Wednesday, November 16

ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര

ബംഗളൂരിനടുത്ത് ഹൊസുരില്‍ എം ബി എ പഠിച്ചിരുന്നപ്പോള്‍ രണ്ടു വര്‍ഷം സ്ഥിരമായി ഇടയ്ക്കും തലക്കുമായി താനൊരു ട്രെയിന്‍ യാത്രക്കാരനായിരുന്നല്ലോ എന്ന കാര്യം ഓര്‍ത്തപ്പോഴാണ് ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതണമെന്ന് തോന്നിയത്‌.
   ഓര്‍മ്മകളിലേക്ക് ചൂളം വിളിച്ചുള്ള ആ ട്രെയിന്‍ യാത്രയെ എങ്ങനെ വര്‍ണ്ണിച്ചു തുടങ്ങണം എന്നോരെത്തും പിടിയും കിട്ടിയിരുന്നില്ല. പട്ടാമ്പിയില്‍ നിന്നും കണ്ണൂര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസ്സഞ്ചരില്‍ വലിഞ്ഞു കയറി കോയമ്പത്തൂര്‍ വരെ മൂന്നു മണിക്കൂര്‍ നീളുന്ന യാത്ര.


Pattambi Bridge
 പട്ടാമ്പി മുതല്‍ കോയമ്പത്തൂര്‍ വരെയുള്ള യാത്ര അധികം ദൈര്‍ഘ്യമേറിയതല്ലാത്തതിനാല്‍ മറ്റുള്ളവരോട് സംസാരിച്ച് സമയം കളയാന്‍ മിനക്കെടാതെ നേരെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കും. പുറത്ത് വള്ളുവനാടന്‍ ഗ്രാമീണ ഭംഗി വിളിച്ചോതുന്ന വയലേലകളും കുന്നുകളും കരിമ്പനക്കൂട്ടങ്ങളും തെങ്ങുകളും കാണാം. വിളഞ്ഞു നില്‍ക്കുന്ന പാടം ഒരു ഭാഗത്തും മെലിഞൊട്ടി മന്ദമന്ദം ഒഴുകുന്ന ഭാരതപ്പുഴ മറുഭാഗത്തുമായി ഇതിനു രണ്ടിനും നടുവിലൂടെയുള്ള മണിക്കൂറുകള്‍ നീണ്ട ഒരു യാത്ര.


   പുഴയിലേക്ക്‌ നോക്കിയിരിക്കുമ്പോള്‍ തോന്നും മറുഭാഗത്ത്‌ പോയിരുന്ന്‍  വയലേലകളുടെയും കുന്നുകളുടെയും ഭംഗി ആസ്വദിക്കണമെന്ന്. കുന്നും മലയും പാടവും തോടും പുഴയും കഴിഞ്ഞ് ട്രെയിന്‍ പിന്നീട് കടന്നു പോകുന്നത് കാടുകളിലൂടെയാണ്. പാലക്കാടന്‍ സഹ്യ സാനുക്കള്‍ വകഞ്ഞു മാറ്റിപ്പോകുമ്പോള്‍ ഞങ്ങള്‍ ഓടിച്ചെന്ന്‍ വാതില്‍ക്കല്‍ പോയി കമ്പിയില്‍ പിടിച്ചു മല മുകളിലേക്ക് നോക്കി നില്‍ക്കും.


   തിങ്ങി നിറഞ്ഞ കാര്‍മേഘങ്ങള്‍ കൂട്ടം കൂട്ടമായി മലയിടുക്കകളിലൂടെ മലയെ തൊട്ടുരുമ്മി സഞ്ചരിക്കുന്നത് കാണുമ്പോള്‍ അവിടെയിറങ്ങി ആ മല മുകളിലേക്ക് കയറിപ്പോയാലോ എന്നാശിച്ചുപോയിട്ടുണ്ട് പലപ്പോഴും. 
   മലയും കാടും താണ്ടി ചൂളം വിളിച്ചു ട്രെയിന്‍ കേരളത്തിന്‍റെ അതിര്‍ത്തിയും വിട്ട് തമിള്‍ നാട്ടിലേക്ക്‌ കടന്നാല്‍ ഭാഷാ വര്‍ണ്ണ വേഷ വിധാനങ്ങള്‍ മാറുന്നതിനനുസരിച്ച് ഭൂപ്രകൃതിയും മാറുന്നുവെന്ന് മനസ്സിലാക്കാം. ഹരിതാഭമായ പാലക്കാടന്‍ ഭൂ പ്രദേശങ്ങളിലൂടെയുള്ള യാത്ര കൊണ്ടെത്തിക്കുന്നത് തമിള്‍നാട്ടിലെ മൊട്ടക്കുന്നുകളിലേക്കും വരണ്ടുണങ്ങിയ വയലേലകളിലേക്കുമാണ്.
  

From Left: Shamsu,Manohar,Mujeeb, Hakeem and me in Bangalore in 1998
    അങ്ങിങ്ങ് മൊട്ടക്കുന്നുകളും അതിനു മേലെ ഒരാള്‍പൊക്കം മാത്രം വരുന്ന കൊച്ചു കൊച്ചു മരങ്ങളും അതിനും മേലെ തൂങ്ങി നിന്നാടുന്ന കുരങ്ങുകളും നമുക്ക് നല്‍കുന്ന കാഴ്ച വ്യത്യസ്ഥമാണ്‌. മഴക്കാറുകളും മഴയും ഈ കുന്നുകള്‍ക്കും പാടശേഖരങ്ങള്‍ക്കും അന്യമാണെന്ന് തോന്നുന്നു. മഴ പെയ്തൊഴിഞ്ഞ പാലക്കാടന്‍ ഗ്രാമീണ ഭംഗിയില്‍ നിന്നും ഊഷരതയിലേക്കുള്ള ഒരു വിരസമായ യാത്ര. ട്രെയിനിലിരുന്നു നോക്കിയാല്‍ പ്രാചീനകാലത്തെ അനുസ്മരിപ്പിക്കുന്ന ഗ്രാമീണ ജനതയെ കാണാം. നമ്മള്‍ നൂറ്റാണ്ടുകള്‍ പിന്നോട്ടോടിപ്പോയോ എന്ന് സംശയിച്ചു പോവും ആ ഗ്രാമീണരെ കണ്ടാല്‍..


   പലയിടത്തും ചോളവും സൂര്യകാന്തിയും വിളഞ്ഞു നില്‍ക്കുന്നത്‌ കാണാം. ഒഴുക്കില്ലാതെ നില്‍ക്കുന്ന ഒരു ചെറിയ തടാകത്തിന് ചെറിയ ഒരു തടയണ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയിരിക്കുന്ന കാഴ്ച കണ്ടാല്‍ വെറുതെ മൂക്കത്ത് വിരല്‍ വെച്ച് പോകും.അസ്തമന സൂര്യന്‍ പടിഞ്ഞാറ് പോയ്‌ മറയുമ്പോഴായിരിക്കും തമിള്‍നാടന്‍ ഗ്രാമങ്ങളിലൂടെയുള്ള  യാത്ര. ഗ്രാമങ്ങള്‍ ചെന്ന് ചേരുന്നത് നഗരങ്ങളിലേക്കാണ്. ഓരോ നഗരങ്ങളും അവസാനിക്കുമ്പോള്‍ വീണ്ടും ഗ്രാമങ്ങളിലേക്ക്‌ പ്രവേശിക്കും. ഗ്രാമങ്ങളും നഗരങ്ങളും മാറി മാറി മണിക്കൂറുകള്‍ നീളുന്ന യാത്ര..



A customer at our Golden Beef Hotel,Hosur
    നഗരക്കാഴ്ചകള്‍ ഗ്രാമക്കാഴ്ചകള്‍ക്ക്‌ നേര്‍ വിപരീതമാണ്. സായാഹ്നസവാരി നടത്തുന്ന മദ്ധ്യവയസ്ക്കരും ഗ്രൗണ്ടില്‍ തിമിര്‍ത്തു കളിക്കുന്ന കുട്ടികളും റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലേ ചാരു ബഞ്ചില്‍ കാറ്റ് കൊള്ലാനിരിക്കുന്ന ദമ്പതികളും വേറിട്ട കാഴ്ചയാണ്. ഈ നഗരങ്ങളും മുമ്പ്‌ കണ്ട ഗ്രാമങ്ങളും എങ്ങനെ വികസനത്തിന്‍റെ കാര്യത്തില്‍ രണ്ടു തട്ടിലായി എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്.  


   ഗ്രാമക്കാഴ്ചകള്‍ ചെറുതായി ഒന്ന് വര്‍ണ്ണിച്ചാല്‍ വായിക്കുന്നവര്‍ക്ക് മനസിലാക്കാം അതെന്താണെന്ന്. തമിള്‍ നാട്ടില്‍ എവിടെയും പുതുതായി വരുന്നവരോട് അവിടെയുള്ള മലയാളികള്‍  നല്‍കുന്ന ഒരു മുന്നറിയിപ്പുണ്ട്. കാലുകള്‍ കൂട്ടി വെച്ച് നടക്കണം കെട്ടോ?


   ഇത് കേട്ട പുതുമുഖം അതെന്തിനാ എന്ന് തിരിച്ചു ചോദിക്കും


   ഇല്ലെങ്കില്‍ കാലിന്‍റെ ഇടയിലൂടെ ടി വി എസ് പോവും..അത് കൊണ്ടാ..സൂക്ഷിക്കണം. അമ്പരപ്പ്‌ പൊട്ടിച്ചിരിയിലേക്ക് വഴി മാറുമ്പോഴേക്കും ഈ പുതിയ മലയാളി തമിള്‍ നാട്ടിനെ ഏകദേശം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടാവും.

Housing colony at Hosur hills



   ഈ ടി വി എസ് വീരന്മാരാണ് ഗ്രാമ വീഥികളെ കോരിത്തരിപ്പിച്ചു മൂളിപ്പറക്കുന്നത്. തൊട്ടരികിലൂടെ സൈക്കിള്‍ പോയാല്‍ ഇവരൊന്നു വെട്ടിക്കും പിന്നെ രജനി സ്റ്റൈലില്‍ മുടിയൊന്നു കോതി വീണ്ടും പറ പറക്കും. കാളവണ്ടികളും കഴുതവണ്ടികളും ഈ ഗ്രാമങ്ങളെ കേരളീയ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ചാണകം മെഴുകിയ മുറ്റങ്ങള്‍, പഴയ മണ്ണെണ്ണ മോട്ടോറുകള്‍, രണ്ടു മുറികളില്‍ ഒതുങ്ങുന്ന നമ്മുടെ പാചകപ്പുരയോളം വരുന്ന വീടുകള്‍, തൊട്ടു ചേര്‍ന്ന് മറ്റൊരു ചെറിയ പുര. വീടുകള്‍ക്ക്‌ മുന്നില്‍ അസുരന്മാരുടെയും ദേവന്മാരുടെയും ഒട്ടും ഭംഗിയില്ലാത്ത  ധീര്‍ഘകായ പ്രതിമകള്‍. മറ്റൊരു കാഴ്ച കൊച്ചു കൊച്ചു കുന്നുകളും അതിനു മേലേക്ക്‌ കയറിപ്പോകാനുള്ള പടിക്കെട്ടുകളുമാണ്. ഈ പടിക്കെട്ടുകള്‍ കയറിച്ചെല്ലുന്നത് ഏതെങ്കിലും അമ്പലത്തിലേക്കായിരിക്കും.


   കുളിക്കാന്‍ മടി പിടിച്ചു നടക്കുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും. ഇവരെ കുറ്റം പറയാനും പറ്റില്ല. വെള്ളം അവര്‍ക്ക്‌ അമൃതാണ്. കേരളത്തിലെ തുള്ളിക്കൊരു കുടം മഴ പെയ്യുന്ന സ്ഥലങ്ങളല്ല ഇതൊന്നും. മഴ ഇവര്‍ക്ക്‌ ഒരതിഥി മാത്രം. വല്ലപ്പോഴും വരുന്ന, വന്നാല്‍ അധികം തങ്ങാത്ത ഒരതിഥി...മഴക്ക് വേണ്ടി ഇവര്‍ കഴുതക്കല്യാണം നടത്താറുണ്ട്.
   ഈ കഴുതക്കല്യാണത്തെ ഞങ്ങളുടെ പ്രൊഫസര്‍ ശ്രി ധനരാജ് ആക്ഷേപിച്ചതിങ്ങനെയാണ്. കഴുതകള്‍ തമ്മില്‍ കല്യാണം നടക്കുമ്പോള്‍ മഴക്കാറുകള്‍ക്ക് സന്തോഷമാവും അങ്ങനെ അവര്‍ സന്തോഷാശ്രുക്കള്‍ വര്‍ഷിക്കുകയും മഴ കൊണ്ട് തമിള്‍ നാട് മൊത്തം നിറയുകയും ചെയ്യും..എന്നും പറഞ്ഞ് പുള്ളി ചിരിക്കും. ഇത്രയുമാണ് ഗ്രാമങ്ങളെ പറ്റി എഴുതാനുള്ളത്.

GUP School, Kakkattiri
 പാലക്കാട് കഴിഞ്ഞാല്‍ ആദ്യം വരവേല്‍ക്കുന്നത് മെട്രോ സിറ്റിയായ കോയമ്പത്തൂര്‍ തന്നെയാണ്. കോയമ്പത്തൂര്‍ അറിയപ്പെടുന്നത് ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നാണ്. അവിടെക്കാണുന്ന എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ഈ നാമം ഒരലങ്കാരമായി വണ്ടികളുടെ മുന്നിലും പിന്നിലും എഴുതിക്കണ്ടിട്ടുണ്ട്. അവര്‍ ആ വിശേഷണത്തില്‍ അഭിമാനിക്കുന്നു എന്ന് തോന്നുന്നു. ഈ നഗരം കഴിഞ്ഞാല്‍ പിന്നെ തിരുപ്പൂര്‍, ഈറോഡ്‌, സേലം, ധര്‍മപുരി എന്നീ നഗരങ്ങളിലൂടെയാണ് ഇന്റര്‍സിറ്റി എക്സ്പ്രസ് മുന്നേറുക. ധര്‍മപുരിയും കഴിഞ്ഞ് ഹൊസൂര്‍ വരെ ഇരുട്ടിലൂടെയാണ് യാത്ര. സൂര്യന്‍ അസ്തമിക്കാന്‍ മിനുട്ടുകള്‍ ശേഷിക്കുമ്പോഴായിരിക്കും ധര്‍മപുരി എത്തുന്നത്. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ ഭീമാകാരമായ മലകളും അഗാധമായ കൊക്കകളും അരുവികളും നമ്മെ വരവേല്‍ക്കും. മലയിടുക്കുകളിലൂടെയുള്ള റയില്‍ പാളങ്ങള്‍ മാത്രം തൂങ്ങുന്ന പാലങ്ങളിലൂടെ പോകുമ്പോള്‍ ഹൃദയം പടപടാന്നടിക്കും.


   സൂര്യനസ്തമിക്കുന്നതോടെ പുറത്തെ കാഴ്ചകളെ കൂരിരുള്‍ വിഴുങ്ങും. പിന്നെ മെല്ലെ വാതില്‍പ്പടിയില്‍ നിന്നും ഇരിപ്പിടത്തിലേക്ക് മടങ്ങും. അങ്ങിങ്ങ് പൊട്ടു പോലെ ബള്‍ബുകള്‍ പ്രകാശിക്കുന്നത് കാണാം. വീടുകള്‍ തിങ്ങി നിറഞ ഭാഗത്തെത്തുമ്പോള്‍, മിന്നാമിന്നിക്കൂട്ടങ്ങള്‍ പോലെ തോന്നിപ്പോകും. ഇരുട്ടില്‍ തെളിയുന്ന ആ കൊച്ചു കൊച്ചു വിളക്കുകള്‍ നയനാനന്ദകരമാണ്.


   എനിക്കിറങ്ങേണ്ടത് ബാഗ്ലൂരിനു തൊട്ടു മുമ്പ്‌ ഹൊസൂര്‍ എന്ന സ്ഥലത്താണ്. തണുത്ത കാറ്റടിക്കുമ്പോള്‍ ഞങ്ങള്‍ ഊഹിക്കും ഹൊസൂര്‍ എത്തിയെന്ന്. ലിറ്റില്‍ ഇംഗ്ലണ്ട് എന്ന് വിളിപ്പേരുള്ള ഹോസൂരില്‍ കൊടും തണുപ്പാണ്.


   എനിക്കിറങ്ങേണ്ട അടയാളം ഒരു കുന്നും ആ കുന്നിനു മേലെയുള്ള അമ്പലത്തില്‍ നിന്നുമുള്ള വിളക്കുകകളുമാണ്. ട്രെയിനിന്‍റെ വലത്തു ഭാഗത്ത്‌ നിന്നാല്‍ ഈ കാഴ്ച കാണാം. അങ്ങ് ദൂരെ നിന്നെ ആ കുന്നും ദീപങ്ങളും കണ്ടാല്‍ ഞങ്ങള്‍ ബാഗും തൂക്കി വാതില്‍പ്പടിയില്‍ ഇറങ്ങാന്‍ തയാറായി നില്‍ക്കും.    
   ഇനി ഹൊസൂര്‍ ബസ്‌ സ്റ്റാന്‍ഡിലേക്ക് ഓട്ടോ പിടിച്ചുള്ള യാത്ര...പിന്നെ ഞങ്ങളുടെ ഗോള്‍ഡന്‍ റസ്റ്റോറന്റില്‍ കയറി ഒന്നാന്തരം ബീഫും തട്ടി ലാ ലാ ലാ പാടി റൂമിലേക്ക്‌ നടക്കണം.. അവിടെയെത്തുമ്പോള്‍, ജേഷ്ടന്‍ കുഞ്ഞുമോന്‍ വരവേല്‍ക്കും....


   എന്നെ വരവേറ്റു...കുഞ്ഞുമോനായിരുന്നില്ല, ഹമീദ്‌...ഞങ്ങളുടെ ഹോട്ടലിലെ കുക്ക്- ഒരു നടുക്കുന്ന വാര്‍ത്തയും കൊണ്ട്.


   കടല്‍ ഭൂമിയിലേക്ക് കയറി ലക്ഷങ്ങള്‍ മരിച്ച വാര്‍ത്തയുമായി..


   അതെ, ലോകം മുഴുവന്‍ നാശം വിതച്ച സുനാമി എന്ന രാക്ഷസ അലൈകള്‍ തമിള്‍ നാട്ടിലും താണ്ടവമാടിയപ്പോള്‍ ഞാന്‍ തമിള്‍നാടിന്‍റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള തീവണ്ടി യാത്രയിലായിരുന്നു.

1 comment:

  1. നന്നായി ഈ യാത്ര വിവരണം ..
    പെരിങ്ങോടുകാരന്‍ ആയ ഞാന്‍ പട്ടാമ്പിയില്‍ ചെന്ന് കോയമ്പത്തൂരിലെ പെങ്ങളുടെ അടുത്തേക്ക് നടത്താറുള്ള യാത്രകള്‍ ..
    ആ യാത്രകളിലെക്ക് എന്നെ കൈ പിടിച്ചു നടത്തി ഈ എഴുത്ത് . വല്ലാത്ത ഒരു രസം തന്നിരുന്നു ആ യാത്രകള്‍ .
    ഇന്ന് മുംബൈ മഹാ നഗരത്തിന്റെ ഹൃദയത്തില്‍ കാതടപ്പിക്കുന്ന ആരവങ്ങള്‍ക്കിടയില്‍ ഫ്ലാറ്റിലിരുന്നു ബാല്കനി ഗ്രില്ലിലൂടെ
    വിരസമായി പുറത്തേക്കു നോക്കുന്ന എന്നെ വല്ലപ്പോഴും ഇതുപോലുള്ള യാത്രകളിലേക്ക് നയിക്കുന്ന താങ്കളെ പോലുള്ളവര്‍
    ഒരു തരം ഗൃഹാതുരത്വം മനസ്സില്‍ കോരിയിടുന്നു .

    ആശംസകള്‍ സുഹൃത്തേ ... ഇനിയും വരാം

    ReplyDelete

Note: only a member of this blog may post a comment.