഒരു പണക്കാരനെ കണ്ടപ്പോള്‍ ഈ വല്ല്യാപ്പാനെ മറന്നത്ത്രെ! അങ്ങനെ വെഷമം സഹിക്കാതെ വല്ല്യാപ്പ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ വല്ല്യാപ്പ മരിച്ചില്ല. കാഴ്ച ശക്തി നഷ്ടപ്പെട്ടത്രെ. വല്ല്യാപ്പ പറയാ ആ വഞ്ചകിക്ക് മാത്രമല്ല, പടച്ചോനും എന്നെ വേണ്ടാന്ന്. ‘വഞ്ചകി’ എന്നാ ആ പെണ്ണിന്‍റെ പേരെന്നു തോന്നുന്നു. ആ വല്ല്യാപ്പ ഇങ്ങനെ ‘വഞ്ചകി വഞ്ചകി’ എന്ന് പിറു പിറുക്കാ”.


മറിയുമ്മക്ക് ചിരി വന്നെങ്കിലും ഗൌരവം വിടാതെ എല്ലാവരെയും ശാസിച്ചു. “കണ്ട ഭ്രാന്തന്‍ കിളവന്മാരോട് കിന്നാരം പറയാന്‍ നടക്കരുത്‌. കുട്ട്യേളെ പിടുത്തക്കാരുള്ള കാലാ..നോക്കി നടക്കണം”.      


എല്ലാവരും നിശബ്ദരായി. പിന്നെ ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരും കണ്ണുകളടച്ചു മലര്‍ന്നു കിടന്നു. കുട്ടികള്‍ പതിയെ ഉറക്കം പിടിച്ചെന്നു കണ്ടപ്പോള്‍ മറിയുമ്മ മെല്ലെയെണീറ്റു പുറത്തു പോയി. ആരും കാണാതെ കണ്ണടയൂരി മുഖവും കണ്ണുകളും തുടച്ചു.


പിന്നെ സ്വയം പറഞ്ഞു. അവളുടെ പേര് വഞ്ചകിയെന്നല്ല. മറിയമെന്നാ. ഈ മറിയം ചതിച്ച മറ്റൊരുത്തന്‍ കൂടി. പണത്തിന്‍റെ ഊക്കില്‍ കാമുകന്മാരെ വട്ടു പിടിപ്പിച്ചു നടക്കുമ്പോള്‍ താന്‍ ആലോചിച്ചിരുന്നില്ല അത് പലരുടെയും ജീവിതം തകര്‍ക്കുമെന്ന്. കാമുകന്മാരെ മാറി മാറി പ്രണയിക്കുമ്പോള്‍ താന്‍ ആശിച്ചത് തന്‍റെ കല്യാണം നടക്കുമ്പോള്‍ കരയാന്‍ ഒരു പത്തു നൂറു പേരെങ്കിലും വേണമെന്നായിരുന്നു.ഒരു തരംതാണ ചിന്താഗതി. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തനിക്ക്‌ കാമുകന്മാരായിട്ടുണ്ടായിരുന്നു. സൗന്ദര്യവും പണക്കൊഴുപ്പും അഹങ്കാരത്തിന്‍റെ ആള്‍രൂപമായി തന്നെ മിനഞ്ഞെടുക്കുമ്പോള്‍ ഒരിക്കലും ഓര്‍ത്തില്ല താന്‍ തീര്‍ക്കുന്ന മുറിവുകള്‍ ഹൃദയങ്ങളിലായിരുന്നുവെന്ന്. ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍...


**************************************************************


·          രിജാലുല്‍ ഒയ്ബ് - അദൃശ്യ മനുഷ്യര്‍


·          ഖുതുബുസ്സമാന്‍ - ആ കാലത്തെ ഇമാം


·          വലിയ് – അല്ലാഹുവിനോട് അടുത്തവര്‍


·          ദിക്ര്‍ - അല്ലാഹുവിനെ സ്മരിക്കല്‍


·          ലാ ഇലാഹ ഇല്ലല്ലാഹു – അല്ലാഹുവല്ലാതെ ആരാധ്യനില്ല

No comments:

Post a Comment

Note: only a member of this blog may post a comment.